ഞാനെത്തുമ്പോൾ
സീതാംഗോളിയും അവിടെയെത്തിയിരുന്നു .
അതെ അക്ഷാംശ ,രേഖാംശങ്ങളിൽ .
ഞാൻ
ഒരു ഓരിയ്ക്ക് പിന്നാലെ പുറപ്പെട്ടതാണ് .
അതിന്റെ അറ്റത്ത് ഒരു നായ് ഉണ്ട് .
നായുടെ യജമാനൻ രാമഭട്ട് ഉണ്ട് .
സീതാംഗോളി
എന്തിനാണ് ഇവിടെയെത്തിയത് ?
വഴിയോരക്കച്ചവടക്കാരൻ
ഒരു സോഡ പൊട്ടിച്ചു.
സീതാംഗോളി അവിടെ ഉറച്ചുവീണു .
അവസാന ഓവർ നേരിടുന്ന ,
ഒരു പന്തിൽ ആറ് റൺസെങ്കിലും എടുക്കേണ്ട
അവസാന കളിക്കാരനെപ്പോലെ .
എനിയ്ക്കത് നോക്കിനിൽക്കാൻ
താൽപര്യമില്ല.
എനിയ്ക്ക് രാമഭട്ടിനെ കാണണം .
അയാളും അനുജന്മാരും
ആത്മഹത്യ ചെയ്യുന്ന ചടങ്ങിൽ
നാളെ പങ്കെടുക്കണം .
വാടകയ്‌ക്കെടുത്ത ഓട്ടോറിക്ഷയിൽ
എനിയ്‌ക്കൊപ്പം
ഓരിയുടെ ഒരറ്റവും കയറി .
കമഴ്ന്ന് കിടന്നു കിടന്ന്
പുറം വേദനിച്ച റോഡ്
പെട്ടെന്ന് മലർന്നു കിടക്കാൻ തുടങ്ങി .
അത് പൂർത്തിയാകുന്നത് നോക്കി
ഓട്ടോ കിടന്നു.
ഒരു കുതിര ഞങ്ങളെ കടന്നുപോയി .
അതിന്റെ പുറത്ത് രാമഭട്ട് ആയിരിക്കുമോ ?
എങ്കിൽ ആത്മഹത്യ ചെയ്യാനിരിയ്ക്കുന്ന
രാമഭട്ടിൽ നിന്ന്
ഇറങ്ങിപ്പുറപ്പെട്ടതാകുമോ ഈ രാമഭട്ട് ?
ഓട്ടോക്കാരൻ പറഞ്ഞു
: " പേടിയ്‌ക്കേണ്ട .
കലണ്ടർ മറച്ചിടാത്ത കാരണം
സീതാംഗോളി ഇന്നലെയിൽ ആണ് ."
സീതാംഗോളി
ഇന്നലെയിൽ ആയ കാരണം
അതിന് കനം കൂടിക്കൂടി വരുന്നു .
രാമഭട്ടിന്റെ അനുജൻ
ചാരായ ഷാപ്പിൽ തന്നെയുണ്ടായിരുന്നു .
ചിരട്ടയിൽ തോരെത്തോരെ കുടിയ്ക്കുന്നുണ്ടായിരുന്നു .
"എൻ്റെ ഉള്ളിൽ ആരോ കരഞ്ഞുകൊണ്ടിരിക്കുന്നു "
അയാൾ പറഞ്ഞു .
"അത് ഞാനല്ല ,ഞാനല്ല ".
ഞാൻ അയാളുടെ നെഞ്ചിൽ
ചെവിയമർത്തി .
ഒരു പെണ്ണ് കരയുന്നത് കേട്ടു.
നായ്ക്കാപ്പിലേക്കുള്ള നീല ബസ്സ്
ഞങ്ങളെ കടന്നുപോയി .
അതിൽ പതിവുപോലെ
എട്ടു മനുഷ്യരും ഒരു ആടും
ഒരു പ്രേതവും ഉണ്ടായിരുന്നു .
വേനൽ ചാറാൻ തുടങ്ങി .
നായ്ക്കാപ്പിൽ നിന്നും ഒഴുകി വരുന്ന ചൂട്
കുഴികളെ നിറയ്ക്കാൻ തുടങ്ങി .
ആഞ്ഞടിക്കാൻ തുനിഞ്ഞ കാറ്റ്
പെട്ടെന്ന് മടുപ്പ് ബാധിച്ച്
കശുമാവിൻ കൊമ്പിൽ
പരുന്തിനെപ്പോലെ ഇരുന്നു .
ഗ്വാളിമുഖയിൽ നിന്നും
രാമഭട്ടിന്റെ മറ്റൊരനുജൻ
ആത്മഹത്യയ്ക്ക് പുറപ്പെട്ടത്
റേഡിയോ അറിയിച്ചു .
ഉച്ച ഇടത്തോട്ട് തിരിഞ്ഞപ്പോൾ
സൂര്യൻ നിഴലുകൊണ്ട്
ഒരു സമചതുരം വരച്ചു .
രാമഭട്ടിന്റെ കുതിര
ഒറ്റയ്ക്ക് തിരിച്ചു വരുന്നു .
കുമ്പളയിൽ വെച്ച്
ആരോ അയാളെ
പൊരിച്ചു തിന്നിട്ടുണ്ടാകണം .
അപ്പോൾ ,
മധുവാഹിനിയിൽ
നാളെ ആര് മുങ്ങി മരിയ്ക്കും ?
എൻ്റെ സാക്ഷ്യം
സീതാംഗോളിയിൽ
മുളിപ്പുല്ലുകളിൽ വീശുന്ന
കാറ്റ് മാത്രമാകുമോ ?
ഓരിയുടെ നീളത്തിൽ
ഒരു സൈക്കിൾക്കാരൻ തടഞ്ഞുവീണു .
അയാളുടെ റേഷനരി
റോഡിൽ ചിതറുന്നത്
അനന്തപുരയിലെ രാക്ഷസനുറുമ്പുകൾ കേട്ടു .
കാലുകൾ പാറയിലുരച്ച്
അവ
പെരുമ്പറ മുഴക്കി .
അരിമണികളുടെ ഭാരം താങ്ങാനാകാതെ
സീതാംഗോളിയുടെ നിലം വിണ്ടു .
മണ്ണിനടിയിൽ നിന്ന്
തിളയ്ക്കുന്ന ഒരു കരച്ചിൽ
പുറത്തുചാടി .
ഭൂമിയ്ക്കുള്ളിൽ
ഏതോ ഒരു സ്ത്രീ
ജീവപര്യന്തം തടവിൽ കഴിയുന്നുണ്ട് .
അവർ തടവു ചാടാതിരിയ്ക്കാനാണ്
സീതാംഗോളി കല്ലുപോലെ
അമർന്നിരിയ്ക്കുന്നത് .
സീതാംഗോളിയുടെ വാരിയെല്ലുകൾ
കമ്പിയഴികൾ പോലെ ബലപ്പെട്ടിരിയ്ക്കുന്നത് .
ആകാശം കുംഭഗോപുരം പോലെ
സീതാംഗോളിയിൽ പറ്റിയിരിയ്ക്കുന്നത് .
"നാളെ
നാളെ
അപ്പോൾ എന്തു സംഭവിയ്ക്കും ?"
ഞാൻ ചോദിച്ചു .
ആടിയാടി വന്ന്
ഒരു കുടിയൻ കാറ്റു പറഞ്ഞു .
" എന്ത് സംഭവിയ്ക്കാൻ ?
ഏത് കഥ ഞെക്കിപ്പിഴിഞ്ഞാലും
ഒരു ചിരഞ്ജീവിയെ കിട്ടും എന്നല്ലാതെ "
അത് കേട്ട്
മനുഷ്യർക്കും വളരെ മുമ്പ്
സീതാംഗോളിയിലെത്തിയ ഒരു കുരങ്ങൻ
ചില്ലയിൽ നിന്ന് ചില്ലയിലേയ്ക്ക്
ഇല്ലാത്ത ഒരു സമുദ്രത്തെ
ശരീരം കൊണ്ട്
താണ്ടി .
.....................................................
സീതാംഗോളി, ഒരു കാസർകോടൻ ഉൾപ്രദേശം . നായ്ക്കാപ്പും കുമ്പളയും അനന്തപുരയും ഒക്കെ അതിന്റെ സമീപ പ്രദേശങ്ങൾ . ഗ്വാളിമുഖ ,കേരളത്തിന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന കർണ്ണാടക ഗ്രാമം .മധുവാഹിനി , കാസർകോട്ടെ ഒരു പുഴ . കാസർകോടൻ കുന്നിൻ പുറങ്ങളിൽ സമൃദ്ധമായി വളരുന്ന ഒന്നാണ് മുളിപ്പുല്ല്
( ഇന്ന് 26/2/2019 ൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് )
No comments:
Post a Comment