Sunday, February 7, 2016

തെരുവുകളിൽ ഇണ ചേരുന്നവർ / ആര്‍.സംഗീത


നാല് കൈയും
നാല് കാലും
ഒറ്റ ഉടലിന് മേൽ
തുന്നിപ്പിടിപ്പിച്ച
വികാരങ്ങളുടെ
പതിനായിരം ചിറകുമായി
തെരുവിൽ പെയ്തപ്പോൾ
വീടില്ലാത്തവരുടെ
വരണ്ട ഭൂമിക്ക് മേൽ
ആകാശത്തെ
അഴിച്ച് വിട്ടെന്ന്
പറഞ്ഞത് നിങ്ങളാണ്.

നൂറ്റാണ്ടുകളായി
പഴുത്ത് ചീഞ്ഞ
വൃണം
പൊട്ടിയൊഴുകിയ
ചലത്തിന്റെ ദുർഗന്ധത്തെ
മൂക്ക് പൊത്തി
കവിതയെന്നു വിളിച്ചതും
നിങ്ങളാണ്.
മരിച്ചവരുടെ
നഖവും മുടിയും
മാത്രം വളരുന്ന
ദേശത്തിന്
അഴിച്ചെടുക്കാനാവാത്ത
അദൃശ്യ കുരുക്കുകളിൽ
ചോര കട്ടപിടിക്കാത്ത
തെരുവുകളുള്ള നാടിന്
വിപ്ളവമെന്നു പേരിട്ടത്
ഞങ്ങളല്ല, നിങ്ങളാണ്.
വിളഞ്ഞ
ഗോതമ്പ് പാടങ്ങൾക്കു
കുറുകെ
സൈക്കിളോടിക്കുന്ന
സൂര്യന്റെ ചിത്രം
കണ്ണാടിമണ്ണിൽ
പതിപ്പിക്കാൻ തുനിഞ്ഞപ്പോൾ
മണ്ണൊക്കെ
നിങ്ങളുടെത്
മാത്രമാണെന്ന് പറഞ്ഞു,
ഒന്നറിഞ്ഞോളു
വേദനിക്കുന്നവരുടെ ഭൂപടത്തിൽ
മുറിവുകളായി വരഞ്ഞിട്ട
കപ്പൽ ചാലുകളേയുള്ളൂ
ഓർമ്മകളെ
ഉപ്പിലിട്ട് വച്ച
കടൽപ്പച്ചയിൽ
നീറി നീറി വിണ്ടടർന്ന
തുരുത്തുകളേയുള്ളൂ
വിശക്കുന്നിടങ്ങൾ
വേദനിക്കുമെന്നും
വേദനിക്കുന്ന ഇടങ്ങൾക്കും
വിശക്കുമെന്നും
ഉറക്കെ പറഞ്ഞ ഇരുണ്ടകുട്ടിയുടെ
സ്വപ്നത്തിൽ വന്ന
വിയർപ്പു മണമുള്ള
കറുത്ത ക്രിസ്തു
നിങ്ങളുടെയല്ല
ഞങ്ങളുടെയാണ്.
ഒറ്റികൊടുക്കരുത്.
--------------------------------

No comments:

Post a Comment