Sunday, July 28, 2019

രണ്ട്മൂന്നാൺകുട്ടികൾ/കുഴൂർ വിത്സൺ

ഒരിടത്ത്
ഒരു കാലത്ത്
ഒരു ഹോട്ടലുണ്ടായിരുന്നു
കാലത്ത് മാത്രമല്ല
ഉച്ചയ്ക്കും വൈകുന്നേരവും
ഹോട്ടലിൽ കാലത്ത്
ഉഴുന്നുവട ഇഡ്ഡലി ദോശ
ഉപ്പുമാവ് വെള്ളേപ്പം ഇടിയപ്പം
സാമ്പാർ പയറുകറി കടല
ചട്നികൾ
ഹോട്ടലിൽ ഉച്ചയ്ക്ക്
അവിയൽ അച്ചിങ്ങ പച്ചടി
കിച്ചടി പുളിശ്ശേരി തോരൻ അച്ചാർ
മോരുകൾ
ഹോട്ടലിൽ വൈകുന്നേരം
സുഖിയൻ ബോണ്ട
പഴം പൊരി പരിപ്പുവട
മുളകുവട പാലുംവെള്ളം കട്ടൻകാപ്പി
ചായകൾ
ആ ഹോട്ടലിൽ
ഒരു പാചകക്കാരനുണ്ടായിരുന്നു
ആ ഹോട്ടലിനു
ഒരു മുതലാളിയുണ്ടായിരുന്നു
ഇരുവർക്കും
ഓരോ ആൺകുട്ടികളുണ്ടായിരുന്നു
ആ ആൺകുട്ടികൾക്ക്
ഒരു സ്കൂളുണ്ടായിരുന്നു
ഇരുവരും
ഒരേ ക്ലാസിലായിരുന്നു
ക്ലാസിൽ
ഒരേ ബെഞ്ചിലായിരുന്നു
വിശക്കുമ്പോഴൊക്കെ
അതിൽ ഒരു കുട്ടി
ആ ഹോട്ടലിന്റെ
മുതലാളിയെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആദരവോടെ മിഴിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്തു വേണമെങ്കിലും
പലഹാരപ്പാട്ടയിൽ കയ്യിട്ടോ
അലമാരയിൽ തലയിട്ടോ
അടുക്കളയിൽ അപ്പാടെ കടന്നോ
എന്ത് വേണമെങ്കിലും
എടുക്കാമല്ലോയെന്ന്
കൊതിപ്പെടും
നിനക്കാരാവണം
എന്ന ചോദ്യത്തിനു
എനിക്കയാളാകണം
എന്നുവരെ
ഒരിക്കൽ
ഉത്തരം പറഞ്ഞു
അവൻ
എന്നാൽ
വിശക്കുമ്പോഴൊക്കെ
മറ്റേ കുട്ടി
ആ ഹോട്ടലിലെ
പാചകക്കാരനെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആശ്ചര്യത്തോടെ സ്തുതിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും
ഉണ്ടാക്കിക്കഴിക്കാമല്ലോയെന്ന്
അസൂയപ്പെടും
നിനക്കാരാവണം
എന്ന വേറെ ഒരു ചോദ്യത്തിനു
എനിക്കയാളാകണം
എന്നു തന്നെ
ഒരിക്കൽ
ഉത്തരം പറഞ്ഞുകളഞ്ഞു
അവൻ
**********
ഒരു സാധാരണ കവിത
വായിച്ച് കഴിഞ്ഞ്
പൊടിയും തട്ടി
ഒന്നമർത്തി മൂളി
ആഴത്തിലൊരു നെടുവീർപ്പിട്ട്
അതുമല്ലെങ്കിൽ
അലസമായ് മൂളി
പുളി കലർന്ന
ഒരേമ്പക്കവും വിട്ട്
സ്ഥലം വിടാൻ വരട്ടെ
ഒന്ന് രണ്ട്
ചോദ്യങ്ങൾക്ക്
ഉത്തരം പറഞ്ഞിട്ട് പോയാൽ മതി
ഈ ഹോട്ടൽ ശരിക്കും
ആരുടേതാണു ?
ഈ ഹോട്ടലിലെ
സ്കൂൾ കുട്ടികൾ
ശരിക്കും ആരുടെ മക്കളാണു ?
ഈ കവിതയിൽ
രണ്ട് ആൺകുട്ടികൾക്ക്
പുറമേ
ഒരു കുട്ടി കൂടിയുണ്ടല്ലോ
അതാരാണു ?
( പുസ്തകം . ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ
പ്രസാധകർ. ലോഗോസ് )

Wednesday, July 24, 2019

ഒരുപക്ഷേ /ആശാലത

ഒരുപക്ഷേ ഞാൻ മരിച്ചു പോയാൽ
പ്രിയമുണ്ടായിരുന്നതൊന്നും
എന്നെ ഓർമ്മിപ്പിക്കാൻ കൊണ്ടുവരരുത്

എന്റെ വീടിനെക്കുറിച്ചോ
കാടിനെക്കുറിച്ചോ
പുഴയെക്കുറിച്ചോ പറയരുത്

എന്റെ വീട്ടുകാർ
എന്റെ കൂട്ടുകാർ
കാണാൻ വരരുത്
- നിങ്ങളെയോർത്ത് ഞാൻ കരഞ്ഞുകൊണ്ടിരിക്കും

നഷ്ടപ്രണയം
മണ്ണിലാഴ്ത്തിക്കുഴിച്ചിട്ട്
ഒരു പവിഴമല്ലിച്ചെടി നടണം
അതിൽ പൂവിരിയുമ്പോൾ
എന്നെ കാണിക്കരുത്
അല്ലെങ്കിലതിനെച്ചൊല്ലി ഞാൻ വിലപിച്ചോണ്ടേയിരിക്കും.

കൂട്ടുകാരീ
എന്റെ വാക്കുകൾ പെറുക്കിയെടുത്ത്
കടലിലൊഴുക്കിക്കളയണം
- ഏറ്റത്തിൽ അവ തിരിച്ചു കരയണയാതിരിക്കാൻ
ഏർപ്പാടാക്കണം.

ഇത്രയേയുള്ളു ചങ്ങാതിച്ചീ പറയാൻ

മതി, ഇത്രയേ ഉള്ളു
ചുണ്ടുകൾകൊണ്ട്
മുദ്ര വക്കാം
നമുക്കിനി
______________________________________

Tuesday, July 23, 2019

പച്ച / ജയദേവ് നയനാർ

തെക്കേത്തൊടിയിലെ
ശര്‍ക്കര മാവിന്
പെട്ടെന്ന് ഒരു
നെഞ്ചു വേദന പോലെ
തോന്നിയതായിരുന്നു.
അതപ്പോള്‍ വെയിലത്ത്‌
വടക്ക് നിന്നു
വീശിവരുന്ന കാറ്റിനെ
ഏറുകണ്ണിട്ടു
നില്‍ക്കുകയായിരുന്നു.
ആരുമില്ലാത്ത
നട്ടുച്ച നേരത്ത്
മാങ്കൊമ്പില്‍ കുറച്ച്
കിടന്നിട്ട് പോകാം
എന്ന് ക്ഷണിക്കുന്നത്
പൂത്താങ്കീരിക്കൂട്ടം
കേട്ടതുമാണ്.
അവര്‍ തന്നെയാണ്
അപ്പോത്തിക്കിരിയെ
വിളിച്ചുകൊണ്ടുവന്നതും.
എന്നിട്ടും, ഇരുട്ടുന്നതിന്‌
മുന്‍പ് പോയി.
.
അതിന് തൊട്ടടുത്ത്‌
പുളിയന്‍ മാവൊന്നു
മഴ നനഞ്ഞതെയുള്ളൂ,
ശരിക്കും തോര്‍ത്താന്‍
പറഞ്ഞാല്‍
തിരിച്ചൊരു പച്ചത്തെറി
എന്നും നിര്‍ബന്ധം.
പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
ഒരു ശ്വാസം മുട്ടല്‍
നേരെ മൂര്‍ധാവില്‍
തന്നെ കേറിക്കൊണ്ടു.
അപ്പോത്തിക്കിരിക്ക്
ആളു പോയില്ല,
അപ്പോഴേ ശുഭം.
.
മേലെപ്പറമ്പിലെ
നാട്ടുമാവിന്
അറിയാത്തതൊന്നുമല്ല,
തൊടിയിലേക്ക്‌
തിരിയുന്നിടത്തെ
പൊട്ടക്കിണറൊക്കെ.
കൊതിയുടെ ആഴം തൊട്ടവര്‍
പറയുമോ ആരൊക്കെയെന്ന്.
എന്നിട്ടും, അടി തെറ്റിയത്
ഓര്‍ക്കുമ്പോഴാ  സങ്കടം .
പാതിരായ്ക്കുള്ള  ഒടുക്കത്തെ 
ഊരുചുറ്റലില്‍ 
ഓര്‍ത്തുകാണും മറ്റെന്തോ,
പാദസരങ്ങളത്രമേല്‍
കിലുങ്ങുന്ന രാത്രിയില്‍.
.
ഓര്‍മവേലിക്കടുത്തെ
കര്‍പ്പൂര മാവിന്
കര്‍ക്കടകം  മുഴുവന്‍
നനഞ്ഞാലും തീരില്ല,
കുളിഭ്രാന്ത്.
തുലാവര്‍ഷം
നോക്കി നോക്കിയിരുന്നു
കണ്ണു കഴപ്പിക്കും.
പുഴയില്‍ പോകുന്ന
പെണ്ണുങ്ങളുടെ കൂടെ
വായാടിയായി നടക്കും.
വാസന സോപ്പ്
മണപ്പിച്ചു നില്‍ക്കും.
ഒരു തുലാവെള്ളത്തിനൊപ്പം
പോയതാണ്,  വെള്ളപുതച്ചാണ്
കണ്ടതു പിന്നെ.
.
എത്ര തൂത്താലും പോവില്ല
ചില മാങ്ങാച്ചൊനകളുടെ
അച്ചുകുത്ത്.
_________________________________

Wednesday, July 17, 2019

എനിക്കിത്രയേ പറയാനുള്ളൂ.../സജി കല്യാണി

1

ഇടിവെട്ടിപ്പെയ്യുന്ന
മഴയത്ത്
അകമില്ലാത്ത വീടിന്‍റെ ഉമ്മറത്ത്
ഉടുമുണ്ടു പുതച്ചുറങ്ങിയവനെ
വെളിച്ചം കെടുത്തിയ മുറിയിലെ
ഇരുട്ട് കാണിച്ചു പേടിപ്പിക്കരുത്..!

2

വാശികൊണ്ട് തുന്നിപ്പിടിപ്പിച്ച
വാക്കുകള്‍ കൊണ്ട്
വഴിയില്‍ കിടന്നുറങ്ങുന്നവന്‍റെ
കവിതയെ വ്യാഖ്യാനിക്കരുത്.
വാടകയ്ക്കെടുത്ത മുറിയിലല്ല
കുടിയിറക്കപ്പെട്ടവന്‍റെ ഉടലിലാണ്
കരളുമുറിയുന്ന ബിംബങ്ങളുള്ളത്.

3

കാലില്‍ തറച്ച മുള്ളിനെ
കാന്തം കൊണ്ടല്ല,
കാരമുള്ളുകൊണ്ട്
കുത്തിയെടുക്കണമെന്ന്
കാടിനുള്ളില്‍ കിളച്ചുമറിയുന്നവനോട്
ഉപദേശിക്കരുത്.
കാരണം
കാടുപറഞ്ഞതിന്‍റെ ബാക്കി മാത്രമാണ്
നാടുനീളെ നീ പാടിയത്.

4

പഴകിയ ചോറിന്‍റെ മണമേറ്റ്
വിശന്ന നട്ടുച്ചകള്‍ മുറിച്ചുകടന്നവനെ
നാക്കില നീട്ടി കൊതിപ്പിക്കാന്‍ നോക്കരുത്.
നാക്കിന്‍റെ രുചിയല്ല
വാക്കിന്‍റെ അരുചിയാണ്
ഉണ്ടുനിറഞ്ഞവനെപ്പോലെ
മുണ്ടുമുറുക്കാന്‍ പഠിപ്പിച്ചത്..

5

അഴിഞ്ഞുവീഴാന്‍
മുഖം മൂടികളില്ലാത്തവനെ
ചൂണ്ടിയ വിരലു കാണിച്ച്
ഭയപ്പെടുത്തരുത്.
അരച്ചിട്ട ചന്ദനത്തിന്‍റെ ഗന്ധമല്ല,
വിയര്‍ത്തുണങ്ങിയ
കുപ്പായക്കീശയിലെ
അഴുക്കുപുരണ്ട നാണയങ്ങളാണ്
അടിപതറാതെ നടക്കാന്‍ പഠിപ്പിച്ചത്.

6

തലയില്‍ കെട്ടിയ
തോര്‍ത്തുമുണ്ടഴിച്ച്
തറയില്‍ കിടന്നുറങ്ങിയവനോട്
തടിച്ച മെത്തയുടെ സുഖം പറയരുത്.
നിവര്‍ന്ന നട്ടെല്ലിന്‍റെ
ബലമാണ്, തലയിലെ ചുറ്റിനും.

7

പഠിച്ചെഴുതിയ വരികളല്ല
ജീവിതം പൊടിച്ചെഴുതിയ വാക്കുകളാണ്
എന്‍റെ
കവിത...
വഴിയില്‍ കുത്തിയ കുഴിയില്‍ വീണ്
ഉരുണ്ടുപോകുമെന്ന് കരുതരുത്..!

________________________________________

Friday, July 12, 2019

ഉരിയാടല്‍/ചിത്ര.കെ.പി

നിന്നോട് സംസാരിക്കുമ്പോള്‍
നീയൊഴിച്ച്
എല്ലാവരുമത് കേള്‍ക്കുന്നു.

മറുപടി പറയുന്നു
തെരുവുകള്‍ തോറും
അലഞ്ഞ്  തളര്‍ന്നൊരു കാറ്റ്;
പുറപ്പെട്ടിടത്തേക്കെന്നും
തിരികെയെത്തുന്ന പക്ഷികള്‍;
ഇരുന്നേടത്ത് നിന്നും
വേര് നീട്ടുന്ന മരങ്ങള്‍,
അവ പൊഴിക്കുന്ന ഇലകള്‍;
പേരറിയാത്ത പൂവുകളുടെ
നൂറായിരം ഗന്ധങ്ങള്‍.

നിന്നോട് പറയുന്ന വാക്കുകള്‍
ഈയാമ്പാറ്റകളായി
ചുമരില്‍
തട്ടി,
വീണ്ടും തട്ടി,
താഴേക്ക് താഴേക്ക്
വീഴുന്നു.

ബാക്കിയായ
ഇത്തിരി വെട്ടത്തിലവ
ഉടല്‍ മുറിഞ്ഞ് കിടക്കുന്നു.
_________________________________

Thursday, July 11, 2019

നമുക്കു തമ്മിൽ / ഗീത തോട്ടം

എനിക്ക് നിന്റെ പ്രൗഢിയൊ
കുലചിഹ്നങ്ങളോ
അംശവടിയോ മുദ്രമോതിരമോ വേണ്ട
അധികാരപത്രങ്ങളോ
വാമഭാഗത്ത് ഒരിരിപ്പിടമോ വേണ്ട
മണിനികേതനങ്ങളും ഹേമാംബരങ്ങളും
പുഷ്പശയ്യകളും വേണ്ട
സ്തുതിപാഠകരും, ചേടിമാരും
മുത്തുക്കുടകളും, ഘോഷയാത്രകളും,
വാഗ്വൈഭവത്തിന്റെ കീർത്തിമുദ്രകളും
കാംക്ഷിക്കുന്നില്ല ഞാൻ

ഉന്മാദത്തിന്റെ തേർചക്രങ്ങളിൽ
നീ കുതിക്കുമ്പോൾ
എനിക്കതിന്റെ കടിഞ്ഞാൺ വേണ്ട
കണ്ണീരൊപ്പാൻ നീളുന്ന കൈലേസുകളിൽ
എന്റെ പേർ തുന്നിയിട്ടുണ്ടാവില്ല

നിന്റെ ശരീരമോ അതിന്റെ
വിലോഭനീയമായ ആസക്തികളോ വേണ്ട
പ്രണയമോ അതിന്റെ മധുമധുരമോ പോലും..
നിന്റെ പാദമുദ്രകൾ പതിയുന്ന
പാതയോരങ്ങളിലെ പുൽക്കൊടിയുടെ
സ്പർശനസൗഭാഗ്യവും
കൊതിക്കുന്നില്ല ഞാൻ

ഒരിക്കൽ
എനിക്ക് ഇടമുണ്ടായിരുന്ന ഹൃദയത്തിൽ
തിക്കിത്തിരക്കുന്ന പുതുമകൾ
ഇന്ന്  മിഴികളെ സജലങ്ങളാക്കുന്നില്ല

ഒരു പ്രാണന് മറ്റൊരു പ്രാണനോട്
തോന്നുന്നതു മാത്രം
എന്നോട് തോന്നുക.
എന്‍റെ കടം മടക്കണമെന്നാണെങ്കില്‍
സങ്കടങ്ങൾ ഒറ്റത്തുള്ളിയിൽ അടക്കി നൽകുക.
അതിൽ വിശേഷണങ്ങൾ ചേർക്കാതിരിക്കുക
വിഷവും.
________________________________________