ഒളിച്ചുകളിയില്‍ നീജയിച്ചിരിക്കുന്നു.
മടുപ്പിന്റെ പൂപ്പല്‍ പിടിച്ച്
ഞാനിതാ ദ്രവിക്കുന്നു...
കൂട്ടുകാരാ നിന്റെ ഒളിയിടം
എവിടെയാണ്?
ഏത് കാട്ടില്‍ ,ഏത് ഗുഹയില്‍
ഏത് മലയില്‍ , ഏത് മരപ്പൊത്തില്‍ ...
ഉള്ളില്‍ തളര്‍ച്ചയുടെ
ഒരു ചൂളയ്ക്ക് തീ പിടിക്കുന്നു...
നീ തന്ന വിളക്കും വടിയുമൊന്നും
നിന്നെ കണ്ടെത്താന്‍
എനിക്ക് പ്രയോജനപ്പെട്ടില്ല.
കളിയില്‍ ഞാന്‍ തോറ്റിരിക്കുന്നു.
ഇറങ്ങി വരൂ...
നീയിവിടെ ഉണ്ടെന്ന്
ഒരടയാളമെങ്കിലും തരൂ...
ഓരോ കിളിയൊച്ചയും നിന്റെ
വാക്കെന്നു കരുതി
ഓരോ പൂക്കാഴ്ച്ചയും നിന്റെ
മുഖമെന്നു കരുതി
ഞാന്‍ ഓടി വന്നു...
ഏത് പച്ചിലകളുടെ മറവില്‍
നീയിപ്പോഴും എന്നെ നോക്കി
ചിരിക്കുന്നു...
കൂട്ടുകാരാ,കളിസമയം കഴിഞ്ഞു.
എല്ലാ കളികളിലും തോറ്റ
നിന്റെ ചങ്ങാതി വിളിക്കുന്നു
വരൂ നമുക്കൊരുമിച്ച് തിരിച്ചു പോകാം.
---------------------------------------
No comments:
Post a Comment