ഉടലലിഞ്ഞൊരു തിര
ഉയിരടര്‍ന്നൊരു കര
പറഞ്ഞവാക്കുകൾ ചേര്‍ന്ന
കടത്തു വഞ്ചി,
അതിൽ
നിലയില്ലാക്കയത്തിലേ-
ക്കതാ പാട്ടും മൂളിവന്നോ-
രരയത്തി തുഴയുന്നു
മുറുക്കിത്തുപ്പി,
അവള്‍
തിടുക്കത്തില്‍ കഴക്കോലാല്‍
കായലോരം കടലോരം
പിറകോട്ടേക്കെറിയുന്നു
തിളച്ച പകൽ
ചോരുകൊട്ട കുടഞ്ഞിട്ട്
ചതുപ്പിലേക്കാഞ്ഞുപൂണ്ട്
വിരിഞ്ഞങ്ങു താണുപോകും
ഉടുമുണ്ടിന്റെ
മടിക്കുത്തില്‍ കരവക്കില്‍
അടിയുന്നു പതുങ്ങുന്നു
കറുപ്പും വെളുപ്പുമായി-
ട്ടടര്‍ന്ന കക്ക
കരേലന്നാ നിലാവത്തു
പുതയും നൂറിനും മേലേ
നിലയില്ലാക്കയത്തിന്റെ
വെളുത്ത ചിരി,
അവള്‍
ഇരു കാലാല്‍ തുഴഞ്ഞിട്ട
മുഴുത്ത തെറി,
പെണ്ണിന്‍
തലതേമ്പി തുളുമ്പിക്കും
കൊടിഞ്ഞിനോവ്
അരിക്കിന്‍ചട്ടിയില്‍ വെള്ളം
അരപ്പാത്രം കവിഞ്ഞപ്പോള്‍
നിലതെറ്റി തളര്‍ന്നോരു
കരിമീന്‍ പെണ്ണ്
അതിൻ
അകംപുറം പുതഞ്ഞോരു
ചെതുമ്പലില്‍ തെളിയുന്നു
വെളുവെളാ തിളങ്ങുന്ന
തിളമീന്‍ കണ്ണ്
അരപ്പിനും പുളിപ്പിനും
എരിയും ചാറിനും മേലേ
രുചിയേറ്റും മുള്ളിനുള്ള
മിനുസക്കുത്ത്
അതുവരെ തുഴഞ്ഞതും
അതുവരെയറിഞ്ഞതും
ചിറപൊട്ടി പരന്നൊരാ
കലക്കവെള്ളം
കമിഴ്ന്നിട്ടും ചരിഞ്ഞിട്ടും
മാനം കാണാന്‍ മലര്‍ന്നിട്ടും
ഒരു കിണ്ണവക്കിനറ്റം
കവിഞ്ഞേയില്ല
കറിയ്ക്കന്നും ചൊടിയൊട്ടും
കുറഞ്ഞേയില്ല
പകലിനെ പുതുക്കുന്ന
വെള്ള വീശിയൊരുക്കുന്ന
വെയിലാട്ടെയിക്കഥകള്‍
അറിഞ്ഞേയില്ല
അവന്‍
തിണ്ടിനറ്റം വന്നുനിന്ന്
തലക്കെട്ടുകുടഞ്ഞൂരി
മുറിബീഡി ഇടംകാതിന്‍-
മടക്കില്‍ തള്ളി,
പിന്നെ
കൂലിവാങ്ങി, കള്ളു വാങ്ങി
കാശു മടിക്കുത്തിലിട്ട്
പുകതിങ്ങും കൂരവാതിൽ
വകഞ്ഞു കേറി
പഴംചോറുരുട്ടി മുക്കി
കറിച്ചട്ടി വടിച്ചിട്ട്
പുറത്തെ തിണ്ണയിൽ നിന്നു
കുലുക്കിത്തുപ്പി,
തന്റെ
പെണ്ണിനൊപ്പം
കിടന്നെന്നൊരുമിനീരൂറ്റി.
അവൾ
വെയിലിലും നിലാവത്തും
ഉദയത്തിന്നുച്ചിയിലും
വലക്കണ്ണി വിടർത്തുന്ന
പണിതുടർന്നു
തന്റെ
ചെറുവഞ്ചി മറിയ്ക്കാതെ
തുഴഞ്ഞു നിന്നു.
No comments:
Post a Comment