Friday, August 4, 2023

പ്രലോഭനം /ഉമാ രാജീവ്

അപ്പക്കാരയിൽ
തിളച്ചു തൂവുമെന്നതിനാൽ
അഴകു തെറ്റിയ രൂപത്തിൽ പാകപ്പെടുമെന്നതിനാൽ

മുന കൊണ്ട് കുത്തിമറിച്ചിട്ട് 
ഉള്ളുവേവും മുൻപേ
ഇറക്കി വയ്ച്ചപ്പപ്പോൾ
തേനോ കായോ ഇതളുകളോ
ഉലർത്തിയിട്ട് അലങ്കരിച്ചപ്പോൾ

കരിയും മുൻപേ വാങ്ങിയവളുടെ
കൈപ്പുണ്യത്തെ പ്രകീർത്തിച്ച് 
മുകളിലെ സൗവർണ്ണതയിൽ
തൊട്ടും തലോടിയും
നഖമാഴ്ത്തിയും
കൊതിച്ച് 
കിട്ടാക്കനിയായി
ക്ഷോഭപ്പെട്ട്

ആറും മുൻപേ
കത്തിയും മുള്ളും കൊണ്ട്
 കോറി വരഞ്ഞ് 
ഉള്ളുതുറന്നു.

ഉറയ്ക്കാത്ത ഇളമിറച്ചിയുടെ 
വേവാത്ത പച്ചമാവിന്റെ
പശപശപ്പ് 

തൊട്ടു നുണഞ്ഞപ്പോൾ
ഞാറും കതിരുമായിരുന്നതിന്റെ
ആദിമമായ ഓർമയിൽ
വിരൽവെന്തു

കൊയ്ത്തുമെതി
 പാറ്റൽ ചേറലിന്റെ 
ഉമി കൊണ്ടു

വിത്തിനായും വിശപ്പിനായും 
കൂട്ടുപിരിയുന്നതിന്റെ
തലേന്നാളിലെ 
പത്തായഇരുട്ട് കൺകുത്തി

വിശക്കുന്നവന്റെ
ചുണ്ടു മുതൽ
അടിവയർ വരെ
നിറയുന്നതിനെ

പല്ലിടുക്കിൽ
 അരയുന്നതിനെ
തൊണ്ടക്കുഴയിലൂടെ
നൂഴുന്നതിനെ

ചോരയിലും  ചിന്തയിലും
 കലരുന്നതിനെ 

ഒപ്പം
വെന്തു മലരുന്ന
വറുത്തു പൊട്ടുന്ന
വരണ്ട്  പൊരിയുന്ന
കുതിർന്ന് മുളക്കുന്ന
കൂട്ടു സ്വപ്നത്തിന്റെ
നനവ് തട്ടാതെ 

തന്നെത്തന്നെ
 താലത്തിൽ നിറച്ച് 
ഉടൽ രൂപമല്ല
രുചിഭാവമാണ്
തനിമ എന്ന് തിരിയുന്ന,
കണ്ണിലും നാവിലും
തന്നോർമ്മ തിണർപ്പാകണം
 എന്ന ആവേശത്തിൽ
തൂവിപ്പോയതാണ്......

വഴക്കം തെറ്റുമെന്ന പേടിയിൽ
തഴയപ്പെടുമെന്ന തോന്നലിൽ
തീന്മേശയുടെ ഒതുക്കം  തെറ്റലിൽ

മുപ്പെത്തും മുൻപ്
എല്ലാത്തിൽ നിന്നും അടർത്തിമാറ്റുകയാണ്

വീഞ്ഞിനൊപ്പമുള്ള
അപ്പമാകാതെ
അന്ത്യപ്രലോഭനത്തിനു മുൻപേ
അടക്കം ചെയ്യപ്പെടുകയാണ്

No comments:

Post a Comment