Wednesday, April 22, 2015

ങും / സച്ചിദാനന്ദന്‍


എന്‍റെ ഉടല്‍
താഴ്ത്തിക്കെട്ടിയ
എന്‍റെ പതാക.
എന്‍റെ വെള്ളം
നാളെയുടെ പുഴയില്‍നിന്ന്
എന്‍റെ അപ്പം
കാറ്റിന്‍റെ അടുക്കളയില്‍ നിന്ന്
എന്‍റെ തലച്ചോറില്‍
ഭാവി പറയുന്ന തത്തപോലെ
ഒരു പച്ച വെടിയുണ്ട.

എന്‍റെ പേര്
എന്‍റെ പ്രാക്തനഭാഷയുടെ
അന്ത്യാക്ഷരം
എല്ലാ കടംകഥയുടെയും ഉത്തരം,
എല്ലാ പഴമൊഴിയുടെയും പൊരുള്‍
എല്ലാ മന്ത്രത്തിന്‍റെയും ദേവത
എല്ലാ വെളിപാടിന്‍റെയും കാതല്‍ .
എന്‍റെ പ്രാണന്‍ നിത്യവും
എന്നെ വിട്ടുപോകുന്നു.
നിത്യവും തിരിച്ചുവരുന്നു,
വേട്ടക്കാരെ അതിജീവിച്ച്
കാട്ടുമഴയുടെ മണവുമായി
കൂട്ടില്‍ തിരിച്ചെത്തുന്ന
പക്ഷിയെപ്പോലെ.
വന്നുപോയവരുടെ
ചൂടും ചൂരും മാത്രം ബാക്കിയായ
ഒഴിഞ്ഞ ചായക്കടയിലെ
ഒഴിഞ്ഞ ബെഞ്ചുപോലെ പ്രാര്‍ത്ഥനകളും
അഭിവാദ്യങ്ങളുമൊഴിഞ്ഞ രാത്രി
ഞാന്‍ ഒറ്റയ്ക്കു കിടക്കുന്നു
മുകളില്‍ ഒറ്റയ്ക്കൊരു നക്ഷത്രവും.
നാട്ടിടവഴിയില്‍ കണ്ടു മറന്ന
പേരറിയാപ്പൂവുപോലെ
പ്രണയം ഞാന്‍ മറന്നുപോയി;
വറ്റിയ മഴച്ചാറ്റലില്‍
കുതിര്‍ന്നടിഞ്ഞ കടലാസ് തോണിപോലെ
കുട്ടിക്കാലം മണലിലാണ്ടു.
എന്‍റെ കവിതകള്‍
ശരത്കാലത്തെ
ഒടുക്കത്തെ പഴുക്കിലകള്‍ .
വെടിയൊച്ചകളുടെ പ്രതിധ്വനിയില്‍
ആവിയായിപ്പോയ എന്‍റെ ഉണ്ണികള്‍
നരകസേനയ്ക്കു മുകളില്‍
ചോരമാഴയായിപ്പെയ്യും.
അതുകാണാന്‍ ഞാനുണ്ടാവില്ല ,
എന്‍റെ പ്രതീക്ഷ ഉണ്ടാവും:
കുഴലിലൂടെ പോഷകം
വേണ്ടിവരാത്ത മലമുകളിലെ ഒരു വാക്ക്
ബൂട്ടുകള്‍ക്കു ചവിട്ടിമെതിക്കാനാകാത്ത
കാട്ടില്‍പിറന്ന ഒരു കവിത
ബയനറ്റുകളിലും
ചോരപോടിയാത്ത
ഉരുക്കിന്‍റെ അക്ഷരമാല
വയലറ്റു നിറമുള്ള
ഒരു ചെമ്പരത്തി:
എന്‍റെ ഒരു നാളും
വാടാത്ത
മണിപ്പുരി ഹൃദയം.
-----------------------------

No comments:

Post a Comment