Thursday, March 30, 2017

ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം / സുധീർ രാജ്


അന്നൊരു വെള്ളിയാഴ്ചയായിരിക്കും
ശനിയും ഞായറും കോടതിയവധിയായിരിക്കും .
അല്ലെങ്കില്‍ തന്നെ 
അതെന്നെയോ അവരെയോ ബാധിക്കാനിടയില്ല .
അവര്‍ വരുമ്പോള്‍ ,
ഞാന്‍ ജനലരുകില്‍ നില്ക്കുകയായിരിക്കും
ചെയര്‍മാന്‍ മാവോയുടെ പോയിട്ട്
മിനിമം ഇ.കെ.നായനാരുടെ പോലുമൊരു ചിത്രമില്ലാത്ത മുറി അവരെയമ്പരപ്പിച്ചേക്കാം .
തടിച്ച പുസ്തകങ്ങളൊന്നുമില്ലാത്ത അലമാരയില്‍ നിന്നും
കെ പി ഏ സിയുടെ പഴയ നാടകഗാനങ്ങളവര്‍ക്കു കിട്ടും
 പെരുമാട്ടു കാളിയുടെ കഥ കൊണ്ടടയാളം വെച്ച
പൊന്നരിവാളമ്പിളിയിലെന്ന പാട്ടുള്ള പേജ്
അവര്‍ തുറന്നു നോക്കും .
അച്ചടി തെളിയാത്ത വരികളിലമ്മ പൂരിപ്പിച്ച
പാട്ടവരെയമ്പരപ്പിക്കും .
അവരിലെ പ്രധാനിയെന്നോട് ചോദിക്കും
നിങ്ങളെഴുതിയ പുസ്തകങ്ങള്‍ ?
ഇല്ല .
നിങ്ങളെഴുതിയ പാട്ടുകള്‍ ?
ഇല്ല .
നിങ്ങളുടെ പ്രസംഗങ്ങള്‍ ?
ഇല്ല .
നിങ്ങളുടെ കവിതകള്‍ ?
ഇല്ല .
നിങ്ങളുടെ സംഘം ?
ഇല്ല .
But you are a potential threat to our Government and us.
ഒന്നും മിണ്ടരുതെന്ന് വിചാരിക്കുമെങ്കിലുമിങ്ങനെ പറഞ്ഞുപോകും
ആരുടെ ഗവണ്‍മെന്‍റ്
ആരാണ് നിങ്ങള്‍
ജനങ്ങളെക്കുറിച്ച് പറയൂ.
അപ്പോള്‍ ഞാന്‍ വിറയ്ക്കുമായിരിക്കും.
മഴപെയ്യുമെന്നോര്‍ത്ത് മുല്ലയ്ക്ക് വെള്ളമൊഴിക്കാന്‍
മറന്നതോര്‍ത്ത് അവളെ വിളിക്കാനായും .
അവനെ ചേര്‍ത്ത് പിടിച്ചവള്‍ നില്ക്കും
 അവരുടെ ആന്തരിക ഭാഷണം വ്യക്തമായി ഞാന്‍ കേള്‍ക്കും.
 “അച്ഛനെയവരൊന്നും ചെയ്യില്ല ,തിരികെ വരും “
“അച്ഛനിനി വരില്ല ,എനിക്കറിയാം “
ഇതുവരെ ഞാനിടാത്ത പുതിയ ചെരുപ്പെടുക്കാനവനോടും.
എന്നെയോര്‍ത്തോര്‍ത്തവള്‍ മുറിച്ച കൈത്തണ്ടയിലേക്കോ
അവളുടെ കണ്ണിലേക്കോ ഞാന്‍ നോക്കില്ല .
അവരെന്നെ വിലങ്ങു വെയ്ക്കില്ല .
മുന്നേ നടന്നയാള്‍ ബൂട്ടൂരാതെ വീട്ടില്‍ കയറിയത്
എനിക്കിഷ്ടമാകില്ല .
അപ്പൂപ്പന്‍റെ മനോഹരമായ കൈപ്പട കാണാന്‍
മകന്‍ തുറന്നിട്ട 1975 ലെ ഡയറിയില്‍
അയാള്‍ ബൂട്ടിട്ടു ചവുട്ടി നടക്കും .
(അപ്പോഴായിരിക്കുമവള്‍ ആദ്യമായി കരയുക )
പുതിയ ചെരുപ്പിട്ട് ഞാന്‍ ജീപ്പില്‍ കയറും .
അടഞ്ഞ ലെവല്‍ ക്രോസ്സിനിപ്പുറം ജീപ്പ് നിര്‍ത്തുമ്പോള്‍
ദില്ലിയിലേക്കുള്ള കേരള എക്സ്പ്രെസ്സ് കടന്നുപോകും .
ആ ട്രെയിനിലിരുന്ന്‍ ദില്ലിയിലെവിടെയോയുള്ള
 ഇരുണ്ട കെട്ടിടത്തിലെ
പത്താംനമ്പര്‍ ടോര്‍ച്ചര്‍ മുറിയെക്കുറിച്ച് ചിന്തിക്കുന്ന
പട്ടാളക്കാരനെയോര്‍ക്കും .
മേല്ലെപ്പോകുന്ന ട്രയിനിലെ കംപാര്‍ട്ട്മെന്റുകള്‍ക്കിടയിലൂടെ
അപ്പുറം കിടക്കുന്ന ഓട്ടോകളിലൊന്നില്‍
അമ്മയുണ്ടാകുമെന്നു ഞാന്‍ കരുതും .
അമ്മ കാണാതമ്മയെ കാണാമെന്നു കരുതും .
(ഒത്തിരി വര്‍ഷമായിട്ടും മാറാത്ത അമ്മയ്ക്കിഷ്ടമുള്ള സെന്റ്‌ ജോര്ജ്ച കുട കയ്യില്‍ കാണും )
അച്ഛന്‍ അമ്മയ്ക്കെഴുതിക്കൊടുത്ത പാട്ടുള്ള പേജിലായിരിക്കുമോ ബൂട്ടിന്റെ പാട് പതിഞ്ഞിരിക്കുക .
ആവാനിടയില്ല
നീല മഷിയും ചുവന്ന മഷിക്കും വരച്ച
റോസാപ്പൂവുള്ള പേജ് .
ആവാനിടയില്ല .
ഒരിയ്ക്കലുമാവാനിടയില്ല .
------------------------------------------------------------------------------------------------

വെയിലെഴുത്ത് / എം.സങ്


ഉലയിൽ പഴുത്ത ഇരുമ്പു പോലെ
പകൽ വഴികൾ തിളച്ചുറങ്ങുമ്പോൾ
രാത്രിയെ പകൽക്കിനാവു കണ്ട്
ഒറ്റയ്ക്ക് ബൈക്കോടിക്കുന്നു!
മുപ്പത്തിമൂന്നു ഡിഗ്രി സൂര്യനെ
നൂറ് ഡിഗ്രി ചൂടു കൊണ്ട് തോൽപ്പിക്കാൻ ശ്രമിച്ച്
ശരീരം പിൻ വാങ്ങുന്നു.
ഇന്നത്തെ വെയിലിൽ
ഹൃദയം വെന്തമണം
ആവോളം ആസ്വദിച്ച്
അയിലക്കറി കൂട്ടി ചോറുണ്ട്
കരിഞ്ഞ കുടലിനെ
അല്പം ആശ്വസിപ്പിച്ചെങ്കിലും
ടാറുരുകിപ്പിടിച്ച ശ്വാസകോശം
ഇമ്മിണി പണിപ്പെട്ടു!
വെയിലൊരു ലഹരിയായ്
മത്തുപിടിപ്പിക്കുന്നു
മെല്ലെക്കറങ്ങുന്ന ഫാനിൻ കീഴിൽ
പൊള്ളിയടർന്ന് കവിതകൾ
മനസിൽ വീണ് നീറുന്നു .
ഒരു മഴയെ
വിലയ്ക്കു വാങ്ങി
വീട്ടിൽ കെട്ടണം
കുറച്ചു നാളെങ്കിലും
വെറുതേ പെയ്യട്ടെ!
---------------------------------------------------------------

Friday, March 24, 2017

വാൻഗോഗിന് ഒരു ബലിപ്പാട്ട് / എ.അയ്യപ്പന്‍


കാതു മുറിച്ചു പ്രേമഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെപ്പോലെ
ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ് ,
എന്റെ ലില്ലിച്ചെടിയിൽ പൂത്ത പൂവ്
നിന്റെ ഓർമ്മയ്ക്കു ഞാനിന്നിറുക്കുന്നില്ല

നീ സ്നേഹിച്ച ചായം
നിനക്കു ദുഃസ്വപ്നമായിരുന്നു
പ്രേമത്തിനർപ്പിച്ച ബലി
നിന്റെ കേൾവിയായിരുന്നു .

നിന്റെ ചോരതെറിച്ച ക്യാൻവാസ് ;
നിന്നെക്കുറിച്ചുള്ള സ്വപ്നത്തിൽ
ഞാനതു കാണും , നിന്നെ സ്പർശിക്കും ,
നിന്റെ രക്തത്തിന്റെ വിളി കേൾക്കും .

കുഷ്ഠരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ് ,
കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടൻ ,
ബധിരന്റെ സിംഫണി ,
തല ചൊറിയുന്നതിനിടയ്ക്ക് മുടിനാരുകളെണ്ണി
കണക്കുപിഴയ്ക്കുന്ന കിറുക്കൻ.

ദൃശ്യവും ശബ്ദവും ചിലപ്പോൾ വേദനതന്നെയാണ്
കുരുത്തംകെട്ട പെണ്ണ് നിന്റെ കൈവിരലുകൾ ചോദിച്ചില്ലല്ലോ .

ഭ്രാന്തൻകേൾവികളുടെ ചെവിയിറച്ചി
നീയവൾക്കു സമ്മാനിച്ചപ്പോൾ
മഞ്ഞയുടെ സൂര്യഗർത്തത്തിലേക്കവൾ കുതിച്ചില്ലല്ലോ .

വാൻഗോഗ് ,
വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നോക്കുകുത്തിയാവാം ,
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്വസ്ഥമായ സ്വപ്നങ്ങളുടെ
ഏണിയും പാമ്പും കളിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്നേഹിത , കീറച്ചെവിയെ സ്നേഹിച്ചവൾ .

നീ സിംഹത്തിന്റെ ചിരിയായിരുന്നു
ഉന്മാദത്തിന്റെ ദർപ്പമായിരുന്നു
ദമത്തിന്റെ പീഡനമായിരുന്നു .

മൃത്യുവിലൂടെ സൂര്യനെ ലഭിച്ചവൻ .

കുമ്പസ്സാരിക്കുന്ന പാപിയാവാതെ
ഞാൻ നിന്റെ ഭ്രാന്തുപിടിച്ച നന്മകളുടെ
മഴകൊള്ളുന്നു
കൊടുംവേനലിൽ
ഒരു മഞ്ഞപ്പൂവും ഒരു മനുഷ്യനും വെന്തുനീറുന്നു
അസ്ഥിയുടെയും മാംസത്തിന്റെയും മകുടികളിലൂടെ
ബലിപ്പാട്ടുത്ഭവിക്കുന്നു.

നിറങ്ങൾ തന്ന ജ്ഞാനം
നിലവിളിയാകുന്നു
ഒരു ഫലിതം
ഫണം വിടർത്തുന്നു.

മുറിച്ച കാത്
ഒരു ശംഖുപോലെ
ശബ്ദം സംഭരിക്കുന്നു
ഒറ്റച്ചെവിയൻ കോമാളിയുടെ തമാശ
ചങ്കിനെ
രണ്ടായി -
മുറിക്കുന്നു .
-------------------------------------------------

Monday, March 20, 2017

കണ്ണട / എ.അയ്യപ്പന്‍


എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു ,

ഇന്നു വിരിഞ്ഞ പൂക്കളെയും
കുട്ടികളുടെ വാത്സല്യം നിറഞ്ഞ മുഖങ്ങളെയും
എനിക്കു വിളമ്പുന്ന ചോറിനെയും
അമ്മയുടെ ഛായാപടത്തെയും
എല്ലാ സൗഹൃദങ്ങളെയും
ഒരു മനോരോഗിയുടെ മനസ്സുപോലെ
ഇരുട്ടു കലർന്ന വെളുപ്പിലൂടെ മാത്രം
ഇന്നെനിക്കു കാണേണ്ടിവരും .

എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു .

കാഴ്ചയ്ക്കും ബോധത്തിനും ഒരാജ്ഞയായിരുന്നു
എന്റെ കണ്ണട
കാഴ്ചയില്ലാത്തവനു മാർഗ്ഗം കൊടുത്ത കണ്ണുകളായിരുന്നു
കാഴ്ചയുടെ മൂർത്തമായ ഒരു ബിംബമായിരുന്നു
കാഴ്ചയിലൂടെ
പ്രജ്ഞയിലേക്കുള്ള പഥികന്റെ വഴിയായിരുന്നു
കാഴ്ചയുടെ കിഴവൻ കണ്ണുകൾക്കു യുവതയായിരുന്നു
കാഴ്ചയിലെ കരടു മാറ്റിയ സ്നേഹിതനായിരുന്നു .

കാഴ്ചയെനിക്കു കശാപ്പുപുരയായിരിക്കുന്നു
കാഴ്ചയിലൂടെ പ്രകാശത്തിന് ,
പ്രകാശത്തിലൂടെ വികാരങ്ങളുടെ ,വർഗ്ഗസമരത്തിന്റെ
സമരാത്രങ്ങൾക്ക്
കണ്ണടച്ചിലുകൾ ഒരു വെല്ലുവിളിയായിരിക്കുന്നു
എന്റെ കണ്ണുനീരിന്റെ മറ നഷ്ടപ്പെട്ടിരിക്കുന്നു
നുറുങ്ങിപ്പോയ ഓരോ ചില്ലിലൂടെ
ഓരോന്നും കാണേണ്ടിയിരിക്കുന്നു .

വസ്തുവും വാഗർത്ഥവുമാണ് കാഴ്ച .

എന്റെ കണ്ണട നിലത്തുടഞ്ഞുകിടക്കുന്നു
ഒരു കുരുടന്റെ ശവംപോലെ-

ചില്ലുകളില്ലാത്ത ഈ ചട്ടയുടെ പൊള്ളകളിലൂടെ
എല്ലാം കോമാളികളായ മൃഗതൃഷ്ണകളാണ് .

ഈ വേനലിൽ
എന്റെ കുട്ടിയുടെ പൊള്ളുന്ന മൂർദ്ധാവിൽ കൈവെച്ച്
തെരുവിന്റെ മരുപ്പച്ചകളിലൂടെ
കാഴ്ചയുടെ യാചനയ്ക്കു ഞാൻ നടക്കുന്നു .

കണ്ണടയ്ക്കു ചില്ലുകൾ വാങ്ങണം .
----------------------------------------------------------------------------------



Tuesday, March 14, 2017

മഹാഭാരതം / സച്ചിദാനന്ദന്‍


ഇക്കുറി കൗരവര്‍ ജയിക്കുമെന്ന് 
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്‍മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനന്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു
യുദ്ധം ജയിക്കുന്നത്
യുദ്ധം ചെയ്യുന്നവരല്ല
ചെയ്യിക്കുന്നവരാണ്,
അവര്‍ ഇനി
പ്രതിഫലം ചോദിക്കും,
ദാനം കൊടുത്ത ഓരോ തേരിനും പത്തു തേര്,
ഓരോ കുതിരക്കും നൂറു കുതിര
പാണ്ഡവര്‍ ജയിച്ചിരുന്നെങ്കിലും
നയം വേറെ ആകുമായിരുന്നോ?
നയം യുദ്ധത്തിന്‍റെ
വിഷയമേ അല്ലായിരുന്നു;
വിഷയം വേഗം ആയിരുന്നു
സത്യവും വിഷയമല്ലായിരുന്നു ,
കൂടുതല്‍ ഫലപ്രദമായി
അസത്യം വില്‍ക്കാന്‍
ആര്‍ക്കു കഴിയും എന്നായിരുന്നു
മൗനത്തെക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതക്കാവുമെന്ന്?
ഇക്കുറി വ്യക്തമായി
'ധര്‍മം' കൂട്ടിന്നുണ്ടെങ്കിലോ,
അത് ഇന്ദ്രജാലം ചെയ്യും
ആരു ജയിച്ചാലും
മരിക്കേണ്ടവര്‍ ഒരു കൂട്ടര്‍തന്നെ
വിധവകള്‍ അവരുടേത്,
അനാഥസന്തതികളും
ഭരണത്തിനു ചാതുര്യം കൂടുംതോറും
മരണത്തിനു വേഗം കൂടും
ദഹിക്കുന്നത് ഖാണ്ഡവമായാലും
ലങ്കയായാലും പുകയുടെ മണം ഒന്നുതന്നെ
കിളികളുടെ, മൃഗങ്ങളുടെ,
മരങ്ങളുടെ, വനവാസികളുടെ
വനങ്ങള്‍ ഇനിയുമെത്രയോ
തെളിക്കാനുണ്ട്, ഖനികള്‍
ഇനിയുമെത്രയോ തുരക്കാനുണ്ട്
കുറച്ചു ബലികള്‍ വേണ്ടിവരും,
ചില ശവങ്ങള്‍ കൊമ്പില്‍ തൂങ്ങും,
ഊരും പേരുമില്ലാത്ത വ്യര്‍ഥജന്മങ്ങള്‍
അതും പാണ്ഡവര്‍ തുടങ്ങിയത്തിന്‍റെ
സമര്‍ത്ഥമായ തുടര്‍ച്ച തന്നെ,
അന്ധരെ അന്ധരായി നിലനിര്‍ത്താന്‍
സഞ്ജയനുണ്ടല്ലോ,
അവര്‍ ജയിച്ചവര്‍ക്ക് അനുകൂലമായി
എല്ലാം വ്യാഖാനിക്കും
പേടിയുള്ളത് പ്രേതങ്ങളെ മാത്രമാണ്
പാണ്ഡവരും കൌരവരും കൊന്നവര്‍
ഒന്നിച്ചു നിലവറകളില്‍നിന്ന്
എണീറ്റ് അണിചേരുമോ?
പുഴകളെ കൂട്ടിച്ചേര്‍ക്കാം,
പക്ഷേ മലകള്‍ എന്തുചെയ്യും?
ഉറങ്ങുന്നവര്‍ എന്നും
ഉറങ്ങിത്തന്നെ കിടക്കുമെന്ന് എന്തുറപ്പ്?
പാണ്ഡവരെയും കൌരവരെയും
തള്ളിപ്പറഞ്ഞു അവര്‍ പുതിയ
ഇതിഹാസം തുടങ്ങുമോ?
ശകുനിക്ക് അതുമറിയാം
പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളൂ
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല,
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല.
----------------------------------------------------------------------

Thursday, March 9, 2017

നമ്മളന്യോന്യം പൊഴിയുന്നു / സെറീന


ഒറ്റയ്ക്കായിപ്പോയവരുടെ തമ്പുരാനേ,
മരുഭൂമിയിലെ പൊടിക്കാറ്റില്‍ 
വെള്ളക്കുപ്പായം വലിച്ചിഴച്ചു
കാലു വെന്തു,നടന്നു പോകുന്ന
നിന്നെയെനിക്കറിയാം,
മണൽത്തരി കാറ്റിലുയരുന്നതിനേക്കാൾ
മെല്ലെ നിന്റെ പ്രാർത്ഥനയെനിക്ക് കേൾക്കാം.
നിഴൽ പോലെ മറഞ്ഞു പോകുന്ന
നിന്നെ ഞാൻ കണ്ടിട്ടുണ്ട്
കത്തിമുന പോലെയാ കരച്ചിൽ കൊണ്ട്
പോറിയിട്ടുണ്ട്
വെണ്ണയിൽ നിന്ന് മുടിനാര്
വേർപെടുത്തുംപോലെയോ
 മുള്ളുകൾക്കിടയിൽ നിന്ന്
പട്ടുതുണിയെന്ന പോലെയോ
ഈ പ്രാണനെ നീയടർത്തുംവരെ
ഒരു മണൽഘടികാരമെന്ന പോലെ
കാലത്തെ തിരിച്ചും മറിച്ചും വെച്ച്
നീ എന്നിലേയ്ക്കും
ഞാൻ നിന്നിലേയ്ക്കും
പൊഴിഞ്ഞുകൊണ്ടിരിയ്ക്കും
ആരവങ്ങൾക്കിടയിൽ
വിരൽഞെട്ടു പൊട്ടുന്ന പോലത്രയും
നേർത്തൊരൊച്ച ഞാൻ
നീയോ ,
ഒറ്റയെന്നൊരു പ്രപഞ്ചം
കണക്കുകൾ മാത്രമുള്ളൊരു പുസ്തകം
പാവം ,പാവമെന്നെന്റെ
നെഞ്ചു ചുരക്കുന്നു
ഏകാന്തതയെന്ന വാക്കിനെ
മരുഭൂമിയെന്നും കടലെന്നും
മാറി മാറി വരച്ചു തോൽക്കുമ്പോൾ വരൂ ,
ഈ ഇമകൾക്കുള്ളിൽ കിടന്നുറങ്ങിക്കൊള്ളൂ .
----------------------------------------------------------------------