Friday, January 15, 2016

ഏകാന്തത ഒരു പെർഫോമിംഗ് ആർട്ട് / സെറീന


ഈ കളി കാണാൻ ചുറ്റും നിരന്നിരിയ്ക്കുന്നത്
ഒരുകൂട്ടം പെണ്‍കുട്ടികളാണ്
അവർക്കെല്ലാം ഒരേ മുഖച്ഛായ
ഒരുവളുടെ തന്നെ ഉള്ളിൽ നിന്ന്
ഇറങ്ങി വന്നവരാകയാൽ
ഒരേ ഇരുപ്പ് .
വരുംകാലത്തെ പേറാനെന്ന പോലെ
കുനിഞ്ഞ ചുമലുകൾ
പരിഹാസം കൂടുതൽ ഇരുണ്ടാതാക്കിയ തൊലി
കൗതുകങ്ങൾ വിടരാത്തത് കൊണ്ട്
ഇടുങ്ങിപ്പോയ കണ്ണുകൾ
ഒരു ഭംഗിയുമില്ലാത്ത മൂക്ക്
ഇവരാണ് കാണികൾ .

ബട്ടനുകൾക്കിടയിലായി മുഷിഞ്ഞ
അടിയുടുപ്പ് കാണുംവിധം വാ പിളർത്തിയ
മുറുകിയ സ്കൂളുടുപ്പിൽ
തെരുപ്പിടിച്ചു ഇരിക്കുന്നു ഒരുവൾ
സ്കൂളിലേയ്ക്കുള്ള വഴിയിൽ
കുന്നിറങ്ങിയോടി തോട് കടക്കുമ്പോൾ
തൊടാൻ മറന്ന ഇലവു മരത്തെയോർത്തു
തിരികെ ഓടുന്ന പ്രാന്തിൽ
പാതിരാവിലും കെടാത്ത
മണ്ണെണ്ണ വിളക്കിന്റെ
തീയ്ക്കു കുറുകെ പായിച്ച
ചൂണ്ടു വിരൽ പൊള്ളലിൽ
കുട്ടിക്കാലം എത്ര വലിയ കുറ്റമാണെന്ന്
കൈകെട്ടി തല കുനിച്ചേല്ക്കുന്നു ,
ആ ഇരുപ്പിലും മറ്റൊരുവൾ
വിറകു പുരയിൽ
രഹസ്യമായി ഉണക്കാനിട്ട തീണ്ടാരി തുണി പോലെ
സ്വയം കഴുകിയുണക്കിയും
ആരും കാണാതെയെടുത്തു വെച്ചും
വീണ്ടും ചോര നനച്ചു ജീവിതമെന്ന് ഉറപ്പിച്ചും
പലതായ ഒരുവൾ.
ഒരേ മുഖമുള്ള
ഒരേ പേടിയുള്ള
ഒരേ കരച്ചിലുള്ള
ഒരുവളായ അവർ
അവരാണ് കാണികൾ
അവരെയിങ്ങനെ നോക്കിനിന്നാൽ
ഓർമ്മയുടെ ഇരുട്ടറയിൽ കളി പിഴയ്ക്കും ,
മതി ,
ഇനി ചിലങ്ക കെട്ടൂ
ഏറ്റവും മോഹനമായി വിടർത്താവുന്ന
പാവാട ഞൊറികളിൽ മൂന്നാല് മണികൾ കൂടി
കോർത്തിടൂ ,
വിരലറ്റങ്ങളിലെ ചോപ്പ്
ചത്ത ചോര പോലെ കടുത്ത് ,
തൊടാൻ കാത്തിരുന്നു മരിച്ചതിന്റെ
അടയാളമാവണം.
നോവ്‌ പോലെ കടുപ്പിച്ച്
കണ്ണുകളിൽ കരി പടർത്തൂ
ഏറിയേറി വരുന്ന തുടിയ്ക്കൊപ്പം
ചടുലമായി ഹൃദയം പറയുന്നത് മാത്രം കേൾക്കൂ
ഒച്ച കേൾപ്പിക്കാതെ പതിഞ്ഞു നടന്നവളുടെ
ചിലമ്പൊച്ച കേട്ട്
മുഖം കുനിഞ്ഞും ഒഴിഞ്ഞു നിന്നും ശീലിച്ചവളെ,
രഹസ്യങ്ങളിൽ മാത്രം തളിർത്തവളെ
ഭൂതാവിഷ്ടയായി കണ്ട് ,
അമ്പരന്നിരിയ്ക്കുന്ന പെണ്‍കിടാങ്ങളുടെ
നടുവിലേയ്ക്കാ മേശ വന്നു വീഴണം
മുറുകുന്ന താളത്തിനൊപ്പം
അപ്പോഴും തുടരണം
വായുവിൽ രണ്ടു കാലുകളുടെ നൃത്തം.
-------------------------------------------------

No comments:

Post a Comment