Sunday, February 8, 2015

മരം മുറിക്കുന്ന ദൈവം / എ അയ്യപ്പന്‍


ഉല്‍പ്പതിഷ്ണുവിന്റെ ഗന്ധമുള്ള
കാറ്റ്
കല്‍വിളക്കിലെ
തീനാളത്തെ കെടുത്തി.

കുളം വറ്റി
സംഭാരത്തിന്റെ
കുടം വരണ്ടു.
ഇരുട്ടില്‍ ഒരു പ്രതിമ.
അമ്പലത്തില്‍ ഇപ്പോള്‍
ആരും വരാറില്ല
അങ്കണത്തിലെ ആല്‍ത്തറയില്‍
പഥികര്‍ തണല്‍കൊണ്ടിട്ടു പോകുന്നു.
ഒരു രാത്രിയില്‍
ഇരുട്ടില്‍
മഴുവിന്‍റെ മുറിവേറ്റ്
ആല്‍മരത്തിന്‍റെ കട മുറിയുന്ന ശബ്ദം
ആരും കേട്ടില്ല.
തച്ചുശാസ്ത്രം പഠിക്കാത്ത
ഒരു മരംകൊത്തി
ഈ മരത്തിലൊരു
കൂടു കൊത്തി
അറിവു കൊണ്ട്
മരം മുറിയും മുന്‍പേ
പറന്നു പോയ്‌.
പുലര്‍ച്ചക്ക്
അമ്പലത്തിന്‍റെ നെറുകയില്‍
ആല്‍മരം വീണു.
കാറ്റു കിട്ടാതെ
ഇലകളെല്ലാം കുളത്തില്‍.
തകര്‍ച്ചയുടെ ഒച്ച കേട്ട്
അയലത്തെ കുട്ടികളും മുത്തശ്ശിമാരും
കണ്ണുകള്‍ തുറന്നു.
മഴയുണ്ടാകുമെന്നു കരുതി
വീണ്ടുമുറങ്ങി.
പിറ്റേന്ന്
അമ്പലത്തിന്‍റെ തെക്കോട്ട്‌ പോകുന്ന പാതനിറയെ
മെതിയടിയുടെ
അടയാളങ്ങള്‍.
--------------------------------

1 comment:

  1. അയ്യപ്പൻ ഇപ്പൊ എന്ത് ചെയ്യുകയാവും?
    ഒരു തെരുവിന് വഴി പറഞ്ഞു കൊടുക്കുകയാവും! അല്ലേ?
    ഇലകൾക്ക് പച്ച നിറത്തിന് ട്യുഷൻ എടുക്കുന്നുണ്ടാവും!
    അല്ലെങ്കിൽ വെയിലിന്റെ വിയർപ്പ് തുടയ്ക്കുന്നുണ്ടാവും
    തൂവാല കൊണ്ട്,
    ഒരു തണലിനെ മണം കൊണ്ട് പുതപ്പിക്കുന്നുണ്ടാവും
    ഒരു മണവും ഇല്ലാത്ത തന്നെ വെറുതെ വെറുക്കുന്നുണ്ടാവും
    അത് കൊണ്ട് തന്നേ ത്തന്നെ എടുത്ത് തിരികെ കൈമടക്കിൽ
    തിരുകി, തിരിഞ്ഞു നടക്കുന്നുണ്ടാവും
    നരച്ച ഇരുട്ടിന്റെ വെളിച്ചം പോലെ അയ്യപ്പൻ കവിതയിൽ സ്വന്തം കൈപ്പടയിൽ തന്റെ കാലടി നിശബ്ദം വരച്ചു വെച്ചവൻ! പ്രണാമം മാത്രം

    ReplyDelete