Tuesday, October 18, 2016

വേല കേറുമ്പോൾ / പി.രാമൻ


കടപ്പറമ്പത്തു കാവിലമ്മടെ
വേല കൂടാൻ പോകുമ്പോൾ
വഴിക്കു നമ്മൾ വലിയ പാടം
മുറിച്ചു കടന്നു പോകുമ്പോൾ

പഴയ ചങ്ങാതിച്ചിരിയലിഞ്ഞ്‌
വെയിലിനൂക്കു കുറയുമ്പോൾ
ടയറുവണ്ടിയിൽ കെട്ടുകാളകൾ
വരമ്പുകേറി മറിയുമ്പോൾ
ചിലമ്പൊലികൾക്കുമമരത്തിൽ പൊട്ടും
കതിനകൾക്കുമിടയൂടെ
പല നിറങ്ങളിൽ മധുരമിറ്റും കോ-
ലയിസിൻ വണ്ടികളമറുമ്പോൾ
കറുത്തമേനിയിൽ ചുകപ്പുടുത്തു നാം
വിയർപ്പിൽ മുങ്ങിത്തിളങ്ങുമ്പോൾ
തലയിലെ കോലമുയർത്തി പൂതന്മാർ
മോരുംവെള്ളം കുടിക്കുമ്പോൾ
വിരലിൽ നിന്നൂർന്ന വലിയ മത്തങ്ങാ-
ബ്ബലൂൺ പിടിക്കാനായൊരുകുട്ടി
തകിടതക്കിട മറിഞ്ഞു കാറ്റിന്റെ
വഴിക്കു കൈനീട്ടിപ്പായുമ്പോൾ
വേല കേറുമ്പോൾ പഞ്ചവാദ്യത്തി-
നോടി കൊമ്പുകാർ പോകുമ്പോൾ
താടി നീട്ടിയ കാവി ചുറ്റിയ
വയസ്സൻ സിപ്പപ്പു വലിക്കുമ്പോൾ
ദേശമൊന്നിച്ചൊഴിഞ്ഞ പാടത്തൂ-
ടാരവം കൂട്ടിയരിക്കുമ്പോൾ
ദൂരെ പാടത്തിന്നതിരിലൂടെയൊ-
രാവിവണ്ടി കുതിക്കുമ്പോൾ
കാലുകൾ വൈക്കോൽക്കുറ്റികൾക്കു മേൽ
ചാഞ്ചക്കം ചാഞ്ഞു ചവിട്ടുമ്പോൾ
ചവിട്ടടിയൊന്നു പിഴച്ചൊരാൾ വീണു
പൊരിവെയിലത്തുറങ്ങുമ്പോൾ
ഇതൊക്കെക്കണ്ടു നാം കടപ്പറമ്പത്തു
കാവു കേറാനായ്‌ നീങ്ങുമ്പോൾ
പുരുഷാരം പെട്ടെന്നൊരു പുരാതന-
പ്പെരും മൃഗം പോലെ തോന്നുമ്പോൾ
പടിയും സൂര്യന്റെ പതിഞ്ഞവെട്ടം വീ-
ണതിൻ ചെതുമ്പൽ മിനുങ്ങുമ്പോൾ
ഉയർന്നു പൊങ്ങുന്ന പൊടിയിലൂടതി-
ന്നകത്തെ സങ്കടം തെളിയുമ്പോൾ
കടപ്പറമ്പത്തു കാവിലമ്മക്കാ-
പ്പെരും മൃഗത്തിനെ ബലി കൊടു-
ത്തിരുട്ടു വീണു നാം മടങ്ങുമ്പോൾ പിന്നിൽ
മുഴക്കങ്ങൾ പൊലിഞ്ഞണയുമ്പോൾ
വയൽ വരമ്പിലൂടൊരു ചിലമ്പൊലി-
ച്ചിരിക്കരച്ചിലിഴയുമ്പോൾ...
----------------------------------------

No comments:

Post a Comment