Tuesday, March 14, 2017

മഹാഭാരതം / സച്ചിദാനന്ദന്‍


ഇക്കുറി കൗരവര്‍ ജയിക്കുമെന്ന് 
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്‍മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനന്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു
യുദ്ധം ജയിക്കുന്നത്
യുദ്ധം ചെയ്യുന്നവരല്ല
ചെയ്യിക്കുന്നവരാണ്,
അവര്‍ ഇനി
പ്രതിഫലം ചോദിക്കും,
ദാനം കൊടുത്ത ഓരോ തേരിനും പത്തു തേര്,
ഓരോ കുതിരക്കും നൂറു കുതിര
പാണ്ഡവര്‍ ജയിച്ചിരുന്നെങ്കിലും
നയം വേറെ ആകുമായിരുന്നോ?
നയം യുദ്ധത്തിന്‍റെ
വിഷയമേ അല്ലായിരുന്നു;
വിഷയം വേഗം ആയിരുന്നു
സത്യവും വിഷയമല്ലായിരുന്നു ,
കൂടുതല്‍ ഫലപ്രദമായി
അസത്യം വില്‍ക്കാന്‍
ആര്‍ക്കു കഴിയും എന്നായിരുന്നു
മൗനത്തെക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതക്കാവുമെന്ന്?
ഇക്കുറി വ്യക്തമായി
'ധര്‍മം' കൂട്ടിന്നുണ്ടെങ്കിലോ,
അത് ഇന്ദ്രജാലം ചെയ്യും
ആരു ജയിച്ചാലും
മരിക്കേണ്ടവര്‍ ഒരു കൂട്ടര്‍തന്നെ
വിധവകള്‍ അവരുടേത്,
അനാഥസന്തതികളും
ഭരണത്തിനു ചാതുര്യം കൂടുംതോറും
മരണത്തിനു വേഗം കൂടും
ദഹിക്കുന്നത് ഖാണ്ഡവമായാലും
ലങ്കയായാലും പുകയുടെ മണം ഒന്നുതന്നെ
കിളികളുടെ, മൃഗങ്ങളുടെ,
മരങ്ങളുടെ, വനവാസികളുടെ
വനങ്ങള്‍ ഇനിയുമെത്രയോ
തെളിക്കാനുണ്ട്, ഖനികള്‍
ഇനിയുമെത്രയോ തുരക്കാനുണ്ട്
കുറച്ചു ബലികള്‍ വേണ്ടിവരും,
ചില ശവങ്ങള്‍ കൊമ്പില്‍ തൂങ്ങും,
ഊരും പേരുമില്ലാത്ത വ്യര്‍ഥജന്മങ്ങള്‍
അതും പാണ്ഡവര്‍ തുടങ്ങിയത്തിന്‍റെ
സമര്‍ത്ഥമായ തുടര്‍ച്ച തന്നെ,
അന്ധരെ അന്ധരായി നിലനിര്‍ത്താന്‍
സഞ്ജയനുണ്ടല്ലോ,
അവര്‍ ജയിച്ചവര്‍ക്ക് അനുകൂലമായി
എല്ലാം വ്യാഖാനിക്കും
പേടിയുള്ളത് പ്രേതങ്ങളെ മാത്രമാണ്
പാണ്ഡവരും കൌരവരും കൊന്നവര്‍
ഒന്നിച്ചു നിലവറകളില്‍നിന്ന്
എണീറ്റ് അണിചേരുമോ?
പുഴകളെ കൂട്ടിച്ചേര്‍ക്കാം,
പക്ഷേ മലകള്‍ എന്തുചെയ്യും?
ഉറങ്ങുന്നവര്‍ എന്നും
ഉറങ്ങിത്തന്നെ കിടക്കുമെന്ന് എന്തുറപ്പ്?
പാണ്ഡവരെയും കൌരവരെയും
തള്ളിപ്പറഞ്ഞു അവര്‍ പുതിയ
ഇതിഹാസം തുടങ്ങുമോ?
ശകുനിക്ക് അതുമറിയാം
പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളൂ
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല,
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല.
----------------------------------------------------------------------

No comments:

Post a Comment