Sunday, July 8, 2018

മണൽച്ചിപ്പികൾ / ആര്യാ ഗോപി

കരിങ്കണ്ണുതട്ടി
ചിതറുന്ന വാക്കേ
പെരും ചീളുകൊണ്ടെൻ
വഴിക്കണ്ണുടഞ്ഞേ.

നിണം തൊട്ട വാക്കിൻ
പൊരുൾ കണ്ട നാളിൽ
നിനക്കോർമ്മയുണ്ടോ
നിരാലംബ ജന്മം?

നുകം കെട്ടിയോടും
ദുരാഗ്രഹക്കാലം
വഴിക്കെത്ര ചക്രം
വലിക്കുന്നു നിത്യം.

സ്വരം താഴ്ത്തിയാരോ
വിളിക്കുന്നു ദൂരെ
മരുപ്പച്ചയാവാം
മഴത്തുള്ളിയാവാം.

കടിച്ചൂറ്റുവാനായ്
മുഴുഭ്രാന്തരാവാം
പകച്ചോടിയെത്തും
മൃഗക്കൂട്ടമാവാം.

എനിക്കെന്റെ വാക്കിൻ
കരൾച്ചോപ്പു തായോ
ഇരുട്ടിന്റെ ദിക്കിൽ
ജ്വലിച്ചൊന്നുദിക്കാൻ.

ബലിക്കാക്കയല്ലെ-
ന്നരിപ്രാക്കൾ വന്നീ
കടൽത്തീര സന്ധ്യയ്-
ക്കെടുക്കട്ടെയന്നം.

കുളിപ്പിച്ചെടുക്കും
മണൽച്ചിപ്പിതോറും
പിടയ്ക്കുന്ന കണ്ണിൻ
കതിർമുത്തു തായോ.
__________________



No comments:

Post a Comment