Friday, February 5, 2016

തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും / കെ.പി.കൃഷ്ണൻ കുട്ടി


തേവിയമ്മ പിറന്നതീ ചേറിൽ
തേവിയമ്മ വളർന്നതീയൂരിൽ
ചേറിലാടുന്ന നെല്ലിന്റെ മൂട്ടിൽ
വേരുറച്ചതവളുടെ ജീവിതം.
താൾ മറിയുന്ന ചരിത്രത്തിരിവിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ആളുതാഴുന്ന ചേറ്റുപാടങ്ങളിൽ
നീർ നിറയുന്ന പുഞ്ചനിലങ്ങളിൽ
കാലുറയ്ക്കാത്ത കന്നിന്നിണയായ്‌
വാടിവീഴുന്ന തോഴിക്കു താങ്ങായ്‌
നീരുതേടുന്ന വേരിന്നു സേകമായ്‌
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ഞാറ്റുപാടങ്ങൾ നട്ടു നനച്ചും
കാറ്റിലാടും കതിർക്കുല കൊയ്തും
കൂനിപ്പോയ തേവിതൻ നട്ടെല്ലിൽ
നേരുറച്ച മനസ്സുണ്ട്‌ നേരെയായ്‌.
നീതികേടുകൾ നീറ്റുന്നിടങ്ങളിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

മേൽ വരമ്പത്തുലാത്തിയ തമ്പുരാൻ
ഭൂമി നൽകിയ പൊന്മണിയെല്ലാം
നാലുകെട്ടിലൊളിപ്പിച്ച വേളയിൽ
കൂമ്പിപ്പോയ മനസ്സിന്നിതളുമായ്‌
കൂട്ടുകാരെല്ലാമിരുട്ടിൽ തളരവേ
തേവിയുണ്ട്‌ ചിരി തൂകിയെപ്പൊഴും.

നോവുനൽകുമനീതിക്കെതിരായ്‌
പോരുറയ്ക്കുന്ന വാക്കും വപുസ്സുമായ്‌
ഏറെ മാറുന്ന കാലത്തികവിലും
മാറി മായാത്ത പോരാട്ട വീറുമായ്‌
സംഘബോധ വെളിപാടു തറകളിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ചോറു കായ്ക്കുന്ന വല്യപാടങ്ങൾ
തീറുവാങ്ങിയുയർത്തും പുരങ്ങളിൽ
ഏറെ വഞ്ചിതയാകുന്നുവെങ്കിലും
നാളെയെത്തുന്ന സൂര്യനെ കാണുവാൻ
നീണ്ടനോട്ടമെരിയുന്ന കണ്ണുമായ്‌
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

തേവി കാക്കുന്നു ചരിത്രത്തെളിവുകൾ
സംഘനേട്ടത്തിൻ പോരാട്ടരേഖകൾ
ചോരയും കണ്ണീരും വീഴുമിടങ്ങളിൽ
വർഗ്ഗബോധ നിറദീപം കൊളുത്തി
മർത്ത്യമോചന മാർഗ്ഗം ചമയ്ക്കുവാൻ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.
-------------------------------------

No comments:

Post a Comment