Wednesday, April 29, 2015

കാലധര്‍മ്മം / ബാലചന്ദ്രന്‍ ചുള്ളിക്കാട്


അങ്ങനെയോരോന്നോരോന്നോര്‍ത്തുകൊണ്ടിരിക്കുമ്പോള്‍
പിന്നെയും പാളീ ചിന്ത കാലധര്‍മ്മത്തിന്‍ നേരേ.


ഉദിച്ചസ്തമിക്കയുമസ്തമിച്ചുദിക്കയും
വിധിച്ചവണ്ണം ചെയ്തുപോരുന്നു തേജസ്സുകള്‍.
ഗുണിച്ചും ഹരിച്ചുമീ നിത്യജീവനലീല
ഗണിക്കാന്‍ കഴിയാതെ പിന്മടങ്ങുന്നൂ ബോധം.

ഇരുട്ടു മുഴങ്ങുന്ന വിസ്മൃതി ഭേദിക്കുവാന്‍
കരുത്തില്ലാത്തൊരിച്ഛാരശ്മിതന്‍ പ്രതിദ്ധ്വനി
കുടിച്ചുമയങ്ങുന്ന ചിത്തഭൂമികള്‍ പോലും
തുടച്ചുനീക്കുന്നതും കാലത്തിന്‍ ശുചിധര്‍മ്മം.

അരവിന്ദനും കാക്കനാടനും വിജയനും
ഭരതന്‍ , പവിത്രനും വിക്ടര്‍ലീനസ്സും ജോണും
കരുണാകരന്‍ , പിന്നെട്ടീയാറും കടമ്മനും
നരേന്ദ്രപ്രസാദുമയ്യപ്പനും മുരളിയും.....

എത്രയെത്രപേരുണ്ടാമങ്ങനെ കുറേക്കാലം
മിത്രബന്ധത്താലെന്റെ ജീവനില്‍ കലര്‍ന്നവര്‍.

കത്തുന്ന മഹാനഗരങ്ങളെ പിന്നില്‍ത്തള്ളി
കത്തുന്ന മഹാസംസ്കാരങ്ങളെപ്പിന്നില്‍ത്തള്ളി
മറ്റൊരു തീരം പൂകാന്‍ ആവിവന്‍തോണിയേറി
മദ്ധ്യധരണ്യാഴിതാണ്ടാന്‍ ശ്രമിച്ച മഹാജനം.

അബ്ധിമദ്ധ്യത്തില്‍ക്കഷ്ടമവരെ മുക്കിക്കൊന്നു
തൃപ്തമായിടും കാലധര്‍മ്മമേ മഹാധര്‍മ്മം !
--------------------------------------------

പോയതിന്‍ ശേഷം / സുഗതകുമാരി




പോയതിന്‍ ശേഷം.,നോക്കൂ
ഞാനുണ്ട്‌ നിലാവുണ്ട്‌
രാവുണ്ട്‌ പകലുണ്ട-
തൊക്കെയും പണ്ടെപ്പോലെ.
വാനത്തു നക്ഷത്രങ്ങളുണ്ട്‌
നമ്മുടെ വീട്ടില്‍
തൂവിളക്കെന്നും കൊളു-
ത്താറുണ്ട്‌ പണ്ടെപ്പോലെ.
പോയതിന്‍ ശേഷം., പൊട്ടി-
ച്ചിരിക്കും നിറതിങ്ക-
ളീയിരുള്‍ മുറ്റത്തിന്നും
പാല്‍ തട്ടി വീഴ്‌ത്താറുണ്ട്‌.
രാമുല്ല പൂക്കാറുണ്ട്‌
കാറ്റുണ്ട്‌,മണമുണ്ടൊ-
രോമനക്കുഞ്ഞിന്‍ വാശി-
ക്കരച്ചില്‍ കേള്‍ക്കാനുണ്ട്‌
ഒക്കെയും പതിവുപോല്‍.
ഊണുണ്ട്‌,കുളിയുണ്ട്‌
പത്രവായനയുണ്ട്‌ പണിയു-
ണ്ടതിഥിക-
ളിപ്പൊഴും വരാറുണ്ട-
തൊക്കെയും പതിവുപോല്‍.
ഒക്കെയും പണ്ടെപ്പോലെ,
എങ്കിലും-നീയില്ലാതെ
അര്‍ത്ഥമില്ലാതെ,തെല്ലു
നനയ്‌ക്കാനാളില്ലാതെ
പൊട്ടിയ പൂച്ചട്ടിയില്‍
പഴയ തുളസിപോല്‍
പട്ടുപോവതുപോലെ
പട്ടുപോയതുപോലെ....
ഒക്കെയും പതിവുപോല്‍,
എങ്കിലുമോര്‍മിക്കുവാ-
നിത്രയും കുറിക്കുന്നേന്‍
ഇളയ യാത്രക്കാരേ
ഇത്തിരി നേരം മാത്രം
കൈകോര്‍ത്തു നടക്കുവാന്‍
ഇത്തിരിയല്ലോ നേരം
കൊതിക്കാന്‍,സ്‌നേഹിക്കാനും.
-------------------------------- 

കമിതാക്കള്‍ / വീരാന്‍കുട്ടി


പാലത്തില്‍ നിന്നും
പുഴയില്‍ പ്രതിബിംബിച്ച
തീവണ്ടിയില്‍
കയറിപ്പറ്റി
രണ്ടു മീനുകള്‍.
വണ്ടി പുഴകടന്ന്
കരയിലെത്തുമ്പോള്‍
ശ്വാസം മുട്ടിത്തുടങ്ങുമെന്ന്
അവരോട്
പറഞ്ഞിരുന്നില്ല
പ്രണയം.
------------------------

പുഴയിലെ നക്ഷത്രം / കുരീപ്പുഴ ശ്രീകുമാര്‍


പുഴയോരത്തൊരു നീർമരുത്‌
മരുതിൻ ചോട്ടിലിരിക്കും കവിയുടെ
ഹൃദയം കണ്ടതു പൂങ്കുരുവി.
കുരുവിക്കുള്ളിൽ സഞ്ചാരിണിയുടെ
മിഴിയിലുടക്കിയ നെൽക്കതിര്
കതിരിന്നരികിൽ കെപീയേസീ
അടയാളത്തിലെയരിവാള്
അരിവാൾത്തുമ്പിൽ നക്ഷത്രം.....
ഇങ്ങനെയോരോന്നാലോചിക്കെ
പുഴയോരത്തുമിരുട്ടെത്തി
ഇരുട്ടിനൊപ്പമൊരുത്തി
അവളെ കൂട്ടിനിരുത്തി
അവളുടെ കണ്ണിൽ
മരുതും കുരുവീം
കതിരും പുഴയും അരിവാളും.
അവളുടെ കണ്ണിൽ നക്ഷത്രം.
കവിയെ കാണാനില്ലിപ്പോൾ
പുഴയിലിറങ്ങീ നക്ഷത്രം
നക്ഷത്രത്തിൻ നെഞ്ചിൽ കവിത
നനയാതങ്ങനെ കത്തുന്നു.
------------------------------------

ഒറ്റമഴത്തുള്ളി / ഡോണ മയൂര


എത്ര ചെഞ്ചോപ്പാവാൻ ശ്രമിച്ചാലും
പച്ചിച്ച് പോകുന്ന
ഇലകൾ ചേർത്ത് മുഖങ്ങളാക്കുന്ന
ചെടിയിൽ നിന്നും
ഞെട്ടറ്റ് വീഴുന്ന ഞെട്ടലുകൾക്കിടയിൽ
കൈതട്ടിമറിയുന്ന
കട്ടന്റെ കുപ്പിഗ്ലാസ്സ് പോലെ
പറന്നു പോകുന്ന ഉപ്പൻ.

അതേ പച്ചയുടെ നിഗൂഡതയിൽ നിന്നും
പുൽനാമ്പായോ പച്ചിലപ്പാമ്പായോ
പച്ചക്കുതിരയായോ
ഒരായുഷ്ക്കാലം പച്ചപ്പെട്ടത് തീർത്തുവച്ച്
ഒളിഞ്ഞുനോക്കുമ്പോൾ
നീ കാണുകയില്ലായിരിക്കാം.
എന്നാലൊരു വേനൽ മഴയ്ക്കിടയിൽ
ജനാലയിലേക്ക് വീഴുന്നൊരു
തുള്ളിമേൽ നോക്കിയാൽ
തിരിച്ച് നോക്കുന്നതാരെന്നോർത്ത്
ഭയപ്പെടുകയില്ലെങ്കിൽ
ഞാനവിടെയുണ്ടാവും.
------------------------------------------

Thursday, April 23, 2015

വായന / വിജയലക്ഷ്മി


ഒരു താള്‍ മറിച്ചാലോ ശാന്തമാം നീലാകാശം,
മറുതാളിലോ ക്ഷുബ്ധസാഗരം ജലാധാരം,
വരികള്‍ നിശ്ശബ്ദങ്ങളാകിലെന്തവയ്ക്കുള്ളില്‍
ഹരിതാഭമായ് കാലം തളിര്‍ത്തു തഴയ്ക്കുന്നു.
വിതരങ്ങളില്‍,ചാരം മൂടിയ വിക്ഷോഭങ്ങള്‍
പ്രളയാകാരം പൂണ്ടു പായുവാന്‍ കൊതിക്കുന്നു,
സകലം മൂടും ലോഹധൂളിയില്‍,മനസ്സിന്‍റെ
പകലും രാവും മായാസന്ധ്യയായ് കുതിക്കുന്നു.
പിന്നെയും വായിക്കുമ്പോള്‍ മഴയായ്,തുറന്നിട്ട
ചില്ലുജാലകങ്ങളില്‍ കാറ്റു വന്നലയ്ക്കുന്നു,
ഒഴുകിത്താഴും സരസ്വതിയില്‍ ഭൂമാതാവിന്‍
ഹൃദയം തണുക്കുന്നു,
വേദന ശമിക്കുന്നു.
------------------------------------------

Wednesday, April 22, 2015

ങും / സച്ചിദാനന്ദന്‍


എന്‍റെ ഉടല്‍
താഴ്ത്തിക്കെട്ടിയ
എന്‍റെ പതാക.
എന്‍റെ വെള്ളം
നാളെയുടെ പുഴയില്‍നിന്ന്
എന്‍റെ അപ്പം
കാറ്റിന്‍റെ അടുക്കളയില്‍ നിന്ന്
എന്‍റെ തലച്ചോറില്‍
ഭാവി പറയുന്ന തത്തപോലെ
ഒരു പച്ച വെടിയുണ്ട.

എന്‍റെ പേര്
എന്‍റെ പ്രാക്തനഭാഷയുടെ
അന്ത്യാക്ഷരം
എല്ലാ കടംകഥയുടെയും ഉത്തരം,
എല്ലാ പഴമൊഴിയുടെയും പൊരുള്‍
എല്ലാ മന്ത്രത്തിന്‍റെയും ദേവത
എല്ലാ വെളിപാടിന്‍റെയും കാതല്‍ .
എന്‍റെ പ്രാണന്‍ നിത്യവും
എന്നെ വിട്ടുപോകുന്നു.
നിത്യവും തിരിച്ചുവരുന്നു,
വേട്ടക്കാരെ അതിജീവിച്ച്
കാട്ടുമഴയുടെ മണവുമായി
കൂട്ടില്‍ തിരിച്ചെത്തുന്ന
പക്ഷിയെപ്പോലെ.
വന്നുപോയവരുടെ
ചൂടും ചൂരും മാത്രം ബാക്കിയായ
ഒഴിഞ്ഞ ചായക്കടയിലെ
ഒഴിഞ്ഞ ബെഞ്ചുപോലെ പ്രാര്‍ത്ഥനകളും
അഭിവാദ്യങ്ങളുമൊഴിഞ്ഞ രാത്രി
ഞാന്‍ ഒറ്റയ്ക്കു കിടക്കുന്നു
മുകളില്‍ ഒറ്റയ്ക്കൊരു നക്ഷത്രവും.
നാട്ടിടവഴിയില്‍ കണ്ടു മറന്ന
പേരറിയാപ്പൂവുപോലെ
പ്രണയം ഞാന്‍ മറന്നുപോയി;
വറ്റിയ മഴച്ചാറ്റലില്‍
കുതിര്‍ന്നടിഞ്ഞ കടലാസ് തോണിപോലെ
കുട്ടിക്കാലം മണലിലാണ്ടു.
എന്‍റെ കവിതകള്‍
ശരത്കാലത്തെ
ഒടുക്കത്തെ പഴുക്കിലകള്‍ .
വെടിയൊച്ചകളുടെ പ്രതിധ്വനിയില്‍
ആവിയായിപ്പോയ എന്‍റെ ഉണ്ണികള്‍
നരകസേനയ്ക്കു മുകളില്‍
ചോരമാഴയായിപ്പെയ്യും.
അതുകാണാന്‍ ഞാനുണ്ടാവില്ല ,
എന്‍റെ പ്രതീക്ഷ ഉണ്ടാവും:
കുഴലിലൂടെ പോഷകം
വേണ്ടിവരാത്ത മലമുകളിലെ ഒരു വാക്ക്
ബൂട്ടുകള്‍ക്കു ചവിട്ടിമെതിക്കാനാകാത്ത
കാട്ടില്‍പിറന്ന ഒരു കവിത
ബയനറ്റുകളിലും
ചോരപോടിയാത്ത
ഉരുക്കിന്‍റെ അക്ഷരമാല
വയലറ്റു നിറമുള്ള
ഒരു ചെമ്പരത്തി:
എന്‍റെ ഒരു നാളും
വാടാത്ത
മണിപ്പുരി ഹൃദയം.
-----------------------------

Tuesday, April 21, 2015

അങ്ങനെ, നമ്മെ വേർപിരിച്ച ശേഷം ദൈവം സ്വസ്ഥമായിരുന്നു !! / ദേവസേന


കാലിലെ നഖം വെട്ടി തരാമെന്നും
ഉമ്മ വെയ്ക്കാമെന്നും പറഞ്ഞ്
നമ്മൾ ട്രെയിൻ കയറുകയാണു
ബസു കയറുകയാണു
ഓട്ടോ കയറുകയാണു

എന്തുമാത്രം വൃത്തികെട്ട നാടാണു നിന്റേത്
ഒരുമ്മ വെയ്ക്കാൻ എത്രമാത്രം പണമാണു ചിലവാക്കേണ്ടത്
എത്ര സമയമാണു പാഴാക്കേണ്ടത്
എത്ര ഊർജ്ജ്മാണു വിയർത്ത് കളയേണ്ടത്
എങ്കിലും സാരമില്ല,
വിരലുകൾ തമ്മിൽ കോർത്തിരിക്കുന്നതിനു
ആരും നമ്മുക്കെതിരെ കേസെടുക്കില്ലല്ലോ

വഴിനീളെ  കാഴ്ച്ചകളോട് കാഴ്ചകളായിരുന്നു
കാഴ്ചകൾ നമ്മളെ വിഴുങ്ങിക്കളയുന്നു

എത്ര കാലങ്ങൾക്ക് ശേഷമാണു  കാണുന്നത്
എത്ര ജന്മങ്ങൾക്ക് ശേഷമാണു  വിരലുകൾ കോർക്കുന്നത്?
കണ്ടിട്ടധികമായെന്നു വെച്ചിങ്ങനെ  ക്ഷീണിക്കണോ?

നിന്റെ കണ്ണുകളിൽ പഴയ കാന്തി പൊയ്പോയിരുന്നു
മുഖമാകെ കരിനീലിച്ചിരിക്കുന്നു
മുടിയിലെണ്ണമയം വറ്റിയിരിക്കുന്നു
ചിരി പ്രാകൃതമായിരിക്കുന്നു
എന്തിനാണിങ്ങനെ നിശ്ചലമായിരിക്കുന്നത്?
നിന്നെ ഞാൻ ദത്തെടുത്തോട്ടെ?
അല്ലെങ്കിൽ വിലക്കെടുക്കട്ടെ?
പറയൂ
എത്രയാണു നിന്റെ വില ?
ആർക്കാണപേക്ഷ കൊടുക്കേണ്ടത്?
മരിച്ചു പോയ നിന്റെ അപ്പന്റെയും അമ്മയുടെയും ആത്മാക്കൾക്കോ?
അടിക്കടി നിന്നെ ഉപേക്ഷിക്കുന്ന ബന്ധുക്കൾക്കോ?
എവിടെയാണു  അപേക്ഷ പോസ്റ്റ് ചെയ്യേണ്ടത്?

ദുശീലങ്ങൾ ചിലതങ്ങനെ തന്നെയുണ്ടെന്നത് എനിക്കിഷ്ടമായി
എന്നെക്കാണാൻ പണ്ടു വന്നിരുന്നതു പോലെ
തലേന്നേ വന്ന്,
ചുറ്റുവട്ടത്തിലെവിടെയെങ്കിലുമുള്ള തമ്പടിക്കൽ!
മാറിപ്പോയി നിന്നുള്ള പുക വലിക്കൽ !

വഴിനീളെ പള്ളികളും ക്ഷേത്രങ്ങളും നിരന്നു നിൽക്കുന്നു
ഇത്രമാത്രം ഭക്തന്മാരുള്ള നാടാണോ നിൻടേത്
പള്ളികളും ക്ഷേത്രങ്ങളും കണ്ട് നീ  നെറുകയിൽ കൈ ചേർക്കുന്നു
മുസ്ലിം പള്ളികളെ നീ കണ്ടില്ലെന്ന് നടിക്കുന്നതെന്താണു?

ഗലീലിയിലെ കാനാ-യിൽ നിന്ന് കിട്ടിയ
ഒരു കുപ്പി വീഞ്ഞ്
നിനക്കു വേണ്ടി കരുതി വെച്ചതാണു
സർവ്വരുടേയും  കണ്ണു വെട്ടിച്ച്
രണ്ടു കൊല്ലം ഞാനെങ്ങനെ ഒളിപ്പിച്ചുവെന്ന് നീ ചോദിക്കാഞ്ഞതിൽ
എനിക്കീർഷ്യ തോന്നി
'നീ എന്നോടിതുവരെ ചെയ്തതിൽ വെച്ചേറ്റവും
പ്രിയപ്പെട്ട പ്രവർത്തി'യെന്നു മാത്രം ഒരു പറച്ചിൽ പറഞ്ഞ്
നീ അട്ടഹാസച്ചിരി ചിരിച്ചു.
അതങ്ങനെ മടു-മടെ കുടിച്ചതെനിക്കിഷ്ടമായില്ല
ഒരു തുള്ളി തരട്ടേ – യെന്ന്
നീ ചോദിച്ചതുമില്ല

ഉമ്മ വെയ്ക്കാൻ നീ കണ്ടെത്തിയിടം എനിക്കിഷ്ടമേ ആയില്ല
മുറിക്ക് കുറച്ചുകൂടെ തണുപ്പുണ്ടായിരുന്നെങ്കിലെന്ന്
ശരീരം എന്നോടു പരാതി പറഞ്ഞു കൊണ്ടിരുന്നു
നിന്നെ സ്നേഹിക്കുകയെന്നാൽ
ഭൂമിയിലെ നിർദ്ധനന്മാരുടെ രാജാവിനെ സ്നേഹിക്കുന്നതു പോലെയാണു
എന്നു വെച്ച് ഒരു സമ്പനനെ സ്നേഹിക്കാനും തോന്നിയിട്ടില്ല
അതിനാൽ ഈ വില കുറഞ്ഞ മുറിയെ
നമ്മുടെ സ്നേഹങ്ങൾ കൊണ്ടലങ്കരിക്കുന്നു
ചുവരുകൾക്ക് അന്തിവെയിലിന്റെ ചായമടിക്കുന്നു

ഉമ്മ വെയ്ക്കുമ്പോഴൊക്കെ,
നിന്റെ ഉമ്മകൾക്ക് വല്ലാതെ പക്വതയെന്ന്
എനിക്കു സങ്കടം വന്നുകൊണ്ടിരുന്നു
ചേർത്തു പൊതിഞ്ഞുപിടിക്കുമ്പോഴൊക്കെ
അങ്ങനെ നിന്ന് ശിലയായെങ്കിലെന്ന് പ്രാർത്ഥിച്ചു.
താളിതേച്ചു തരുമ്പോൾ,
നീയെന്റെ അമ്മയാണന്നു തോന്നി
അത്രമാത്രം അരുമയായിട്ട് !
തീപിടിച്ച വെയിലിൽ അലയുമ്പോൾ
തണുത്ത ഓറഞ്ചടർത്തി തരുമ്പോൾ
നീയെന്റെ അനിയാണെന്നു തോന്നി
അത്ര ഓമനത്വം !
ഭക്ഷണത്തിനിരിക്കുമ്പോൾ
ഇറച്ചി മാർദവപരുവത്തിലാക്കിത്തരുമ്പോൾ
എന്റെ അപ്പനാണെന്നു തോന്നി
അത്ര ആർദ്രമായിട്ട് !

കല്യാണം കഴിക്കട്ടെയെന്ന്
നീ ചോദിക്കുമ്പോൾ
ഞാനുള്ളിൽ ഉറക്കെ കരഞ്ഞത്
നീയറിഞ്ഞു പോലുമില്ല
ഒരു കല്യാണം കൊണ്ട് നമ്മുടെ സ്നേഹം വഷളാകുമെന്ന്
ഭയന്നു പോയി !

പിരിയുന്നതിനു തൊട്ടു മുന്നേ
വാതിൽപാളികൾക്ക് പിന്നിൽ
ഇനിയെന്നു കാണുമെന്നറിയാതെ
എന്നെങ്കിലും കാണുമോയെന്നുപോലുമറിയാതെ
അമർത്തി ചേർത്ത് നിമിഷങ്ങൾ ! നിമിഷങ്ങൾ !!
എന്നെത്തെയുമെന്ന പോലെ
എല്ലാം പിന്നീട്, പിന്നീടെ-ന്ന് പറഞ്ഞ് പിരിയുകയാണു
സ്നേഹിച്ചുതീരാതെയുള്ള പിരിയലാണു !
അതെ !
പിരിയുകയാണു നമ്മൾ !!
എന്റെ ദൈവമേ!  എന്റെ ദൈവമേ!
ഞങ്ങൾ പിരിയുകയാണു !!

      ** ശുഭം **

Monday, April 20, 2015

ശംഖ് / സച്ചിദാനന്ദന്‍


ആദിയില്‍ ഞാന്‍ ആകാരശൂന്യമായ
ശബ്ദം മാത്രമായിരുന്നു.
ഒരുനാള്‍ കടല്‍ എന്നെ വിളിച്ചു :
'വരൂ, ഞാന്‍ നിനക്ക് വെളുത്ത
ഒരു കൊച്ചു വീടുതരാം '
ഞാന്‍ അതില്‍ താമസമാക്കി
പിന്നീടൊരുനാള്‍ തിരകള്‍ എന്നെ
കരയിലേയ്ക്കു വലിച്ചെറിഞ്ഞു.
കാറ്റ് എന്നിലുയര്‍ത്തിയ ശബ്ദം
ഭൂമിയിലെമ്പാടും പ്രതിധ്വനിച്ചു:
ചീവീടിന്‍റെ കരച്ചിലായി,
മയിലിന്‍റെ കേകയായി,
സിംഹത്തിന്‍റെ ഗര്‍ജ്ജനമായി.

പിന്നെ മനുഷ്യന്‍ വന്നു
അവന്‍ വേദനയിലെന്നെ വിളിച്ചപ്പോള്‍
ഞാന്‍ പീഡിതരുടെ കരച്ചിലായി
അവന്‍ രോഷം കൊണ്ടെന്നെ നിറച്ചപ്പോള്‍
ഞാന്‍ സമരത്തിനുള്ള കാഹളമായി
ഞാന്‍ ശംഖ്
കടല്‍ക്കരയിലെ കൊച്ചുവെളുപ്പ്
മുറിവേറ്റവന്‍റെ പ്രാര്‍ത്ഥന
സമുദ്ര സവാരികളുടെ കുതിര
ഞാന്‍ ദൈവങ്ങളെ ഉണര്‍ത്തി
മഴ പെയ്യിക്കുന്നു
മനുഷ്യരെ ഉണര്‍ത്തി നീതി പെയ്യിക്കുന്നു
ഞാന്‍ ശംഖ്:
നാളെയുടെ നിറുകയില്‍
സ്നേഹത്തിന്‍റെ ജ്ഞാനസ്നാനം
സ്വാതന്ത്ര്യത്തിന്‍റെ ശംഖുപുഷ്പം.
--------------------------------------
ചോരയില്ലാതെ / സച്ചിദാനന്ദന്‍

ഇത്തരം രാത്രികളിലാണ്
ഭൂകമ്പമുണ്ടാവുക.

ആകാശത്തിന്‍റെ ചുകന്ന ഒറ്റക്കണ്ണുപോലെ
ചന്ദ്രന്‍ ഭൂമിയെ തുറിച്ചു നോക്കും
പുഴകള്‍ ഹീബ്രു സംസാരിക്കും
കിളികള്‍ പറക്കലിന്‍റെ വ്യാകരണം മറക്കും
തേനീച്ചകളില്‍ തേനും
വീടുകളില്‍ പൂച്ചകളും വറ്റിപ്പോകും
പൂമ്പൊടിയില്‍ ചോര പൊടിയും.
യന്ത്രങ്ങള്‍ പെറ്റു പെരുകും
ഒരാളും കാടുകളെക്കുറിച്ചു സംസാരിക്കില്ല
എല്ലാ ക്ലോക്കുകളിലും രണ്ട് പതിനേഴായിരിക്കും
ഭൂമി ചേങ്കിലപോലെ മുഴങ്ങും
ഉറക്കത്തില്‍ നിന്നു നിങ്ങള്‍ ഞെട്ടിയുണരും.
വാചകങ്ങള്‍ക്ക് സമയമുണ്ടാകില്ല
വാക്കുകള്‍ പോലും സരളമായിരിക്കണം
അവസാനത്തെ ഒറ്റനിലവിളിപോലെ.
ഭൂകമ്പത്തിന്‍റെ നിഘണ്ടുവില്‍ ഒച്ചകളേയുള്ളൂ
അവയുടെ സങ്കീര്‍ണ്ണവാക്യം
രാത്രിയെ ആകമാനം കുലുക്കി
മരിച്ചവരെ ഉണര്‍ത്തി
ഭൂമിക്കടിയിലൂടെ പാഞ്ഞുപോകും.
വ്യാഴാഴ്ച രണ്ട് പതിനേഴ്‌.
കരുതിയിരിക്കുക.
ഭൂമി കാലുകളകറ്റി എന്നെ പ്രസവിക്കും
പ്രഥമപുരുഷന് ഏകവചനത്തില്‍
ചോരയില്ലാതെ,
സൂര്യനെപ്പോലെ.
-----------------------------------

ജലസമാധി / ചാത്തന്നൂർ മോഹൻ


ജലസമാധിയിൽ
വിലയംകൊള്ളുമ്പോൾ
സ്ഫുരിതമാകുന്നു
സ്മൃതിതൻതാമര
അതിലിരുന്നാരോ
ഗസൽപാടുന്നു
അതീന്ദ്രിയധ്യാന
നിരതനാകുന്നു...
കടഞ്ഞ ശംഖുകൾ
മുഴുത്ത ചിപ്പികൾ
വിളഞ്ഞ മത്സ്യങ്ങൾ
നിറഞ്ഞു തൂവുന്നു
ഇവന്റെ പാദങ്ങൾ
അതിനിടയിലെ
രത്നഗർഭയെ
തേടിപ്പോകുന്നു...
ഇവന്റെ ചിന്തകൾ
അതിന്നടിയിലെ
തമോഗർത്തങ്ങളിൽ
രഹസ്യം തേടുന്നു...

----------------------------

വിരുന്ന് / ടി.പി.രാജീവന്‍



ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.
ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.
ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.
ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.
കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?
വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.
----------------------------------------

പള്ളിക്കൂടത്തില്‍ നിന്ന് വീണ്ടും / മാധവന്‍ പുറച്ചേരി


നരച്ച ആകാശം നോക്കി
ചുവന്ന കൊടി വേണമെന്ന്,
മകന്‍ വാശി പിടിക്കുന്നു.
ചുകപ്പ് മറഞ്ഞ് മാഞ്ഞ്,
വെളുപ്പായെന്ന് നീ
ഏതു നിറമുള്ള കൊടിയും
ഒന്നാണെന്നും
ഒരൊറ്റ വേദാന്തമാണെന്നും
നീട്ടിവലിച്ചു ഞാന്‍.
എല്ലാം അസ്തമിച്ചില്ലേയെന്ന്
ചൂണ്ടുവിരല്‍.
ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം മുതലാളിമാരെന്ന്,
ചാനല്‍ക്കിതപ്പ്.
ഏതു ശരി...
ഏത് തെറ്റ് എന്ന്,
ഉള്‍പ്പിളര്‍പ്പ്.
ഒടുവിലവന്‍,
കഴുത്തിലെ ചുവന്ന ടൈ,
അഴിച്ചെടുത്ത്,
വാനിലുയര്‍ത്തി വീശി.
ചുവന്നു തുടുത്തു ആകാശം!!
----------------------------------

പൊരിക്കടല / കടമ്മനിട്ട രാമകൃഷ്ണന്‍



പിടയുന്നു ഭൂമി.,ഞാന്‍ സാക്ഷിയായൊരു പൊതി-
ക്കടല കൊറിച്ചു നില്ക്കുന്നു,
പൊട്ടും പൊടിക്കുമായ് കൂനനുറുമ്പുകള്‍
വട്ടത്തിലോടിയെത്തുന്നു,
കണ്ണന്‍ചിരട്ടയില്‍ കൊണ്ട സമുദ്രത്തില്‍
വീഴുന്നെറുമ്പു, ചാകുന്നു,
കടലയ്ക്കു കൈനീട്ടി നില്ക്കുമക്കുഞ്ഞിന്‍റെ
കണ്ണില്‍ കടല്‍പ്പാമ്പിളക്കം,
കണ്ണന്‍ചിരട്ടയില്‍ കാല്‍തട്ടി വീണെന്‍റെ
സൂര്യനും താണുപോകുന്നു,
ഇരുളിന്‍റെ തേറ്റയേറ്റിടറി,ഞാന്‍ വീഴുന്നു
പിടയുന്ന ഭൂമിതന്‍ നെഞ്ചില്‍,
കൈവിട്ടുപോയ്പ്പൊരിക്കടലകള്‍ മാനത്തു
കണ്‍മിഴിച്ചെന്നെ നോക്കുന്നു.
ഇവിടെയിപ്പിടയുന്ന ഭൂമിയല്ലാതെനി-
ക്കഭയമില്ലാശ്വാസമില്ല.
---------------------------------------

താളം / ഏഴാച്ചേരി രാമചന്ദ്രൻ


1.
വിളകൾസർവംകാട്ടു-
കിളികൾകൊത്തുന്നൂ;നിൻ
വിളകൾകുന്നിൽത്തട്ടി
ക്കാറ്റത്തുചിലമ്പുന്നു.

ഏറുമാടത്തിൽധ്യാനി-
ച്ചിരിയ്ക്കുമെനിയ്ക്കിപ്പോ-
ളാധിയെൻപുലപ്പാട്ടി-
ന്നുൾത്തുടിപ്പൊന്നിൽമാത്രം.
കാരെള്ളുംകുറുമ്പുല്ലും
ചാമയും ചാമ്പയ്ക്കയും
പാതിരാനിലാവത്തു
വിളഞ്ഞുമണക്കുന്നു
അന്തിയ്ക്കുചോലക്കുളി-
രേറ്റുനീരാടുംവേട-
പ്പെണ്ണുങ്ങൾവിളകട്ടു
തുളുമ്പിച്ചിരിയ്ക്കുമ്പോൾ,
അരുതെന്നൊരുവാക്കു
മിണ്ടുവാനാവാതെഞ്ഞാ-
നവർതൻകടക്കണ്ണി-
ലാതിരതിരയുന്നു
2.
പന്നികൾ വിളക്കുത്താൻ
വരുമ്പോൾ മാത്രം ഇല്ലി-
പ്പമ്പരഹുങ്കാരത്താൽ
മൗനത്തെത്തുരത്തുന്നു
ഏറുമാടത്തിൽനിന്നാൽ
പുഴയ്ക്കപ്പുറത്താന-
ത്താരകൾ*കാണാം;മഴ-
വില്ലിന്റെ വീടും കാണാം
സ്വാമിയാർ മുടിചുറ്റി-
പ്പുഴപാറയെപ്പുൽകി-
പ്പൂപോലെചിരിയ്ക്കുന്ന
മാർകഴിച്ചന്തംകാണാം.
പാരിജാതങ്ങൾനട്ടു
നനയ്ക്കുന്നോരാംദേവ-
കാമിനിമാരെക്കാണാം
ഇലവാതിലിൽനിന്നാൽ
അല്ലികൾവിങ്ങുംസ്വർണ-
നാരകഫലങ്ങൾത-
ന്നിന്ദ്രിയചാപല്യങ്ങ-
ളല്ലിനെമദിപ്പിയ്ക്കെ,
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
3.
കാട്ടുകൊമ്പന്മാർവൃക്ഷം
തള്ളിയിട്ടെന്നാലീഞ്ഞാ-
നാറ്റിൽവീണൊടുക്കത്തെ-
പ്പാട്ടുമായ്മുടിഞ്ഞേക്കാം.
ചന്ദനക്കൊള്ളക്കാർതീ-
പ്പന്തങ്ങളെറിഞ്ഞെന്റെ
മന്ദിരമെരിച്ചേക്കാം
തീയിൽഞാനമർന്നേക്കാം.
അപ്പൊഴും നെഞ്ചിൽ വിങ്ങു-
മെൻപുലപ്പാട്ടിന്നീണം
അപ്രമേയതയോടു
താളങ്ങളിരന്നേക്കാം.

Wednesday, April 1, 2015

കണ്ണാടി / ശാലിനി ദേവാനന്ദ്


ജീവിതത്തിനുനേരെ പിടിച്ച
കണ്ണാടി
സത്യങ്ങളൊക്കെ മറച്ചു വെയ്ക്കാന്‍
പഠിപ്പിച്ച കണ്ണാടി
നോക്കുന്നതൊക്കെ സത്യമാണെന്ന്
തോന്നിപ്പിച്ച കണ്ണാടി
പകര്‍ന്നതൊക്കെ അഴിച്ചു തരാന്‍
മനസ്സില്ലാത്ത കണ്ണാടി
ദുര്‍മുഖങ്ങളൊക്കെ തിളക്കി-
ക്കാണിച്ച കണ്ണാടി
അതെറിഞ്ഞുടച്ച് ഞാനെന്‍റെ
ജീവിതം തല്ലിപ്പൊട്ടിച്ച്
ആഴക്കുളത്തിലേക്ക്
നോക്കിയിരുന്നു പോയി.
--------------------------------