Tuesday, October 18, 2016

ജലപ്രവേശം / സ്മിത അമ്പു


ആദ്യം മുങ്ങിയത്
എൻറെ നഖമിളകിപ്പോയ
തള്ളവിരലായിരിന്നു .
പരൽമീനുകൾക്ക്
അരിവിതറിക്കൊടുക്കുമ്പോൾ
എല്ലായ് പ്പോഴും
കരയ്ക്കിരിക്കാൻ ശ്രദ്ധിച്ചിരുന്നു .

പിന്നത്തേത് ,
പാറയ്ക്ക് മുകളിൽ
ഉണക്കാനിട്ടിരുന്ന
എൻറെ പുള്ളിനിക്കറാണ് ;
സന്ധ്യയ്ക്ക് മുന്നേ
ചെന്നെടുക്കണമെന്നോർത്ത്
അമ്മ കഴുകിയിട്ടത് .
അച്ഛന്റെ മൂക്കിപ്പൊടി ഡപ്പിയും
ചേച്ചീടെ ശിങ്കാർപ്പൊട്ടും
വെള്ളം വരാന്തയിൽ കയറിയപ്പോൾ
ഒഴുകിപ്പോയി.
അടുക്കളവശത്തൂടെ
താങ്ങിപ്പിടിച്ചോടുമ്പോൾ അമ്മ
അടുപ്പിനുകീഴെ ഒളിപ്പിച്ചുവെച്ചിരുന്ന നാഴിയിലെ
നൂറ്റിപതിമൂന്ന്‌ രൂപയെടുക്കാൻ മറന്നു.
ഗവണ്മെന്റുദ്യോഗസ്ഥർ വെപ്രാളത്തിൽ
ഞങ്ങളെ ബോട്ടിൽ കയറ്റി
കരയ്‌ക്കെത്തിച്ചപ്പോഴാണ്
കുത്തിയിറങ്ങാനുള്ള വടിയെപ്പറ്റി
അപ്പുറത്തെ അപ്പുപ്പനോർത്തത്.
കയറ്റിയപോലെ തന്നെയവർ
അപ്പുപ്പനെ തൂക്കിയെടുത്ത് കരയ്ക്കിരുത്തി .
മറ്റുള്ളവർ അവനവന്റെ
കാലുകളിലേക്ക് കണ്ണ് തറപ്പിച്ചു .
തട്ടിമറിച്ചിടാൻ മണ്ണെണ്ണവിളക്കുകളില്ലാതെ
പെട്രോമാക്സിന്റെ പരന്ന വെളിച്ചത്തിൽ
കിടക്കുമ്പോൾ ഞങ്ങളെല്ലാവരും
സ്വന്തം വീടിന്റെ തിരിച്ചുകിട്ടാത്ത
ചാണകത്തറയെ സ്നേഹിച്ചു .
ദീർഘനിശ്വാസങ്ങൾ മാത്രം സംസാരിച്ച രാത്രി .
അണക്കെട്ടിന്റെ ഭീമാകാര സ്വപ്ന ത്തിലേക്ക്
കണ്ണ് തുറന്നുകൊണ്ട് ഞങ്ങൾ
കുന്നിൻമുകളിൽ നിന്നും
പച്ച തിളങ്ങുന്ന പുതിയ (?) നദിയെ നോക്കി;
അതിനു നടുവിലെ
വെള്ളച്ചായം പൂശിയ ഭൂമിയെയും .
അങ്ങനെ,
ശ്വസിക്കാൻ പുകക്കുഴലുകൾ കൂടിയില്ലാത്ത
ഞങ്ങളുടെ ഗ്രാമം
ഒന്നും ഉയർത്തിക്കാട്ടാതെ
ശ്വാസം മുട്ടി മരിച്ചു.
--------------------------------------------------

No comments:

Post a Comment