Saturday, August 26, 2023

ഒരു കവിതാ വായനക്കാരൻ്റെ സത്യവാങ്ങ്മൂലം...../പി.എൻ.ഗോപീകൃഷ്ണൻ

കവിത എനിക്ക് അത്യാവശ്യമുള്ള കാര്യമൊന്നുമല്ല .
ചെരിപ്പ് എനിക്ക് അത്യാവശ്യമുള്ള കാര്യമാണ്.
ചെരിപ്പിടാതെ നടക്കാനാവുമെന്ന്
പറയാമെങ്കിൽ കൂടിയും
ചെരിപ്പിടാതെ എനിക്ക് നടക്കാനാകില്ല.

അതു കൊണ്ട് ചെരിപ്പ് ഞാൻ
സൂക്ഷിച്ചു വാങ്ങുന്നു.
എൻ്റെ പാദത്തിൻ്റെ കൃത്യം അളവിൽ .
എൻ്റെ നടത്തത്തിന് അനുയോജ്യമായ വിധത്തിൽ .

കവിത അങ്ങനെയല്ല.
എൻ്റെ മനസ്സിന്റെ അളവിലുള്ള കവിത
എനിക്ക് ബോധിക്കാറില്ല.
ഇത്തിരിയെങ്കിലും വലുതായിരിക്കണം അത്.
എൻ്റെ നഗരത്തിൽ മണ്ണില്ല എന്ന് ഉറപ്പിക്കുമ്പോൾ
എൻ്റെ ചവിട്ടിക്കടിയിലെ മണ്ണ് കാണിച്ചു തരണം .
ഞാൻ പഠിച്ച സമവാക്യങ്ങൾ
അസമവാക്യങ്ങൾ ആയിരുന്നു എന്ന് പറയണം.

കവിതയെ
ഞാൻ സ്നേഹിക്കുന്നൊന്നുമില്ല.
വെറുപ്പു പോലുമുണ്ട്.

ഫ്രിഡ്ജ് കവിത വായിച്ചാൽ
അത് ഗ്യാസ് സ്റ്റൗ ആകും എന്ന് പേടിച്ച് .
വാഷിങ്ങ് മെഷീൻ കവിത വായിച്ചാൽ
അത് കക്കൂസാകും എന്ന് പേടിച്ച് .
നായ്ക്കുട്ടി കവിത വായിച്ചാൽ
രാത്രി ഉറങ്ങിക്കിടക്കുമ്പോൾ
അത് ഞങ്ങളെ കടിച്ചു തിന്നേക്കും എന്ന് പേടിച്ച് .
വെള്ളം കവിത വായിച്ചാൽ
അത് സൾഫ്യൂരിക് ആസിഡ് ആകുമെന്ന് പേടിച്ച്
കൊതുക് കവിത വായിച്ചാൽ
അത് മൂർഖനാകുമെന്ന് പേടിച്ച്

അല്ലെങ്കിൽ
എന്റെ അമ്മയെപ്പോലെ കവിതയെ കൈകാര്യം ചെയ്യുക
അവർ ജീവിതകാലം മുഴുവൻ കവിത വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ
അവർക്കറിയില്ലായിരുന്നു
കവിത വായിക്കുകയാണെന്ന്.
പ്രാർത്ഥിക്കുകയാണെന്നായിരുന്നു അവർ വിചാരിച്ചത്.

എങ്കിലും
വളരെ ചിലപ്പോൾ
നമ്മുടെ ആത്മാവ് നന്നായി കുറയുമ്പോൾ
ആരോടെങ്കിലും മനുഷ്യപ്പേ ചെയ്യാൻ ആവശ്യപ്പെടാൻ
നമുക്കൊരു ആപ്പ് വേണം.
അത് ഡൗൺലോഡ് ചെയ്യുന്നതിനെയാണ്
കവിത എന്ന് പറയുന്നത്.


Friday, August 18, 2023

കാടു വയ്ക്കാത്തവ../ജയദേവ് നയനാർ



നീ കാടു കണ്ടിട്ടുണ്ടോ?
വളഞ്ഞുപുളഞ്ഞ് 
അതിന് ഒരു വല്ലാത്ത വേഗമാണ്.
നോക്ക്, എനിക്ക് ഇതാണ് കാട്
എന്നു പറഞ്ഞ് അതിനെ
നിന്നെ കാണിക്കാനാവില്ല.

ആകാശത്തേക്ക് ആകാശത്തേക്ക്
എന്നു പറഞ്ഞൊരായിരം
ചിറകുകൾ കുടയുന്ന
ഒച്ച കേൾക്കുന്നുണ്ടാവും.
ചിറകുകൾ കുടയുന്ന ഒച്ച
കേട്ടിട്ടുണ്ടോ നീയ് ?

ഇതാണ് ഒച്ച എന്നു പറഞ്ഞ്
ഒന്നിനെയും നിന്നെ
കേൾപ്പിക്കാൻ എനിക്കാവില്ല.
ഭൂമിയെ കടിച്ചുപിടിക്കുന്നുണ്ടാവും
ചൂണ്ടയിൽ ഒരു കടൽ
കടിച്ചുതൂങ്ങുന്നതു പോലെ.

കടലിനെ കറിവച്ചു 
കഴിച്ചിട്ടുണ്ടോ നീയ്.
അതിന്റെ വെന്ത ദശ
വിരലുകൾ തൊട്ടടർത്തിയഴിച്ച്
അതിന്റെ മുള്ളുതൊടുന്നതുവരെ.

ഇതാണ് മുള്ള് എന്ന് നിനക്ക്
തൊട്ടുകാണിച്ചുതരാനാവില്ലെനിക്ക്.
ഗ്ലോബിൽ ഇനിയും വായിച്ചിട്ടില്ലാത്ത
ഒരു ഭൂഖണ്ഡം പോലെ
വലിച്ചെറിഞ്ഞിട്ടുണ്ടാവും.
അതൊന്നു സൂം ചെയ്തുനോക്ക്.

എന്തിനെയങ്കിലും സൂം ചെയ്ത്
നോക്കാൻ നിനക്കറിയില്ല
എന്നു മറന്നുപോയിരിക്കും.
വിരലുകളിൽ ഒരു തിടുക്കം
പച്ചകുത്തുന്നതുവരെ 
ഭൂമിയെ തിരിച്ചുകൊണ്ടിരിക്ക്.
വിരലുകളിൽ നിന്ന് ഒരു പൂമ്പാറ്റ
ചിറകടിച്ചടിച്ച് വെപ്രാളമായി
പറന്നുപോകുന്നതുവരെ.
അതെവിടേക്കു പറന്നുപോകുന്നതെന്ന് നോക്ക്.

അതെവിടെ കൂടുവയ്ക്കുന്നതെന്നു നോക്ക്
അതൊരിക്കലും കൂടുവയ്ക്കുന്നില്ല, എന്നാലും.

അത് ഏറ്റവുമവസാനം പറന്നിരിക്കുന്നിടത്ത്
പണ്ടെന്നോ ജലമൊഴുകിയിരുന്ന
ഒരു നനവുണ്ടായിരിക്കും.
അത് തീരുന്നിടത്താണ് കാട്.
ഒരു കാട് ഇതാണെന്നു പറഞ്ഞ്
കാണിച്ചുതരാനാവില്ല എനിക്ക്.
കാണിച്ചുതരില്ല, ഞാൻ.
കാട്ടിലെ പൂമ്പാറ്റ
സംസാരിക്കില്ല ഒന്നും.

Friday, August 4, 2023

പ്രലോഭനം /ഉമാ രാജീവ്

അപ്പക്കാരയിൽ
തിളച്ചു തൂവുമെന്നതിനാൽ
അഴകു തെറ്റിയ രൂപത്തിൽ പാകപ്പെടുമെന്നതിനാൽ

മുന കൊണ്ട് കുത്തിമറിച്ചിട്ട് 
ഉള്ളുവേവും മുൻപേ
ഇറക്കി വയ്ച്ചപ്പപ്പോൾ
തേനോ കായോ ഇതളുകളോ
ഉലർത്തിയിട്ട് അലങ്കരിച്ചപ്പോൾ

കരിയും മുൻപേ വാങ്ങിയവളുടെ
കൈപ്പുണ്യത്തെ പ്രകീർത്തിച്ച് 
മുകളിലെ സൗവർണ്ണതയിൽ
തൊട്ടും തലോടിയും
നഖമാഴ്ത്തിയും
കൊതിച്ച് 
കിട്ടാക്കനിയായി
ക്ഷോഭപ്പെട്ട്

ആറും മുൻപേ
കത്തിയും മുള്ളും കൊണ്ട്
 കോറി വരഞ്ഞ് 
ഉള്ളുതുറന്നു.

ഉറയ്ക്കാത്ത ഇളമിറച്ചിയുടെ 
വേവാത്ത പച്ചമാവിന്റെ
പശപശപ്പ് 

തൊട്ടു നുണഞ്ഞപ്പോൾ
ഞാറും കതിരുമായിരുന്നതിന്റെ
ആദിമമായ ഓർമയിൽ
വിരൽവെന്തു

കൊയ്ത്തുമെതി
 പാറ്റൽ ചേറലിന്റെ 
ഉമി കൊണ്ടു

വിത്തിനായും വിശപ്പിനായും 
കൂട്ടുപിരിയുന്നതിന്റെ
തലേന്നാളിലെ 
പത്തായഇരുട്ട് കൺകുത്തി

വിശക്കുന്നവന്റെ
ചുണ്ടു മുതൽ
അടിവയർ വരെ
നിറയുന്നതിനെ

പല്ലിടുക്കിൽ
 അരയുന്നതിനെ
തൊണ്ടക്കുഴയിലൂടെ
നൂഴുന്നതിനെ

ചോരയിലും  ചിന്തയിലും
 കലരുന്നതിനെ 

ഒപ്പം
വെന്തു മലരുന്ന
വറുത്തു പൊട്ടുന്ന
വരണ്ട്  പൊരിയുന്ന
കുതിർന്ന് മുളക്കുന്ന
കൂട്ടു സ്വപ്നത്തിന്റെ
നനവ് തട്ടാതെ 

തന്നെത്തന്നെ
 താലത്തിൽ നിറച്ച് 
ഉടൽ രൂപമല്ല
രുചിഭാവമാണ്
തനിമ എന്ന് തിരിയുന്ന,
കണ്ണിലും നാവിലും
തന്നോർമ്മ തിണർപ്പാകണം
 എന്ന ആവേശത്തിൽ
തൂവിപ്പോയതാണ്......

വഴക്കം തെറ്റുമെന്ന പേടിയിൽ
തഴയപ്പെടുമെന്ന തോന്നലിൽ
തീന്മേശയുടെ ഒതുക്കം  തെറ്റലിൽ

മുപ്പെത്തും മുൻപ്
എല്ലാത്തിൽ നിന്നും അടർത്തിമാറ്റുകയാണ്

വീഞ്ഞിനൊപ്പമുള്ള
അപ്പമാകാതെ
അന്ത്യപ്രലോഭനത്തിനു മുൻപേ
അടക്കം ചെയ്യപ്പെടുകയാണ്

പി/പി.എൻ.ഗോപീകൃഷ്ണൻ

ഒരു ശ്മശാനത്തിൽ രാത്രിയിലാണ്‌
ഞാൻ
അയാളെ കണ്ടത്‌.
പി യുടെ
അലസഛായയിൽ

നിങ്ങളാണോ പി.കുഞ്ഞിരാമൻ നായർ?
അയാൾ തലയാട്ടി

ഞാനെങ്ങനെ വിശ്വസിക്കും?

അയാൾ
ഒരു വാക്ക്‌ കുനിഞ്ഞെടുത്തു.
ഉന്നം നോക്കി
മുകളിലേക്ക്‌ വീശിയെറിഞ്ഞു

ഒരു കുല നക്ഷത്രം
എന്റെ മുന്നിൽ
പൊട്ടിച്ചിതറി വീണു.

ബർത്ത്ഡേ പാർട്ടി/രതീഷ് കൃഷ്ണ

 പിണങ്ങിപ്പോയ ഭാര്യയും
 മരിച്ചുപോയ മകളുമുള്ളൊരാൾ
 തെരുവിലെ ആളൊഴിഞ്ഞ               ബേക്കറിയിൽനിന്ന് 
 മകളുടെ പിറന്നാളിന്
 ഗ്ലോബാകൃതിയിലുള്ള
ഒരു കേക്ക് വാങ്ങുന്നു. 

 കുറച്ചു ദൂരം വെയിലും
 കുറച്ചു ദൂരം മഴയുംകൊണ്ടയാൾ
 സ്കൂട്ടർ നിർത്തുന്നു.
 വഴിയോര കച്ചവടക്കാരിൽനിന്ന്
ഒരു ഭൂപടവും വാങ്ങുന്നു. 

രാത്രിയിൽ അകത്തളത്തിലിരുന്ന്
മകൾ മെഴുകുതിരികൾ ഊതിക്കെടുത്തുന്നു. 
വർണ്ണക്കടലാസുകൾ ചിതറി...
ഒഴിഞ്ഞ കസേരകളിലെ അതിഥികൾ
കൈകൾ കൊട്ടി പിറന്നാൾ ആശംസിക്കുന്നു: 
" Happy birthday to you
Happy birthday to you... "

 മകളുടെ ചിരിയും
 ഇടയ്ക്കിടെ ബലൂണുകളുടെ പൊട്ടലും
 കുഞ്ഞുവെട്ടങ്ങളുടെ തുമ്പിതുള്ളലും
 സമ്മാനപ്പൊതികളുടെ കിലുക്കവും...

 കേക്ക് മുറിക്കാൻ
കത്തിയെടുത്തപ്പോൾ
മകളുടെ ഉണ്ടക്കണ്ണുകൾ
ജലംകൊണ്ട് തിളങ്ങുന്നു.
ആഘോഷങ്ങൾക്കിടയിൽ ഒരാൾ അവളുടെ കയ്യിൽപ്പിടിച്ച് ബലമായി കേക്ക് മുറിക്കുന്നു.
അവളുടെ കണ്ണുകളിപ്പോൾ
രണ്ട് കൊച്ചരുവികൾ...

 അച്ഛൻ മാത്രം അത് കാണുന്നു 
 അയാൾ മകളെ ചേർത്തുപിടിക്കുന്നു.

 അതിഥികൾ മുറ്റത്തെ
പുൽത്തകിടിയിലേക്ക് പോയി
വീഞ്ഞ് നുകർന്ന് നൃത്തം ചെയ്യുന്നു. 
പൂച്ചക്കുഞ്ഞിന്റെ വാലിൽ
അവർ ചവിട്ടുമോയെന്ന്
അവൾ എത്തിനോക്കുന്നു. 

അച്ഛനും മകളും
 ഉരുണ്ട ഭൂമിയെയും പരന്ന ഭൂമിയെയും കുറിച്ച് ദീർഘനേരം സംവദിക്കുന്നു.
അവൾ കാണേണ്ട രാജ്യങ്ങൾ
അയാൾ വർണ്ണിക്കുന്നു.

 ഇടയ്ക്കിടെ മകൾ വിതുമ്പി...
 അച്ഛൻ അവളുടെ കവിളിൽത്തൊട്ട്
 തലമുടിയിലെ വർണ്ണക്കടലാസുകളെടുത്ത് കളയുന്നു. 

 ചാറ്റൽ മഴ വന്നപ്പോൾ അതിഥികൾ
 മുറ്റത്തെ പന്തലിലേക്ക് ഓടിക്കയറി 
 അച്ഛൻ ഒരു കുടയെടുത്ത് പുറത്തേക്കിറങ്ങി മിന്നലിലേക്ക്
നോക്കിനിൽക്കുന്നു. 

 മകൾ ബാക്കിയായ കേക്കുകൊണ്ട്
 ഒരു ഭൂമിയുണ്ടാക്കി.
 സമുദ്രങ്ങളതിൽ തെളിഞ്ഞ് കാണുന്നു 
 ഭൂഖണ്ഡങ്ങളുടെ വിടവുകൾ കുറയുന്നു 
 ഇന്ത്യയ്ക്കും പാകിസ്ഥാനും ബംഗ്ലാദേശിനുമൊക്കെ
അതിർത്തികൾ നഷ്ടപ്പെടുന്നു. 

 അതിഥികളിപ്പോൾ പാട്ടുപാടുന്നു
പിണങ്ങിപ്പോയ ഭാര്യയുടെ
പിറന്നാൾ സന്ദേശം
അയാളുടെ ഫോണിൽ ചിലയ്ക്കുന്നു.

 പേടിച്ചുവിറച്ച ഭൂമി
അവളുടെ പിഞ്ഞിയ ഭൂപടം പുതച്ച് പനിച്ചുറങ്ങുന്നു.

ലക്കുകെട്ടവരോടും ധൃതികൂട്ടിയ അതിഥികളോടും അച്ഛൻ വിളിച്ചു പറയുന്നു : 
" ആരും ഭക്ഷണം കഴിക്കാതെ പോകരുതേ
അതെന്റെ മോൾക്ക് സങ്കടമാകും."

തുന്നൽക്കാരൻ/ടി.പി. രാജീവൻ

അപ്പുക്കുട്ടി ഒരു തുന്നൽക്കാരൻ
അടുപ്പമുള്ളവർ അയാളെ
അപ്പു എന്നും കുട്ടി എന്നും വിളിക്കും,
എന്തു വിളിച്ചാലും 
അയാൾ വിളികേൾക്കില്ല.

കവലയിൽ
റേഷൻകട, അമ്പട്ടക്കട
ചായക്കട, വായനശാല...
അവക്കിടയിലോ പിന്നാമ്പുറത്തോ
അപ്പുക്കുട്ടിയുടെ തുന്നൽക്കട,
കട ഒരു സങ്കൽപ്പം.

വംശനാശം വന്ന 
ഏതോ ജീവിയുടെ ഫോസിൽ പോലെ 
ഒരു ആദ്യകാല തുന്നൽയന്ത്രം മാത്രം കാണാം,
ചിലപ്പോൾ അതും കാണില്ല.

പകൽസമയങ്ങളിൽ
അപ്പുക്കുട്ടിയെ 
ആരും അവിടെ കാണില്ല.
കണ്ടാൽതന്നെ തിരിച്ചറിയുകയുമില്ല.
കാരണം, അയാളെ ആരും
ഇന്നേവരെ പകൽവെളിച്ചത്തിൽ 
കണ്ടിട്ടില്ല.

ഉടുപ്പ് തുന്നേണ്ടവരുടെ അളവെടുക്കാൻ
അപ്പുക്കുട്ടി വീടുകൾ കയറിയിറങ്ങുക
പകലാണ് എന്നാണ് പറയുന്നത്.

അത് സത്യമായാലും 
കെട്ടുകഥയായാലും
ഇന്നലെ എന്നെക്കാണാൻ
അപ്പുക്കുട്ടി വന്നു,
ഞാനറിയാതെ എന്റെ അളവുകൾ
അടിമുടിയെടുത്തുപോയി.

ഇന്ന് നേരം പുലർന്നപ്പോൾ
സ്വപ്നത്തിൽ പോലും
ഞാൻ അണിയില്ല എന്ന് കരുതിയ
ഒരു പുത്തൻ ഉടുപ്പണിഞ്ഞു
ഞാൻ കിടക്കുന്നു.

രാത്രിയാണത്രെ 
അപ്പുക്കുട്ടിയുടെ തുന്നൽ ,
മണ്ണിരകളും ഇരുതലമൂരികളും
ഭൂമി ഉഴുതു മറിക്കുന്നതു പോലെ.