Thursday, February 26, 2015

തിരിച്ചറിവ് / ഷംസ് ബാലുശ്ശേരി


ഒരു കടല്‍ കാണിച്ചാണ് ,
പ്രസവിക്കുന്ന
തിമിംഗലത്തെയും
കൂട്ടില്‍ വളര്‍ത്താമെന്ന്
ഞാന്‍ പറഞ്ഞത് .

ഉത്സവപറമ്പിലെ
എഴുന്നള്ളത്ത് ചൂണ്ടിയാണ്,
കാലിന്‍റെ പെരുവിരലാല്‍
ഏത് കൊമ്പനേയും
മെരുക്കാമെന്ന്
നീ പറഞ്ഞത് .
ആദ്യരാത്രിയില്‍
പിണഞ്ഞുകിടന്ന ഉടലുകള്‍,
ശുഭരാത്രി പറഞ്ഞ്
തിരിഞ്ഞു കിടന്നപ്പോഴാണ്‌
നമുക്കിടയില്‍ പ്രണയമില്ലെന്ന്
നാം തിരിച്ചറിഞ്ഞത് .
-----------------------------------

അന്താക്ഷരി / മനോജ്‌ കുറൂര്‍


പേരറിയാത്തൊരുവള്‍ വന്ന്
കൂട്ടുകാരിയെപ്പോലെ മിണ്ടുന്നു.
അറിയാത്തതെന്തെന്നും
അറിയിച്ചില്ലല്ലൊ എന്നും
കഴിഞ്ഞ വര്‍ഷമെന്നും
കഴിഞ്ഞ നൂറ്റാണ്ടിലെന്നും
കഴിഞ്ഞ ജന്മത്തിലെന്നും
കണക്കു പറയുന്നു.

മുട്ടിയ ജന്മത്തിലാവാം അന്നു
മറ്റവള്‍ നീതന്നെയാവാം എന്നു
ഞാനൊരു പാട്ടു മൂളുന്നു.
നീയെന്നെയറിയില്ല
നിന്നെയുപേക്ഷിച്ചുപോകുന്നതെങ്ങനെ
നീവരും കാലൊച്ച കേള്‍ക്കുവാന്‍
നീന്തിവരുന്നു പൌര്‍ണമിയെന്നൊക്കെ
അവളും മൂളുന്നു.
എങ്കിലും ഉറപ്പാക്കണമല്ലൊ.
പുതിയ റേഷന്‍കാര്‍ഡിനപേക്ഷിച്ചോ?
എന്റെ പേരുണ്ടാവുമോ അതില്‍?
മക്കളെ സ്കൂളില്‍ ചേര്‍ത്തോ?
അവരുടെ ഇനിഷ്യല്‍
എന്റേതെന്റേതെന്ന എന്‍ തന്നെയാണോ?
അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലൊ
എന്നാകുമോ അവളുടെ അടുത്ത പാട്ട്?
ഒന്നുമില്ലാത്തതിനെക്കാള്‍ നല്ലത്
ഒട്ടുമില്ലാത്തതാണെന്ന് ഞാന്‍
ഒടുക്കത്തെ പാട്ടു മൂളിയത്
കുറച്ചുറക്കെയായിപ്പോയി.
-------------------------------------------------

യാത്ര / ലൂയിസ് പീറ്റര്‍



ഒടുവിലെവിടെയും ഓര്‍മ്മയും മറവിയും
തമ്മില്‍ സന്ധിക്കുന്ന ഒരിടമുണ്ട്.
നോവുകളുടെ മണല്‍ക്കാട്ടില്‍
സ്വപ്നത്തിന്‍റെയൊരു പച്ചത്തുരുത്ത്.

ഓരോ പ്രണയിനിയും
സ്വന്തം മനസ്സില്‍ നിന്നുപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന
ഒരു നിമിഷത്തെ ഒരിളംതൂവല്‍പോല്‍ മൃദുലമാക്കി
ഒരു തുഷാരബിന്ദുപോല്‍ പവിത്രമാക്കി
അവള്‍ക്ക് തന്നെ തിരികെ നല്‍കുന്ന ഒരിടം,
സ്വര്‍ഗത്തിന്‍റെ ഒരതിര്.
അവിടെ ഇളവേല്‍ക്കാന്‍ എന്നെ തനിച്ചാക്കി
അലയാന്‍ ഇറങ്ങിയതാണ് ഒരിളം കാറ്റ്.
ഇടം കാലില്‍ നിന്ന്‍ വലം കാലിലേക്ക് മന്ത് തട്ടുന്ന
ശല്യപ്പൊട്ടദൈവങ്ങള്‍ അരങ്ങൊഴിഞ്ഞാല്‍
ഞാനും എന്‍റെ ചിതയിലേക്ക് മടങ്ങും.
ഇനിയും മടങ്ങിയെത്താത്ത വികൃതിക്കാറ്റിനായി
ഇവിടെ ഞാനെന്താണ് മറന്നു വയ്ക്കേണ്ടത്?
കഥകളിലെ പതിവ് പോലെ ഒരു ഹൃദയം?
----------------------------------------------

കാലടികള്‍ / വീരാന്‍കുട്ടി


കടല്‍ത്തീരത്തെ മണലില്‍ നിന്‍റെ
കാലടി തിരയുകയായിരുന്നു.
കാലടികള്‍ക്കു മേല്‍ കാലടികള്‍
കാലടികളുടെ സമുദ്രം!
എങ്കിലും,ആര്‍ക്കുമേ
കാണാനാവാത്ത വിധം
അതില്‍ വിരിഞ്ഞു നില്‍ക്കുന്ന
താമരമൊട്ടുകള്‍ നോക്കിനോക്കി
നിന്‍റെ വഴി കണ്ടെത്തി.

--------------------------

Monday, February 9, 2015

മാലാഖയുടെ സ്വപനത്തിലേക്കുണരുന്നത് ../ സുധീർ രാജ്


ഓരോ മുറിയിലും
കുഞ്ഞുങ്ങൾ ഒളിച്ചിരിപ്പുണ്ടെന്നാണ്
അവളോടു പറഞ്ഞിരിക്കുന്നത് .
പകലും കുഞ്ഞുങ്ങളും
അവളുമൊന്നിച്ചുള്ള ഒളിച്ചുകളി.
"കണ്ടേ "
"തൊട്ടേ "

രാത്രിയിലാണവൾ അന്ധയാവുക .
മക്കളെത്തിരഞ്ഞ് മുറികളിലൂടെ ,
എന്നിലൂടലയും .
അവളുടെ കണ്ണീരു പേടിച്ച്
രാത്രി ഒളിച്ചിരിക്കും .
എന്നിട്ട് ,
നിലാവിന്റെ കുഞ്ഞുങ്ങളെ മെനഞ്ഞ്
അവളുടെ മടിയിലേക്കു വിടും .
ഞാൻ ,
അവൾക്കായെഴുതുന്ന കവിതയിലെല്ലാം
കുഞ്ഞുങ്ങളെ നിറയ്ക്കും .
എങ്കിലും ,
ഒറ്റവരികളിൽ പോലും
പിഞ്ചുകാലടയാളം കാണില്ല .
മരിച്ചു പോയ കുഞ്ഞുങ്ങളും
ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളും
അദൃശ്യരാവുന്നതെങ്ങിനെ ?
അവളിലവർ വെളിപ്പെടാത്തതെന്ത്.
ഇങ്ങനെയവളുറങ്ങിപ്പോകും
കുഞ്ഞുകൈകൾ പൂക്കൾ വിതറുന്ന
താഴ്വരയിലുറങ്ങിക്കിടക്കുന്ന
മാലാഖയുടെ സ്വപനത്തിലേക്കുണരും വരെ
അവളുറങ്ങിക്കിടക്കും .
----------------------------------------

Sunday, February 8, 2015

മരം മുറിക്കുന്ന ദൈവം / എ അയ്യപ്പന്‍


ഉല്‍പ്പതിഷ്ണുവിന്റെ ഗന്ധമുള്ള
കാറ്റ്
കല്‍വിളക്കിലെ
തീനാളത്തെ കെടുത്തി.

കുളം വറ്റി
സംഭാരത്തിന്റെ
കുടം വരണ്ടു.
ഇരുട്ടില്‍ ഒരു പ്രതിമ.
അമ്പലത്തില്‍ ഇപ്പോള്‍
ആരും വരാറില്ല
അങ്കണത്തിലെ ആല്‍ത്തറയില്‍
പഥികര്‍ തണല്‍കൊണ്ടിട്ടു പോകുന്നു.
ഒരു രാത്രിയില്‍
ഇരുട്ടില്‍
മഴുവിന്‍റെ മുറിവേറ്റ്
ആല്‍മരത്തിന്‍റെ കട മുറിയുന്ന ശബ്ദം
ആരും കേട്ടില്ല.
തച്ചുശാസ്ത്രം പഠിക്കാത്ത
ഒരു മരംകൊത്തി
ഈ മരത്തിലൊരു
കൂടു കൊത്തി
അറിവു കൊണ്ട്
മരം മുറിയും മുന്‍പേ
പറന്നു പോയ്‌.
പുലര്‍ച്ചക്ക്
അമ്പലത്തിന്‍റെ നെറുകയില്‍
ആല്‍മരം വീണു.
കാറ്റു കിട്ടാതെ
ഇലകളെല്ലാം കുളത്തില്‍.
തകര്‍ച്ചയുടെ ഒച്ച കേട്ട്
അയലത്തെ കുട്ടികളും മുത്തശ്ശിമാരും
കണ്ണുകള്‍ തുറന്നു.
മഴയുണ്ടാകുമെന്നു കരുതി
വീണ്ടുമുറങ്ങി.
പിറ്റേന്ന്
അമ്പലത്തിന്‍റെ തെക്കോട്ട്‌ പോകുന്ന പാതനിറയെ
മെതിയടിയുടെ
അടയാളങ്ങള്‍.
--------------------------------

Saturday, February 7, 2015

സിൻഡ്രലാ / നിരഞ്ജൻ T G

മഴയും നിലാവും ചേർന്ന് ഇഴനെയ്തെടുത്ത
കണ്ണാടിയലുക്കുകൾ വകഞ്ഞു മാറ്റി
നീ കയറിവന്നത്,
ഒരു നിമിഷം ലജ്ജിച്ചു നിന്നത്
ഓർമ്മയുണ്ട്
മന്ത്രവിദ്യയാലെന്ന പോലെ
ഉടുപ്പൊന്നുമുലയാതെ, നനയാതെ
എങ്ങനെ എന്നതിശയപ്പെടുമ്പോഴേക്കും
മഴയും നിലാവും നിറഞ്ഞ കണ്ണുകളുയർത്തി
നീ നോക്കിയതും ഓർമ്മയുണ്ട്
പാതിര വരെ നൃത്തം ചെയ്ത്
എങ്ങോ മറഞ്ഞുപോയ
കവിതയുടെ രാജകുമാരീ…
സ്വപ്നമായിരുന്നോ
എന്നത്ഭുതപ്പെടുമ്പോൾ
നീ മറന്നിട്ടുപോയ
വാക്കിന്റെ ഒറ്റച്ചെരുപ്പിൽ
പ്രഭാതസൂര്യന്റെ വജ്രത്തിളക്കം…!
------------------------------

സ്ഥലജലഭ്രമം / നിരഞ്ജൻ T G


പണ്ട്
തൂതപ്പുഴ കടക്കുമ്പോൾ
പഴയ പാലത്തിനു നടുവിലൊരു
കടും കുടും ശബ്ദം
ജില്ല മാറുന്നതിന്റേതാണെന്ന്
അച്ഛൻ പറഞ്ഞുതന്നു
വലുതായി
പനാമാ കനാൽ കടക്കുമ്പോൾ
ഇരുമ്പുഗേറ്റുകളുടെ
കടും കുടും ശബ്ദം
സമുദ്രങ്ങൾ മാറുന്നതിന്റേതാണെന്ന്
ക്യാപ്റ്റൻ പറഞ്ഞുതന്നു
ഇരുകരകൾ ചേരുന്ന പാലവും
ഇരുകടലുകൾ ചേരുന്ന തോടും
രണ്ടുമോർത്തന്നുനിൻ
കൈ പിടിക്കുമ്പോൾ
ഇടനെഞ്ചിൽ വീണ്ടുമൊരു
കടുംകുടും ശബ്ദം
നമ്മൾ കടലിലോ കരയിലോ
നമുക്കിടയിലിനി
കെട്ടേണ്ട പാലമോ
വെട്ടേണ്ട തോടോ..?

-----------------------------

താടക / വയലാര്‍


വിന്ധ്യശൈലത്തിന്റെ താഴ് വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ,
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടു നടക്കുന്ന കാമസ്വരൂപനെ.
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവൾ, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമായി നിന്നാൾ
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനിൽ
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവൾ
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾ
സംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാൾ, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാൾ
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു
ചവിട്ടി ഉടച്ചനാൾ,വിശ്വമാതൃത്വത്തെ വേദമഴുവിനാൽ
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാൾ...
ആദ്യമായ്, ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്
താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകൾ
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകൾ
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
ആര്യവംശത്തിന്നടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശതന്തിന്ന് അടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം
കേട്ടു നടുങ്ങി വിന്ധ്യാടവി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ.
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ
നിശാചരി താടകയാണവൾ...
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം മാല ചാര്‍ത്തിയ
രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം.
--------------------------------------------------------

ഇവൾക്ക് മാത്രമായ് / സുഗതകുമാരി

ഇവൾക്ക് മാത്രമായ്, കടലോളം കണ്ണീർ
കുടിച്ചവൾ, ചിങ്ങവെയിലൊളി പോലെ
ചിരിപ്പവൾ, ഉള്ളിൽ കൊടുംതീയാളിടും
ധരിത്രിയെപ്പോലെ തണുത്തിരുണ്ടവൾ .
ചവിട്ടാൻ, നിങ്ങൾക്ക് ചിലപ്പോൾ പൂജിക്കാൻ,
പരക്കെപ്പുച്ഛിക്കാൻ, പരിത്യജിക്കുവാൻ ,
തുണക്ക് കൈകോർത്ത് നടക്കാൻ, മക്കളെ
പിടക്കും നെഞ്ഞത്ത് കിടത്തിപ്പോറ്റുവാൻ
ഇവൾക്ക് മാത്രമായ് ഒരു ജന്മം, നെറ്റി-
ത്തടതിലുണ്ടിവൾക്കൊരിറ്റു കുങ്കുമം,
വിളർത്ത ചുണ്ടത്ത് നിലാച്ചിരി, ഹൃത്തിൻ
വിളക്കുമാടത്തിലൊരു കെടാത്തിരി .
ഇവൾ ദൈവത്തിനും മുകളിൽ സ്നേഹത്തെ
ഇരുത്തിപ്പൂജിപ്പോൾ, ഇവൾ കാലത്തിന്റെ
കരങ്ങളിൽ മാത്രം സമാശ്വസിക്കുവോൾ .
ഇവൾക്ക് മാത്രമായൊരു ഗാനം പാടാ-
നെനിക്ക് നിഷ്ഫലമായൊരു മോഹം, സഖീ ....!
------------------------------------------------

Friday, February 6, 2015

വെറുതെ / വീരാന്‍കുട്ടി


സ്വന്തം രൂപം
നീട്ടിയും
കുറുക്കിയുമുള്ള
നിഴലിന്‍റെ
കളിയെ
നിസ്സാരമെന്നു
വിചാരിക്കരുത്.
എന്നും
ഒരാളുട
കീഴില്‍
കഴിയേണ്ടി-
വരുന്നതിന്‍റെ
സങ്കടം
മറക്കാന്‍
അതു
ശ്രമിക്കുന്നതാവും.
-------------------

Thursday, February 5, 2015

കഫെ വെർലെറ്റ് / സുധീർ രാജ്


കൊതുമ്പു വള്ളത്തിലിരിക്കുന്ന നീ
റൈൻ നദിയിലെ മരിയ ആണെന്ന് പറഞ്ഞാൽ
ഞാനതു വരയ്ക്കുന്ന റെനോയർ ആകണം .
കുട്ടനാട്ടീന്നു പാരീസിലേക്ക്‌
തോട് വെട്ടുന്നതൊക്കെ കൊള്ളാം
ഭൂഖണ്ഡങ്ങൾക്കിപ്പുറമുള്ള
പ്രണയത്തിന്റെ ഞാറ്റുവേലകളെ
എങ്ങിനെ കൊണ്ടു പോകും .
ചേറ്റുമണമുള്ളൊരു കരിങ്കൂവളക്കാറ്റ്
പരലുകൊത്തിയ നമ്മുടെ കുളിക്കടവുകൾ
വരമ്പത്ത് കുടപിടിച്ച കൈതകൾ
കിടക്കപ്പായ വിരിച്ച കറുകകൾ.

കഫെ വെർലെറ്റ് എന്ന
പാരീസിലെ കോഫീഷോപ്പിലിരുന്ന്
രണ്ടുപേരിതുപോലെ
പുളിങ്കുന്നും കാവാലോം
സ്വപ്നം കാണുന്നുണ്ടായിരിക്കും .
-----------------------------------

നഗ്നകവിതകള്‍ / കുരീപ്പുഴ ശ്രീകുമാര്‍


ജ്യോത്സ്യന്‍
-----------------
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്!


രാഹുകാലം
--------------
ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം!
--------------------

മതി കെട്ടാന്‍ .. / ജയദേവ് നയനാർ

മതി കെട്ടാന്‍
..
ഈ തച്ചന്‍ കവിത കൊത്തുന്നത്
കണ്ടാല്‍.
.
എന്നും കണ്ടുകൊണ്ടാണ് വരുന്നത്.
ഒരു പകലിന്‍റെ വായ പോലും
കീറിയിട്ടുണ്ടാവില്ല.
കൊത്താനിരിക്കുന്ന കപ്പല്‍
മരം പോലുമായിട്ടുണ്ടാവില്ല.
അപ്പോഴും അതിന്‍റെ വളയാത്ത കൊമ്പില്‍
ഒരു കൊടിയടയാളം പാറുന്നുണ്ടാവും.
അപ്പോഴും അതിന്‍റെ തെളിയാത്ത കണ്ണില്‍
ഒരു കടലിനെ നോട്ടം പിടിച്ചിട്ടുണ്ടാവും.
കവിതയുടെ ഒരു വാക്കുപോലും
കൊത്തിയിട്ടുണ്ടാവില്ല.
കൊത്താനിരിക്കുന്ന വാക്ക്
തോന്നുകപോലും ചെയ്തിട്ടുണ്ടാവില്ല.
അപ്പോഴും തോന്നാത്ത ആ തോന്നലില്‍
ഒരു നോവു നിറഞ്ഞിട്ടുണ്ടായിരിക്കും.
തോന്നാത്ത തോന്നലില്‍
കാട്ടുചെന്തീ പടര്‍ന്നിരിക്കും.
.
എന്നും കണ്ടുകൊണ്ടാണ് വരുന്നത്.
തച്ചനെത്തിയിട്ടുതന്നെയുണ്ടാവില്ല.
ഒരു മൂര്‍ച്ച പോലും ഒരു മുറിവും
ഉണ്ടാക്കിയിട്ടുതന്നെയുണ്ടാവില്ല.
എന്നാലും മുറിയാനിരിക്കുന്ന
മുറിവില്‍ നിന്നു ചോരയുറ്റിയിട്ടുണ്ടാവും.
ഒരിക്കലും കവിതയാവാനിടയില്ലാത്ത
ചോരയായി വാര്‍ന്നിട്ടുണ്ടാവും.
ഒരിക്കലും ഒരു വാക്കാവാനിടയില്ലാത്ത
ഞരമ്പായി ഒഴിഞ്ഞിട്ടുണ്ടാവും.
.
എപ്പോഴോ എത്താനിടയുള്ള തച്ചനെ
ആരും കാത്തുനില്‍ക്കുന്നുണ്ടാവില്ല
എന്നില്ല.
നഖങ്ങള്‍ ഓര്‍മകളില്‍ കൂര്‍ത്തിറക്കവെയാണ്
ഇരുട്ടു വിണ്ടുകീറി വെളിച്ചമിറ്റുന്നത്.
ചോരുന്ന വെളിച്ചമുറ കൂടി പകല്‍.
വിരലുകള്‍ തൊടുമ്പോഴാണ്
ആകാശം നിവര്‍ന്നുവരുന്നത്.
ശ്വാസങ്ങള്‍ പൊഴിച്ചുപൊഴിച്ചുടല്‍
പ്രാര്‍ഥനകളായ് നില്‍ക്കുന്നത്.
മൗനം വിയര്‍ത്തു പെരുമ്പാറക്കൂട്ടങ്ങള്‍
ഉയര്‍ന്നുപൊങ്ങുന്നത്.
തിരയാട്ടി കടലാനക്കൂട്ടം
മണല്‍ക്കാടിറങ്ങുന്നത്.
ഇടയിലെവിടെയോ
ഒരുളിയൊച്ച.
ഒരു നിലവിളിയില്‍ ഒരു മുറിവ്.
ഒരു വാക്ക്.
.
ഈ തച്ചന്‍ കവിത കൊത്തുന്നത്
കണ്ടാല്‍.
എന്നും കണ്ടുകൊണ്ടാണ് വരുന്നത്.
അപ്പോഴും ഒരു കവിത പോലും
കൊത്തിക്കഴിഞ്ഞിട്ടുണ്ടാവില്ല.
പ്രഥമദൃഷ്ട്യാ ഒരു
കവിതയെന്നു തോന്നിപ്പിക്കാത്തത്.

-------------------------------------

Monday, February 2, 2015

ആനന്ദങ്ങളുടെ വേവ് പാകം / സെറീന

ആനന്ദങ്ങളുടെ വേവ് പാകം / സെറീന
   

ഒളിഞ്ഞും തെളിഞ്ഞും

നിങ്ങൾ  പറഞ്ഞ കുത്തു വാക്കുകളിലാണ്

അടുക്കും ചിട്ടയുമില്ലാത്തവളെന്ന്

ആദ്യം തെളിഞ്ഞത്



നേരാണ് ,

നിങ്ങളുടെയൊന്നും അലമാര പോലല്ല ,

നിങ്ങളുടെയൊന്നും അടുക്കള പോലെയുമല്ല എന്റേത്



നേർ വരയിട്ട അടുക്കിന്റെ ചിട്ടകളല്ല

അടക്കി വെച്ച് വെച്ച്

അടുക്കു തെറ്റിയവളുടെ വീട്



കുട്ടിക്കാലത്ത് കൂട്ടം കൂടുമ്പോൾ

കേട്ടു നൊന്ത

നിറമില്ലായ്മയുടെ നിറം

കണ്ടെത്താനാണ് ഞാനിങ്ങനെ

ഒക്കെയും കുഴച്ചു മറിച്ചിട്ടത്



നിങ്ങളെന്നെയങ്ങ് ചുമ്മാ

എഴുതിത്തള്ളിയതു  കൊണ്ടാണ്

ഞാൻ എന്നെത്തന്നെയൊന്ന് എഴുതി നോക്കിയത്

അതു വായിക്കുവാനുള്ള  ലിപി

എന്റെ കണ്ണുകളിൽ തന്നെയുണ്ട്



ഇനി

ഒരിക്കലെങ്കിലും നമ്മളൊന്ന്

കണ്ണോടു കണ്ണു കാണും

അന്ന് ,

തോൽവിയെന്ന് പേരിട്ട ജയമെന്ന

മഹാ രഹസ്യം രണ്ടു കണ്ണുകൾ

നിങ്ങൾക്ക് കാട്ടിത്തരും

വെറുതെ മറിച്ചു തീർത്ത ഒരായുസ്സിന്റെ

ഒടുവിലത്തെ താളുകളിൽ

ആനന്ദങ്ങളുടെ തെളിഞ്ഞ

ഒരു കൈയൊപ്പ് കാണും 

കനൽ കൂട്ടി

ആവിയിൽ  അടച്ചു വെച്ച്

വേവിച്ചെടുത്തൊരു

അന്നമാണ് ഞാൻ 

രുചിക്കാൻ  ത്രാണിയില്ലാത്തൊരു പാകം 

നിങ്ങൾക്ക് 

തൊട്ടറിയാൻ വയ്യാത്തൊരു വേവ്
-----------------------------------------------

വെളിപാടുകൾ - ചിത്ര കെ പി

കാട്ടിൽ
കൂറ്റൻ മരങ്ങളിൽ നിന്നും
ഇല പൊഴിയുന്നു.

തിരക്കുകളില്ലായിരുന്നു.

കാറ്റിനൊപ്പം
ഉയർന്നും താഴ്ന്നും
തെന്നിയും
ഇല പൊഴിയുന്നത്
കണ്ട് നിന്നു.

തിരക്കുകളില്ലായിരുന്നു .

മണ്ണിന്റെ മിനുസങ്ങളിൽ
ഇല വന്ന് തൊടുന്ന
ഒച്ച കേട്ടു നിന്നു.

പാറപ്പുറത്ത്
ഒരു അരണ.
ധ്യാനിച്ചിരിക്കുന്ന അരണയെ
നോക്കി നിന്നു.

തിരക്കുകളില്ലായിരുന്നു.

അരണക്കണ്ണിടകളിൽ
കൂറ്റൻ മരങ്ങളിൽ നിന്നും
ഇല പൊഴിയുന്നത് കണ്ടു.

കാതടപ്പിക്കുന്ന നിശബ്ദതയിൽ
ബുദ്ധനെ അറിഞ്ഞു.

***
നഗരത്തിലെ
പ്രഭാതത്തിൽ
ബുദ്ധനെ വീണ്ടും കണ്ടു.

ചവറ് കൂനയ്ക്കരികിൽ
ധ്യാനിച്ചിരിക്കുന്നു
തവിട്ട് നിറമുള്ള
ഒരു ബുദ്ധൻ
----------------------------

ആരാലും / പെരുമാള്‍ മുരുകന്‍ ( തമിഴ് )


ആരോടും
ഒന്നും പങ്കിടാൻ കഴിയുന്നില്ല
ആർക്കൊപ്പവും
എല്ലായ്പ്പോഴും ചേർന്നിരിക്കാനാകുന്നില്ല.

ആരും
എന്തു പറഞ്ഞാലും സഹിക്കാൻ കഴിയുന്നില്ല
ആരെയും
അതേപടി ക്ഷമിക്കാനാകുന്നില്ല
ആർക്കും
ഒരു വിത്തും വിളയിച്ചെടുക്കാൻ കഴിയുന്നില്ല
ഏകനായ് ഏകനായ് അലഞ്ഞുതിരിയുന്നതാണ്
നല്ലത്.
ഏകനായ്
ഏകനായ് ദുഖിച്ചിരിക്കാമല്ലോ .
----------------------------------------------- 
മൊഴിമാറ്റം--- വിനോദ് വെള്ളായണി

Sunday, February 1, 2015

ഭക്തി / ജയൻ അവണൂർ


പുത്തൻ ബൈക്ക്‌
പൂജിച്ചു മടങ്ങുമ്പോഴാണു
തമിഴന്റെ ലോറി തട്ടിയത്‌.

രണ്ടുകണ്ണുകൾ മാത്രമൊഴിവാക്കി
ഉടലാകെ പ്ലാസ്റ്ററിട്ട്‌
ഐ സി യു വിൽ കിടക്കുമ്പോൾ
ഭക്തജനം പറഞ്ഞു
ഭഗവതി കാത്തു
ജീവൻ കിട്ടീലോ !
സർവ്വൈശ്വര്യ പൂജ കഴിഞ്ഞു
വീട്ടിലെത്തും മുമ്പാണു
അഛൻ കുഴഞ്ഞു വീണു മരിച്ചത്‌.
അപ്പോഴും ഭക്തജനം മൊഴിഞ്ഞു,
ഭഗവതി കാത്തു
ആരെയും ബുദ്ധിമുട്ടിക്കാതെ പോയല്ലോ.
ഹൊ!
ഈ ഭക്തിയുട ഒരു കാര്യം!
എങ്ങി നെ വീണാലും
നാലുകാലിൽ തന്നെ.
-------------------------------------