Thursday, July 23, 2015

പരിചയം / ഇസബെൽ ഫ്ലോറ


സ്ത്രീത്വം അക്ഷരങ്ങളെ
പരിചയപ്പെടാന്‍
അനുവദിക്കരുത്
അവള്‍ അക്ഷരങ്ങളെ
പ്രണയിക്കും ,
കാമുകിയായി പരിണയിക്കും
അമ്മയായ് മുലയൂട്ടും
വീട്ടുകാരിയെന്നപോലെ
അക്ഷരങ്ങളെ വൃത്തിയായി
സൂക്ഷിക്കും
ആഹാരമെന്ന വണ്ണം പാകപ്പെടുത്തും .
അക്ഷരങ്ങള്‍
സ്ത്രീത്വത്തെ അഭിമുഖീകരിക്കാന്‍
ഇടനല്‍കരുത്;
മുദ്ര വയ്ക്കപ്പെട്ട തടവറകള്‍ തുറന്ന്
യുദ്ധത്തടവുകാരുടെ മുറിവുകളായി
കാലത്തിന്‍റെ കണ്ണിലവ
വേദന വിരിയിക്കും
ആത്മാവില്‍
പൂക്കള്‍ കരിഞ്ഞ മണം പരത്തും
അക്ഷരങ്ങള്‍
രോഗാതുരമാണെന്ന്
പറയുന്നവരോട് ഒരേയൊരു തിരുത്ത്‌ ,
സ്ത്രീത്വമൊരു പകര്‍ച്ചവ്യാധിയാണ്
അടുത്തുനില്‍ക്കുന്ന
അക്ഷരങ്ങളിലേക്ക്
അവളില്‍ നിന്ന്
സൌന്ദര്യമോ ,സ്നേഹമോ
പ്രണയമോ ,ആത്മവിശ്വാസമോ
ആന്തരികശക്തിയോ ആത്മാര്‍ത്ഥതയോ
പടര്‍ന്നു പിടിച്ചേക്കാം.
അവളിലക്ഷരങ്ങള്‍
ജ്വലിക്കുകയോ
അക്ഷരങ്ങളിലവള്‍
ജ്വലിക്കുകയോ
ചെയ്യുന്നത് വരെ മാത്രമേ
ഭൂമിയിലേകാധിപത്യങ്ങള്‍
ഭാവം മാറി വരികയുള്ളൂ ..
അതിനാല്‍
സ്ത്രീത്വം അക്ഷരങ്ങളെ
പരിചയപ്പെടാന്‍
അനുവദിക്കരുത് ....!!
-----------------------------------------

2 comments:

  1. സ്ത്രീത്വമൊരു പകര്‍ച്ചവ്യാധിയാണ് എത്ര സുന്ദരമായ കല്പന

    ReplyDelete
  2. എത്ര സുന്ദരമായ കല്പന ..ശരിക്കും ......!!!

    അവളിലക്ഷരങ്ങള്‍
    ജ്വലിക്കുകയോ
    അക്ഷരങ്ങളിലവള്‍
    ജ്വലിക്കുകയോ
    ചെയ്യുന്നത് വരെ മാത്രമേ
    ഭൂമിയിലേകാധിപത്യങ്ങള്‍
    ഭാവം മാറി വരികയുള്ളൂ .. '' ....ഇവളിൽ അക്ഷരങ്ങൾ ജ്വലിക്കുന്നു .!

    ReplyDelete