Friday, August 4, 2023

തുന്നൽക്കാരൻ/ടി.പി. രാജീവൻ

അപ്പുക്കുട്ടി ഒരു തുന്നൽക്കാരൻ
അടുപ്പമുള്ളവർ അയാളെ
അപ്പു എന്നും കുട്ടി എന്നും വിളിക്കും,
എന്തു വിളിച്ചാലും 
അയാൾ വിളികേൾക്കില്ല.

കവലയിൽ
റേഷൻകട, അമ്പട്ടക്കട
ചായക്കട, വായനശാല...
അവക്കിടയിലോ പിന്നാമ്പുറത്തോ
അപ്പുക്കുട്ടിയുടെ തുന്നൽക്കട,
കട ഒരു സങ്കൽപ്പം.

വംശനാശം വന്ന 
ഏതോ ജീവിയുടെ ഫോസിൽ പോലെ 
ഒരു ആദ്യകാല തുന്നൽയന്ത്രം മാത്രം കാണാം,
ചിലപ്പോൾ അതും കാണില്ല.

പകൽസമയങ്ങളിൽ
അപ്പുക്കുട്ടിയെ 
ആരും അവിടെ കാണില്ല.
കണ്ടാൽതന്നെ തിരിച്ചറിയുകയുമില്ല.
കാരണം, അയാളെ ആരും
ഇന്നേവരെ പകൽവെളിച്ചത്തിൽ 
കണ്ടിട്ടില്ല.

ഉടുപ്പ് തുന്നേണ്ടവരുടെ അളവെടുക്കാൻ
അപ്പുക്കുട്ടി വീടുകൾ കയറിയിറങ്ങുക
പകലാണ് എന്നാണ് പറയുന്നത്.

അത് സത്യമായാലും 
കെട്ടുകഥയായാലും
ഇന്നലെ എന്നെക്കാണാൻ
അപ്പുക്കുട്ടി വന്നു,
ഞാനറിയാതെ എന്റെ അളവുകൾ
അടിമുടിയെടുത്തുപോയി.

ഇന്ന് നേരം പുലർന്നപ്പോൾ
സ്വപ്നത്തിൽ പോലും
ഞാൻ അണിയില്ല എന്ന് കരുതിയ
ഒരു പുത്തൻ ഉടുപ്പണിഞ്ഞു
ഞാൻ കിടക്കുന്നു.

രാത്രിയാണത്രെ 
അപ്പുക്കുട്ടിയുടെ തുന്നൽ ,
മണ്ണിരകളും ഇരുതലമൂരികളും
ഭൂമി ഉഴുതു മറിക്കുന്നതു പോലെ.



No comments:

Post a Comment