ഒരു വെറ്റില നൂറു
തേച്ചു നീ തന്നാലുമീ -
ത്തിരുവാതിരരാവു
താംബൂലപ്രിയയല്ലോ.
മഞ്ഞിനാല്‍ ചൂളീടിലും
മധുരം ചിരിക്കുന്നൂ
മന്നിടം,നരചൂഴും
നമ്മുക്കും ചിരിക്കുക !
മാന്വൂവിന്‍ നിശ്വാസമേ -
റ്റോര്‍മ്മകള്‍ മുരളുന്വോള്‍
നാം പൂകുകല്ലീ വീണ്ടും
ജീവിതമധുമാസം !
മുപ്പതുകൊല്ലം മുന്വ്
നീയുമീ മന്ദസ്മിത -
മുഗ്ദധയാം പൊന്നാതിര -
മാതിരിയിരുന്നപ്പോള്‍
ഇതുപോലൊരു രാവില്‍ -
ത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമീ
മുറ്റത്തെ മാവിന്‍ചോട്ടില്‍
ആരുമേ കാണാതിരു -
ന്നുഴിഞ്ഞാലാടീലേ നാം
നൂറു വെറ്റില തിന്ന
പുലരി വരുവോളം ?
ഇന്നുമാ മുതുമാവി -
ന്നോര്‍മ്മയുണ്ടായീ പൂക്കാ,-
നുണ്ണിതന്‍ കളിന്വമൊ -
രൂഞ്ഞാലുമതില്‍ക്കെട്ടീ.
ഉറക്കമായോ നേര്‍ത്തേ -
യുണ്ണിയി ?--ന്നുറങ്ങട്ടേ,
ചിരിച്ചു തുള്ളും ബാല്യം
ചിന്തവിട്ടുറങ്ങട്ടെ.
പൂങ്കിളി കൗമാരത്തി -
ന്നിത്തിരി കാലം വേണം
മാങ്കനികളില്‍നിന്നു
മാന്വൂവിലെത്തിച്ചേരാന്‍.
വീശുമീ നിലാവിന്‍റെ
വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോള്‍
തോന്നുന്നൂ,മുന്നേപ്പോലെ
വന്നിരുന്നാലും നീയീ --
യുഴിഞ്ഞാല്‍പ്പടിയില്‍,ഞാന്‍
മന്ദമായ്ക്കല്ലോലത്തെ --
ത്തെന്നല്‍പോലാട്ടാം നിന്നെ.
ചിരിക്കുന്നുവോ ? കൊള്ളാം,
യൗവനത്തിന്‍റേതായ്,ക --
യ്യിരിപ്പുണ്ടിന്നും നിന --
ക്കാ മനോഹരസ്മിതം !
അങ്ങനെയിരുന്നാലും,
ഈയൂഞ്ഞാല്പടിയിന്മേല്‍ --
ത്തങ്ങിന ചെറുവെളളി --
ത്താലിപോലിരുന്നാലും !
കൃശമെന്‍ കൈകള്‍ക്കു നി --
ന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി
സ്ഥൂലമായ് നീയെങ്കിലും.
നമ്മുടെ മകളിപ്പോള്‍
നല്‍ക്കുടുംബിനിയായി
വന്‍പെഴും നഗരത്തില്‍
വാഴ്കിലും സ്വപ്നം കാണാം
ആതിരപ്പെണ്ണിന്നാടാ ---
നന്വിളിവിളക്കേന്തു --
മായിരംകാല്‍മണ്ഡപ --
മാകുമീ നാട്ടിന്‍പുറം !
ഏറിയ ദുഃഖത്തിലും,
ജീവിതോല്ലാസത്തിന്‍റെ
വേരുറപ്പിവിടേപ്പോല്‍ --
ക്കാണുമോ വേറെങ്ങാനും ?
പാഴ്മഞ്ഞാല്‍ച്ചുളീടിലും,
പഞ്ഞത്താല്‍ വിറയ്ക്കിലും,
പാടുന്നു,കേള്‍പ്പീലേ നീ ?
പാവങ്ങളയല്‍സ്ത്രീകല്‍ ?
പച്ചയും ചുവപ്പുമാം
കണ്ണുമായ്,പോരിന്‍വേട്ട --
പ്പക്ഷിപോലതാ പാറി --
പ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നംപോലെ
പാഞ്ഞുമാഞ്ഞുപോ,മെന്നാല്‍
ത്തിരുവാതിരത്താര ---
ത്തീക്കട്ടയെന്നും മിന്നും,
മാവുകള്‍ പൂക്കും,മാന --
ത്തന്വിളി വികസിക്കും,
മാനുഷര്‍ പരസ്പരം
സ്നേഹിക്കും,വിഹരിക്കും.
ഉയിരിന്‍ കൊലക്കുടു --
ക്കാക്കാവും കയറിനെ --
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം ?
ആലപിക്കുക നീയു --
മതിനാല്‍ മനം നൃത്യ --
ലോലമാക്കുമാഗ്ഗാനം,
'' കല്യാണി കളവാണീ ----''
പണ്ടുനാളെപ്പോലെന്നെ
പ്പുളകംകൊള്ളിച്ചു നിന്‍
കണ്ഠനാളത്തില്‍ സ്വര്‍ണ്ണ --
ക്കന്വികള്‍ തുടിക്കവേ.
മെല്ലവേ നീളും പാട്ടി --
ന്നീരടികള്‍തന്നൂഞ്ഞാല്‍ --
വള്ളിയിലങ്ങോട്ടിങ്ങോ --
ട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവ --
ളല്ല നീയെന്‍ കണ്ണിന്നു
'കണ്വമാമുനിയുടെ
കന്യ 'യാമാരോമലാള്‍,
പൂനിലാവണിമുറ്റ --
മല്ലിതു, ഹിമാചല --
സാനുവിന്‍ മനോഹര---
മാലിനീനദീതീരം,
വ്യോമമല്ലിതു സോമ --
താരകാകീര്‍ണ്ണം,നിന്‍റെ --
യോമനവനജ്യൗത്സ്ന
പൂത്തുനില്‍ക്കുവതല്ലൊ.
നിഴലല്ലിതു നീളെ --
പ്പുള്ളിയായ് മാഞ്ചോട്ടില്‍,നി --
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍
വിശ്രമിക്കുകയത്രേ !
പാടുക,സര്‍വ്വാത്മനാ
ജീവിതത്തിനെ സ്നേഹി --
ച്ചീടുവാന്‍ പഠിച്ചോരീ
നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്‍ത്തുന്വില്‍ --
പ്പൊതിഞ്ഞു സൂക്ഷിക്കുമീ --
യപ്സരോവധു,തീരു --
വാതിര,തിരിക്കവേ
നാളെ നാം നാനാതരം
വേലയെക്കാട്ടും പകല്‍ --
വേളയില്‍ ക്ഷീണി,ച്ചോര്‍മ്മി,--
ച്ചന്തരാ ലജ്ജിക്കുമോ ?
എന്തിന് ? മര്‍ത്ത്യായുസ്സില്‍
സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍ --
അല്ല മാത്രകള്‍ --മാത്രം.
ആയതില്‍ ചിലതിപ്പോ --
ളാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടി --
പ്പാടിനിര്‍ത്തുക,പോകാം.
-------------------------------------