അങ്ങനെയോരോന്നോരോന്നോര്‍ത്തുകൊണ്ടിരിക്കുമ്പോള്‍
പിന്നെയും പാളീ ചിന്ത കാലധര്‍മ്മത്തിന്‍ നേരേ.
ഉദിച്ചസ്തമിക്കയുമസ്തമിച്ചുദിക്കയും
വിധിച്ചവണ്ണം ചെയ്തുപോരുന്നു തേജസ്സുകള്‍.
ഗുണിച്ചും ഹരിച്ചുമീ നിത്യജീവനലീല
ഗണിക്കാന്‍ കഴിയാതെ പിന്മടങ്ങുന്നൂ ബോധം.
ഇരുട്ടു മുഴങ്ങുന്ന വിസ്മൃതി ഭേദിക്കുവാന്‍
കരുത്തില്ലാത്തൊരിച്ഛാരശ്മിതന്‍ പ്രതിദ്ധ്വനി
കുടിച്ചുമയങ്ങുന്ന ചിത്തഭൂമികള്‍ പോലും
തുടച്ചുനീക്കുന്നതും കാലത്തിന്‍ ശുചിധര്‍മ്മം.
അരവിന്ദനും കാക്കനാടനും വിജയനും
ഭരതന്‍ , പവിത്രനും വിക്ടര്‍ലീനസ്സും ജോണും
കരുണാകരന്‍ , പിന്നെട്ടീയാറും കടമ്മനും
നരേന്ദ്രപ്രസാദുമയ്യപ്പനും മുരളിയും.....
എത്രയെത്രപേരുണ്ടാമങ്ങനെ കുറേക്കാലം
മിത്രബന്ധത്താലെന്റെ ജീവനില്‍ കലര്‍ന്നവര്‍.
കത്തുന്ന മഹാനഗരങ്ങളെ പിന്നില്‍ത്തള്ളി
കത്തുന്ന മഹാസംസ്കാരങ്ങളെപ്പിന്നില്‍ത്തള്ളി
മറ്റൊരു തീരം പൂകാന്‍ ആവിവന്‍തോണിയേറി
മദ്ധ്യധരണ്യാഴിതാണ്ടാന്‍ ശ്രമിച്ച മഹാജനം.
അബ്ധിമദ്ധ്യത്തില്‍ക്കഷ്ടമവരെ മുക്കിക്കൊന്നു
തൃപ്തമായിടും കാലധര്‍മ്മമേ മഹാധര്‍മ്മം !
--------------------------------------------
നന്ദി ഗീതാരവിശങ്കർ
ReplyDelete