Monday, June 24, 2019

ഒരാൾ/അമ്മു ദീപ


വളച്ചു കെട്ടിയ ചെമ്പരത്തിക്കമാനം കടന്ന്
വെയിലിൽ വിയർത്ത്
ചെരിപ്പിടാതെ
ഒരാൾ വരും

വെന്ത കാലടികൾ
കുളത്തിലെന്നപോൽ
തളത്തിലെ തണുപ്പിൽ നനച്ച് ആട്ടിയാട്ടി
ചാരടിത്തിണ്ണയിൽ അയാളിരിക്കും

നീലം മുക്കിയ മുണ്ടിന്റെ കോന്തല
ബ്ലൗസിനുള്ളിൽ തിരുകി
മൊന്തയിൽ കരിങ്ങാലിയുമായ് അമ്മമ്മ വരും

അമ്മമ്മയ്ക്ക് എന്തിഷ്ടമാണയാളെ !
ഞാൻ അത്ഭുതപ്പെടും

അത്രേം പാലൊഴിച്ച ചായ അയാൾക്കേ കൊടുത്തിട്ടുള്ളൂ..

എരിവുള്ള ആട്ടിറച്ചിക്കറിയിൽ
പപ്പടം ചേർത്തു പൊടിച്ചയാൾ ഉരുട്ടിക്കഴിക്കുമ്പോൾ അമ്മമ്മയുടെ മുഖം  തെളിയും

അയാൾ ആരെന്നോ
എന്തെന്നോ ഓർത്തതില്ല ഞാൻ

ഇടയ്ക്കെല്ലാം അമ്മമ്മ
മൂക്ക് പിഴിയുകയും കണ്ണു തുടയ്ക്കുകയും ചെയ്യും

ക്രമേണ അവർ രണ്ടുപേരും
എന്നെമറന്നു തുടങ്ങും

ചൂടാറിത്തുടങ്ങിയ സൂര്യനെ തലയിലേറ്റി
ഉറുമ്പുകൾ വരിവരിയായി പോണത് കാണാൻ പടിഞ്ഞാറേ മുറ്റത്തേയ്ക്ക് ഞാനോടും

എപ്പോഴാണയാൾ  പോകുക
എന്നുഞാൻ അറിയുകയില്ല

അമ്മമ്മ മരിച്ചപ്പോൾ
ചെമ്പരത്തിക്കമാനം കടന്ന്
അയാൾ വരുന്നതും കാത്ത്
പുറത്തേക്കു നോക്കി
കാൽച്ചുവട്ടിൽ ഞാൻ ഇരുന്നു


യാ


ന്നി
ല്ല

ശ്രാദ്ധത്തിന്റന്ന്  അമ്മമ്മയുടെ തലയിണക്കടിയിൽ നിന്നുകിട്ടിയ
പിഞ്ഞിയ ഒരാൽബത്തിൽ

അമ്മമ്മയ്ക്കു മുമ്പേ മരിച്ചുപോയ ഒരാളായി
നൊടിയിടയിൽ
ഒന്നുകണ്ടു

എന്നോട് ചിരിച്ചു

______________________________________

Saturday, June 15, 2019

ജീവിച്ചു ജീവിച്ചു തീർന്ന് ഇന്നലെ രാത്രിയിൽ ഞാൻ മരിച്ചു പോയി/ദേവസേന

ജീവിച്ചു ജീവിച്ചു തീർന്ന്
ഇന്നലെ രാത്രിയിൽ ഞാൻ മരിച്ചു പോയി
നാം പിണങ്ങിയിരിക്കുന്ന ഈ നേരത്തു തന്നെ
മരണം വന്നതിലെന്തോ പന്തികേടെനിക്കു തോന്നി
(അല്ലെങ്കിൽ തന്നെ ഇണങ്ങിയതിലേറെ പിണക്കമായിരുന്നല്ലോ)

‘ബനിയാസി’ലെ സെമിത്തേരിയാലാണടക്കമെന്ന്
ചിലരടടക്കം പറയുന്നുണ്ട്
നീ തന്ന ‘തബല’കളുടെ ചിത്രങ്ങളുള്ള സാരി
ശവക്കച്ചയാക്കണമെന്ന് പറയാനും വിട്ടുപോയി.

എല്ലാവരും പോയികഴിഞ്ഞ് നീ വന്നാൽ മതി
തിരികൾ വാങ്ങാൻ
പതിവുപോലെ നിന്റെ കയ്യിൽ കാശുണ്ടാവില്ല
സാരമില്ല;
പണ്ട് പല വിശേഷ ദിവസങ്ങളിലായി
നീ തന്ന ഭംഗിയുള്ള
മഞ്ഞ / വയലറ്റ്  / നീല  മെഴുതിരികളെല്ലാം
എന്റെ ചില്ലലമാരിയിലുണ്ട്,
മഞ്ഞ തിരി തലക്കൽ തെളിയിക്കുമ്പോൾ
എന്തിനാടീ ആദ്യം പോയതെന്ന് നീ കരയും
പതിവു പോലെ നീ കരയുമ്പോൾ എനിക്ക് സങ്കടമാവും.

‘എന്നെക്കാൾ നിന്നെ സ്നേഹിച്ചുകൊല്ലുന്നൊരാളെ
നിനക്കു കിട്ടിയാൽ പൊയ്ക്കോളൂ ‘ന്ന്
ഞാൻ പണ്ടു പറഞ്ഞ്തു നിനക്കോർമ്മ വരും
അങ്ങനൊരുത്തിയും വരാൻ പോവില്ലെന്നറിഞ്ഞ്
മരിച്ചിട്ടുമെനിക്കു ചിരിവരും
ഞാനപ്പോൾ പെട്ടിയിൽ നിന്ന് തലയൽപ്പം നീട്ടി-
നിന്റെ മടിയിലേക്ക് കയറ്റി വെയ്ക്കും

ജീവിച്ചിരുന്നപ്പോൾ,
നാമെന്തിനാണു ഇത്രയധികം-
യുദ്ധം ചെയ്തതെന്ന് ഞാൻ ചോദിക്കും
മരിച്ചു കഴിഞ്ഞിങ്ങനെ സ്നേഹിക്കാനായിരുന്നെന്ന്
പതിവു പോലെ നീ ആശ്വസിപ്പിക്കും

നീ പൊസ്സെസ്സീവ്നെസ്സിന്റെ മൂർത്തിയാണെന്നും
ഞാൻ സ്റ്റബൺനെസ്സിന്റെ ദേവതയാണെന്നും പറഞ്ഞു പറഞ്ഞ്
മരിച്ചിട്ടും ഒരു വഴക്കിനുള്ള വഴി നീണ്ടുവരും
അടുത്ത ജന്മം ഞാൻ നിന്റമ്മയുടെയും
നീ എന്റമ്മയുടെയും വയറ്റിൽ ജനിക്കും
അപ്പോൾ നീ സ്റ്റബൻനെസ്സിന്റെ  ചക്രവർത്തിയാവും
ഞാൻ  പൊസ്സെസ്സീവിന്റെ രാജ്ജ്ഞിയാവും
സ്റ്റബൻനെസ്സിന്റെയും   പൊസ്സെസ്സീവിന്റെയും
കൃത്യമായ മലയാള പദം  എന്താന്ന് ഞാൻ ചോദിക്കും
പതിവു പോലെ ഇമ്മാതിരി സംശയങ്ങൾ തീർക്കാൻ
റാം മോഹനെ വിളിച്ചു ചോദിക്കാൻ നീ പറയും

നീ  പേരിട്ട നിലാവിന്റെ പിറന്നാളായിരുന്നെന്ന്-
നീ പതം പറയും
എന്നോടു  തന്നെയതു പറയണമെന്ന്
ഒരു സങ്കടത്തോണി എന്റുള്ളിൽ നീന്തി നടക്കും
ദീർഘനിശ്വാസങ്ങളിലുലഞ്ഞ്
നാം ഇത്തിരി നേരത്തേയ്ക്ക് മിണ്ടാതാവും.

മൂന്നാം കൊല്ലം കായ്ക്കുമെന്ന് പറഞ്ഞു നീ തന്നെ
നെല്ലിച്ചെടി മച്ചിയാണന്നാ തോന്നുന്നെ;
ഇലഞ്ഞിയും അരയറ്റം മാത്രേ വളർന്നിട്ടുള്ളൂ..
സാരമില്ല,
ഇടക്കെല്ലാം നീയിത്തിരി വെള്ളം തളിച്ചാൽ മതി..

പറഞ്ഞു പറഞ്ഞ്,
പണ്ട് കിളികൾ പാടുന്ന മൈതാനത്തിരുന്നതു പോലെ
നമ്മളിരിക്കും
പിന്നെ കിടക്കും

മരിച്ചു പോയെന്നോർക്കാതെ
ഞാനെന്റെ ദേഹം കുറെക്കൂടെ നിന്റെ മടിയിലേക്ക് കയറ്റിവെയ്ക്കും
ഞാൻ കവിൾകാട്ടുമ്പോഴെല്ലാം,
നീ കുനിഞ്ഞ് / പിന്നേയും കുനിഞ്ഞ്
ചുണ്ടത്തു തന്നെയുമ്മകൾ വെയ്ക്കും

പണ്ടു പറഞ്ഞതു പോലെ
രാത്രിയായെന്നും / നിനക്കു പോവാനായെന്നും  /
വഴിയിൽ കുടിക്കാൻ നിൽക്കല്ലേന്നും ഞാനോർമ്മിപ്പിക്കും
ഇന്നു കുടിച്ചില്ലേൽ ഇക്കണ്ടകാലം കുടിച്ചതെല്ലാം വേസ്റ്റല്ലേടാ-ന്ന്
നീയൊരു നോട്ടം നോക്കും
“ഒറ്റ ഒരെണ്ണം മാത്ര” മെന്ന്
പണ്ടത്തെപ്പോലെ നീയതും സമ്മതിപ്പിക്കും.
ഇത്തവണ മാത്രം തരാൻ കാശില്ലാതെ ഞാനൊന്നു പിടയും
ആദ്യമായി നീ കാശു ചോദിക്കാതിരിക്കും

മനസില്ലാമനസോടെ നീ എണീറ്റ്
ചുറ്റും നടന്ന് എല്ലാം പെൺകല്ലറകൾ തന്നെയല്ലേന്ന്
ഉറപ്പു വരുത്തുന്നതു കണ്ട്
മരിച്ചിട്ടുമെനിക്കു പിന്നേയും ചിരി വരും
എത്തിയാൽ മെസേജ് ഇടാൻ മറക്കല്ലേടാ-ന്ന്
പിന്നിൽ നിന്ന്  വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും
ഇടാം പെണ്ണേന്ന് നീ പറയും .

എനിക്കു സങ്കടം വന്നു വന്ന് !
പിന്നേയും സങ്കടം വന്നു വന്ന് !!
കണ്ണും നിറഞ്ഞു നിറഞ്ഞ് !!!

സെമിത്തേരി ഗേറ്റിനോടും ചുറ്റുമതിലിനോടും വാച്ച്മാനോടും
എന്തോക്കെയോ ചോദിച്ചും പറഞ്ഞും
എന്റെ കണ്ണിനു മറഞ്ഞുവെന്ന് കരുതി നീ സിഗരറ്റ് കത്തിക്കും
(വലിക്കെല്ലെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല) !

പാതിരാവു കഴിയുന്നേരത്ത്
“എത്തി വാവേ” ന്ന്  മെസേജ് കിട്ടുകയും
അടുത്താഴ്ച്ച  നീ മറ്റൊരു മഞ്ഞത്തിരിയുമായെത്തും വരെ
ഞാനുറങ്ങിപ്പോവുകയും ചെയ്യും !!!!
_________________________________________

ജല്‍സാഘര്‍/കെ.പി.റഷീദ്

ചോര്‍ച്ചയാണതിന്‍ സ്വരം,
തോറ്റ കവിയുടെ വാക്കുപോലെ
വാര്‍ന്നു തീരുന്നൂ വീട്,
ഈര്‍ക്കില്‍ ബാക്കിയായ ഓലയില്‍
തുള്ളിതുള്ളിയായി
ആകാശത്തെ ഒലിച്ചിറക്കുന്നൂ
മഴ.

വീട്ടില്‍,
വിലാപം മീട്ടുന്നൊരാള്‍,
അയാളുടെ ഹാര്‍മോണിയം
അഴലുകളുടെ നദി.

അകത്ത്
വിശപ്പുണ്ടുറങ്ങുന്നൊരു 
കുഞ്ഞ്,
അരികെ,
പിടഞ്ഞുപിടഞ്ഞൊരുവള്‍
ശ്വാസത്തിന്‍ നദിയില്‍
അവസാന ചൂണ്ടയെറിയുന്നു.

പാട്ടാണയാളിലിപ്പോഴും
സങ്കടപ്പെരുങ്കടല്‍ കുറുക്കിയ
പാട്ടുകളാര്‍ത്താര്‍ത്തുയര്‍ന്ന്
നനയും തൊണ്ട,
ചീര്‍ത്ത വീര്‍പ്പുകളിലഴുകിത്തുടങ്ങിയ
പദങ്ങള്‍.

നനയും ചുവരില്‍
വിറയാര്‍ന്നു പായുന്നു
ജീവിതം, വിണ്ട പാടങ്ങളിലൂടാരോ
പാട്ട് വലിച്ചു പോവുന്നു.

കാണാമയാള്‍ക്ക് വെയില്‍,
സ്വപ്നത്തിന്‍ വില്ലുകെട്ടിയ വണ്ടി.
എന്നിട്ടുമാര്‍ത്തെത്തുന്നു
ചത്തുമരവിച്ച പാട്ടുകള്‍,
ഭൂമി കുടിക്കാതെ വിട്ട
മഴ.

(ഇപ്പോഴില്ലാത്ത, അടിമുടി പാട്ടുനിറഞ്ഞിരുന്ന, ഒരു മനുഷ്യന്റെ ദുരിതമയമായ ജീവിതത്തിന്റെ ഓര്‍മ്മ. ജല്‍സാ ഘര്‍ ഒരു ബംഗാളി വാക്ക്. പാട്ടുവീട് എന്നര്‍ത്ഥം. താരാശങ്കര്‍ ബാനര്‍ജിയുടെ നോവലിനെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത പ്രശസ്തമായ സിനിമയുടെ പേര്. )

Friday, June 14, 2019

ഒറ്റക്കൊളുത്ത് / സുഹ്റ പടിപ്പുര

അകന്നുമാറാൻ കുതറിയിട്ടും 
ഒറ്റക്കൊളുത്താൽ,
നിർബന്ധിച്ചൊരു 
വലിച്ചുകൊണ്ടുപോക്ക് .
കുതിപ്പിന്റെ ഓരോ ഇടവേളകളിലും
സ്വാതന്ത്ര്യം മോഹിക്കുന്ന
ബോഗികളിൽനിന്ന്,
ഇനിയൊരിക്കലും
കണ്ടുമുട്ടില്ലെന്നുറപ്പുണ്ടായിട്ടും
യാത്രപറയാതെ
ഇറങ്ങിപ്പോകുന്ന പ്രതീക്ഷകൾ.
നിർത്താതെപോയ സ്റ്റേഷനിൽനിന്ന്
ആളൊഴിഞ്ഞ കൂപ്പയിലേക്ക്
കൂട്ടത്തോടെ കയറിയ മറവികൾ
ഓർമ്മത്തുരുത്തിലേക്കൊരിക്കൽ-
പ്പോലും തിരിഞ്ഞുനോക്കിയില്ല.
കറുത്ത ഗൗണിട്ടൊരു ഒറ്റക്കൈ
അപ്പോഴും ഇരകളെ തേടുകയായിരുന്നു.
തുരങ്കത്തെ ഓർമിപ്പിച്ച
വാതിലുകൾകടന്ന്
ചോരച്ചുവയുള്ളൊരു നിലവിളി
പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയത്
വേഗതകൂടുതലായതുകൊണ്ടാകാം
ആരും കേട്ടില്ല .
എല്ലാറ്റിനും സാക്ഷിയായ കാലമപ്പോഴും,
എത്ര ഓടിയിട്ടും ഒപ്പമെത്താത്തൊരു-
തീവണ്ടിപോലെ
കിതപ്പില്ലാതെ കുതിച്ചുകൊണ്ടേയിരുന്നു !

________________________________'__________

Thursday, June 13, 2019

മൃത്യുവില്ലാത്ത പക്ഷി/ആര്യാ ഗോപി


തിരികെയില്ലെന്നു ചൊല്ലാതെ ചൊല്ലിയ
പഴയകാലങ്ങള്‍; ഓര്‍മകള്‍, ദൂരങ്ങള്‍
ഗഹനസങ്കടക്കാറ്റത്തു കേള്‍ക്കുന്ന
മലമുഴക്കങ്ങള്‍ മായാത്ത ഗദ്ഗദം...

സമയജാഗരപ്പച്ചകള്‍ക്കുള്ളിലെന്‍
ജനനനോവിന്‍റെയമ്മവംശശ്രുതി
കടലകങ്ങള്‍ കടഞ്ഞ കാടിന്‍സ്വര-
സ്സിരകളില്‍ ചോരപൂവിടും സന്ധ്യകള്‍.
മുറുകുവീണങ്ങള്‍, താളങ്ങള്‍, വാങ്മയ-
മലകയറ്റത്തിലൊപ്പും വിയര്‍പ്പുകള്‍.
കരകവിഞ്ഞ കനല്‍ത്തിരക്കണ്ണുകള്‍
മഴയിലെങ്ങോ പൊഴിച്ച ചെന്നീര്‍ക്കണം.

വിരലിലൊപ്പി വരച്ച മണ്‍ചിത്രങ്ങ-
ളൊഴുകിമായാത്ത മുദ്രയുണ്ടിപ്പൊഴും.
കതകടയ്ക്കാതെ രാവെളുക്കും വരെ
കവിതവെട്ടിത്തിരുത്തിയ തെയ്യമായ്
പെരുമഴപ്പൂരമാടിത്തളര്‍ന്നു വീ-
ണഭയമഞ്ഞളില്‍ മൂടിക്കിടക്കുന്നു !
തിരികെയില്ലെന്നു ചൊല്ലാതെ ചൊല്ലിയ
വഴിമരങ്ങള്‍ പൊഴിച്ച കരിയില-
ച്ചരിതമൃത്യുവില്‍ ചുണ്ടുതൊട്ടാല്‍ വീണ്ടു-
മുയിരെടുക്കുമെന്‍ വാഗ്ദര്‍ശനപ്പക്ഷി!
__________________________________________

Wednesday, June 12, 2019

കാഴ്ച/ചിത്ര.കെ.പി

കുഴമ്പിൽ കുഴഞ്ഞു
കിടക്കവേ
മീൻ
പുഴയെക്കുറിച്ച്
ആഴത്തെക്കുറിച്ച്
ജലജീവികളെക്കുറിച്ച്
അടക്കം പറഞ്ഞു.

കുടമ്പുളി
മീൻപേച്ചിനെ
ആകാശമെന്ന്
അനന്തതയെന്ന് 
കിളികളെന്ന്
വിവർത്തനം ചെയ്തു.

പിറ്റേന്ന്
കുടമ്പുളിച്ചുവട്ടിൽ
മണ്ണിൽ പുതഞ്ഞ് കിടക്കുമ്പോൾ
കുടമ്പുളിത്തുണ്ട്
മീന്മുള്ളഴികളിലൂടാകാശം കണ്ടു.
ആകാശത്തിലൂടൊഴുകുന്ന പുഴ കണ്ടു.
കിളികളെയും ജലജീവികളെയും കണ്ടു.
തെറ്റിത്തെറിച്ച് പായുന്ന മീനിനെ കണ്ടു
പച്ചക്കുടമ്പുളി കാറ്റിലാടുന്നത് കണ്ടു.

അർത്ഥങ്ങളിൽ നിന്ന്
ഭാഷയുടെ തൊങ്ങലുകൾ
അടർന്ന് പോകുന്നത് കണ്ടു.

_____________________________________