Friday, July 31, 2015

കഴുമരത്തിലേക്കു പോകുന്നവന്‍റെ ആത്മഗതം / സച്ചിദാനന്ദന്‍



കഴുമരത്തിലേക്കു നടക്കുന്ന
എന്നെ നോക്കൂ
സ്വപ്നങ്ങളൊഴിഞ്ഞ എന്‍റെ ശിരസ്സ്
ആഗ്രഹമൊഴിഞ്ഞ ഉടലിൽ നിന്നു വേര്‍പെടാൻ
പത്തുനിമിഷം.
ഞാൻ കൊന്നവന്‍റെ രക്തം
എന്റെ സ്നേഹത്തിനായി നിലവിളിക്കുന്നതു
കേട്ടതാണ് ഞാൻ:
അവന്‍റെ കുടുംബത്തോടും കൂട്ടുകാരോടും
എനിക്കു മാപ്പിരക്കണമായിരുന്നു
ആ മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ച്
എനിക്കു കരയണമായിരുന്നു.
മണ്ണിലുരുണ്ട് എല്ലാ ജീവന്റേയും ഉടമയായ
ഭൂമിയോട് ക്ഷമ യാചിക്കണമായിരുന്നു.
എന്നിട്ടെനിക്കു മടങ്ങണമായിരുന്നു
പാതി കടിച്ചുവെച്ച പഴത്തിലേക്കും
പാതി പാടിയ പാട്ടിലേക്കും
പാതി പണിത വീട്ടിലേക്കും
പാതി വായിച്ച പുസ്തകത്തിലേക്കും
പാതി സ്നേഹിച്ച സ്നേഹത്തിലേക്കും
പാതി ജീവിച്ച ജീവിതത്തിലേക്കും.
പുഴ കടന്ന് പൂരം കൂടണമായിരുന്നു,
കുന്നു കടന്ന് പെരുന്നാൾ,
തിരക്കേറിയ ബസ്സിൽ കയറി
പട്ടണത്തിലേക്ക് പോവണമായിരുന്നു,
ഞാൻ വന്നു എന്ന് കൂട്ടുകാരോട് പറയാൻ.
മകൾ തന്റേടിയായ സ്ത്രീയാകുന്നതു കാണണമായിരുന്നു
മകൻ കരയാനറിയുന്ന പുരുഷന്‍ ആകുന്നതും.
കുളിരിലും കണ്ണീരിലും
ഇണയ്ക്കു തുണയാകണമായിരുന്നു.
ഇലകളേക്കാൾ പൂക്കളുള്ള
വേനലിലെ വാകമരംപോലെ
എനിക്ക് ഓർമ്മകളേക്കാൾ സ്വപ്നങ്ങളുണ്ടായിരുന്നു,
ഇന്നലെയേക്കാൾ വെളിച്ചമുള്ള ഒരു നാളെ.
കഥ പറഞ്ഞു മരണം നീട്ടിവയ്ക്കാൻ
ഞാനൊരു ഷെഹരസാദേ അല്ല.
കഥകളുടെ വൃക്ഷം ഇലകൊഴിഞ്ഞു കഴുമരമായി.
അവരെന്നോടു ചോദിച്ചു
അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് .
പുല്ലിലിരുന്നു ചെവി ഉയര്‍ത്തുന്ന ഒരു
മുയലാകണമെന്ന്,
മാവിൽ ചിലയ്ക്കുന്ന അണ്ണാനാകണമെന്ന്
മഴവില്ലിന്‍റെ കിളിയും തലമുറകളുടെ പുഴയും
പൂക്കാലത്തിന്റെ കാറ്റുമാകണമെന്ന്
ഞാൻ പറഞ്ഞില്ല.
അവർ നല്‍കിയ മധുരത്തിന്
മരണത്തിന്‍റെ ചവര്‍പ്പായിരുന്നു
കഴുമരത്തെ അതിജീവിക്കുന്ന
പൂച്ചയുടെ കണ്ണുകളുള്ള, കടും ചവര്‍പ്പ്.
നിയമനിർമ്മാതാക്കളേ പറയൂ,
പറയൂ വിധി കർത്താക്കളേ,
പശ്ചാത്താപംപോലും അസാദ്ധ്യമാക്കുന്ന
ഈ വിധിന്യായത്തിൽ
നിങ്ങൾ പശ്ചാത്തപിക്കുന്നില്ലേ?
കൊലപാതകത്തിന്‍റെചൂടൻ യുക്തിയിൽ നിന്ന്
തൂക്കിക്കൊലയുടെ തണുത്ത യുക്തിയിലേക്ക്
എത്ര ദൂരമുണ്ട്?
ചോദ്യങ്ങൾ ഭൂമിയുടെ പച്ചയിൽവിട്ട്
ഞാൻ പോകുന്നു ,
അപരാധികളും നിരപരാധികളും
രക്തസാക്ഷികളും ഏറെ നടന്നുപോയ
ചോര മൂടിയ ഇതേ വഴിയിലൂടെ,
നാളെയെങ്കിലും ഒരാള്‍ക്കും ഈ വഴി
വരേണ്ടാതിരിക്കട്ടെ
നാളെ
ഉണ്ടാകട്ടെ.
-------------------------------------

No comments:

Post a Comment