Monday, February 18, 2019

ഞാൻ, നീ നീ, ഞാനെന്ന്....വീണ്ടും/ചിത്തിര കുസുമൻ

പുലർച്ചെ ,
അവന്റെ സുരക്ഷിതവലയങ്ങളിൽ നിന്ന്
ഒരു മാളത്തിൽ നിന്നെന്നവണ്ണം ഞാൻ പുറത്തുകടക്കുന്നു.
കണ്ണു തിരുമ്മിത്തിരുമ്മി
കണ്ടു മടുത്തു പോയ കാഴ്ചകളെല്ലാം
അവിടുണ്ടെന്ന് ഉറപ്പു വരുത്തുന്നു.
തിരക്കിന്റെ തിരയിലേക്ക്
'ഞാനും' എന്ന് ഒറ്റക്കുതിപ്പിനു ചേരുന്നു.
അവന്റെ യാത്രാവഴികൾ
എന്നെ ഭ്രമിപ്പിക്കുന്നേയില്ല,
അവയ്ക്ക്  അവസാനിക്കാനുള്ള ഒരേയൊരിടമായി
ഞാനെന്നെ സദാ ഒരുക്കിവെച്ചിരിക്കുന്നു.

പകലിന്റെ നിവർത്തിയിട്ട നീളൻ ക്യാൻവാസിൽ
ചലനങ്ങളൊക്കെ വരകളും നിറങ്ങളുമാക്കി
എന്റെ സ്വാതന്ത്ര്യമേ എന്ന് ഞാനൊരു  പട്ടമാകുന്നു
അവൻ സ്വയം എന്റെ ചരടു കൊരുത്തിരിക്കുന്ന വിരലെന്നു കരുതുന്നു
ഞാനോ, നീയെന്റെ ആകാശമാണെന്ന് അവനോടു പറയില്ലെന്നുറപ്പിക്കുന്നു.
അവനെ വിസ്മയിപ്പിക്കാനെന്ന് 
കാണുന്നതൊക്കെയും  കണ്ണിൽ  കുരുക്കിയിടുന്നു.
രണ്ടു പേർ മാത്രം ചായകുടിക്കുന്ന മേശയിൽ
മൂന്നാമത്തെ, ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ എന്റെ കണ്ണുടക്കിക്കിടക്കുന്നു.
എന്റെ ശലഭമേയെന്ന്,
തിരികെ അവനിലേക്കെത്തും വരെ
എന്റെ നെഞ്ചിൽ  ശംഖൊലി കേൾക്കുന്നു.

മടങ്ങും വഴി നീളെ ഞാനൊരു പാട്ടു കേൾക്കുന്നു
തീരക്കാറ്റിൽ മുടിയിഴകൾ പറക്കുമ്പോൾ
പ്രണയം കൊണ്ട് ഉടൽ വിറക്കുന്നു .
താഴേക്കു ചാടല്ലേയെന്ന് നക്ഷത്രങ്ങളെ
നെഞ്ചോടടുക്കിപ്പിടിച്ചിരിക്കുന്ന ആകാശത്തിലേക്ക്
ഒരു പ്രാർത്ഥനയിൽ മുഖമുയർത്തുന്നു .

പ്രാണനേയെന്ന് തണ്ടൊടിഞ്ഞ്  ചായുമ്പോൾ
അവനെനിക്കു മുൻപിൽ താഴിട്ടൊരോടാമ്പലാകുന്നു
അവന്റെയുമ്മകൾ കൊണ്ട് വിശുദ്ധീകരിക്കപ്പെട്ടഎന്റെ കവിളിൽ
ഒരിക്കലുമുണ്ടാവില്ലെന്നറിയുന്നഏതോ പൂവിന്റെ ഗന്ധം തേടുന്നു.
എന്റെ കണ്ണിലെയാടുന്നയൂഞ്ഞാൽ നോക്കി
ഇത്തരം കാഴ്ചകൾ മറ്റാർക്കുമില്ലെന്ന് ,
ഞാൻ കേട്ട പാട്ട് ലോകത്താരും ഇതേ വരെ പാടിയിട്ടില്ലെന്ന്,
എനിക്ക് ചുറ്റും സന്ദേഹിയായി ഇഴഞ്ഞു നടക്കുന്നു,
അവനെയിന്നു  വെറുപ്പ്‌ പുതപ്പിച്ചുറക്കുമെന്ന്
ഞാനെന്നോടു ശപഥം ചെയ്യുന്നു.

പരസ്പരം വിദ്വേഷികളായി ഞങ്ങൾ
കാണികളില്ലാത്തൊരു നാടകത്തിൽ അഭിനയിക്കുന്നു
അപ്പോൾ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന വാക്കുകൾ കൊണ്ട്
ആർക്ക് ആരെ അധികം വേദനിപ്പിക്കാമെന്ന കളി കളിക്കുന്നു
മുനയുള്ള നോട്ടങ്ങൾ കൊണ്ട് പരസ്പരം മുറിപ്പെടുത്തുന്നു.
അതിനിടയിലെപ്പോഴോ നോവിക്കാനെന്നവണ്ണം അവനെന്നെത്തൊടുന്നു,
എന്റെ എന്റെയെന്ന് ഞാൻ ശപഥം മറക്കുന്നു,
അവനൊരു കന്മതിലും ഞാനൊരു മുക്കുറ്റിച്ചെടിയുമാകുന്നു.

പൊടുന്നനെ അവനൊരു പൊത്തോ മാളമോ ആയി രൂപാന്തരപ്പെടുന്നു
ഞാൻ അതിനുള്ളിലേക്ക് എന്റെയുടലിനെ ഒതുക്കിവെക്കുന്നു.

ദൂരെയെങ്ങോ  ഒരു രാത്രിവണ്ടി ഗസൽ മൂളിക്കടന്നുപോകുന്നു.

_______________________________________

No comments:

Post a Comment