Friday, March 24, 2017

വാൻഗോഗിന് ഒരു ബലിപ്പാട്ട് / എ.അയ്യപ്പന്‍


കാതു മുറിച്ചു പ്രേമഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെപ്പോലെ
ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ് ,
എന്റെ ലില്ലിച്ചെടിയിൽ പൂത്ത പൂവ്
നിന്റെ ഓർമ്മയ്ക്കു ഞാനിന്നിറുക്കുന്നില്ല

നീ സ്നേഹിച്ച ചായം
നിനക്കു ദുഃസ്വപ്നമായിരുന്നു
പ്രേമത്തിനർപ്പിച്ച ബലി
നിന്റെ കേൾവിയായിരുന്നു .

നിന്റെ ചോരതെറിച്ച ക്യാൻവാസ് ;
നിന്നെക്കുറിച്ചുള്ള സ്വപ്നത്തിൽ
ഞാനതു കാണും , നിന്നെ സ്പർശിക്കും ,
നിന്റെ രക്തത്തിന്റെ വിളി കേൾക്കും .

കുഷ്ഠരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ് ,
കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടൻ ,
ബധിരന്റെ സിംഫണി ,
തല ചൊറിയുന്നതിനിടയ്ക്ക് മുടിനാരുകളെണ്ണി
കണക്കുപിഴയ്ക്കുന്ന കിറുക്കൻ.

ദൃശ്യവും ശബ്ദവും ചിലപ്പോൾ വേദനതന്നെയാണ്
കുരുത്തംകെട്ട പെണ്ണ് നിന്റെ കൈവിരലുകൾ ചോദിച്ചില്ലല്ലോ .

ഭ്രാന്തൻകേൾവികളുടെ ചെവിയിറച്ചി
നീയവൾക്കു സമ്മാനിച്ചപ്പോൾ
മഞ്ഞയുടെ സൂര്യഗർത്തത്തിലേക്കവൾ കുതിച്ചില്ലല്ലോ .

വാൻഗോഗ് ,
വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നോക്കുകുത്തിയാവാം ,
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്വസ്ഥമായ സ്വപ്നങ്ങളുടെ
ഏണിയും പാമ്പും കളിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്നേഹിത , കീറച്ചെവിയെ സ്നേഹിച്ചവൾ .

നീ സിംഹത്തിന്റെ ചിരിയായിരുന്നു
ഉന്മാദത്തിന്റെ ദർപ്പമായിരുന്നു
ദമത്തിന്റെ പീഡനമായിരുന്നു .

മൃത്യുവിലൂടെ സൂര്യനെ ലഭിച്ചവൻ .

കുമ്പസ്സാരിക്കുന്ന പാപിയാവാതെ
ഞാൻ നിന്റെ ഭ്രാന്തുപിടിച്ച നന്മകളുടെ
മഴകൊള്ളുന്നു
കൊടുംവേനലിൽ
ഒരു മഞ്ഞപ്പൂവും ഒരു മനുഷ്യനും വെന്തുനീറുന്നു
അസ്ഥിയുടെയും മാംസത്തിന്റെയും മകുടികളിലൂടെ
ബലിപ്പാട്ടുത്ഭവിക്കുന്നു.

നിറങ്ങൾ തന്ന ജ്ഞാനം
നിലവിളിയാകുന്നു
ഒരു ഫലിതം
ഫണം വിടർത്തുന്നു.

മുറിച്ച കാത്
ഒരു ശംഖുപോലെ
ശബ്ദം സംഭരിക്കുന്നു
ഒറ്റച്ചെവിയൻ കോമാളിയുടെ തമാശ
ചങ്കിനെ
രണ്ടായി -
മുറിക്കുന്നു .
-------------------------------------------------

No comments:

Post a Comment