അടര്‍ന്നുവീഴുമ്പോള്‍
ഒറ്റത്തുള്ളി മാത്രം.
അത്
പെരുകിപ്പെരുകി നിറഞ്ഞ്
ചാണകം മെഴുകിയ,
മുറ്റത്തെ
കെട്ടിച്ചുറ്റിയ വരമ്പിനുള്ളില്‍ പരന്ന്
കീറിയ ചാലിലൂടൊഴുകി
തെങ്ങിന്‍ തടം മൂടി
മണ്ണിലേക്ക് ചുരന്നിറങ്ങി
ഭൂമി കുതിര്‍ന്നലിഞ്ഞ്
പുറത്തേക്കൊഴുകി
ഉയര്‍ന്ന മണ്‍തിട്ടകളെ തഴുകി
കരിയിലകളെ വാരിക്കെട്ടി
'തോടെ'ന്ന ജലപാത തൊടുന്നു.
ഓരോ പറമ്പും
ഊറ്റിക്കുടിച്ച്
വീര്‍ത്തുവീര്‍ത്ത് പുറത്തേക്കിറങ്ങി
തോട്ടിലേക്ക്
ഉതിര്‍ന്നുവീണ്
തുടക്കമില്ലാതെ, ഒടുക്കമില്ലാതെ
ഒഴുകിയൊഴുകി
ഇടയ്ക്ക് നിറഞ്ഞു തുളുമ്പി
പാടത്തേക്കിറങ്ങി
പരന്നു പൊങ്ങി,
ചാഴിനെല്ലുകളുയര്‍ത്തി
വരമ്പുതുരന്ന്, മറുകണ്ടം ചാടി
അവിടെയും നിറഞ്ഞ്
അടുത്ത തോട്ടിലിറങ്ങുന്നു.
തോടാകെ കലങ്ങിമറിഞ്ഞ്
കുപ്പിയും പതയുമേന്തി കുതിച്ചുപാഞ്ഞ്
കുളത്തിലേക്ക് മറിയുന്നു.
വയറു നിറഞ്ഞ്, വാലുംനിറഞ്ഞ്
പറ്റിപ്പിടിച്ച പായലും ചുരണ്ടി
കുളം കരകവിഞ്ഞ്
വീതികൂടിയ തോട്ടിലേക്ക് പരക്കുന്നു.
ഒഴുകിയൊഴുകി
പുഴതൊടും മുമ്പേ
പാടവും പറമ്പും
കുളവും തോടും
ഒരമ്മപെറ്റ മക്കളായി
ഒരേ വീതിയില്‍ പുഴയാവുന്നു.
വന്നവഴിയിലെ
കുണ്ടുംകുഴിയുമെണ്ണി,
കുണ്ടിനേക്കാള്‍ ആഴത്തിലാഴ്ന്നിറങ്ങി
നാലുകുളം ജലം ഒരുകുളത്തില്‍ നിറച്ച്
ഭൂമിതുരന്നിറങ്ങിയതിന്‍റെ ബാക്കിയാണ്
മടിച്ചുമടിച്ച്
പുഴയിലിറങ്ങി നിന്നത്.
അത്
ആദ്യം പെയ്ത ഒറ്റത്തുള്ളിയല്ലായിരുന്നു..!
No comments:
Post a Comment