Friday, July 31, 2015

കളി / വിഷ്ണു പ്രസാദ്


ഒളിച്ചുകളിയില്‍ നീജയിച്ചിരിക്കുന്നു.
മടുപ്പിന്റെ പൂപ്പല്‍ പിടിച്ച്
ഞാനിതാ ദ്രവിക്കുന്നു...
കൂട്ടുകാരാ നിന്റെ ഒളിയിടം
എവിടെയാണ്?
ഏത് കാട്ടില്‍ ,ഏത് ഗുഹയില്‍
ഏത് മലയില്‍ , ഏത് മരപ്പൊത്തില്‍ ...
ഉള്ളില്‍ തളര്‍ച്ചയുടെ
ഒരു ചൂളയ്ക്ക് തീ പിടിക്കുന്നു...
നീ തന്ന വിളക്കും വടിയുമൊന്നും
നിന്നെ കണ്ടെത്താന്‍
എനിക്ക് പ്രയോജനപ്പെട്ടില്ല.
കളിയില്‍ ഞാന്‍ തോറ്റിരിക്കുന്നു.
ഇറങ്ങി വരൂ...
നീയിവിടെ ഉണ്ടെന്ന്
ഒരടയാളമെങ്കിലും തരൂ...
ഓരോ കിളിയൊച്ചയും നിന്റെ
വാക്കെന്നു കരുതി
ഓരോ പൂക്കാ‍ഴ്ച്ചയും നിന്റെ
മുഖമെന്നു കരുതി
ഞാന്‍ ഓടി വന്നു...
ഏത് പച്ചിലകളുടെ മറവില്‍
നീയിപ്പോഴും എന്നെ നോക്കി
ചിരിക്കുന്നു...
കൂട്ടുകാരാ,കളിസമയം കഴിഞ്ഞു.
എല്ലാ കളികളിലും തോറ്റ
നിന്റെ ചങ്ങാതി വിളിക്കുന്നു
വരൂ നമുക്കൊരുമിച്ച് തിരിച്ചു പോകാം.

---------------------------------------

കഴുമരത്തിലേക്കു പോകുന്നവന്‍റെ ആത്മഗതം / സച്ചിദാനന്ദന്‍



കഴുമരത്തിലേക്കു നടക്കുന്ന
എന്നെ നോക്കൂ
സ്വപ്നങ്ങളൊഴിഞ്ഞ എന്‍റെ ശിരസ്സ്
ആഗ്രഹമൊഴിഞ്ഞ ഉടലിൽ നിന്നു വേര്‍പെടാൻ
പത്തുനിമിഷം.
ഞാൻ കൊന്നവന്‍റെ രക്തം
എന്റെ സ്നേഹത്തിനായി നിലവിളിക്കുന്നതു
കേട്ടതാണ് ഞാൻ:
അവന്‍റെ കുടുംബത്തോടും കൂട്ടുകാരോടും
എനിക്കു മാപ്പിരക്കണമായിരുന്നു
ആ മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ച്
എനിക്കു കരയണമായിരുന്നു.
മണ്ണിലുരുണ്ട് എല്ലാ ജീവന്റേയും ഉടമയായ
ഭൂമിയോട് ക്ഷമ യാചിക്കണമായിരുന്നു.
എന്നിട്ടെനിക്കു മടങ്ങണമായിരുന്നു
പാതി കടിച്ചുവെച്ച പഴത്തിലേക്കും
പാതി പാടിയ പാട്ടിലേക്കും
പാതി പണിത വീട്ടിലേക്കും
പാതി വായിച്ച പുസ്തകത്തിലേക്കും
പാതി സ്നേഹിച്ച സ്നേഹത്തിലേക്കും
പാതി ജീവിച്ച ജീവിതത്തിലേക്കും.
പുഴ കടന്ന് പൂരം കൂടണമായിരുന്നു,
കുന്നു കടന്ന് പെരുന്നാൾ,
തിരക്കേറിയ ബസ്സിൽ കയറി
പട്ടണത്തിലേക്ക് പോവണമായിരുന്നു,
ഞാൻ വന്നു എന്ന് കൂട്ടുകാരോട് പറയാൻ.
മകൾ തന്റേടിയായ സ്ത്രീയാകുന്നതു കാണണമായിരുന്നു
മകൻ കരയാനറിയുന്ന പുരുഷന്‍ ആകുന്നതും.
കുളിരിലും കണ്ണീരിലും
ഇണയ്ക്കു തുണയാകണമായിരുന്നു.
ഇലകളേക്കാൾ പൂക്കളുള്ള
വേനലിലെ വാകമരംപോലെ
എനിക്ക് ഓർമ്മകളേക്കാൾ സ്വപ്നങ്ങളുണ്ടായിരുന്നു,
ഇന്നലെയേക്കാൾ വെളിച്ചമുള്ള ഒരു നാളെ.
കഥ പറഞ്ഞു മരണം നീട്ടിവയ്ക്കാൻ
ഞാനൊരു ഷെഹരസാദേ അല്ല.
കഥകളുടെ വൃക്ഷം ഇലകൊഴിഞ്ഞു കഴുമരമായി.
അവരെന്നോടു ചോദിച്ചു
അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് .
പുല്ലിലിരുന്നു ചെവി ഉയര്‍ത്തുന്ന ഒരു
മുയലാകണമെന്ന്,
മാവിൽ ചിലയ്ക്കുന്ന അണ്ണാനാകണമെന്ന്
മഴവില്ലിന്‍റെ കിളിയും തലമുറകളുടെ പുഴയും
പൂക്കാലത്തിന്റെ കാറ്റുമാകണമെന്ന്
ഞാൻ പറഞ്ഞില്ല.
അവർ നല്‍കിയ മധുരത്തിന്
മരണത്തിന്‍റെ ചവര്‍പ്പായിരുന്നു
കഴുമരത്തെ അതിജീവിക്കുന്ന
പൂച്ചയുടെ കണ്ണുകളുള്ള, കടും ചവര്‍പ്പ്.
നിയമനിർമ്മാതാക്കളേ പറയൂ,
പറയൂ വിധി കർത്താക്കളേ,
പശ്ചാത്താപംപോലും അസാദ്ധ്യമാക്കുന്ന
ഈ വിധിന്യായത്തിൽ
നിങ്ങൾ പശ്ചാത്തപിക്കുന്നില്ലേ?
കൊലപാതകത്തിന്‍റെചൂടൻ യുക്തിയിൽ നിന്ന്
തൂക്കിക്കൊലയുടെ തണുത്ത യുക്തിയിലേക്ക്
എത്ര ദൂരമുണ്ട്?
ചോദ്യങ്ങൾ ഭൂമിയുടെ പച്ചയിൽവിട്ട്
ഞാൻ പോകുന്നു ,
അപരാധികളും നിരപരാധികളും
രക്തസാക്ഷികളും ഏറെ നടന്നുപോയ
ചോര മൂടിയ ഇതേ വഴിയിലൂടെ,
നാളെയെങ്കിലും ഒരാള്‍ക്കും ഈ വഴി
വരേണ്ടാതിരിക്കട്ടെ
നാളെ
ഉണ്ടാകട്ടെ.
-------------------------------------

Monday, July 27, 2015

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത് / ബൈജു മണിയങ്കാല


നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു

ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
പോയ പച്ചിലകൾ

കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ

നടക്കാനിരിക്കുന്നത്
തെരുവുകളെ;
മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്

ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ

വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ

മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്‌
മരങ്ങളുടെ പേര് മതി

അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ  ആവശ്യമേ ഇല്ല

ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്

നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു  കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി


വികസനം  അതിന്
നല്ലൊരു  മറയാണ്!
------------------------------------

വീഴ്ചച്ചൂര് / വിഷ്ണു പ്രസാദ്


എത്ര വീണിരിക്കുന്നു...!
കാല്‍മുട്ടിലെ തോല് എത്ര തവണ പോയിരിക്കുന്നു!
മണ്ണിലേക്ക് മറിഞ്ഞു വീഴുന്നത്
ഇന്നിപ്പോള്‍ ഓര്‍ക്കാന്‍ ഒരു സുഖം,
കുറച്ചു നാള്‍ കൊണ്ടു നടക്കുന്ന നീറ്റലും
വീണ ഉടനെ പൊട്ടുന്ന ആ
കരച്ചിലും ചോരയുമല്ല ,
മണ്ണിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന
ഏതാനും നിമിഷങ്ങള്‍
മൂക്കിലേക്ക് അടിച്ചു കയറുന്ന
മണ്ണിന്റെ ഒരു മണമുണ്ട്;
ഓരോ വീഴ്ച്ചയിലും
തിരിച്ചു വരുന്ന ജീവന്റെ മണം.
അതു തന്നെയാണ്
ഇന്നലെ വീണപ്പോഴും ഉണ്ടായത്.
മണ്ണ് ചോരയെ തൊടുന്ന മണം.
വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ഇന്നലെ ചെറുതായൊന്നു വീണത്.
ഓര്‍മിച്ചിട്ടില്ല,അതേവരെ
മുന്‍‌കാല വീഴ്ച്ചകള്‍ ...
തോലു പൊട്ടുക പോലുമുണ്ടായില്ല.
എങ്കിലും വീഴ്ച്ചകളുടെ ചൂര് തിരിച്ചു വന്നു ,
ഒരു ഞൊടിയിട കൊണ്ട്.
ലോകമാവട്ടെ ,
ഈ വീഴ്ച്ചയ്ക്കാണ് കാത്തു നിന്നതെന്ന മട്ടില്‍
ചിരിച്ചു മറിഞ്ഞു.
ഇത്ര നാളും ഞാന്‍ വീഴാഞ്ഞതു കൊണ്ടാവാം
ലോകം ഇതേ വരെ വിഷമിച്ചു നിന്നത്...
-------------------------------------------------

Sunday, July 26, 2015

ഓട്ടോഗ്രാഫ് / വീരാന്‍കുട്ടി


താളുകള്‍ മറിച്ചുമറിച്ച്
ചില്ലുകള്‍ക്കിടയില്‍ത്തന്നെ
ഉറങ്ങിയ കാറ്റേ
നിനക്കുള്ളത്
വെയില്‍
സ്വര്‍ണ്ണത്താല്‍
ഏതിലയില്‍
എഴുതിവച്ചിരിക്കുന്നു? 

-------------------------

Saturday, July 25, 2015

പോസ്റ്റുമോര്‍ട്ടത്തില്‍ കാണാത്തത് / ചിഞ്ചു റോസ


വയസ്സ് -14
ലിംഗം -പെണ്ണ്
നാലടി
നാല്പത് കിലോ
സ്വപ്നങ്ങളുടെ ഭാരമായിരിയ്ക്കാം
കണ്ണുകളില്‍ നനഞ്ഞ പ്രതീക്ഷകള്‍
നീല നിറത്തിലുള്ള ശ്വാസകോശങ്ങള്‍

പൊള്ളിയ പാടുകള്‍ പെന്‍സിലുകളെ ഓര്‍മിപ്പിച്ചു
കല്ല്‌ പെന്‍സിലുകള്‍, കളര്‍ പെന്‍സിലുകള്‍,
ചോക്ക്‌ പെന്‍സിലുകള്‍ പലവിധം.
ഹൃദയത്തിന്‍റെ സ്ഥാനത്തു
ഒരുകുഞ്ഞു പെട്ടി,
നിറയെ വളപ്പൊട്ടുകളും തീപ്പെട്ടി പടങ്ങളും,
ഒരുതുണ്ട് മയില്‍പീലിയും അടച്ചു വെച്ച പെട്ടി.
തലച്ചോറിന്റെ ഉള്ളില്‍
പിഞ്ഞി പഴകിയ പുസ്തകം
അതിനും ഉള്ളില്‍
വാസന സോപ്പിന്റെ കൂട് ഭദ്രമായി.
അവളൊരു കുഞ്ഞു പെണ്‍കുട്ടി
ഗര്‍ഭപാത്രത്തിനുള്ളില്‍
തുണിപ്പാവകളെ കൊഞ്ചിച്ചു
മതിയാവാത്ത ഒരമ്മ പെണ്ണ്.
കാണാത്ത കാര്യങ്ങളുടെ
കണ്‍കെട്ടോടെവായന അവസാനിപ്പിക്കുന്നു .
--------------------------------------------------

Thursday, July 23, 2015

പരിചയം / ഇസബെൽ ഫ്ലോറ


സ്ത്രീത്വം അക്ഷരങ്ങളെ
പരിചയപ്പെടാന്‍
അനുവദിക്കരുത്
അവള്‍ അക്ഷരങ്ങളെ
പ്രണയിക്കും ,
കാമുകിയായി പരിണയിക്കും
അമ്മയായ് മുലയൂട്ടും
വീട്ടുകാരിയെന്നപോലെ
അക്ഷരങ്ങളെ വൃത്തിയായി
സൂക്ഷിക്കും
ആഹാരമെന്ന വണ്ണം പാകപ്പെടുത്തും .
അക്ഷരങ്ങള്‍
സ്ത്രീത്വത്തെ അഭിമുഖീകരിക്കാന്‍
ഇടനല്‍കരുത്;
മുദ്ര വയ്ക്കപ്പെട്ട തടവറകള്‍ തുറന്ന്
യുദ്ധത്തടവുകാരുടെ മുറിവുകളായി
കാലത്തിന്‍റെ കണ്ണിലവ
വേദന വിരിയിക്കും
ആത്മാവില്‍
പൂക്കള്‍ കരിഞ്ഞ മണം പരത്തും
അക്ഷരങ്ങള്‍
രോഗാതുരമാണെന്ന്
പറയുന്നവരോട് ഒരേയൊരു തിരുത്ത്‌ ,
സ്ത്രീത്വമൊരു പകര്‍ച്ചവ്യാധിയാണ്
അടുത്തുനില്‍ക്കുന്ന
അക്ഷരങ്ങളിലേക്ക്
അവളില്‍ നിന്ന്
സൌന്ദര്യമോ ,സ്നേഹമോ
പ്രണയമോ ,ആത്മവിശ്വാസമോ
ആന്തരികശക്തിയോ ആത്മാര്‍ത്ഥതയോ
പടര്‍ന്നു പിടിച്ചേക്കാം.
അവളിലക്ഷരങ്ങള്‍
ജ്വലിക്കുകയോ
അക്ഷരങ്ങളിലവള്‍
ജ്വലിക്കുകയോ
ചെയ്യുന്നത് വരെ മാത്രമേ
ഭൂമിയിലേകാധിപത്യങ്ങള്‍
ഭാവം മാറി വരികയുള്ളൂ ..
അതിനാല്‍
സ്ത്രീത്വം അക്ഷരങ്ങളെ
പരിചയപ്പെടാന്‍
അനുവദിക്കരുത് ....!!
-----------------------------------------

നാമാവശേഷം / റഫീക്ക് അഹമ്മദ്


ഉണ്ടായിരുന്നു പണ്ടെന്‍റെ നാട്ടില്‍
പുലികേശവന്‍,പയറുമണിവേലായുധന്‍
മൈനക്കുഞ്ഞാമിന,കുറുക്കനവറാന്‍.

സസ്യപ്പെടുകയോ മൃഗപ്പെടുകയോ
ചെയ്‌ത മനുഷ്യര്‍.
പിന്നെയുണ്ടായിരുന്നു
മണിയെന്നൊരാട്‌,കുട്ടിശ്ശങ്കരനാന,
ടോമി എന്ന നായ.
മനുഷ്യപ്പെട്ട മൃഗങ്ങള്‍.
പിന്നെയുമുണ്ടായിരുന്നു
നെടുവരമ്പത്തമ്മ,പാലമൂട്ടില്‍ മുത്തപ്പന്‍
കല്ലറയ്‌ക്കല്‍ ഉപ്പാപ്പ,മുളങ്കാവ്‌ കരിങ്കുട്ടി
മനുഷ്യപ്പെടേണ്ടിവന്ന
ദൈവങ്ങളും പിശാചുക്കളും.
എല്ലാമോര്‍ത്ത് ഊറിച്ചിരിക്കും
സൈബര്‍ സന്തോഷ്‌ പോളും
സെല്ലുലാര്‍ രമ്യാ കെ വാര്യരും .
------------------------------------

Tuesday, July 21, 2015

പണ്ട് താമസിച്ച വീട് / റീമ അജോയ്‌

പണ്ട് താമസിച്ച
വീട്ടിലിപ്പോള്‍ മുറികളെല്ലാം
സ്ഥാനം തെറ്റി കിടക്കുന്നു,

ഊണ് മുറിയില്‍
കട്ടിലിന്റെ
ഞെരക്കം കേള്‍ക്കുന്നു,
കിടപ്പ് മുറിയില്‍
വറുത്ത മീന്‍ മണം ഒഴുകുന്നു
കുളിമുറി കോണില്‍
വിറകൂത്തുകുഴലിന്റെ
പാട്ടൊഴുകുന്നു,
അത് കേട്ടു ഇരിപ്പുമുറി
കരിപ്പിടിച്ചുറങ്ങുന്നു,
കയറിയിറങ്ങിയ
മാവും, ചാമ്പയും, പേരയും
മണ്ണിനടിയില്‍ നിന്നെന്റെ
പേര് പറഞ്ഞു കരയുന്നു,
മുന്‍ഭാഗത്തെ പഞ്ചാരമരത്തിന്‍റെ
തുഞ്ചത്തിരുന്നു കൂട്ടുകാരി
പഴം പൊട്ടിച്ച് തിന്നുന്നു
കേറിവായെന്ന് കൈ കാണിക്കുന്നു,
മതിലിനപ്പുറം
ചൂളമടികള്‍ പെരുകുന്നു,
അമ്മ നട്ട ബോഗണ്‍ വില്ല
ആകാശത്തേക്ക്
കണ്ണുയര്‍ത്തി നില്ക്കുന്നു,
ക്രിസ്മസിന്
അപ്പനുണ്ടാക്കിയ പുല്‍ക്കൂട്
പ്പെടുന്നനെ മുന്നില്‍ ഉയര്‍ന്നു വരുന്നു ,
അവിടെയുയര്‍ന്ന കെട്ടിടത്തിന്റെ
മുകളില്‍ എന്നെയും തോളിലെന്തി
എന്റെ വീട് തൊണ്ട പൊട്ടി കൂവുന്നു,
പണ്ട് താമസിച്ച വീട്ടിലിപ്പോള്‍
മുറികള്‍ക്കൊപ്പം ഞാനും
സ്ഥാനം തെറ്റി കിടക്കുന്നു.
-------------------------------------------

Saturday, July 18, 2015

പ്രണയവസന്തം / ആലങ്കോട് ലീലാകൃഷ്ണന്‍


ആരൊരാള്‍,കദംബങ്ങള്‍
പൂക്കാത്ത ഹൃദന്തത്തില്‍
പാഴ്മുളം തണ്ടാലൊരു
ഗാനസാമ്രാജ്യം തീര്‍ത്തു!
പൂത്തുലഞ്ഞുപോയ് ചുറ്റും
വസന്തം പൊടുന്നനെ.
നീയൊരാള്‍.,ഋതുക്കള്‍ക്കും
മീതേ,രാഗിണിയായി.
ആരുനി,ന്നീറന്‍കാറ്റി-
ലീറനായുലയുന്ന
വാര്‍മുടിക്കെട്ടില്‍ രാഗ-
മുല്ല തന്‍ പൂ ചൂടിച്ചു!
മാറിലെ നിമ്നോന്നത-
ഭംഗിയില്‍ കുളിരിന്‍റെ
മാല്യമായ് നഖക്ഷത-
പ്പാടുകള്‍ സമ്മാനിച്ചു!
അറിയുന്നു ഞാനെല്ലാം
രാധികേ യുഗാന്തര-
രാഗസങ്കല്പത്തിലെ
നായികേ,ജന്മങ്ങളാ-
യെത്രയോ സ്വപ്നങ്ങളില്‍
നിന്നോടൊത്തുണ്ടല്ലോ ഞാന്‍.
നീ തന്നെ ഞാനാണല്ലോ
പ്രണയം പുഷ്പിക്കുമ്പോള്‍.
--------------------------------

Tuesday, July 14, 2015

കുരുതി / ഹണി ഭാസ്കരൻ


ഇരുട്ടിൽ ഉറങ്ങുകയും
ഇരുട്ടിൽ ഉണരുകയും ചെയ്യുന്ന
ജീവിതത്തിന്റെ നിറങ്ങൾ
കൂട്ടിത്തുന്നുന്ന
മുഷിഞ്ഞ വഴികൾ....

വെന്തു തൂവുന്ന വെയിലോ
ഉറഞ്ഞടരും മഞ്ഞോ
അവരെ പൊതിയുന്നത്
അവരറിയുന്നേയില്ല.
പാർക്കുകളിലോ
മൈതാനങ്ങളിലോ
പുണർന്നു ചായുന്ന
മെയ് ത്തളർച്ചയോ
നോട്ടങ്ങളുടെ വൃത്തത്തിനു നടുവിലെ
ഗോതമ്പ് നിറമുള്ള ഉടലാട്ടമോ
മാംസം ഉരുകുന്ന
ബാർബിക്യൂ പന്തലുകളോ
കാണുന്നേയില്ല.
എങ്കിലും
കൊടികൾ തല തിരിഞ്ഞു പാറുന്നതും
പ്രാർത്ഥനകൾ തെറ്റി ഉരുവിടുന്നതും
നിയമങ്ങൾ പിഴച്ചു പെറുന്നതും
കറുത്ത കുതിരകൾ
ചുവന്ന തീരങ്ങളിൽ
ചിനച്ചുകൊണ്ടോടുന്നതും
അവർ കാണുന്നുണ്ട്.
ഓരോ കുളമ്പു മൂർച്ചയും
തറച്ചു പായുന്നത്
തിരസ്ക്കരിക്കപ്പെട്ടവരുടെ
നിലവിളികളുടെ മീതെ കൂടിയെന്ന്
അവരെ ഓർമ്മപ്പെടുത്തുന്നുണ്ട്.
തിരസ്കാരമൊരു
കുരുതിയാണ്.
-------------------------------------

Tuesday, July 7, 2015

ഉള്ളാൾ / ജയദേവ് നയനാർ


കാറ്റു നോറ്റിരിക്കാനുള്ള
ഒരു പുൽനാമ്പിന്റെ.
കടൽ തിളപ്പിക്കാനുള്ള
ഒരു തുള്ളി നീലയുടെ.
ഭുമിയായിപ്പൂക്കാനുള്ള
ഒരു മണ്ണാങ്കട്ടയുടെ.
ഒരു തിടുക്കമാകാനുള്ള നിന്റെ.
വേരറ്റുപോകാനുള്ള എന്റെ.
ഇരുട്ടു കൊളുത്താനുള്ള നമ്മുടെ.
കളിപ്പാട്ടങ്ങളഴിച്ചു നോക്കുമ്പോഴാണ്
അതെന്തിനെയോ
ഭാവിച്ചു കാണിക്കുന്നതായി
ഉള്ളാൽ കൊണ്ടുപോകുന്നത്.
പോസ്റ്റ്മോർട്ടത്തിനുശേഷം
അകത്തെല്ലാം വലിച്ചുവാരിയിട്ട്
തുന്നിക്കെട്ടിയതിനെ
ഉടലെന്ന് ഉടലെന്ന്
അവകാശപ്പെടുന്നതുപോലെ.

--------------------------------------

സ്വപ്നങ്ങളുടെ വീട് / ഇസബെൽ ഫ്ലോറ


നരച്ച മഞ്ഞിന്‍ കുന്നിറങ്ങി
തണുത്ത കാറ്റിന്‍റെ കരള്‍ തേടി
ചിലമ്പിച്ച കലമാന്‍ കുഞ്ഞ്‌
ചോദിക്കുന്നു സ്വപ്നങ്ങള്‍ക്ക് വീടുണ്ടോ ?

ആകാശം ചായിച്ചൊരു വനദേവത
ചുവന്ന സൂര്യനെ കടലില്‍
കുടഞ്ഞു മൊഴിയുന്നു
വിതയ്ക്കുന്നവന്റെ സ്വപ്നങ്ങള്‍
മണ്ണു തിന്നുന്നു
മുക്കുവന്റെ സ്വപ്നങ്ങള്‍
ആഴത്തിലൊഴുകി നടക്കുന്നു
ആമയുടെ സ്വപ്നങ്ങള്‍
പൂഴിമണ്ണില്‍ പുതഞ്ഞു കിടക്കുന്നു
കിളികളുടെ സ്വപ്നങ്ങള്‍
ശിഖര ങ്ങളില്‍ ചൂട് കാത്തു കഴിയുന്നു
ചന്ദ്രനുദിക്കാത്ത രാവുകളില്‍
കപ്പല്‍ കൊള്ളക്കാരുടെ സ്വപ്നങ്ങളുണരുന്നു
മഴയും വെയിലും ഒരു വില്ലില്‍
സ്വപ്നങ്ങള്‍ മെനയുന്നു
മണ്ണു തിന്ന സ്വപ്നങ്ങള്‍
ഭൂമിക്കു പുതപ്പാകുന്നു
ചൂടുകാത്ത സ്വപ്നങ്ങള്‍
ആകാശ ത്തിന്‍റെ ഒച്ചയാകുന്നു
കലമാന്‍ ഒരു നിമിഷം
കൊണ്ടുവളര്‍ന്നു
അമ്പിളി ക്കലയില്‍
ചേക്കേറുന്നു .....
ആരും കാണാതെ സ്വപ്നങ്ങള്‍ക്കൊരു
കൂടു പണിയുന്നു .
-----------------------------------------

Monday, July 6, 2015

ജീവനുള്ള വൃക്ഷങ്ങള്‍ / ഇസബെൽ ഫ്ലോറ


വിശുദ്ധ ഗ്രന്ഥങ്ങള്‍
ജീവനുള്ള വൃക്ഷങ്ങള്‍ തന്നെ !!
ഞാനെത്രയോ തവണ
അതിന്‍റെ കൊമ്പുകളില്‍
ആത്മഹത്യ ചെയ്തിരിക്കുന്നു !!
ഒരിറ്റു ദാഹജലം തേടി
വേരുകളിലൂടെ ആഴങ്ങളില്‍ പതിച്ചു
അഴുകി പോയിരിക്കുന്നു !!
പ്രിയമുള്ളവരെ അതിന്‍റെ തണലില്‍
ഉപേക്ഷിച്ചു പിന്‍ വാങ്ങിയിരിക്കുന്നു !!
തായ്ത്തടിയില്‍ ആണികള്‍ തറച്ചു
എന്നിലെ ബാധകളെ
കുടിയിരുത്തുന്നു !!!
മുറിവുകളില്‍ ഇലച്ചാറിറ്റിച്ചു
ഉണങ്ങിയതായി സ്വയം പറഞ്ഞു
മനോഹരമായി നടന്നുപോയിരിക്കുന്നു !!
ഒരു തൊട്ടില്‍ ,കട്ടില്‍ ,കസേര
അത്താഴം വിളമ്പിയ മേശ
ഊന്നുവടി, കടക്കരുതാത്ത വാതില്‍പ്പടി
ഞാനെത്ര വട്ടം നിന്നില്‍ കുരുക്കിയിട്ടു!!
ചുരണ്ടിമാറ്റാന്‍ കഴിയാത്ത വണ്ണം
ജീവന്‍റെ വൃക്ഷമേ നിന്നില്‍
പതിഞ്ഞുപോയൊരു പായല്‍ പുറ്റാണുഞാന്‍ !!
----------------------------------------------------

Sunday, July 5, 2015

തോണിയില്‍ / തിരുനല്ലൂര്‍ കരുണാകരന്‍



നീലനീലമാം കായലില്‍ നീന്താന്‍
ചേല മാനത്തഴിച്ചിടുന്നന്തി;
പൂഴിമണ്ണിനെപ്പുല്‍കിക്കളിക്കും
പൂന്തിരകള്‍മേലുണ്ടൊരു വഞ്ചി.

മന്ദമന്ദമത്തോണിയിലപ്പോള്‍
വന്നിരുന്നൊരു പൂവിളംമെയ്യാള്‍.
ദൂരെയക്കരെപ്പോകണം;തോണി-
ക്കാരനി;ല്ലവളാകുലയായി.

ആത്തകൌതുകമോമലെക്കാണാന്‍
കാത്തിരുന്നതുപോലവനെത്തി
തോണിയിലയാള്‍ കേറാനൊരുങ്ങി;
നാണമാര്‍ന്നവള്‍ പെട്ടെന്നിറങ്ങി.
------------------------------------ 

നിനക്ക് മുന്‍പും പിന്‍പും / ഇസബെൽ ഫ്ലോറ


നിനക്കു മുൻപ്‌
ശൂന്യതയുടെ കൂടാരമായിരുന്നിവിടം
നിനക്കു ശേഷംഎന്നൊന്നില്ല.
ജനാലച്ചില്ലിലലയ്ക്കുന്ന
നീ നനഞ്ഞു വന്ന മഴ
കനത്തു നില്‍ക്കുന്ന
ഉള്ളില്‍ വഹിക്കുന്ന കാട്

അവയില്‍ നിന്നു തല നീട്ടുന്ന
നീല ശംഖ്പുഷ്പങ്ങള്‍ ,
വെളുത്ത കോളാമ്പിപ്പൂവുകള്‍ ,
വിള്ളലുകള്‍ നിറഞ്ഞ
ഭിത്തിയിലെ പേരറിയാ
പൂവുകളുടെ
തേന്‍ കുടിക്കാനെത്തുന്ന
ചിത്ര ശലഭങ്ങള്‍
നീ പറയുന്ന കഥകള്‍ കേട്ട്
മേശമേല്‍ രാത്രി തോറും
ഞാന്‍ പകര്‍ന്നു വയ്ക്കുന്ന
വിഷക്കുപ്പി മറിച്ചിടുന്ന
ചെറുകുരുവികള്‍
നാം തെളിച്ച
ചില്ലുവിളക്കില്‍
ചിറകുതല്ലുന്ന പ്രാണികള്‍ ,
ഇനിയിവിടെ ശൂന്യതയ്ക്കിടം നല്‍കുന്നേയില്ല
----------------------------------------------------

ഒറ്റ ഫ്രെയിമില്‍ ഒരു ജീവിതം വരയ്ക്കുമ്പോള്‍ / ഇസബെൽ ഫ്ലോറ


ഒരു ജീവിതം
ഒറ്റ ഫ്രെയിമില്‍
വരയ്ക്കുമ്പോള്‍
ഒറ്റയാനെ വരയ്ക്കണം

ആഴ്ന്നു പോകുന്ന വേരുകളോ
ഉയര്‍ന്നു പിരിയുന്ന
ശാഖകളോയില്ലാതെ
നിലത്തുറയ്ക്കാത്ത
ചലനങ്ങളോടെ
യാത്രകള്‍ക്ക്
വായുരൂപത്തിലടയാളംകൊടുക്കണം
അവയുടെ വേഗത
ആരുമറിയാതെ പോകട്ടെ
മഴയോ വേനലോ
വരച്ചെടുക്കാന്‍
നിന്റെയോ അവന്റെയോ
കരള്‍ കീറി
ചായമെടുക്കണം
കരയുന്നവരെയല്ല
കാണുന്നവരുടെ കണ്ണില്‍
പൊടിക്കാറ്റു നിറയ്ക്കുന്നവരെ
വാക്കുകളില്ലാതെ എഴുതി നിറയ്ക്കുക
ഒടുവില്‍ പ്രത്യാശയുടെ
അവസാന ഇല വരയ്ക്കുക
ശുഭം എന്നെഴുതാതെ പോവുക ...!!!
-------------------------------------------

എനിക്കറിയാവുന്ന ചില വഴികള്‍ / ഇസബെൽ ഫ്ലോറ


എനിക്ക് നിശ്ചയമുള്ള
ചില വഴികളുണ്ട്
കിണറ്റിന്‍ കരയില്‍
കുടങ്ങള്‍ക്കൊപ്പം നിറയുന്ന
തച്ചനും ഞാനും
തമ്മിലുള്ള വര്‍ത്തമാനങ്ങള്‍
മുറ്റത്ത്
തൈച്ചെടി നടുമ്പോളെന്നിലേക്കു വളരുന്ന
ആത്മജ്ഞാനത്തിന്‍റെ ബോധിത്തണല്‍
പുഴക്കരയില്‍
തുണി നനയ്ക്കുന്ന താളത്തിനൊപ്പമിളകുന്ന
നര്‍ത്തന മുദ്രകള്‍
അഹംഭാവത്തിനു മുകളിലേല്‍ക്കുന്ന
പാദമര്‍ദ്ദനങ്ങള്‍ ..!!
മൈലാഞ്ചിയിലയരയ്ക്കുമ്പോള്‍
നഖങ്ങളില്‍ പറ്റിച്ചേരുന്ന
നിസ്ക്കാരനിറത്തിന്‍റെ കടുപ്പം
ജോവാന്‍ ഓഫ് ആര്‍ക്കിന്റെ
യുദ്ധമുഖത്തെക്കോടി പോകുന്ന
അടുക്കള നേരങ്ങള്‍
കൂടെയുള്ളവരുടെ ഹ്രസ്വദൂരയാത്രകളുടെ
വെളിച്ചം മങ്ങാതിരിക്കുവാന്‍
ഞാനും എന്‍റെയാഴമുള്ള വഴികളും
തമ്മില്‍
പരിചയമില്ലെന്ന് നടിക്കുകയാണ്
സരസ്വതീനദി പോലെയുള്ളിലേക്ക്
മാത്രമായൊഴുകുകയാണ്...!!
----------------------------------------------

Saturday, July 4, 2015

കാഞ്ചന സന്ധി / ഉമാ രാജീവ്


മരത്തിലോ മണ്ണിലോ പടുത്താല്‍
മണത്താലോ എന്നു ഭയന്നാണോ
രാമാ നീയെന്നെ കാഞ്ചനത്തില്‍ തീര്‍ത്തത്?

മരത്തിലോ മണ്ണിലോ പടുത്താല്‍
മുളച്ചാലോ എന്നു ഭയന്നാണോ
രാമാ നീയെന്നെ കാഞ്ചനത്തില്‍ തീര്‍ത്തത്

അമ്പുകള്‍ തൊടുക്കുമ്പോളേക്കും
വില്ലൊടിയുന്നതുകൊണ്ടാണോ രാമ
അമ്പ്  തൊടുത്ത ഈ വില്ലിനെ
പിന്നെ നീ സ്വര്‍ണ്ണത്തില്‍ പടുത്തത്?

പെണ്ണുടലായുരുകാഞ്ഞിട്ടാണോ
നീയെന്നെ പൊന്നില്‍ പടുത്തത്?
ഞാന്‍ പോയ ആഴങ്ങളില്‍നിന്നുതന്നെയൊ
നീയിതിന്നയിര് ഖനിച്ചത്?

----------------------------------------

കഴിഞ്ഞ് / അനിത തമ്പി


എരിഞ്ഞു തീർന്ന
സിഗരറ്റിന്റെ തുണ്ടുകൾ
വളർന്ന്
ചുണ്ടിൽ ചേർന്ന്
തീ ചോദിക്കും
കൊഴിഞ്ഞ മുടിയിഴകൾ
തിരികെച്ചേർന്ന്
എണ്ണ മിനുങ്ങും പിന്നിലായി
പൂ  ചോദിക്കും
ഞരമ്പുകളിൽ നിന്നു കലിച്ച്
അഴുക്കെന്നപോലെ പടരുന്ന രാത്രിയിൽ
സ്വപ്‌നങ്ങൾ
അടുത്തടുത്ത്
വെള്ളം ദാഹിച്ച് കിടക്കും
തീ കണ്ടുപിടിച്ചിട്ടില്ലാത്ത നാട്ടിലെ
പൂക്കൾ ഉണ്ടായിട്ടേയില്ലാത്ത
പൂഴിപ്പരപ്പിൽ
തീയെന്ന്  നിനക്കും
പൂവെന്ന് എനിക്കും
വിചാരിക്കാനുള്ള
ചുവപ്പിന്റെ ഒരു തരിക്കു വേണ്ടി
വെളുക്കുവോളം നമ്മൾ
പരതിക്കൊണ്ടേയിരിക്കും .
-----------------------------------

Friday, July 3, 2015

മന്ത് / കണിമോള്‍


മന്ത് വേണം, വെറും കാലില്‍
രണ്ടിലേതില്‍-അതേ ചോദ്യം!
മന്തുവേട്ടക്കാര്‍ വരുമ്പോള്‍
മന്തുകൂടാതിരുന്നൂടാ.

ഏതുകാലില്‍ മന്ത് വേണം?
ഏതു വേണം -ഇടം? വലം?
കാലുരണ്ടേ തനിക്കുള്ളൂ,
ആയതൊന്നില്‍ നിജം വേണം.

നാടുനീളെ പെരുമന്തന്‍-
കാല്‍വലിച്ചു നടക്കുന്നോര്‍,
നൂറുജന്മകൃതംപോലെ
ഗോപുരങ്ങള്‍ വലിക്കുന്നോര്‍,
ആന, തേര്, കൊടിമരം
കാടിളക്കി നടക്കുന്നോര്‍,
ആനകേറാമല നോക്കി
ആണി നൊന്ത് വിളിക്കുന്നോര്‍.

ഏതുവേണം -ഇടം? വലം?
ചോപ്പ്? ചോപ്പാവാത്തതെല്ലാം?
ഏതു -തൂക്കുകയര്‍? തോക്ക്?
കൊല, വഞ്ചന -ഇതില്‍ ഒന്ന്?
ഏതു - വാഴ്ത്തല്‍? പെരും വീഴ്ത്തല്‍?
ഏതു -സദ്യ, ഉപവാസം?
ഏതു -ദേവി? പിശാചിനി?
ഭാര്യ? തെരുവിന്‍ കാമുകി?

ഏ -തൊരുത്തരമനിവാര്യം
നേരമില്ലാ -വെറും ചോദ്യം.

മന്ത് വേണ്ടാ, വെറും കാലില്‍
സഞ്ചരിക്കണമെന്നൊരാള്‍
എന്തുകൊണ്ടോ അവന്‍ ഒറ്റ
രണ്ടുപക്ഷം; നടുക്കായോന്‍.

-----------------------------------

Thursday, July 2, 2015

മുഖം / ഗീത തോട്ടം


കാണാൻ തരക്കേടില്ലാത്ത ഒരു മുഖം
എനിക്കുണ്ടായിരുന്നു
പൊട്ടണിയിച്ചും മഷിയെഴുതിയും
ചായം പുരട്ടിയും
ഞാനതിനെ
കൂടുതൽ സുന്ദരമാക്കി വച്ചിരുന്നു.
വിവാഹം കഴിഞ്ഞ പിറ്റേന്ന്
എന്റെ കാന്തൻ
തേനിൽ കുഴച്ചു മൊഴിഞ്ഞു
" പ്രിയേ നിനക്കിനിയെന്തിനു
സ്വന്തമായൊരു മുഖം!
നമുക്കു രണ്ടാൾക്കും കൂടി ഒന്നു പോരേ
വേണ്ടപ്പോഴൊക്കെ എന്റേതെടുക്കാമല്ലൊ "
എന്റെ ഉള്ളൊന്നു കാളി.
എങ്കിലും നല്ലൊരു ഭാര്യയാവേണ്ടേ ?
കുടുംബിനിയും.
പിന്നീട്‌ മുഖമില്ലാത്ത എനിക്ക്‌
എപ്പഴോ
ഒരു മകൾ പിറന്നു.
പൊട്ടണിയിച്ചും മഷിയെഴുതിയും
ചായം പുരട്ടിയും
ഞാനവളെ കൂടുതൽ സുന്ദരമാക്കി.
അവൾ വളർന്നു.
" അമ്മയ്ക്കെന്തിനാ വേറിട്ടൊരു ശബ്ദം?
ഞാനില്ലേ, അഛനില്ലേ
വേണ്ടപ്പോഴൊക്കെ ഞങ്ങൾ പറയുന്നുണ്ടല്ലൊ."
പൊള്ളിപ്പോയി എനിക്ക്‌
എങ്കിലും നല്ല അമ്മയാകേണ്ടേ?
കാലം പോകെ
ഒരു തുലാവർഷത്തിന്റെ ഇടികുടുക്കത്തിൽ
മിന്നലിന്റെ ജാലവിദ്യയിൽ
മുരിക്കുമരത്തിന്റെ ചുവട്ടിൽ
ആടു തീറ്റി നിന്ന എനിക്ക്‌
ബോധോദയമുണ്ടായി.
സങ്കടത്തിന്റെ സുതാര്യമായ
പോളിത്തീൻ കവറിൽ പൊതിഞ്ഞ്‌
കുഴിച്ചു മൂടിയ മുഖവും സ്വരപേടകവും
ഒഴുകിമാറിയ മണ്ണിൽ കിടന്ന്
എന്നെ നോക്കി ചിരിച്ചു.
ഇറയത്തോടിക്കയറിയ എന്നെ കണ്ട്‌
ഭർത്താവ്‌ ചോദിച്ചു
ആരാണു നീ?
ഞാൻ മുഖമുയർത്തി നോക്കി.
മകൾ അലറി
ആരാണു നിങ്ങൾ?
ഞാൻ നെഞ്ചു പൊട്ടി വിളിച്ചു
മകളേ...
കണ്ണുപൊത്തി, ചെവി പൊത്തി
അവർ അകത്തേക്കോടി.
വാതിലുകളും ജനാലകളും കൊട്ടിയടഞ്ഞു.
കോരിച്ചൊരിയുന്ന മഴയത്ത്‌
മുഖം ഉയർത്തിപ്പിടിച്ച്‌
ഉറക്കെ സംസാരിച്ച്‌
ഞാൻ നടന്നുകൊണ്ടേയിരുന്നു.
----------------------------------------------

Wednesday, July 1, 2015

ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്! /പ്രസന്ന ആര്യന്‍


പൊഴിയുന്ന ഇലകളെ നോക്കി  
ശിശിരമേയെന്ന്  
നിറങ്ങളേയെന്ന്  
ഋതുപ്പകര്‍ച്ചയെ ഓമനിക്കുന്നുണ്ട് നീ. 
പക്ഷേ   അടര്‍ന്ന്  വീഴുമ്പോള്‍  
മരത്തിനുള്ളിലൊരു  
വിത്തുപാകും ഓരോ ഇലയും. 
ദ്രുതഗതിയില്‍    ഋതുഭേദമില്ലാതെ തഴച്ചു വളരുന്ന  
മരിക്കാത്ത ഓര്‍മ്മകളുടെ ഒരു കൊടുങ്കാട് 

***********

പുഴ നേര്‍ത്തു  നേര്‍ത്തു   
ഇല്ലാതാവുന്നത്  അറിയുന്നുണ്ട്. 
ഏതോ ഒരുനിമിഷത്തിലേക്ക്
ഒഴുകിനിറയുന്ന  വെള്ളമെന്ന്
പുഴയെ അളക്കുമ്പോള്‍ 
അളന്നെടുക്കാനിനിയും
അളവുകോല്‍ കണ്ടുപിടിച്ചിട്ടില്ലാത്ത  
മറ്റൊരൊഴുക്ക്  
ഇരുകരയും കവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും!

ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട് 
പേരിടാത്ത മഹാനദികള്‍ 

ഓര്‍‌മ്മകളില്‍ മാത്രമായൊഴുകുന്നതുകൊണ്ട്  
പേരില്ലാത്ത മഹാനദികള്‍!
***********

മീനുകള്‍ ചുണ്ടു കോട്ടി കണ്ണുനീട്ടി പ്രാര്‍‌ത്ഥിക്കുമ്പോള്‍  
ഓര്‍‌ക്കുന്നത് ആരെയാവും... 
ഒരിക്കല്‍ വലയില്‍ കുടുക്കിയേക്കാവുന്ന ഒരാളേയോ   
ചൂണ്ടയില്‍ നിന്നും പുറത്തെടുത്തു
ശ്വാസം തിരികെ കൊടുത്തവനെയോ
ഉടലളന്ന് വരയിട്ട് എരിവും പുളിയും
തേച്ചു പിടിപ്പിക്കുന്നവനെയൊ
വല്ലാത്ത ഇഷ്ടത്തോടെ തിന്നുന്നവനെയൊ...
ഇത്രയും പറഞ്ഞപ്പൊഴാണോര്‍‌ത്തത്നീ പിടിച്ച മീനെവിടെ?

***********

ചങ്ങായിമാരില്‍ കാറ്റിനെയാണെനിക്കിഷ്ടം
എന്തൊരുകരുതലാണതിന്!
നീയും നീയും നീയുമറിയാതെ
നിന്‍റേയും നിന്‍റേയും നിന്‍റേയും
മണം കട്ടെടുത്ത് മുന്നില്‍ വെച്ച്
നിന്നെയും നിന്നെയും നിന്നെയും
മറന്നിട്ടില്ലല്ലോയെന്ന്പരീക്ഷിക്കും...
മറന്നവരെ ഓര്‍മ്മിപ്പിക്കാന്‍
ഓര്‍മ്മകളെ കൂട്ടുവിളിക്കും.

എന്‍റെ മണംകട്ടെടുക്കുന്ന ദിവസം
കയ്യോടെ പിടിക്കും ഞാന്‍....

നീയെന്നെ മറന്നതിനോളം
സങ്കടം തന്നെയാണ്
ഞാനെന്നെ മറന്നെന്നറിയുമ്പോഴും.

************

ചുരത്താന്‍ മുലയില്ലാത്ത  ഭൂമിയെ,
വിരിക്കാന്‍ തണലില്ലാത്ത    മരങ്ങളെ, 
കൊടുക്കാന്‍ ശ്വാസമില്ലാത്ത   പുഴകളെ,  
ചിറകു കത്തിക്കരിഞ്ഞ ആകാശത്തെ  
നമ്മുടെ കുട്ടികളെങ്ങിനെ   
ഓര്‍മ്മകളില്‍ ഓര്‍ത്തെടുക്കും 

***********

ഓര്‍മ്മകളെപ്പറ്റിഎഴുതുമ്പോഴാണ്  
ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്! 

ഒരു കടുകിന്‍റെ പൊട്ടിത്തെറിയില്‍
പല അടുക്കളകളാണ് വാതില്‍ തുറക്കുന്നത്. 

ഗന്ധക മണത്തില്‍ നിന്നും ചിതറിത്തെറിച്ച ഉടലിനെ ഓര്‍ത്തെടുക്കുന്നു നഗരം.  
മുടികരിയുന്ന മണം ഒരു ദുശ്ശകുനം മാത്രമായിരുന്നു അച്ഛന്‍ ചുട്ടുകരിക്കപ്പെട്ട സര്‍ദാര്‍ണിയെ കാണും വരേക്കും.
ഇപ്പോഴതിന്നു നിറയെ പര്യായവാചികള്‍!

സാനിടറി നാപ്കിന്‍റെ പച്ചച്ചോരമണത്തില്‍ ഒര്‍മ്മ വരുന്നത് ഇറച്ചിക്കറിയല്ല.
കാളീഘട്ടിലെ ബലിക്കല്ലിനുചുറ്റും തമ്പടിച്ച ഉളുമ്പുമണമാണ്

കാച്ചെണ്ണ
മുല്ലപ്പൂമണം
മുല്ലപ്പൂമണത്തെപ്പറ്റി പറഞ്ഞപ്പോഴാണ് അതിന്നു സോനാഗച്ചിയിലെ അമ്മന്‍ തെരുവിന്‍റെ മണമാണ്..

************
ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്‍റെ
ഓര്‍മ്മകളിലെവിടെയോ
മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം.
------------------------------------------------------------