Wednesday, February 6, 2019

OCD / അരുൺ പ്രസാദ്

ഡൈവോഴ്സിനു ശേഷവും
എന്നും ഞാനെന്റെ
പഴയ ഭർത്താവിനെ സന്ദർശിക്കും
അതും പാതിരാത്രി
ഒരു മണിക്ക്‌

അടുക്കളത്തോട്ടം വഴി
കയറിച്ചെന്ന്
ഒരു കുഞ്ഞു വടി ഉള്ളിൽ കടത്തി‌
പ്രത്യേക തരത്തിൽ തട്ടിയാൽ
‌തുറക്കും കൊളുത്തും വാതിലും
അത്‌ ഞങ്ങൾക്ക്‌ മാത്രം അറിയാം

ഞാനില്ലാത്തതുകാരണം
വെള്ളമടിച്ച്‌ കിണ്ടിയായി
ബാൽക്കണിയിൽ വാടിത്തുടങ്ങിയ
ജമന്തിച്ചെടിപ്പോലെ
അങ്ങേർ സോഫായിൽ
ബോധം കെട്ട്‌ കിടപ്പുണ്ടാകും
അതും ടാങ്ക്‌ നിറയ്ക്കുന്ന
മോട്ടോറിനേക്കാൾ കൂർക്കം വലിച്ച്‌

ചെന്നയുടൻ കപ്പിൽ
വെള്ളമെടുത്ത്‌
വീടിനുള്ളിലെ
ചെടികളെല്ലാം
നനയ്ക്കും
കാടി വെള്ളം കൊണ്ട്‌ വരുമ്പോൾ
പശുക്കൾ നടത്തുന്ന പരാക്രമം പോലെ
എന്നെക്കണ്ട്‌ ചെടികൾ
കാറ്റിൽ ഇളകിയാടും

പൂവുകൾ പോലെ
അരികുകളുള്ള
ചെടിച്ചട്ടികളും അതിലെ ചെടികളും
ഞാനെന്റെ സ്വന്തം കാശ്‌ കൊടുത്ത്‌
വാങ്ങിയതാണ്‌
കരിഞ്ഞു പോകുന്നത്‌
കാണാൻ നല്ല ദണ്ണമുണ്ട്‌

പിന്നെ അടിച്ചു വാരും
വാക്വം ക്ലീനറുപയോഗിക്കില്ല
പുല്ലു ചൂലായതിനാൽ
ശബ്ദമുണ്ടാകില്ല
ഒരു തവണയല്ല മൂന്നു തവണ
കാരണം എനിക്ക്‌ ഓസിഡി ആണ്‌
ഒബ്സസീവ്‌ കമ്പൽസീവ്‌ ഡിസോർഡർ
ഡോക്ടറുടെ സാക്ഷ്യപത്രമുണ്ട്‌

ഉറങ്ങാനായി കിടക്കയിൽ കിടന്നിട്ടും
നിലത്ത്‌ പൊടി കിടക്കുന്നുണ്ടാകുമോ
വാതിൽ അടച്ചു കാണില്ലേ
പാത്രങ്ങൾ കഴുകിക്കാണില്ലേ
എന്നൊക്കെ ആലോചിച്ച്‌
സഹികെട്ടിട്ടാണ്‌
ഞാനീ വരുന്നത്‌

മൂന്നു വട്ടം അടിച്ചു വാരിക്കഴിഞ്ഞ്‌
ഒരു വട്ടം നിലം തുടയ്ക്കും
അങ്ങേരു നൽകിയ ഏറ്റവും നല്ല
രതിമൂർച്ചയേക്കാൾ വലുതാണെനിക്കീ
ശുചീകരണപ്രക്രിയ

നിങ്ങൾക്ക്‌ മനസിലാകില്ല

പിന്നെ ഞാൻ അടുക്കളയിലോട്ട്‌ ഓടും
മൊത്തം വാരിവലിച്ചിട്ടിരിക്കുകയാകും

അലമാരിയിലുള്ള ചെപ്പുകളിൽ
എനിക്ക്‌ ചില ചിട്ടകളുണ്ട്‌
ആദ്യം ഉപ്പ്‌ പാത്രം
പിന്നെ മല്ലി
പിന്നെ മുളക്‌
പിന്നെ മഞ്ഞൾ
പിന്നെ ജീരകം
പിന്നെ കടുക്‌
പിന്നെ മസാല
താഴെ വെളിച്ചെണ്ണക്കുപ്പി
ഉലുവ
സാമ്പാറ്‌പൊടി എന്നിങ്ങനെയാണത്‌
ഈ ഓർഡർ വിട്ട്‌
ഒരിഞ്ച്‌ പോലും
നീങ്ങാതെ ചെപ്പുകളെ എന്നും
പുന:ക്രമീകരിക്കും ഞാൻ

അലക്കിനും ഭക്ഷണം വയ്ക്കുന്നതിനും
ഒരുത്തി വന്നു പോകുന്നുണ്ട്‌
അവളുടെ പണിയാണിതെല്ലാം
അവൾ കഴുകിയ പാത്രങ്ങളെല്ലാം
ഒരിക്കൽ കൂടി കഴുകി വയ്ക്കും
വിം ബാറിനു പകരം ലിക്വിഡ്‌
ഉപയോഗിക്കണമെന്ന് എത്ര തവണ
പറഞ്ഞു കൊടുക്കണമെന്ന് തോന്നും

ഒരു പേപ്പറിൽ എഴുതി
ഭിത്തിയിലൊട്ടിച്ചു വയ്ക്കും

അവരുടെ അലക്കിന്റെ
ഗുണം കൊണ്ട്‌
കിടക്കവിരികളുടെയും
കർട്ടനുകളുടേയും
അരികുകളെല്ലാം
മഞ്ഞച്ച്‌ കിടപ്പാണ്‌

അതൊക്കെ കഴിഞ്ഞ്‌
ചരിഞ്ഞ പുസ്തകങ്ങൾ
നേരെ വയ്ക്കണം
അതിൽ മടക്കിയ
പേജിനെ നിവർത്തി
ബുക്ക്മാർക്ക്‌ വയ്ക്കണം

അനാവശ്യമായി കത്തുന്ന
ലൈറ്റും ഫാനും ഓഫ്‌ ചെയ്യണം
അങ്ങോർ വലിച്ചെറിഞ്ഞ
ഷൂസ്‌ കൊണ്ട്‌
റാക്കിൽ വയ്ക്കണം
ഗ്യാസ്‌ അടച്ചോന്ന് രണ്ട്‌ വട്ടം
പരിശോധിക്കണം
തുള്ളിത്തുള്ളി വീഴുന്ന
ടാപ്പ്‌ അടയ്ക്കണം
ബാത്ത്‌ റൂമിലെ
താഴെയിരിക്കുന്ന മഗുകൾ
ബക്കറ്റിൽ കൊളുത്തിയിടണം

അങ്ങനെയെല്ലാമെല്ലാം കഴിഞ്ഞ്‌
അങ്ങേരുടെ തലയ്ക്കൽ
തലയണ വച്ചും പുതപ്പിച്ചും കഴിഞ്ഞ്‌
ഒരു മൂന്നുമൂന്നരയ്ക്ക്‌
ഞാൻ തിരികെപോകും
മുറിയിൽ പോയി
സമാധാനമായിട്ട്‌
കണ്ണുകളടയ്ക്കും

പിറ്റേന്ന്
അയാളെഴുന്നേൽക്കും
വീട്‌ വീണ്ടും വാരി വലിച്ചിടും
അഴുക്ക്‌ നിറയ്ക്കും
അടുക്കളയുടെ വാതിൽ
ചാരിയിടും
ഉറക്കം നടിച്ച്‌ കിടക്കും
അവൾ വരുവാൻ കാതോർക്കും.

No comments:

Post a Comment