Tuesday, February 16, 2016

വെറുതെ / ഒ.എന്‍.വി കുറുപ്പ്‌


ഒടുവിലീ വാഴ്‍വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒരു തിരിക്കുള്ളില്‍ കുറുമണികള്‍
തുരുതുരെത്തിങ്ങി നിറഞ്ഞപോലെ,
പെരുമാരിയായ് മാറും ജലകണങ്ങള്‍
ഒരു മേഘപാളിയിലെന്നപോലെ,
നിരവധിയൂര്‍ജ്ജകണങ്ങളൊന്നി-
ച്ചൊരുവിദ്യുല്ലേഖയിലെന്നപോലെ,
'വെറുതെ'യെന്നൊരു വാക്കില്‍ ജീവിതത്തിന്‍
പൊരുളുകളാകെയുള്‍ച്ചേര്‍ന്നുവല്ലേ?
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കില്‍ ഞാനെഴുതാം : 'വെറുതെ ' ...
ഗതകാല സ്മൃതികള്‍ ചുരന്നിടുന്ന
മധുരവും കയ്പും കവര്‍പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ഠമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനമറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടിലെന്തോ ചൊല്ലിത്തേങ്ങും പോലെ,
ബധിരനാം കാലത്തിന്‍ കാതിലെന്‍റെ
ഹൃദയം നിമന്ത്രിപ്പതും 'വെറുതെ'!
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കിലെഴുതിവയ്ക്കാം:
'വെറുതെ' ..
ഗഗനകൂടാരത്തിന്‍ കീഴിലെത്ര
നഗരങ്ങള്‍,നാട്ടിന്‍പുറങ്ങള്‍ കണ്ടു!
അവിടത്തെ ഗാനോത്സവങ്ങളിലെ
കുഴലുകള്‍, ചെണ്ടകളൊക്കെ വേറെ.
ശ്രുതി വേറെ,താളങ്ങള്‍ , വേറെ,യെന്നാല്‍
ഹൃദയത്തിന്‍ സത്യങ്ങളൊന്നുപോലെ!
അവയിലെന്‍റേതെന്തോ
ഞാന്‍ തിരഞ്ഞൂ!
അവയുമെന്‍റേതെന്നു
ഞാനറിഞ്ഞൂ!
വിവിധമാം സ്വാദും സുഗന്ധവും കൊ-
ണ്ടവിടെയെന്‍ പാഥേയമാര്‍ നിറച്ചൂ?
അതുമേന്തിയലസമലക്ഷ്യമായ് ഞാന്‍
അലയവേ,യേതൊരു കാന്തശക്തി
ഒരു നൗകയെ കടല്‍ക്കാറ്റുപോലെ
വെറുതെയിത്തീരത്തണച്ചിതെന്നെ!
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം-'വെറുതെ!'
പതറാത്തൊരോര്‍മ്മ തന്‍ വടിയുമൂന്നി
പഴയ വഴികള്‍ നടന്നു കാണ്‍കെ,
ഒരു കുറിമാത്രമരങ്ങിലാടാന്‍
വരുതി ലഭിച്ചൊരു നാടകത്തില്‍
മൊഴിയും ചമയവുമഭിനയവു-
മൊരുപോലെ തെറ്റിയെന്നോര്‍ത്തുപോകെ,
പഴയ വിളക്ക് വിലയ്ക്ക് വാങ്ങി
പുതിയതു നല്‍കും വണിക്കിനെപ്പോല്‍
നടകൊള്‍വു കാലമെന്നൊപ്പമേതോ
നവമാം പ്രലോഭനമന്ത്രവുമായ്.
വിലയിടിയാത്ത കിനാക്കളുണ്ടോ?
വിലപേറുമെന്തുണ്ട് വാഴ്വില്‍ ബാക്കി?
എവിടെയൊരമ്പിളിച്ഛായയുള്ളി-
ലെഴുമെന്‍റെ കണ്ണാടി?-യതുമുടഞ്ഞു....
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കിലിങ്ങനെയായ്:'വെറുതെ'...
-----------------------------------------

No comments:

Post a Comment