പിണങ്ങിപ്പോയ ഭാര്യയും
മരിച്ചുപോയ മകളുമുള്ളൊരാൾ
തെരുവിലെ ആളൊഴിഞ്ഞ ബേക്കറിയിൽനിന്ന്
മകളുടെ പിറന്നാളിന്
ഗ്ലോബാകൃതിയിലുള്ള
ഒരു കേക്ക് വാങ്ങുന്നു.
കുറച്ചു ദൂരം വെയിലും
കുറച്ചു ദൂരം മഴയുംകൊണ്ടയാൾ
സ്കൂട്ടർ നിർത്തുന്നു.
വഴിയോര കച്ചവടക്കാരിൽനിന്ന്
ഒരു ഭൂപടവും വാങ്ങുന്നു.
രാത്രിയിൽ അകത്തളത്തിലിരുന്ന്
മകൾ മെഴുകുതിരികൾ ഊതിക്കെടുത്തുന്നു.
വർണ്ണക്കടലാസുകൾ ചിതറി...
ഒഴിഞ്ഞ കസേരകളിലെ അതിഥികൾ
കൈകൾ കൊട്ടി പിറന്നാൾ ആശംസിക്കുന്നു:
" Happy birthday to you
Happy birthday to you... "
മകളുടെ ചിരിയും
ഇടയ്ക്കിടെ ബലൂണുകളുടെ പൊട്ടലും
കുഞ്ഞുവെട്ടങ്ങളുടെ തുമ്പിതുള്ളലും
സമ്മാനപ്പൊതികളുടെ കിലുക്കവും...
കേക്ക് മുറിക്കാൻ
കത്തിയെടുത്തപ്പോൾ
മകളുടെ ഉണ്ടക്കണ്ണുകൾ
ജലംകൊണ്ട് തിളങ്ങുന്നു.
ആഘോഷങ്ങൾക്കിടയിൽ ഒരാൾ അവളുടെ കയ്യിൽപ്പിടിച്ച് ബലമായി കേക്ക് മുറിക്കുന്നു.
അവളുടെ കണ്ണുകളിപ്പോൾ
രണ്ട് കൊച്ചരുവികൾ...
അച്ഛൻ മാത്രം അത് കാണുന്നു
അയാൾ മകളെ ചേർത്തുപിടിക്കുന്നു.
അതിഥികൾ മുറ്റത്തെ
പുൽത്തകിടിയിലേക്ക് പോയി
വീഞ്ഞ് നുകർന്ന് നൃത്തം ചെയ്യുന്നു.
പൂച്ചക്കുഞ്ഞിന്റെ വാലിൽ
അവർ ചവിട്ടുമോയെന്ന്
അവൾ എത്തിനോക്കുന്നു.
അച്ഛനും മകളും
ഉരുണ്ട ഭൂമിയെയും പരന്ന ഭൂമിയെയും കുറിച്ച് ദീർഘനേരം സംവദിക്കുന്നു.
അവൾ കാണേണ്ട രാജ്യങ്ങൾ
അയാൾ വർണ്ണിക്കുന്നു.
ഇടയ്ക്കിടെ മകൾ വിതുമ്പി...
അച്ഛൻ അവളുടെ കവിളിൽത്തൊട്ട്
തലമുടിയിലെ വർണ്ണക്കടലാസുകളെടുത്ത് കളയുന്നു.
ചാറ്റൽ മഴ വന്നപ്പോൾ അതിഥികൾ
മുറ്റത്തെ പന്തലിലേക്ക് ഓടിക്കയറി
അച്ഛൻ ഒരു കുടയെടുത്ത് പുറത്തേക്കിറങ്ങി മിന്നലിലേക്ക്
നോക്കിനിൽക്കുന്നു.
മകൾ ബാക്കിയായ കേക്കുകൊണ്ട്
ഒരു ഭൂമിയുണ്ടാക്കി.
സമുദ്രങ്ങളതിൽ തെളിഞ്ഞ് കാണുന്നു
ഭൂഖണ്ഡങ്ങളുടെ വിടവുകൾ കുറയുന്നു
ഇന്ത്യയ്ക്കും പാകിസ്ഥാനും ബംഗ്ലാദേശിനുമൊക്കെ
അതിർത്തികൾ നഷ്ടപ്പെടുന്നു.
അതിഥികളിപ്പോൾ പാട്ടുപാടുന്നു
പിണങ്ങിപ്പോയ ഭാര്യയുടെ
പിറന്നാൾ സന്ദേശം
അയാളുടെ ഫോണിൽ ചിലയ്ക്കുന്നു.
പേടിച്ചുവിറച്ച ഭൂമി
അവളുടെ പിഞ്ഞിയ ഭൂപടം പുതച്ച് പനിച്ചുറങ്ങുന്നു.
ലക്കുകെട്ടവരോടും ധൃതികൂട്ടിയ അതിഥികളോടും അച്ഛൻ വിളിച്ചു പറയുന്നു :
" ആരും ഭക്ഷണം കഴിക്കാതെ പോകരുതേ
അതെന്റെ മോൾക്ക് സങ്കടമാകും."
No comments:
Post a Comment