മര്‍ത്ത്യനെപ്പറ്റിയാണല്ലോ
നിന്റെ പാട്ടുകളെങ്കിലും
അമര്‍ത്ത്യത കടക്കണ്ണാല്‍
നിന്നെയെന്നേ വരിച്ചുപോയ്!
എങ്കിലും നീ മരിച്ചെന്ന
സങ്കടം ബാക്കിനില്‍ക്കവേ
ഉയിര്‍ത്തെഴുന്നേറ്റിടാവൂ
നീയീ നാടിന്റെയോര്‍മ്മയില്‍!
ആരാധകര്‍ നിനക്കായി
സ്മാരകങ്ങളുയര്‍ത്തുവാന്‍
പരസ്പരം മത്സരിക്കാം,
പണം വാരിയെറിഞ്ഞിടാം.
പാര്‍ക്കിലോ പാതയോരത്തോ
കല്ലിലോ നല്ലുരുക്കിലോ
പഞ്ചലോഹത്തിലോ, നിന്റെ
സാരൂപ്യം വാര്‍ത്തുവെച്ചിടാം.
ശിരസ്സില്‍ കാക്ക കാഷ്ഠിക്കാം;
പരസ്യങ്ങള്‍ തെളിഞ്ഞിടാം
പുറത്തും മാറിലും, പിന്നെ-
യൊരുകൈ തച്ചുടച്ചിടാം.
പശിയാം തോഴനോടൊപ്പം
നിശയെത്ര കഴിച്ചു നീ!
എങ്കിലും, നിന്‍ പേരിലുണ്ടാം
സുഖഭോജനശാലകള്‍!
തല ചായ്ക്കാനിടം തേടി
തളര്‍ന്നേറെയലഞ്ഞ നിന്‍
സ്മരണയ്ക്കായ് സവിലാസ
മന്ദിരങ്ങളുയര്‍ന്നിടാം!
വിദ്യുദ്ദീപങ്ങളാല്‍ തീര്‍ത്തോ-
രക്ഷരങ്ങളില്‍ നിന്റെ പേര്‍
തുംഗമന്ദിരമൊന്നിന്റെ
തൂനെറ്റിക്കുറിയായിടാം.
ഉദാസീനമതും നോക്കി-
പ്പഥികര്‍ നടകൊണ്ടിടാം;
നഗരത്തിന്‍ മുഖത്തെത്ര
നഖപ്പാടുകളാവിധം!
കവി നിന്‍ പേരിലുണ്ടാവാം
അവാര്‍ഡുകളുമങ്ങനെ;
കവിതയ്ക്കൊഴികേ മറ്റു-
ള്ളവയ്ക്കായവ പങ്കിടാം!
ഒരുനാളിനി വീണ്ടും നീ
വരുമീവഴിയെങ്കിലോ
നിന്‍പേരില്‍ കാണ്മതെന്തെല്ലാ-
മെന്നുകണ്ടമ്പരന്നിടാം.
എന്നാല്‍ പൊയ്പോയ പൂക്കാല-
ത്തിന്റെയോര്‍മ്മക്കുറിപ്പുകള്‍
ഇത്തിരിത്തുടുവര്‍ണ്ണത്തില്‍
മുറ്റത്തു വിരിയുന്നപോല്‍
വഴിവക്കിലിരുന്നാരോ
പാടും പാട്ടൊന്നു കേട്ടിടാം!
പണ്ടു നിന്‍ ചോരയില്‍ പൂത്ത
രണ്ടീരടികളായിടാം!
അതുകേള്‍ക്കെ,യൊരസ്വാസ്ഥ്യ-
മേതോ ഹൃത്തില്‍ തുടിച്ചിടാം;
ഏതോ കവിള്‍ തുടുത്തിടാം
നെടുവീര്‍പ്പൊന്നുയര്‍ന്നിടാം!
കണ്ണീരായ്, ചോരയായ്, വേര്‍പ്പായ്
മണ്ണിലേക്കു മടങ്ങിയോര്‍,
ഇടിനാദം മുഴക്കിക്കൊ-
ണ്ടിവിടെപ്പെയ്തൊഴിഞ്ഞവര്‍
വീണടിഞ്ഞ നിലത്തെപ്പാഴ്-
ത്തൃണപാളികള്‍പോലുമേ
കാതോര്‍ത്തിടാം, മിഴിത്തുമ്പില്‍
ഏതോ ദുഃഖം തുളുമ്പിടാം!
അനശ്വരത, തന്‍മാറോ-
ടണച്ചു നിന്നെയെന്നതും
നിനക്കറിയുമാറാകും
നിമിഷങ്ങളതായിടാം!
നിന്റെ വാക്കുകളില്‍ക്കൂടി
നീയുയിര്‍ത്തെഴുന്നേല്‍ക്കുക!
മൃത്യുവെ വെന്നു നീയെന്നും
മര്‍ത്ത്യദുഃഖങ്ങളാറ്റുക!
----------------------------------
No comments:
Post a Comment