Friday, November 30, 2018

കറവ / ഉമാരാജീവ്

എഴുതിക്കഴിഞ്ഞ
വായിച്ചുകഴിഞ്ഞ
അറിഞ്ഞ
അനുഭവിച്ച
കവിതകളിൽ നിന്ന്
വാക്കുകൾ
അഴിഞ്ഞുപോകും

താട ചൊറിഞ്ഞു
ഇണക്കി കറന്ന
അകിട്ടിലെ
എണ്ണമിനുസം
വിരലറ്റത്ത്
ബാക്കിയാക്കി
കറവക്കാരൻ
തലക്കെട്ടുകൾ
കുടഞ്ഞുപെറുക്കും

പുൽനാമ്പുകൾ
ചിതറിയ
ആലയിലെ
പശുമണം
നിറഞ്ഞു പൊന്തി
ഉളളു മുഷിച്ചുകൊണ്ടിരിക്കും

തലേന്നാൾ
തറയിൽക്കിടന്ന്
അയവെട്ടിയവയുടെ
പുള്ളിയോ ചുട്ടിയോ
തിരഞ്ഞു
മേൽക്കട്ടികൾ
കൺതുറുപ്പിക്കും

ചെമ്മാനവും
ചോലവെള്ളവും
തിരഞ്ഞു
നിഴൽ വട്ടവും
നാട്ടുവഴികളും
പടിഞ്ഞ്
കൂട്ടത്തോടെ
കണിശതയോടെ
മറ്റൊരാലയിലേക്ക്‌
അകിടുവിങ്ങുമ്പോൾ
അലഞ്ഞെത്തും

വച്ചുമാറുന്ന
ഇടങ്ങളല്ലാതെ
കറന്നെടുക്കുന്ന
കൈകളല്ലാതെ
ഒന്നുമുണ്ടാവില്ല
പഴയതായി

മേൽക്കട്ടികളിലെ
തുറിച്ചകണ്ണും
മുശുക്കും
മാർത്തു വിളികളും
താങ്ങി നിന്ന
ആലയെ
അടയാളം
വച്ചുറങ്ങുന്നുണ്ടാവും
കവി.
_____________________

No comments:

Post a Comment