Sunday, October 23, 2016

ആരാമത്തിൽ / ജി. ശങ്കരക്കുറുപ്പ്‌


ചെന്നു ഞാനാരാമത്തിൽ
നവ്യമാം പ്രഭാതത്തിൻ
പൊന്നു വാഗ്ദാനം കൊണ്ടു
ദിങ്‌ മുഖം തുടുത്തപ്പോൾ

ചിത്രമാം ചിലന്തി തൻ
വലയൊന്നാകാശത്തി-
ലെത്രയും വിശാലമായ്‌
ഉല്ലസിപ്പതു കാണാൻ
സ്വീയമാം സാമ്രാജ്യത്തിൻ
ബലവും വൈപുല്യവു-
മായത ഗർവ്വം നോക്കി-
ക്കേടുപാടെല്ലാം നീക്കി
വലയിൽ കുടുങ്ങിത്തൻ
ചിറകൊന്നനക്കുവാൻ
വലയും പൂമ്പാറ്റ തൻ
ധിക്കാരം സഹിക്കാതെ
കാലുകൾക്കിടയിലാ-
ണെട്ടു ദിക്കുകൾ, നാശ-
മേലുകില്ലൊരുനാളു-
മെന്ന ഭാവനയോടെ
അന്തരീക്ഷത്തിൻ കണ്ണീർ-
കൊണ്ടു മുത്തുകൾ ചാർത്തും
തൻ തലസ്ഥാനത്തിങ്ക-
ലേകശാസനമായി
വാനിനെ മറച്ചു കൊ-
ണ്ടങ്ങനെ വാണൂ വീര-
മാനിയാം തൻ നിർമ്മാതാ-
വുഗ്രരൂപമാം കീടം.
ഒന്നനങ്ങിയാലപ്പോ-
ളറിയാം വഞ്ചിച്ചിടാ-
വുന്നതോ നിരാലസ്യ-
ക്രൂരമാം കണ്ണാർക്കാനും!
നിദ്രയെ ത്യജിച്ചിടു-
മന്തരീക്ഷത്തിന്നന്നാ-
ക്ഷുദ്രജീവി തൻ ദർപ്പം
സഹിപ്പാൻ സാധിക്കാതായ്‌.
കേവലമതിൻ നെടു-
വീർപ്പിനാൽ നൂറായ്‌ ചീന്തീ
പാഴ്‌വല, ചിലന്തി തൻ
അഭിമാനത്തോടൊപ്പം.
ഞാനനുസ്മരിച്ചു പോയ്‌
കാലത്തിന്നാരാമത്തിൽ
മാനവൻ വിരചിച്ച
സാമ്രാജ്യമോരോന്നപ്പോൾ.
----------------------------------

1 comment:

  1. 7-)o ക്ലാസ്സിൽ ഞങ്ങൾ പഠിച്ച കവിത.

    "കാലുകൾക്കിടയിലാണെട്ടു ദിക്കുകൾ നാശമേലുകില്ല.....
    " ഞാനനുസ്മരിച്ചുപോയ്.....
    മാനവൻ വിരചിച്ച സാമ്രാജ്യ......

    Exactly

    ReplyDelete