പകുതിമാത്രം തുറന്നിട്ട അവളുടെ ജാലകം
അപ്പോഴും പാടുകയാണ്.
കറുപ്പും വെളുപ്പും ഉടുപ്പിട്ട ജനലഴികൾ
ആ പാട്ടുകളെ പുറത്തേക്ക്,
ഒട്ടുമാവിൻ കൊമ്പിന്റെ ഉയരങ്ങളിലേക്ക്,
തൈത്തെങ്ങിൻ തലപ്പിലേക്ക്
കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
മതിൽക്കെട്ടുകൾക്കപ്പുറം
ഉറങ്ങാതിരുന്ന പശുക്കളും ആടുകളും
അവളുടെ പാട്ടുകേൾക്കുന്നു.
ജാലകവാതിൽക്കൽ ചാരി നിന്ന്
കറുത്ത രാത്രിയും അവളുടെ പാട്ട് കേൾക്കുന്നു.
അവൾ ഒറ്റയ്ക്കായ സ്ത്രീയാണ്.
നിങ്ങൾക്കറിയാം,
തനിച്ചാകപ്പെട്ട സ്ത്രീ
ഒരു പൊതുമുതലാണെന്ന്.
ആരാലും എഡിറ്റ് ചെയ്യപ്പെടാവുന്ന
ഒരു കവിതയാണവൾ.
നിങ്ങളുടെ സ്ത്രീകൾ
അവളുടെ ലാവണ്യത്തിൽ
അസഹിഷ്ണുത കാട്ടുകയും.
അവളെ വെള്ളയുടുപ്പിച്ചും
ഇരുട്ടിലൊളിപ്പിച്ചും
വെപ്രാളപ്പെടുകയും ചെയ്യുമ്പോൾ.
നിങ്ങൾ,
നിങ്ങളവളെ
അവളുടെ കണ്ണിന്റെ കാന്തികതയെപ്പറ്റി,
അവളുടെ ഉലയാത്ത മേനിയെപ്പറ്റി,
അവളുടെ അടങ്ങാത്ത മോഹങ്ങളെപ്പറ്റി
നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
നിങ്ങളവൾക്ക്
ഉപാധികളില്ലാത്ത സ്നേഹം
വാഗ്ദാനം ചെയ്യുകയും
അവളുടെ യൌവ്വനത്തെയോർത്ത്
വേവലാതിപ്പെടുകയും
നിങ്ങളുടെ ഏകാന്തതകളിലേക്ക്
ക്ഷണിക്കുകയും ചെയ്യുന്നു.
നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.
നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.
വിലക്കപ്പെടുന്ന
നിങ്ങളുടെസ്ത്രീകളും കുട്ടികളും
അവളെ ഒളിഞ്ഞുനോക്കി
കാവ്യമെഴുതുന്നു.
അവളുടെ ജാലകത്തിൽ
അറുപതാമത്തെ പാട്ടിനൊപ്പം
പുലരിയെത്തുന്നു.
ഒരു നിറം മാത്രമായി
വന്നെത്തിയിട്ടും
അവളിൽ മഴവില്ലുകണ്ട്
പകൽ മടങ്ങുമ്പോൾ,
രാത്രികൾ ജാലകവാതിൽക്കൽ
പാട്ടുകാത്തിരിക്കുന്നു.