Thursday, July 2, 2015

മുഖം / ഗീത തോട്ടം


കാണാൻ തരക്കേടില്ലാത്ത ഒരു മുഖം
എനിക്കുണ്ടായിരുന്നു
പൊട്ടണിയിച്ചും മഷിയെഴുതിയും
ചായം പുരട്ടിയും
ഞാനതിനെ
കൂടുതൽ സുന്ദരമാക്കി വച്ചിരുന്നു.
വിവാഹം കഴിഞ്ഞ പിറ്റേന്ന്
എന്റെ കാന്തൻ
തേനിൽ കുഴച്ചു മൊഴിഞ്ഞു
" പ്രിയേ നിനക്കിനിയെന്തിനു
സ്വന്തമായൊരു മുഖം!
നമുക്കു രണ്ടാൾക്കും കൂടി ഒന്നു പോരേ
വേണ്ടപ്പോഴൊക്കെ എന്റേതെടുക്കാമല്ലൊ "
എന്റെ ഉള്ളൊന്നു കാളി.
എങ്കിലും നല്ലൊരു ഭാര്യയാവേണ്ടേ ?
കുടുംബിനിയും.
പിന്നീട്‌ മുഖമില്ലാത്ത എനിക്ക്‌
എപ്പഴോ
ഒരു മകൾ പിറന്നു.
പൊട്ടണിയിച്ചും മഷിയെഴുതിയും
ചായം പുരട്ടിയും
ഞാനവളെ കൂടുതൽ സുന്ദരമാക്കി.
അവൾ വളർന്നു.
" അമ്മയ്ക്കെന്തിനാ വേറിട്ടൊരു ശബ്ദം?
ഞാനില്ലേ, അഛനില്ലേ
വേണ്ടപ്പോഴൊക്കെ ഞങ്ങൾ പറയുന്നുണ്ടല്ലൊ."
പൊള്ളിപ്പോയി എനിക്ക്‌
എങ്കിലും നല്ല അമ്മയാകേണ്ടേ?
കാലം പോകെ
ഒരു തുലാവർഷത്തിന്റെ ഇടികുടുക്കത്തിൽ
മിന്നലിന്റെ ജാലവിദ്യയിൽ
മുരിക്കുമരത്തിന്റെ ചുവട്ടിൽ
ആടു തീറ്റി നിന്ന എനിക്ക്‌
ബോധോദയമുണ്ടായി.
സങ്കടത്തിന്റെ സുതാര്യമായ
പോളിത്തീൻ കവറിൽ പൊതിഞ്ഞ്‌
കുഴിച്ചു മൂടിയ മുഖവും സ്വരപേടകവും
ഒഴുകിമാറിയ മണ്ണിൽ കിടന്ന്
എന്നെ നോക്കി ചിരിച്ചു.
ഇറയത്തോടിക്കയറിയ എന്നെ കണ്ട്‌
ഭർത്താവ്‌ ചോദിച്ചു
ആരാണു നീ?
ഞാൻ മുഖമുയർത്തി നോക്കി.
മകൾ അലറി
ആരാണു നിങ്ങൾ?
ഞാൻ നെഞ്ചു പൊട്ടി വിളിച്ചു
മകളേ...
കണ്ണുപൊത്തി, ചെവി പൊത്തി
അവർ അകത്തേക്കോടി.
വാതിലുകളും ജനാലകളും കൊട്ടിയടഞ്ഞു.
കോരിച്ചൊരിയുന്ന മഴയത്ത്‌
മുഖം ഉയർത്തിപ്പിടിച്ച്‌
ഉറക്കെ സംസാരിച്ച്‌
ഞാൻ നടന്നുകൊണ്ടേയിരുന്നു.
----------------------------------------------

No comments:

Post a Comment