Sunday, July 29, 2018

കാഴ്ചപ്പുസ്തകം / മനു മാധവൻ

ഉടഞ്ഞ
വേനൽക്കണ്ണാടിയിൽ
മഴയുടെ
പെരുത്ത
സ്നേഹക്കണ്ണുകൾ.

കാറ്റിന്‍റെ
കുറുമ്പൻ കറക്കങ്ങളിൽ
നാണത്തിൽ വിടർന്നൊരു
മുല്ലപ്പൂമൊട്ട്.

ഒച്ചപ്പുടവ
ഊരിയെറിഞ്ഞ്
തണുത്തുവിറച്ച
ചില പിൻവിളികൾ.

നിലാവിന്
നീലനിറം കൊടുക്കാൻ
മദിച്ചു ചിരിച്ച
മഞ്ഞ ചന്ദ്രൻ.

മഴത്താഴില്‍
സൂര്യനെയൊളിപ്പിച്ച
ഒരു കറുമ്പൻ
മേഘക്കീറ്.

ജീവനെ
പതപ്പിച്ച്പ്പൊന്തിച്ച
മണ്ണിന്‍റെ  ചോപ്പൻപാട്ട്.

തൂവൽക്കൂടുവിട്ട്
കാവൽപ്പുരയിലൊളിച്ച
കുരുവിക്കുഞ്ഞ്.

നീറി ചത്തിട്ടും
പുതപ്പിച്ചു
പാത്തു വച്ചൊരു
പാവപ്പെണ്ണ്.

കാലം
തട്ടിയുരുട്ടി
ഉറക്കിയൊതുക്കിയ
പൊട്ടൻകല്ല്.

പിന്നെ
കണ്ടു നിറയാതെ
കണ്ണു നിറഞ്ഞു
മിണ്ടി മുറിഞ്ഞ
നീയും
ഞാനും.
__________________

No comments:

Post a Comment