Friday, October 28, 2016

പ്രണയം / ടിന്റു അരിയാനി


ഒരു നേർത്ത വിരൽസ്പർശം
അതു മാത്രം മതിയാവുന്ന തന്ത്രികൾ
ഏറ്റവും നനുത്ത
ഏറ്റവും ലോലമായ ഒന്നിനുമാത്രം
മീട്ടാനാവുന്നത്‌.
ഒരു മഞ്ഞുതുള്ളിയോളം പോന്നത്‌
ഒരു മഴത്തുള്ളിയിൽ കവിയാത്തത്‌
ഒരു മാത്രയുടെ വ്യത്യാസത്തിൽ
പൊട്ടിത്തകരാം
നേർത്ത നിശ്വാസത്തിൽ പോലും
തന്ത്രികൾ വലിഞ്ഞുമുറുകാം
ശ്വാസമടക്കിപ്പിടിക്കണം.
മഞ്ഞുതുള്ളികൾ 
കയ്യിലെടുക്കാനറിയുന്നവനേ
മഴത്തുള്ളികൾ
ഉടയാതെ മഴയിൽ നനയാനറിയുന്നവനേ
അതു മീട്ടാനാവൂ...
--------------------------------------------------

Sunday, October 23, 2016

നിഴലുണക്കുമ്പോൾ / ഡോണ മയൂര


ഇല്ല, പേരൊന്നുമിടുന്നില്ല.
കാലമേറുന്തോറും
ഭാരമേറുന്നൊരു വാക്കിലും
അമർത്തി വെക്കില്ല.
അവസരങ്ങൾ പാർത്തിരുന്ന്
അവകാശങ്ങൾ എണ്ണിപ്പറഞ്ഞ്‌
കൃത്യമായളന്നെടുത്ത്‌
വ്യക്തമായകറ്റി നിർത്തി
അവഗണിക്കാനായി
പരിഗണനയുടെ തുഞ്ചത്തേറ്റില്ല.
മഷിക്കറുപ്പിന്റെ
ഉന്മാദപ്പാറ്റകൾ കരണ്ട പാടുകളിൽ
മുഖമൊരിക്കലും തെളിച്ചെടുക്കില്ല.
ഇല്ല, വരികളിലൊന്നിലും
പേരു ചൊല്ലി ചേർക്കില്ല.
പക്ഷേ,
ഓർമ്മകളെ
നിഴലുണക്കുന്നയിടങ്ങളിലെല്ലാം
ആർദ്ദ്രത... ആർദ്ദ്രതയെന്ന്
നീ തുടിച്ചു നിൽക്കുന്നു.
സ്നേഹമേയെന്ന്
വിളിച്ചു തീർക്കാത്ത സ്വരത്തിന്റെ
ഇങ്ങേപ്പുറത്തിരുന്നു
തെളിച്ചെടുക്കുന്നു വെളിച്ചത്തിൽ.
-----------------------------------------

ആരാമത്തിൽ / ജി. ശങ്കരക്കുറുപ്പ്‌


ചെന്നു ഞാനാരാമത്തിൽ
നവ്യമാം പ്രഭാതത്തിൻ
പൊന്നു വാഗ്ദാനം കൊണ്ടു
ദിങ്‌ മുഖം തുടുത്തപ്പോൾ

ചിത്രമാം ചിലന്തി തൻ
വലയൊന്നാകാശത്തി-
ലെത്രയും വിശാലമായ്‌
ഉല്ലസിപ്പതു കാണാൻ
സ്വീയമാം സാമ്രാജ്യത്തിൻ
ബലവും വൈപുല്യവു-
മായത ഗർവ്വം നോക്കി-
ക്കേടുപാടെല്ലാം നീക്കി
വലയിൽ കുടുങ്ങിത്തൻ
ചിറകൊന്നനക്കുവാൻ
വലയും പൂമ്പാറ്റ തൻ
ധിക്കാരം സഹിക്കാതെ
കാലുകൾക്കിടയിലാ-
ണെട്ടു ദിക്കുകൾ, നാശ-
മേലുകില്ലൊരുനാളു-
മെന്ന ഭാവനയോടെ
അന്തരീക്ഷത്തിൻ കണ്ണീർ-
കൊണ്ടു മുത്തുകൾ ചാർത്തും
തൻ തലസ്ഥാനത്തിങ്ക-
ലേകശാസനമായി
വാനിനെ മറച്ചു കൊ-
ണ്ടങ്ങനെ വാണൂ വീര-
മാനിയാം തൻ നിർമ്മാതാ-
വുഗ്രരൂപമാം കീടം.
ഒന്നനങ്ങിയാലപ്പോ-
ളറിയാം വഞ്ചിച്ചിടാ-
വുന്നതോ നിരാലസ്യ-
ക്രൂരമാം കണ്ണാർക്കാനും!
നിദ്രയെ ത്യജിച്ചിടു-
മന്തരീക്ഷത്തിന്നന്നാ-
ക്ഷുദ്രജീവി തൻ ദർപ്പം
സഹിപ്പാൻ സാധിക്കാതായ്‌.
കേവലമതിൻ നെടു-
വീർപ്പിനാൽ നൂറായ്‌ ചീന്തീ
പാഴ്‌വല, ചിലന്തി തൻ
അഭിമാനത്തോടൊപ്പം.
ഞാനനുസ്മരിച്ചു പോയ്‌
കാലത്തിന്നാരാമത്തിൽ
മാനവൻ വിരചിച്ച
സാമ്രാജ്യമോരോന്നപ്പോൾ.
----------------------------------

Tuesday, October 18, 2016

ഞാൻ /അമൽ‍ സുഗ


നിങ്ങളുടെ ജീവിതത്തിന്റെ
ഒരേട്  ചീന്തണമെനിക്ക്
പച്ചഞരമ്പുകൾ തെളിഞ്ഞ
ഇലകീറുംപോലെ മൃദുലമായ്

എനിക്കതു ചെയ്യണം
എന്റെ കൈപിടിച്ചു നടക്കൂ
ചുവന്ന വീഞ്ഞിലെന്നപോൽ
സ്നേഹലഹരിയിലാഴാം
നമ്മുടെ വൈയക്തികദുഃഖം
കടൽ വിഴുങ്ങുകയാണ്
വഴുവഴുത്ത പാറയിലെന്ന
യാഥാർത്ഥ്യം മങ്ങുകയാണ്
എനിക്കെന്റെ രക്തംകൊണ്ട്
എന്റെ സ്വപ്നങ്ങൾ കൊണ്ട്
ആയിരം വരിയെഴുതണം!
ഞാനോർമ്മിച്ചെടുക്കട്ടെ
പരിത്യക്തയായ എന്നെയും
അറ്റുപോയ കണ്ണികളെയും
ഒലിച്ചിറങ്ങുന്നീ മഞ്ഞിൽ
ഇനിയൊന്നും ചെയ്യാനില്ല
ഞാനൊരു മുറിവിലൂടെയാണ്
ചിരിക്കാനും കരയാനുമായ്
എന്നെ ഉടച്ചെടുത്തുരുക്കിയത്
നോക്കൂ,നക്ഷത്രങ്ങൾ മിന്നും
ആകാശം പങ്കിട്ടെടുക്കാം
എന്റെയോർമ്മ,കണ്ണുനീര്
സംഗീതംപോലെ മന്ത്രണമാണ്
പച്ചമണ്ണിൽ ചവീട്ടുമ്പോൾ
ചരൽമുത്തു ചിരീക്കുന്നത്
നാട്യമില്ലാപാദം കണ്ടിട്ടല്ലേ!
നിങ്ങളുടെ വിശാലതയിൽ
പിച്ചളപ്പീടിയുള്ള ചക്രമായ്
മെല്ലെയുരുളുവാനായാണ്
ഞാൻ കൈകൾനീട്ടുന്നത്
സമുദ്രത്തിലെ വേലിയേറ്റം
ദീർഘശ്വാസമെടുക്കുംപോൽ
രാവുകളിൽ,പുലരികളിൽ
ഞാൻ മിഴിതുറക്കുകയാണ്
എന്റെ കൈപിടിച്ചുനടക്കൂ
ചുവന്ന വീഞ്ഞീലെന്നപോൽ
സ്നേഹലഹരിയിലാഴാം!
-------------------------------------

വേല കേറുമ്പോൾ / പി.രാമൻ


കടപ്പറമ്പത്തു കാവിലമ്മടെ
വേല കൂടാൻ പോകുമ്പോൾ
വഴിക്കു നമ്മൾ വലിയ പാടം
മുറിച്ചു കടന്നു പോകുമ്പോൾ

പഴയ ചങ്ങാതിച്ചിരിയലിഞ്ഞ്‌
വെയിലിനൂക്കു കുറയുമ്പോൾ
ടയറുവണ്ടിയിൽ കെട്ടുകാളകൾ
വരമ്പുകേറി മറിയുമ്പോൾ
ചിലമ്പൊലികൾക്കുമമരത്തിൽ പൊട്ടും
കതിനകൾക്കുമിടയൂടെ
പല നിറങ്ങളിൽ മധുരമിറ്റും കോ-
ലയിസിൻ വണ്ടികളമറുമ്പോൾ
കറുത്തമേനിയിൽ ചുകപ്പുടുത്തു നാം
വിയർപ്പിൽ മുങ്ങിത്തിളങ്ങുമ്പോൾ
തലയിലെ കോലമുയർത്തി പൂതന്മാർ
മോരുംവെള്ളം കുടിക്കുമ്പോൾ
വിരലിൽ നിന്നൂർന്ന വലിയ മത്തങ്ങാ-
ബ്ബലൂൺ പിടിക്കാനായൊരുകുട്ടി
തകിടതക്കിട മറിഞ്ഞു കാറ്റിന്റെ
വഴിക്കു കൈനീട്ടിപ്പായുമ്പോൾ
വേല കേറുമ്പോൾ പഞ്ചവാദ്യത്തി-
നോടി കൊമ്പുകാർ പോകുമ്പോൾ
താടി നീട്ടിയ കാവി ചുറ്റിയ
വയസ്സൻ സിപ്പപ്പു വലിക്കുമ്പോൾ
ദേശമൊന്നിച്ചൊഴിഞ്ഞ പാടത്തൂ-
ടാരവം കൂട്ടിയരിക്കുമ്പോൾ
ദൂരെ പാടത്തിന്നതിരിലൂടെയൊ-
രാവിവണ്ടി കുതിക്കുമ്പോൾ
കാലുകൾ വൈക്കോൽക്കുറ്റികൾക്കു മേൽ
ചാഞ്ചക്കം ചാഞ്ഞു ചവിട്ടുമ്പോൾ
ചവിട്ടടിയൊന്നു പിഴച്ചൊരാൾ വീണു
പൊരിവെയിലത്തുറങ്ങുമ്പോൾ
ഇതൊക്കെക്കണ്ടു നാം കടപ്പറമ്പത്തു
കാവു കേറാനായ്‌ നീങ്ങുമ്പോൾ
പുരുഷാരം പെട്ടെന്നൊരു പുരാതന-
പ്പെരും മൃഗം പോലെ തോന്നുമ്പോൾ
പടിയും സൂര്യന്റെ പതിഞ്ഞവെട്ടം വീ-
ണതിൻ ചെതുമ്പൽ മിനുങ്ങുമ്പോൾ
ഉയർന്നു പൊങ്ങുന്ന പൊടിയിലൂടതി-
ന്നകത്തെ സങ്കടം തെളിയുമ്പോൾ
കടപ്പറമ്പത്തു കാവിലമ്മക്കാ-
പ്പെരും മൃഗത്തിനെ ബലി കൊടു-
ത്തിരുട്ടു വീണു നാം മടങ്ങുമ്പോൾ പിന്നിൽ
മുഴക്കങ്ങൾ പൊലിഞ്ഞണയുമ്പോൾ
വയൽ വരമ്പിലൂടൊരു ചിലമ്പൊലി-
ച്ചിരിക്കരച്ചിലിഴയുമ്പോൾ...
----------------------------------------

ജലപ്രവേശം / സ്മിത അമ്പു


ആദ്യം മുങ്ങിയത്
എൻറെ നഖമിളകിപ്പോയ
തള്ളവിരലായിരിന്നു .
പരൽമീനുകൾക്ക്
അരിവിതറിക്കൊടുക്കുമ്പോൾ
എല്ലായ് പ്പോഴും
കരയ്ക്കിരിക്കാൻ ശ്രദ്ധിച്ചിരുന്നു .

പിന്നത്തേത് ,
പാറയ്ക്ക് മുകളിൽ
ഉണക്കാനിട്ടിരുന്ന
എൻറെ പുള്ളിനിക്കറാണ് ;
സന്ധ്യയ്ക്ക് മുന്നേ
ചെന്നെടുക്കണമെന്നോർത്ത്
അമ്മ കഴുകിയിട്ടത് .
അച്ഛന്റെ മൂക്കിപ്പൊടി ഡപ്പിയും
ചേച്ചീടെ ശിങ്കാർപ്പൊട്ടും
വെള്ളം വരാന്തയിൽ കയറിയപ്പോൾ
ഒഴുകിപ്പോയി.
അടുക്കളവശത്തൂടെ
താങ്ങിപ്പിടിച്ചോടുമ്പോൾ അമ്മ
അടുപ്പിനുകീഴെ ഒളിപ്പിച്ചുവെച്ചിരുന്ന നാഴിയിലെ
നൂറ്റിപതിമൂന്ന്‌ രൂപയെടുക്കാൻ മറന്നു.
ഗവണ്മെന്റുദ്യോഗസ്ഥർ വെപ്രാളത്തിൽ
ഞങ്ങളെ ബോട്ടിൽ കയറ്റി
കരയ്‌ക്കെത്തിച്ചപ്പോഴാണ്
കുത്തിയിറങ്ങാനുള്ള വടിയെപ്പറ്റി
അപ്പുറത്തെ അപ്പുപ്പനോർത്തത്.
കയറ്റിയപോലെ തന്നെയവർ
അപ്പുപ്പനെ തൂക്കിയെടുത്ത് കരയ്ക്കിരുത്തി .
മറ്റുള്ളവർ അവനവന്റെ
കാലുകളിലേക്ക് കണ്ണ് തറപ്പിച്ചു .
തട്ടിമറിച്ചിടാൻ മണ്ണെണ്ണവിളക്കുകളില്ലാതെ
പെട്രോമാക്സിന്റെ പരന്ന വെളിച്ചത്തിൽ
കിടക്കുമ്പോൾ ഞങ്ങളെല്ലാവരും
സ്വന്തം വീടിന്റെ തിരിച്ചുകിട്ടാത്ത
ചാണകത്തറയെ സ്നേഹിച്ചു .
ദീർഘനിശ്വാസങ്ങൾ മാത്രം സംസാരിച്ച രാത്രി .
അണക്കെട്ടിന്റെ ഭീമാകാര സ്വപ്ന ത്തിലേക്ക്
കണ്ണ് തുറന്നുകൊണ്ട് ഞങ്ങൾ
കുന്നിൻമുകളിൽ നിന്നും
പച്ച തിളങ്ങുന്ന പുതിയ (?) നദിയെ നോക്കി;
അതിനു നടുവിലെ
വെള്ളച്ചായം പൂശിയ ഭൂമിയെയും .
അങ്ങനെ,
ശ്വസിക്കാൻ പുകക്കുഴലുകൾ കൂടിയില്ലാത്ത
ഞങ്ങളുടെ ഗ്രാമം
ഒന്നും ഉയർത്തിക്കാട്ടാതെ
ശ്വാസം മുട്ടി മരിച്ചു.
--------------------------------------------------

Thursday, October 13, 2016

'പണി'ശാല / ദ്രുപദ് ഗൗതം


കുത്തിപ്പിഴിഞ്ഞ്
അയയില്‍ വിരിച്ച
രാത്രിയുടുത്ത
കണ്ണുകളില്‍നിന്ന്
ഇറ്റിറ്റ്
ചെറിയ വെയില്‍......!

എത്രവലിയ തെറ്റും
ഇന്നേക്ക്
ശരിയാക്കികൊടുക്കുന്ന
പണിയിലേര്‍പ്പെട്ടിരിക്കുന്ന
സ്വാശ്രയക്കോടതി.......!
മുറിച്ചിട്ട് രക്ഷപ്പെടാമെന്ന
ഒരുറപ്പ്
ഇളകുന്നുണ്ട് ചുവരില്‍....
വെറുതെ വായിലിട്ടുനടന്ന
ഒരു കൂവല്‍
തുപ്പിക്കളയുന്നു .
------------------------------

ദൂരം / രശ് മി കിട്ടപ്പ


നമുക്കിടയിൽ ഒരു പുഴയുണ്ട്‌
തിടുക്കപ്പെട്ടോടി
കരകളെ കരയിക്കുന്ന ഒന്ന്

നമുക്കിടയിൽ ഒരു കാടുണ്ട്‌
ചീവീടുകളെ ഇറക്കിവിട്ട്‌
രാത്രിയെ പേടിപ്പിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു കടലുണ്ട്‌
ഗർജ്ജിച്ചു ഗർജ്ജിച്ച്‌
തീരത്തെ ഞെട്ടിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു മരമുണ്ട്‌
പൂക്കാത്ത ചില്ലകളെ
ഇലകളാൽ മൂടുന്ന ഒന്ന്
നമുക്കിടയിൽ ഒരു നിഴലുണ്ട്‌
നിന്നിലേക്കു ചാഞ്ഞ്‌
നിന്നിൽ നിന്നെന്നെ മറയ്ക്കുന്ന ഒന്ന്
----------------------------------------

Wednesday, October 5, 2016

മരണഭാഷ്യം / ആര്‍.സംഗീത


അപ്പോഴേക്കും
അവൾ മരിച്ചിരുന്നു

വിരലറ്റങ്ങളിൽ നിന്ന്‌
വഴുതി വീഴുന്ന
പ്രാർഥനകളിലൂടെ
ഒരു വീട്
നടന്നു പോവുന്നു
കാലം തെറ്റി പൂത്ത
എരിക്കിൻ ചില്ലയുടെ
പകപ്പാണ് നാവിൽ
തുടച്ചു മിനുക്കിയ
തറയിൽ
പണ്ടെങ്ങോ ഉണ്ടായിരുന്ന
കാലിന്റെ നൃത്തച്ചുവടുകൾ
തോരാനിട്ട തുണികളിൽ
പഴയൊരു
നിഴൽ വരഞ്ഞ
കൈപ്പാടുകൾ
ഒരു കരച്ചിലിനിരുപുറം
താമസിക്കുന്ന
രണ്ടു പേർ
മുഖം നോക്കുന്ന
കണ്ണാടിയിൽ
ഒരു കുഴി ഇരുട്ട്
വേര് കൂർപ്പിക്കുന്നു
മേശ വലിപ്പിനടിയിൽ
ഒറ്റയ്ക്കൊരു കാടാവുന്ന
പടർച്ചകളുണ്ട്
കിടക്കയിലെ മരുഭൂമിയിൽ
മേഘമേ മേഘമേ
എന്നാർത്തൊരു ദാഹം
അനാഥമാവുന്നു
അടുക്കുതെറ്റിയ
പുസ്തകക്കൂട്ടങ്ങളിൽ
ഉപ്പ് മണക്കുന്ന
കടൽപ്പുറ്റ്
പറക്കുമ്പോൾ
ചിറകറ്റ് വീണ
പക്ഷികളുടെ ആകാശത്തെ
വെറുതെ നോക്കിനിൽക്കുന്ന
ഉമ്മറത്തൂണുകൾ
കാണാത്ത ദിക്കുകളിൽ
പെയ്യുന്ന ജാലകപ്പടിയിലേയ്ക്ക്
കാലുകൾ
പിണച്ചു വച്ചു
വഴിയിറമ്പിലേയ്ക്കൊരു
കാത്തിരിപ്പ്
കണ്ണ് നീട്ടുന്നുണ്ട്
മറന്നു വച്ച ഉടൽ
തിരഞ്ഞു വരുന്ന
കാറ്റേ
ഞങ്ങളെയിങ്ങനെ
തണുപ്പിക്കുന്നതു
എന്തിനാണ്?
---------------------------

പട്ടി / കൽപ്പറ്റ നാരായണൻ


നിന്റെ പുറകെ എന്റെ പട്ടി വരും
എന്നു പറഞ്ഞപ്പോൾ
അവളത് കാര്യമായെടുക്കുമെന്ന് കരുതിയതല്ല.
വന്നത് ആരാണെന്നതിൽ
അവൾക്കൊരു സംശയമൊട്ടുമുണ്ടായില്ല
കഴുകിക്കമഴ്ത്തിയ പാത്രം മലർത്തിവെച്ച്
എനിക്ക് ചോറ് വിളമ്പിത്തന്നു
പാത്രം നിറയെ കുടിക്കാനുള്ള ജലം തന്നു
കിടക്കാനുള്ള സ്ഥലം കാട്ടിത്തന്നു
ആവശ്യം കഴിഞ്ഞപ്പോൾ
ഫാൻ ഓഫ് ചെയ്ത്
മാറിക്കിടന്നു.
അവൾ പെരുമാറി
ഞാൻ നിന്നോട് എന്ന് സങ്കീർണ്ണമായല്ല
ഞാൻ അതിനോട് എന്ന് സരളമായി,
സംക്ഷിപ്തമായി
പുറത്ത് നിന്നെന്തോ ഒച്ച കേൾക്കുന്നുണ്ടോ
കള്ളനാണോ
പുലിയാണോ
പൂച്ചയാണോ
അയലിന് കെട്ടിയ ചരടിലൂടെ
ഓടിവരുന്ന സർക്കസ്സഭ്യാസിയായ എലിയാണോ
കുരച്ചു പോകാതിരിക്കാൻ
നന്നേ പാടുപെടേണ്ടി വന്നു.
---------------------------------------------------------------

കോമ്പസ്‌ വൃത്തം / ഹണി ഭാസ്കരൻ


എത്ര മുറിപ്പെട്ടാലാണ്
എത്ര ആഴത്തിൽ
പതിഞ്ഞു കിടന്നാലാണ്
ഏതൊക്കെ കടലും മരുഭൂമിയും
താണ്ടിയാലാണ്
ഉലയാതെ
ചാറിവീഴാതെ
കാറ്റിനൊപ്പം വീശാതെ
ദിശയോളം ചെന്നെത്തുക.

പെണ്ണേ നീയൊന്നു നീയായി
പരുവപ്പെടുക.
---------------------------------

വെളുത്ത പട്ടി / കുഴൂർ വിൽസണ്‍

വെളുത്ത കാറുകൾ കണ്ടാൽ
ചെകുത്താൻ കുരിശുകണ്ടമാതിരി
പിന്നാലെ പാഞ്ഞ് തോറ്റ്
മോങ്ങി മോങ്ങിക്കരഞ്ഞ്
പിൻ വാങ്ങുന്ന
ഒരൊറ്റക്കാലൻ പട്ടിയുണ്ട് നാട്ടിൽ

രാത്രി വൈകി വരുമ്പോൾ
ചിലപ്പോഴൊക്കെ അവനെ കാണും
വെളുത്തതല്ലാത്ത എന്റെ കാറിനെ
വെറുതെ വിടുന്നതായി പലകുറി
പറയാതെ പറഞ്ഞിട്ടുണ്ട് അവൻ

വെളുത്ത ഒറ്റക്കാലൻ
പട്ടിയാകുന്നതിനും മുൻപ്
കുറെ കുറെ മുൻപ്
അവൻ
ഒരു വെളുത്ത പട്ടിക്കുട്ടനായിരുന്നു
പ്രിയപെട്ട വളവിൽ
ഓടിയും ചാടിയും പറന്നും
പറപറന്നും നടന്ന
ഒരു വെളുത്ത പഞ്ഞിക്കുട്ടൻ
ഒരു കുഞ്ഞനപ്പൂപ്പൻതാടി

അപ്പൂപ്പൻ താടികളെ
വണ്ടിമുട്ടാൻ പാടില്ല എന്ന നിയമം
നടപ്പിലാവാത്ത
ഒരു നാടായിരുന്നു ഞങ്ങളുടേത്

ഏതോ ഒരു സന്ധ്യയിൽ
ഒരു വെളുത്ത കാർ
ഇടിച്ചിട്ട് പോയതാണവനെ
 
ഓരോ തവണയും
ആ വളവിലൂടെ
ഓരോ വെളുത്ത കാർ വരുമ്പോഴും
ഒറ്റക്കാൽ വച്ച്
അവൻ പുറകെയോടും
ചിലപ്പോൾ തൊടും
മോങ്ങിമോങ്ങിക്കരഞ്ഞ്
പിൻ വാങ്ങി
കണ്ണടച്ച് കിടക്കും

തുടക്കത്തിൽ
ഒരു തെറ്റായ ഉപമ പറഞ്ഞതിനു ക്ഷമിക്കണം
ചെകുത്താൻ കുരിശു കാണുന്നതുപോലെയല്ല

ഒരു പട്ടിജീവിതം
ഒറ്റക്കാലിലേക്ക്
പരുവപ്പെടുത്തിയ
നിർത്താതെ പോയ
ആ വെളുത്ത കാറിനോട്
ആ വെളുത്ത പട്ടിക്ക്
ആ പഴയ കുഞ്ഞനപ്പൂപ്പൻതാടിക്ക് .