Tuesday, April 21, 2015

അങ്ങനെ, നമ്മെ വേർപിരിച്ച ശേഷം ദൈവം സ്വസ്ഥമായിരുന്നു !! / ദേവസേന


കാലിലെ നഖം വെട്ടി തരാമെന്നും
ഉമ്മ വെയ്ക്കാമെന്നും പറഞ്ഞ്
നമ്മൾ ട്രെയിൻ കയറുകയാണു
ബസു കയറുകയാണു
ഓട്ടോ കയറുകയാണു

എന്തുമാത്രം വൃത്തികെട്ട നാടാണു നിന്റേത്
ഒരുമ്മ വെയ്ക്കാൻ എത്രമാത്രം പണമാണു ചിലവാക്കേണ്ടത്
എത്ര സമയമാണു പാഴാക്കേണ്ടത്
എത്ര ഊർജ്ജ്മാണു വിയർത്ത് കളയേണ്ടത്
എങ്കിലും സാരമില്ല,
വിരലുകൾ തമ്മിൽ കോർത്തിരിക്കുന്നതിനു
ആരും നമ്മുക്കെതിരെ കേസെടുക്കില്ലല്ലോ

വഴിനീളെ  കാഴ്ച്ചകളോട് കാഴ്ചകളായിരുന്നു
കാഴ്ചകൾ നമ്മളെ വിഴുങ്ങിക്കളയുന്നു

എത്ര കാലങ്ങൾക്ക് ശേഷമാണു  കാണുന്നത്
എത്ര ജന്മങ്ങൾക്ക് ശേഷമാണു  വിരലുകൾ കോർക്കുന്നത്?
കണ്ടിട്ടധികമായെന്നു വെച്ചിങ്ങനെ  ക്ഷീണിക്കണോ?

നിന്റെ കണ്ണുകളിൽ പഴയ കാന്തി പൊയ്പോയിരുന്നു
മുഖമാകെ കരിനീലിച്ചിരിക്കുന്നു
മുടിയിലെണ്ണമയം വറ്റിയിരിക്കുന്നു
ചിരി പ്രാകൃതമായിരിക്കുന്നു
എന്തിനാണിങ്ങനെ നിശ്ചലമായിരിക്കുന്നത്?
നിന്നെ ഞാൻ ദത്തെടുത്തോട്ടെ?
അല്ലെങ്കിൽ വിലക്കെടുക്കട്ടെ?
പറയൂ
എത്രയാണു നിന്റെ വില ?
ആർക്കാണപേക്ഷ കൊടുക്കേണ്ടത്?
മരിച്ചു പോയ നിന്റെ അപ്പന്റെയും അമ്മയുടെയും ആത്മാക്കൾക്കോ?
അടിക്കടി നിന്നെ ഉപേക്ഷിക്കുന്ന ബന്ധുക്കൾക്കോ?
എവിടെയാണു  അപേക്ഷ പോസ്റ്റ് ചെയ്യേണ്ടത്?

ദുശീലങ്ങൾ ചിലതങ്ങനെ തന്നെയുണ്ടെന്നത് എനിക്കിഷ്ടമായി
എന്നെക്കാണാൻ പണ്ടു വന്നിരുന്നതു പോലെ
തലേന്നേ വന്ന്,
ചുറ്റുവട്ടത്തിലെവിടെയെങ്കിലുമുള്ള തമ്പടിക്കൽ!
മാറിപ്പോയി നിന്നുള്ള പുക വലിക്കൽ !

വഴിനീളെ പള്ളികളും ക്ഷേത്രങ്ങളും നിരന്നു നിൽക്കുന്നു
ഇത്രമാത്രം ഭക്തന്മാരുള്ള നാടാണോ നിൻടേത്
പള്ളികളും ക്ഷേത്രങ്ങളും കണ്ട് നീ  നെറുകയിൽ കൈ ചേർക്കുന്നു
മുസ്ലിം പള്ളികളെ നീ കണ്ടില്ലെന്ന് നടിക്കുന്നതെന്താണു?

ഗലീലിയിലെ കാനാ-യിൽ നിന്ന് കിട്ടിയ
ഒരു കുപ്പി വീഞ്ഞ്
നിനക്കു വേണ്ടി കരുതി വെച്ചതാണു
സർവ്വരുടേയും  കണ്ണു വെട്ടിച്ച്
രണ്ടു കൊല്ലം ഞാനെങ്ങനെ ഒളിപ്പിച്ചുവെന്ന് നീ ചോദിക്കാഞ്ഞതിൽ
എനിക്കീർഷ്യ തോന്നി
'നീ എന്നോടിതുവരെ ചെയ്തതിൽ വെച്ചേറ്റവും
പ്രിയപ്പെട്ട പ്രവർത്തി'യെന്നു മാത്രം ഒരു പറച്ചിൽ പറഞ്ഞ്
നീ അട്ടഹാസച്ചിരി ചിരിച്ചു.
അതങ്ങനെ മടു-മടെ കുടിച്ചതെനിക്കിഷ്ടമായില്ല
ഒരു തുള്ളി തരട്ടേ – യെന്ന്
നീ ചോദിച്ചതുമില്ല

ഉമ്മ വെയ്ക്കാൻ നീ കണ്ടെത്തിയിടം എനിക്കിഷ്ടമേ ആയില്ല
മുറിക്ക് കുറച്ചുകൂടെ തണുപ്പുണ്ടായിരുന്നെങ്കിലെന്ന്
ശരീരം എന്നോടു പരാതി പറഞ്ഞു കൊണ്ടിരുന്നു
നിന്നെ സ്നേഹിക്കുകയെന്നാൽ
ഭൂമിയിലെ നിർദ്ധനന്മാരുടെ രാജാവിനെ സ്നേഹിക്കുന്നതു പോലെയാണു
എന്നു വെച്ച് ഒരു സമ്പനനെ സ്നേഹിക്കാനും തോന്നിയിട്ടില്ല
അതിനാൽ ഈ വില കുറഞ്ഞ മുറിയെ
നമ്മുടെ സ്നേഹങ്ങൾ കൊണ്ടലങ്കരിക്കുന്നു
ചുവരുകൾക്ക് അന്തിവെയിലിന്റെ ചായമടിക്കുന്നു

ഉമ്മ വെയ്ക്കുമ്പോഴൊക്കെ,
നിന്റെ ഉമ്മകൾക്ക് വല്ലാതെ പക്വതയെന്ന്
എനിക്കു സങ്കടം വന്നുകൊണ്ടിരുന്നു
ചേർത്തു പൊതിഞ്ഞുപിടിക്കുമ്പോഴൊക്കെ
അങ്ങനെ നിന്ന് ശിലയായെങ്കിലെന്ന് പ്രാർത്ഥിച്ചു.
താളിതേച്ചു തരുമ്പോൾ,
നീയെന്റെ അമ്മയാണന്നു തോന്നി
അത്രമാത്രം അരുമയായിട്ട് !
തീപിടിച്ച വെയിലിൽ അലയുമ്പോൾ
തണുത്ത ഓറഞ്ചടർത്തി തരുമ്പോൾ
നീയെന്റെ അനിയാണെന്നു തോന്നി
അത്ര ഓമനത്വം !
ഭക്ഷണത്തിനിരിക്കുമ്പോൾ
ഇറച്ചി മാർദവപരുവത്തിലാക്കിത്തരുമ്പോൾ
എന്റെ അപ്പനാണെന്നു തോന്നി
അത്ര ആർദ്രമായിട്ട് !

കല്യാണം കഴിക്കട്ടെയെന്ന്
നീ ചോദിക്കുമ്പോൾ
ഞാനുള്ളിൽ ഉറക്കെ കരഞ്ഞത്
നീയറിഞ്ഞു പോലുമില്ല
ഒരു കല്യാണം കൊണ്ട് നമ്മുടെ സ്നേഹം വഷളാകുമെന്ന്
ഭയന്നു പോയി !

പിരിയുന്നതിനു തൊട്ടു മുന്നേ
വാതിൽപാളികൾക്ക് പിന്നിൽ
ഇനിയെന്നു കാണുമെന്നറിയാതെ
എന്നെങ്കിലും കാണുമോയെന്നുപോലുമറിയാതെ
അമർത്തി ചേർത്ത് നിമിഷങ്ങൾ ! നിമിഷങ്ങൾ !!
എന്നെത്തെയുമെന്ന പോലെ
എല്ലാം പിന്നീട്, പിന്നീടെ-ന്ന് പറഞ്ഞ് പിരിയുകയാണു
സ്നേഹിച്ചുതീരാതെയുള്ള പിരിയലാണു !
അതെ !
പിരിയുകയാണു നമ്മൾ !!
എന്റെ ദൈവമേ!  എന്റെ ദൈവമേ!
ഞങ്ങൾ പിരിയുകയാണു !!

      ** ശുഭം **

No comments:

Post a Comment