Saturday, November 17, 2018

അപായഗ്രന്ഥി / ജയദേവ് നയനാർ

കാറ്റു കീറുന്ന
മേഘത്തുണ്ടുകളെ
കൂട്ടിത്തുന്നുന്ന
പണിയായിരുന്നു.
വാഴക്കയ്യിലിരുന്ന്
നൃത്തം പഠിപ്പിച്ച്
കീറിത്തുന്നുമായിരുന്നു.
ഇരുട്ടിൽ വിടരുന്ന
പൂക്കൾക്ക് ഓരോ നിറം
കൂട്ടിക്കൊടുക്കുമായിരുന്നു.
മീനുകളെപ്പെറാത്ത
മച്ചിക്കുളങ്ങൾക്ക്
ദത്തു നിൽക്കുമായിരുന്നു.
ഓരോ ഉമ്മയ്ക്കും
കണ്ണsക്കുമായിരുന്നു.
.
പിന്നെയെന്തായിരുന്നു.
ഉറുമ്പുകളുടെ കൂട്ടിൽ
കടിപ്പെരുന്നാളിന്
കാണിക്കയായിരുന്നു.
മെലിഞ്ഞ പുഴകളെ
കടലിൽ നീന്താൻ
ലൈസൻസ്
എടുത്തുകൊടുപ്പായിരുന്നു.
മടങ്ങാൻ വൈകുന്ന
കിളികൾക്കായ്
രാത്രി മുഴുവൻ
ഓട്ടോ ഓടിച്ചിരുന്നു.
.
ഒരു കാര്യം ചെയ്യ്.
ഇനിയെന്നാൽ
മുറ്റത്തുണക്കാനിട്ട
ആ മഴവില്ലിന്റെ
നടുവൊന്ന്
നീർക്ക്.
___________________

No comments:

Post a Comment