ഒരിക്കലും ആനയെ കണ്ടിട്ടില്ലാത്ത
ഒരുവൾ
പച്ച നിറം കൊണ്ട്
ആനയെ വരക്കുന്നു.
ചുവപ്പു കൊണ്ടൊരു കൊമ്പും.
അവളുടെ കടലിന് മഞ്ഞനിറമാണ്;
പച്ചയിൽ കടുംകാപ്പി കുത്തുകളോടുകൂടിയ
കുഞ്ഞുമീനുകളുള്ള ഒന്ന്.
അവളുടെ പൂക്കൾക്ക്
കറുത്ത നിറമായിരുന്നു;
അവൾ പൂക്കളെ
കണ്ടിട്ടുണ്ടായിരുന്നെങ്കിൽ കൂടി!!
സ്വപ്നത്തിലേതുപോലെ
നീണ്ട മുടിയോ
കറുത്ത മറുകോ ഇല്ലാത്ത അവൾ
നീണ്ട സ്വർണ മുടിയോടു കൂടിയ
ഒരുത്തിയെ വരച്ച്
സ്വന്തം പേര് വിളിക്കുന്നു.
ഏറ്റവും പ്രിയ്യപ്പെട്ട നീല നിറം
വരച്ചു ഫലിപ്പിക്കാൻ
പ്രയാസമുള്ള എന്തിനോവേണ്ടി
മാറ്റി വച്ചിരിക്കുന്നു.
വയലറ്റുകൊണ്ട്
നേർത്തു മെലിഞ്ഞ ഒരുത്തനെ
വരച്ചു ചേർത്തതാണ്
എനിക്കേറ്റവും പ്രിയപ്പെട്ടത്.
രാത്രി ഏറെ വൈകിയോടുന്ന
തീവണ്ടി വരക്കാൻ അവൾക്ക്
ഏറെ പ്രയാസമൊന്നുമില്ല...
കൊഴുത്ത മഞ്ഞ വെളിച്ചം കൊണ്ട്
അവ്യക്തമായി അതിന്റെ ജനലുകളും....
പക്ഷേ
എത്രകണ്ട് സൂക്ഷ്മതയോടെ
ശ്രമിച്ചിട്ടും
അതിൽ ഒറ്റക്കിരിക്കുന്ന
പെൺകുട്ടിയെ വരച്ചു ചേർക്കാൻ
അവൾക്ക് കഴിയുന്നേയില്ല.
അവളുടെ വീട്
മഴവില്ലുകൾക്കിടയിലാണെന്ന്
നിങ്ങൾ വെറുതേ
തെറ്റിദ്ധരിച്ചതാണ്.
________________________________
No comments:
Post a Comment