Wednesday, February 6, 2019

പായ കഴുകുമ്പോള്‍ / എം എസ് ബനേഷ്

പായ കഴുകി തുവരാനിടുമ്പോള്‍,
കൈതമഞ്ഞച്ചതുരംഗമുറ്റത്ത്
അമ്മ വന്നു മുടി കോതി നില്‍ക്കുന്നു
ഇറ്റുവീഴും ജലകണം പോലെ.

മുറ്റിവീഴുന്നഴയുടെ കീഴിലേ-
‌യ്ക്കായിരം തുള്ളി വേര്‍പ്പും കിതപ്പും.
അമ്മ തേയ്ക്കുന്നൊരെണ്ണപ്പശപ്പ്,
ഈത്ത വാര്‍ന്ന തലയിണച്ചൂട്,
രണ്ടുമൊന്നും അഴുകിയ രൂക്ഷത,
ജന്മദീര്‍ഘ വിഷാദക്കഷായവും.

ശിഷ്ടജന്മം ഞാനും ഇതേ അഴ-
ക്കമ്പിയില്‍ രണ്ടുനാലുദിനങ്ങളില്‍
തൂങ്ങിയാടും പായെന്നുതോന്നീ,
എന്നെ ഞാനൊന്നാഞ്ഞു പിഴിഞ്ഞൂ
എന്റെ ജന്മം കലങ്ങിയ രക്തം
ഊര്‍ന്നുപോകുന്നെറാലിയിലൂടെ,
അസ്ഥി മാത്രം ഉണങ്ങിക്കിടക്കുന്നു
ഞാനതിനെന്റെ പേരും ഇടുന്നു.

പായ മെല്ലെയുണങ്ങാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ കഴിച്ച കുറുക്കിന്റെ ഗന്ധം,
ഞാനൊഴിച്ചൊരിച്ചീച്ചി തന്നാവി,
ഞാന്‍ കരഞ്ഞ കണ്ണീരിന്റെ സ്വേദം.

തോര്‍ന്നുപെയ്യും മരംപോല്‍ ജലംവാര്‍ന്ന
മേഘവാര്‍മുടി കോതിയൊതുക്കി
അമ്മ വന്നെടുത്തീടുകയാണെന്നെ
ഞാന്‍ കഴുകിയ പായയില്‍ നിന്നോ?

        

No comments:

Post a Comment