ഉന്മാദം
അനേകം ചിറകുകളുള്ള
പക്ഷിയാണ്.
ചിലപ്പോൾ
ഒരുമിച്ച് ചിറകു വിടർത്തും
ഓരോന്നും
ഓരോ അതിരിലേക്ക്
ആയം പിടിക്കും
എല്ലാംഒന്നൊന്നായി
ഒടിയുകയും ചെയ്യും.
താഴേക്ക് വീഴുന്നതറിയാതെ
ഏതെങ്കിലുമൊരു ഹൃദയത്തെ
അള്ളിപ്പിടിക്കും.
പാറക്കെട്ടുകൾക്കിടയിൽ
പതഞ്ഞു പിടയുന്ന
ജലപാതം പോലെ
തീക്ഷ്ണമായ ചിലത്
ഓർമകളിൽ നിന്ന്
ചിതറിത്തെറിക്കും.
ചിലത് മറവിയുടെ
മൂർച്ചകളിലേക്ക്
തീ പിടിക്കും .
ഇരുണ്ട കാടകങ്ങൾ
കത്തിപ്പിടയും പോലെ
അഗ്നി സൂചികൾ
പച്ചമരങ്ങളുടെ
നെഞ്ച് തുളയ്ക്കും പോലെ
ചിലതൊക്കെഊർന്നു വീഴും.
ഞാനെന്നും നീയെന്നും
സ്വപ്നമെന്നും പേരുള്ളവ
എന്നേയ്ക്കും മാഞ്ഞു പോകും.
ഏതോ ചിറകടിയൊച്ച
തൊടാനാഞ്ഞ പോലൊരു
ഓർമ്മ മുഖംതിരിച്ചു നിൽക്കേ
പിറുപിറുത്തും പരിഹസിച്ചും
വഴിപോക്കരൊക്കെ കടന്നു പോകും.
തിരിഞ്ഞു നോക്കാതെയുള്ള
ചില കടന്നുപോകലുകളാണ്
അസഹനീയം.
മറവിക്കും മായ്ക്കാൻ പറ്റാത്ത
ചിലതൊക്കെയുണ്ട്.
No comments:
Post a Comment