എന്റെ രാഷ്ട്രിയം
ഒരു വിത്തിൽ നിന്ന് നേരിട്ടു കിളിർക്കുന്നു,
ഇരുമ്പയിരിൽനിന്ന് ഉലയിലേക്കും
ആയുധത്തിലേക്കും പടരുന്നു,
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ നിന്ന്
വെളിച്ചത്തിന്റെ അരാജകത്വത്തിലേക്ക് കൊക്കെടുക്കുന്നു.
എന്റെ മോതിരവിരൽ
നൂറു മോതിരത്തിന്റെ വധുവായൊരു ഞാഞ്ഞൂളാകുന്നു...
മണ്ണിന്നടിയിൽ അതിനു വഴിയറിയാം.
എന്റെ രാഷ്ട്രീയം ഒരു വിവാഹമാകുന്നു,
ആത്മാവും വിശപ്പും തമ്മിലുള്ള വിവാഹം.
എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ
ഒരൊറ്റ ജീവിയാകുന്നു ഞാൻ.
മഴയത്ത് വളപ്പിലെയും ,വയലിലെയും
മാളങ്ങൾ നിറയുമ്പോൾ
മെത്തയിൽ ഞാൻ തിരിഞ്ഞുകിടക്കുന്നു
തീൻമേശയിലെത്തുന്ന ഓരോ മുട്ടയപ്പത്തിലും ഞാൻ പൊരിയുന്നു
ഓരോ പാമ്പും എന്റെ ദീർഘോച്ഛ്വാസമാകുന്നു.
തെരുവിൽ മലർത്തിയടിക്കപ്പെടുന്ന ഓരോ പെണ്ണിലും
എന്റെ പൊക്കിൾക്കൊടി മുറിയുന്നു,
ഓരോ ചെന്നായയും എന്റെ വിശപ്പാകുന്നു,
കാട്ടിൽ കൊല്ലപ്പെടുന്ന ഓരോ പോരാളിയിലും
പ്രകൃതി പോലെ ഞാൻ നിറയുന്നു,
ഓരോ കാരാഗൃഹവും എന്റെ ദുശ്ചരിതമാകുന്നു,
ഓരോ മനുഷ്യനും എന്റെ മുഷ്ടിയാകുന്നു,
ഓരോ മൗനവും എന്റെ മരണമാകുന്നു;
എന്റെ രാഷ്ട്രീയം ഭൗമികമാകുന്നു-
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി
അതു തുടർന്നുകൊണ്ടിരിക്കും....
Saturday, November 17, 2018
എന്റെ രാഷ്ട്രീയം / മേതിൽ രാധാകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment