Monday, July 2, 2018

വനതാര / സുദേവ്.ബി


പ്രണയമെന്‍ സത്തയില്‍
പടരുന്നുവോ
നീല ഗഗനമെന്‍
വാഴ്വിലായലിയുന്നുവോ
നിന്‍റെ മൃദുലമാ മുല്ലേഖ
മധു നുകര്‍ന്നീടവേ
ഒരു മഴ കാടുള്ളിലീ-
റനണിയുന്നുവോ  ?

നുരയിട്ടുചിന്നുന്ന
വരികള്‍ തന്‍ നീര്‍ച്ചോല
വഴുതി വീഴുന്നുവോ
തെളിനീര്‍ കയങ്ങളില്‍
സിരകളില്‍  ഹരിതകം
മരുപഥം മറയുന്നു
ശിരസാഴ്ത്തി വെക്കുന്നു
കുളിരാശയങ്ങളില്‍...

വനതാര തെളിയുന്നു
ജലഘനം കിനിയുന്നു
കൊടമഞ്ഞലിയുന്നു
നീഹാരമണിയുന്നു
ശിശിരര്‍ത്തുപോലിതാ
കൊഴിയുന്നിതിലകളെന്ന-
വഭൃത സ്നാനമായ്‌
പ്രണയിനീ സ്നാപകേ..

ജലപാത മരികിലായ്
പ്രതിരവം  കേള്‍ക്കുക
പൂവല്ലിചുറ്റിയ
മാമരം കാണുക
ഒരുമഴക്കാറുംപുതച്ചു
നീയീവിധം
വിധുരയാമങ്ങളില്‍
എന്നെ വായിക്കുമോ..

No comments:

Post a Comment