Thursday, February 21, 2019

നിരുത്തരവാദപരമായ ഒരു ദിവസം / കൂഴൂർ വിത്സൺ

അത്രയും നിരുത്തരവാദപരമായ ദിവസമായിരുന്നു അത്

കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും , ചിലപ്പോൾ ജനിച്ചിട്ടില്ലാത്തതുമായ
ഒരു ചെടിക്ക് പേരും അതിന്റെ പൂവിനു നിറവും
കായ്കൾക്ക് ആകൃതിയും കൊടുത്താൽ
അതെത്ര നന്നായിരിക്കും എന്ന് വിചാരിച്ചിരിക്കേ

കണ്ടോ , ദേ നിങ്ങളാ ചെടിയിൽ തൊട്ടു
ദേ മറ്റയാൾ പൂവിൽ തൊടുന്നു കായ്ക്കൾ മണക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഈ ചെടിയുടെ
വിരിഞ്ഞിട്ടില്ലാത്ത പൂവ് ഹായ് അതവള്‍ക്ക് കൊടുക്കണം
എന്ന് വരെ ഒരാൾ തീരുമാനിച്ചു കഴിഞ്ഞു

ഇല്ലേ, ഇക്കാര്യത്തിലെങ്കിലും നുണ പറയരുത്
കൂടുതൽ കളിച്ചാൽ ഈ ലോകത്തിൽ
എനിക്ക് മാത്രം സൃഷ്ടിക്കാനാവുന്ന ആ ചെടിയെ ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും

സാംങ്ഷനായ ലോൺ വേണ്ടെന്ന്
ബാങ്ക് മാനേജരോട് മുഖത്തടിച്ച് പറയുന്നപോലെ

ഇത് ഒരു നിരുത്തരവാദപരമായ ദിവസമാണല്ലോ

ഇപ്പോഴത്തെ നിങ്ങളെപ്പോലെ
ഇപ്പോളെനിക്കും ഈ ചെടിയെക്കുറിച്ച് ,അതിന്റെ പൂവിനെക്കുറിച്ച്
നിറത്തെക്കുറിച്ച് മണത്തെക്കുറിച്ച് കായ്കളെക്കുറിച്ച്
വിത്താകേണ്ട കുരുക്കളെക്കുറിച്ച്
കൌതുകവും, അത്ഭുതവും ആശ്ചര്യവും അതിലേറെ സങ്കടവുമുണ്ട്

ശ്ശ്... തൊടല്ലെ പൂവിനെ ചെടിയെ കായിനെ
ഇക്കണക്കിനാണെങ്കിൽ ഞാനെന്റെ വഴിക്ക് പോകും

തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണിന്ന്

നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു

ഇല്ലേ നിങ്ങളാ ചെടിക്ക് വെള്ളം കോരാൻ പോയി
വളം വാങ്ങിക്കാൻ പോയി വേലി കെട്ടാൻ പോയി
എന്തിന് കളകളെ നശിപ്പിക്കുന്ന സ്പ്രേ വരെ വാങ്ങിവച്ചു
ഇല്ലേ ?

സത്യമായിട്ടും ഇനി ഞാൻ പറയില്ല
ഇത് അവസാനത്തേതാണ്

ഇന്ന് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ആ ഇതെവിടെ നിന്നും വന്നൂ ഈ പൂമ്പാറ്റകൾ
വരുന്ന വരവ് കണ്ടോ
ഇനിയും ജനിച്ചിട്ടില്ലാത്ത ഒരു ചെടിയുടെ കാറ്റടിച്ചാൽ മതി
വന്നോളും
പൂമ്പാറ്റകളാണത്രെ പൂമ്പാറ്റകൾ

ആ , നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
കണ്ണില്‍ക്കണ്ട കാറ്റിനോടും, കാണാത്ത കാറ്റിനോടുമൊക്കെ
പറഞ്ഞപ്പോൾ സമാധാനമായല്ലോ ?
എനിക്ക് മതിയായി ഞാൻ പോവുകയാണ്

ഇത് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ഇനിയും ഇവിടെ നിന്നാൽ
ഇനിയും ജനിച്ചിട്ടില്ലാത്ത ആ ചെടിയെക്കുറിച്ച് പറഞ്ഞാൽ,
ആ പൂവ് വിരിയിച്ചാൽ കായ്കൾക്ക് തുടം വച്ചാൽ

നിങ്ങൾ വേണമെങ്കിൽ ഓട്ടോ പിടിച്ച് വരും
എന്റെ സ്വപ്നത്തിന്റെ നിറം എന്ന് കവിതയെഴുതും

പല പോസിൽ പടങ്ങളെടുത്ത് ഫേയ്സ്ബുക്കിലിടും
ഈ പൂവ് കൊടുക്കാൻ വേണ്ടി മാത്രം ഒരാളെ പ്രേമിക്കും

(ശ്ശൊ അത് കഴിയുമ്പോൾ അയാൾ ഒറ്റയ്ക്കാവും )
വീണപൂവ് എന്ന കവിത തപ്പിയെടുത്ത് പോസ്റ്റും

ഞാൻ പോകുന്നു എനിക്ക് വെറേ പണിയുണ്ട്
തീര്‍ച്ചയായും ഇത് നിരുത്തരവാദപരമായ ഒരു ദിവസമാണെങ്കിലും

__________________________________________

No comments:

Post a Comment