Saturday, August 26, 2023

ഒരു കവിതാ വായനക്കാരൻ്റെ സത്യവാങ്ങ്മൂലം...../പി.എൻ.ഗോപീകൃഷ്ണൻ

കവിത എനിക്ക് അത്യാവശ്യമുള്ള കാര്യമൊന്നുമല്ല .
ചെരിപ്പ് എനിക്ക് അത്യാവശ്യമുള്ള കാര്യമാണ്.
ചെരിപ്പിടാതെ നടക്കാനാവുമെന്ന്
പറയാമെങ്കിൽ കൂടിയും
ചെരിപ്പിടാതെ എനിക്ക് നടക്കാനാകില്ല.

അതു കൊണ്ട് ചെരിപ്പ് ഞാൻ
സൂക്ഷിച്ചു വാങ്ങുന്നു.
എൻ്റെ പാദത്തിൻ്റെ കൃത്യം അളവിൽ .
എൻ്റെ നടത്തത്തിന് അനുയോജ്യമായ വിധത്തിൽ .

കവിത അങ്ങനെയല്ല.
എൻ്റെ മനസ്സിന്റെ അളവിലുള്ള കവിത
എനിക്ക് ബോധിക്കാറില്ല.
ഇത്തിരിയെങ്കിലും വലുതായിരിക്കണം അത്.
എൻ്റെ നഗരത്തിൽ മണ്ണില്ല എന്ന് ഉറപ്പിക്കുമ്പോൾ
എൻ്റെ ചവിട്ടിക്കടിയിലെ മണ്ണ് കാണിച്ചു തരണം .
ഞാൻ പഠിച്ച സമവാക്യങ്ങൾ
അസമവാക്യങ്ങൾ ആയിരുന്നു എന്ന് പറയണം.

കവിതയെ
ഞാൻ സ്നേഹിക്കുന്നൊന്നുമില്ല.
വെറുപ്പു പോലുമുണ്ട്.

ഫ്രിഡ്ജ് കവിത വായിച്ചാൽ
അത് ഗ്യാസ് സ്റ്റൗ ആകും എന്ന് പേടിച്ച് .
വാഷിങ്ങ് മെഷീൻ കവിത വായിച്ചാൽ
അത് കക്കൂസാകും എന്ന് പേടിച്ച് .
നായ്ക്കുട്ടി കവിത വായിച്ചാൽ
രാത്രി ഉറങ്ങിക്കിടക്കുമ്പോൾ
അത് ഞങ്ങളെ കടിച്ചു തിന്നേക്കും എന്ന് പേടിച്ച് .
വെള്ളം കവിത വായിച്ചാൽ
അത് സൾഫ്യൂരിക് ആസിഡ് ആകുമെന്ന് പേടിച്ച്
കൊതുക് കവിത വായിച്ചാൽ
അത് മൂർഖനാകുമെന്ന് പേടിച്ച്

അല്ലെങ്കിൽ
എന്റെ അമ്മയെപ്പോലെ കവിതയെ കൈകാര്യം ചെയ്യുക
അവർ ജീവിതകാലം മുഴുവൻ കവിത വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ
അവർക്കറിയില്ലായിരുന്നു
കവിത വായിക്കുകയാണെന്ന്.
പ്രാർത്ഥിക്കുകയാണെന്നായിരുന്നു അവർ വിചാരിച്ചത്.

എങ്കിലും
വളരെ ചിലപ്പോൾ
നമ്മുടെ ആത്മാവ് നന്നായി കുറയുമ്പോൾ
ആരോടെങ്കിലും മനുഷ്യപ്പേ ചെയ്യാൻ ആവശ്യപ്പെടാൻ
നമുക്കൊരു ആപ്പ് വേണം.
അത് ഡൗൺലോഡ് ചെയ്യുന്നതിനെയാണ്
കവിത എന്ന് പറയുന്നത്.


Friday, August 18, 2023

കാടു വയ്ക്കാത്തവ../ജയദേവ് നയനാർ



നീ കാടു കണ്ടിട്ടുണ്ടോ?
വളഞ്ഞുപുളഞ്ഞ് 
അതിന് ഒരു വല്ലാത്ത വേഗമാണ്.
നോക്ക്, എനിക്ക് ഇതാണ് കാട്
എന്നു പറഞ്ഞ് അതിനെ
നിന്നെ കാണിക്കാനാവില്ല.

ആകാശത്തേക്ക് ആകാശത്തേക്ക്
എന്നു പറഞ്ഞൊരായിരം
ചിറകുകൾ കുടയുന്ന
ഒച്ച കേൾക്കുന്നുണ്ടാവും.
ചിറകുകൾ കുടയുന്ന ഒച്ച
കേട്ടിട്ടുണ്ടോ നീയ് ?

ഇതാണ് ഒച്ച എന്നു പറഞ്ഞ്
ഒന്നിനെയും നിന്നെ
കേൾപ്പിക്കാൻ എനിക്കാവില്ല.
ഭൂമിയെ കടിച്ചുപിടിക്കുന്നുണ്ടാവും
ചൂണ്ടയിൽ ഒരു കടൽ
കടിച്ചുതൂങ്ങുന്നതു പോലെ.

കടലിനെ കറിവച്ചു 
കഴിച്ചിട്ടുണ്ടോ നീയ്.
അതിന്റെ വെന്ത ദശ
വിരലുകൾ തൊട്ടടർത്തിയഴിച്ച്
അതിന്റെ മുള്ളുതൊടുന്നതുവരെ.

ഇതാണ് മുള്ള് എന്ന് നിനക്ക്
തൊട്ടുകാണിച്ചുതരാനാവില്ലെനിക്ക്.
ഗ്ലോബിൽ ഇനിയും വായിച്ചിട്ടില്ലാത്ത
ഒരു ഭൂഖണ്ഡം പോലെ
വലിച്ചെറിഞ്ഞിട്ടുണ്ടാവും.
അതൊന്നു സൂം ചെയ്തുനോക്ക്.

എന്തിനെയങ്കിലും സൂം ചെയ്ത്
നോക്കാൻ നിനക്കറിയില്ല
എന്നു മറന്നുപോയിരിക്കും.
വിരലുകളിൽ ഒരു തിടുക്കം
പച്ചകുത്തുന്നതുവരെ 
ഭൂമിയെ തിരിച്ചുകൊണ്ടിരിക്ക്.
വിരലുകളിൽ നിന്ന് ഒരു പൂമ്പാറ്റ
ചിറകടിച്ചടിച്ച് വെപ്രാളമായി
പറന്നുപോകുന്നതുവരെ.
അതെവിടേക്കു പറന്നുപോകുന്നതെന്ന് നോക്ക്.

അതെവിടെ കൂടുവയ്ക്കുന്നതെന്നു നോക്ക്
അതൊരിക്കലും കൂടുവയ്ക്കുന്നില്ല, എന്നാലും.

അത് ഏറ്റവുമവസാനം പറന്നിരിക്കുന്നിടത്ത്
പണ്ടെന്നോ ജലമൊഴുകിയിരുന്ന
ഒരു നനവുണ്ടായിരിക്കും.
അത് തീരുന്നിടത്താണ് കാട്.
ഒരു കാട് ഇതാണെന്നു പറഞ്ഞ്
കാണിച്ചുതരാനാവില്ല എനിക്ക്.
കാണിച്ചുതരില്ല, ഞാൻ.
കാട്ടിലെ പൂമ്പാറ്റ
സംസാരിക്കില്ല ഒന്നും.

Friday, August 4, 2023

പ്രലോഭനം /ഉമാ രാജീവ്

അപ്പക്കാരയിൽ
തിളച്ചു തൂവുമെന്നതിനാൽ
അഴകു തെറ്റിയ രൂപത്തിൽ പാകപ്പെടുമെന്നതിനാൽ

മുന കൊണ്ട് കുത്തിമറിച്ചിട്ട് 
ഉള്ളുവേവും മുൻപേ
ഇറക്കി വയ്ച്ചപ്പപ്പോൾ
തേനോ കായോ ഇതളുകളോ
ഉലർത്തിയിട്ട് അലങ്കരിച്ചപ്പോൾ

കരിയും മുൻപേ വാങ്ങിയവളുടെ
കൈപ്പുണ്യത്തെ പ്രകീർത്തിച്ച് 
മുകളിലെ സൗവർണ്ണതയിൽ
തൊട്ടും തലോടിയും
നഖമാഴ്ത്തിയും
കൊതിച്ച് 
കിട്ടാക്കനിയായി
ക്ഷോഭപ്പെട്ട്

ആറും മുൻപേ
കത്തിയും മുള്ളും കൊണ്ട്
 കോറി വരഞ്ഞ് 
ഉള്ളുതുറന്നു.

ഉറയ്ക്കാത്ത ഇളമിറച്ചിയുടെ 
വേവാത്ത പച്ചമാവിന്റെ
പശപശപ്പ് 

തൊട്ടു നുണഞ്ഞപ്പോൾ
ഞാറും കതിരുമായിരുന്നതിന്റെ
ആദിമമായ ഓർമയിൽ
വിരൽവെന്തു

കൊയ്ത്തുമെതി
 പാറ്റൽ ചേറലിന്റെ 
ഉമി കൊണ്ടു

വിത്തിനായും വിശപ്പിനായും 
കൂട്ടുപിരിയുന്നതിന്റെ
തലേന്നാളിലെ 
പത്തായഇരുട്ട് കൺകുത്തി

വിശക്കുന്നവന്റെ
ചുണ്ടു മുതൽ
അടിവയർ വരെ
നിറയുന്നതിനെ

പല്ലിടുക്കിൽ
 അരയുന്നതിനെ
തൊണ്ടക്കുഴയിലൂടെ
നൂഴുന്നതിനെ

ചോരയിലും  ചിന്തയിലും
 കലരുന്നതിനെ 

ഒപ്പം
വെന്തു മലരുന്ന
വറുത്തു പൊട്ടുന്ന
വരണ്ട്  പൊരിയുന്ന
കുതിർന്ന് മുളക്കുന്ന
കൂട്ടു സ്വപ്നത്തിന്റെ
നനവ് തട്ടാതെ 

തന്നെത്തന്നെ
 താലത്തിൽ നിറച്ച് 
ഉടൽ രൂപമല്ല
രുചിഭാവമാണ്
തനിമ എന്ന് തിരിയുന്ന,
കണ്ണിലും നാവിലും
തന്നോർമ്മ തിണർപ്പാകണം
 എന്ന ആവേശത്തിൽ
തൂവിപ്പോയതാണ്......

വഴക്കം തെറ്റുമെന്ന പേടിയിൽ
തഴയപ്പെടുമെന്ന തോന്നലിൽ
തീന്മേശയുടെ ഒതുക്കം  തെറ്റലിൽ

മുപ്പെത്തും മുൻപ്
എല്ലാത്തിൽ നിന്നും അടർത്തിമാറ്റുകയാണ്

വീഞ്ഞിനൊപ്പമുള്ള
അപ്പമാകാതെ
അന്ത്യപ്രലോഭനത്തിനു മുൻപേ
അടക്കം ചെയ്യപ്പെടുകയാണ്

പി/പി.എൻ.ഗോപീകൃഷ്ണൻ

ഒരു ശ്മശാനത്തിൽ രാത്രിയിലാണ്‌
ഞാൻ
അയാളെ കണ്ടത്‌.
പി യുടെ
അലസഛായയിൽ

നിങ്ങളാണോ പി.കുഞ്ഞിരാമൻ നായർ?
അയാൾ തലയാട്ടി

ഞാനെങ്ങനെ വിശ്വസിക്കും?

അയാൾ
ഒരു വാക്ക്‌ കുനിഞ്ഞെടുത്തു.
ഉന്നം നോക്കി
മുകളിലേക്ക്‌ വീശിയെറിഞ്ഞു

ഒരു കുല നക്ഷത്രം
എന്റെ മുന്നിൽ
പൊട്ടിച്ചിതറി വീണു.

ബർത്ത്ഡേ പാർട്ടി/രതീഷ് കൃഷ്ണ

 പിണങ്ങിപ്പോയ ഭാര്യയും
 മരിച്ചുപോയ മകളുമുള്ളൊരാൾ
 തെരുവിലെ ആളൊഴിഞ്ഞ               ബേക്കറിയിൽനിന്ന് 
 മകളുടെ പിറന്നാളിന്
 ഗ്ലോബാകൃതിയിലുള്ള
ഒരു കേക്ക് വാങ്ങുന്നു. 

 കുറച്ചു ദൂരം വെയിലും
 കുറച്ചു ദൂരം മഴയുംകൊണ്ടയാൾ
 സ്കൂട്ടർ നിർത്തുന്നു.
 വഴിയോര കച്ചവടക്കാരിൽനിന്ന്
ഒരു ഭൂപടവും വാങ്ങുന്നു. 

രാത്രിയിൽ അകത്തളത്തിലിരുന്ന്
മകൾ മെഴുകുതിരികൾ ഊതിക്കെടുത്തുന്നു. 
വർണ്ണക്കടലാസുകൾ ചിതറി...
ഒഴിഞ്ഞ കസേരകളിലെ അതിഥികൾ
കൈകൾ കൊട്ടി പിറന്നാൾ ആശംസിക്കുന്നു: 
" Happy birthday to you
Happy birthday to you... "

 മകളുടെ ചിരിയും
 ഇടയ്ക്കിടെ ബലൂണുകളുടെ പൊട്ടലും
 കുഞ്ഞുവെട്ടങ്ങളുടെ തുമ്പിതുള്ളലും
 സമ്മാനപ്പൊതികളുടെ കിലുക്കവും...

 കേക്ക് മുറിക്കാൻ
കത്തിയെടുത്തപ്പോൾ
മകളുടെ ഉണ്ടക്കണ്ണുകൾ
ജലംകൊണ്ട് തിളങ്ങുന്നു.
ആഘോഷങ്ങൾക്കിടയിൽ ഒരാൾ അവളുടെ കയ്യിൽപ്പിടിച്ച് ബലമായി കേക്ക് മുറിക്കുന്നു.
അവളുടെ കണ്ണുകളിപ്പോൾ
രണ്ട് കൊച്ചരുവികൾ...

 അച്ഛൻ മാത്രം അത് കാണുന്നു 
 അയാൾ മകളെ ചേർത്തുപിടിക്കുന്നു.

 അതിഥികൾ മുറ്റത്തെ
പുൽത്തകിടിയിലേക്ക് പോയി
വീഞ്ഞ് നുകർന്ന് നൃത്തം ചെയ്യുന്നു. 
പൂച്ചക്കുഞ്ഞിന്റെ വാലിൽ
അവർ ചവിട്ടുമോയെന്ന്
അവൾ എത്തിനോക്കുന്നു. 

അച്ഛനും മകളും
 ഉരുണ്ട ഭൂമിയെയും പരന്ന ഭൂമിയെയും കുറിച്ച് ദീർഘനേരം സംവദിക്കുന്നു.
അവൾ കാണേണ്ട രാജ്യങ്ങൾ
അയാൾ വർണ്ണിക്കുന്നു.

 ഇടയ്ക്കിടെ മകൾ വിതുമ്പി...
 അച്ഛൻ അവളുടെ കവിളിൽത്തൊട്ട്
 തലമുടിയിലെ വർണ്ണക്കടലാസുകളെടുത്ത് കളയുന്നു. 

 ചാറ്റൽ മഴ വന്നപ്പോൾ അതിഥികൾ
 മുറ്റത്തെ പന്തലിലേക്ക് ഓടിക്കയറി 
 അച്ഛൻ ഒരു കുടയെടുത്ത് പുറത്തേക്കിറങ്ങി മിന്നലിലേക്ക്
നോക്കിനിൽക്കുന്നു. 

 മകൾ ബാക്കിയായ കേക്കുകൊണ്ട്
 ഒരു ഭൂമിയുണ്ടാക്കി.
 സമുദ്രങ്ങളതിൽ തെളിഞ്ഞ് കാണുന്നു 
 ഭൂഖണ്ഡങ്ങളുടെ വിടവുകൾ കുറയുന്നു 
 ഇന്ത്യയ്ക്കും പാകിസ്ഥാനും ബംഗ്ലാദേശിനുമൊക്കെ
അതിർത്തികൾ നഷ്ടപ്പെടുന്നു. 

 അതിഥികളിപ്പോൾ പാട്ടുപാടുന്നു
പിണങ്ങിപ്പോയ ഭാര്യയുടെ
പിറന്നാൾ സന്ദേശം
അയാളുടെ ഫോണിൽ ചിലയ്ക്കുന്നു.

 പേടിച്ചുവിറച്ച ഭൂമി
അവളുടെ പിഞ്ഞിയ ഭൂപടം പുതച്ച് പനിച്ചുറങ്ങുന്നു.

ലക്കുകെട്ടവരോടും ധൃതികൂട്ടിയ അതിഥികളോടും അച്ഛൻ വിളിച്ചു പറയുന്നു : 
" ആരും ഭക്ഷണം കഴിക്കാതെ പോകരുതേ
അതെന്റെ മോൾക്ക് സങ്കടമാകും."

തുന്നൽക്കാരൻ/ടി.പി. രാജീവൻ

അപ്പുക്കുട്ടി ഒരു തുന്നൽക്കാരൻ
അടുപ്പമുള്ളവർ അയാളെ
അപ്പു എന്നും കുട്ടി എന്നും വിളിക്കും,
എന്തു വിളിച്ചാലും 
അയാൾ വിളികേൾക്കില്ല.

കവലയിൽ
റേഷൻകട, അമ്പട്ടക്കട
ചായക്കട, വായനശാല...
അവക്കിടയിലോ പിന്നാമ്പുറത്തോ
അപ്പുക്കുട്ടിയുടെ തുന്നൽക്കട,
കട ഒരു സങ്കൽപ്പം.

വംശനാശം വന്ന 
ഏതോ ജീവിയുടെ ഫോസിൽ പോലെ 
ഒരു ആദ്യകാല തുന്നൽയന്ത്രം മാത്രം കാണാം,
ചിലപ്പോൾ അതും കാണില്ല.

പകൽസമയങ്ങളിൽ
അപ്പുക്കുട്ടിയെ 
ആരും അവിടെ കാണില്ല.
കണ്ടാൽതന്നെ തിരിച്ചറിയുകയുമില്ല.
കാരണം, അയാളെ ആരും
ഇന്നേവരെ പകൽവെളിച്ചത്തിൽ 
കണ്ടിട്ടില്ല.

ഉടുപ്പ് തുന്നേണ്ടവരുടെ അളവെടുക്കാൻ
അപ്പുക്കുട്ടി വീടുകൾ കയറിയിറങ്ങുക
പകലാണ് എന്നാണ് പറയുന്നത്.

അത് സത്യമായാലും 
കെട്ടുകഥയായാലും
ഇന്നലെ എന്നെക്കാണാൻ
അപ്പുക്കുട്ടി വന്നു,
ഞാനറിയാതെ എന്റെ അളവുകൾ
അടിമുടിയെടുത്തുപോയി.

ഇന്ന് നേരം പുലർന്നപ്പോൾ
സ്വപ്നത്തിൽ പോലും
ഞാൻ അണിയില്ല എന്ന് കരുതിയ
ഒരു പുത്തൻ ഉടുപ്പണിഞ്ഞു
ഞാൻ കിടക്കുന്നു.

രാത്രിയാണത്രെ 
അപ്പുക്കുട്ടിയുടെ തുന്നൽ ,
മണ്ണിരകളും ഇരുതലമൂരികളും
ഭൂമി ഉഴുതു മറിക്കുന്നതു പോലെ.



Wednesday, June 14, 2023

ഊര്‌ക്ക്‌ പോകലാം കണ്ണേ/ഷീജ വക്കം

മാരിക്കൊളുന്തുമായ്‌
ചാരത്തു നിൽക്കയാ-
ണാടിത്തിരുവിഴക്കാലം
തോവാളയിൽ പണ്ടു
നമ്മൾ പൂക്കാരായി
ജീവിച്ചൊരാനന്ദലോകം

കുറ്റിമുല്ലയ്ക്കു തടം തുറന്നും
പനവട്ടിയിൽ പൂ നുള്ളി വെച്ചും
ലക്കുകെട്ടോടുന്ന
ചില്ല കോതിക്കൊണ്ടു
നിർത്താതെയെന്തോ പറഞ്ഞും

ഒപ്പം നടന്നപ്പൊഴെപ്പൊഴോ
നിൻ കയ്യിലെന്റെ കൈ
വേരുപിടിച്ചു
കൊച്ചുമുല്ലത്തൈ
പടർന്നു കൈരേഖയിൽ
നിത്യം വിരൽത്തുമ്പു പൂത്തു

അപ്പോഴിറുത്തീറ-
നിറ്റുന്ന മൊട്ടുകൾ
സ്വപ്നത്തിലെപ്പോലടുക്കി
ചിത്തിയും തങ്കയും
താമരപ്പൂമാല കെട്ടും
വരാന്തത്തണുപ്പിൽ

ഒപ്പമിരിക്കെ
പുറത്തു നീ ചെല്ലമേ
നിൽപ്പതായ്‌ തോന്നി
ഞാൻ വന്നു.
ഓറഞ്ചുറോസയ്ക്കിടയ്ക്കു
മുള്ളും കൊണ്ടു
പേടിച്ചൊരുമ്മ വിടർന്നു.

ബന്തിച്ചെടി പൂത്തുലഞ്ഞ പോൽ
പുന്നകൈ
എൻ കവിൾ നീ തൊട്ടനേരം
കണ്ണിയിൽ നിന്നൂർന്നു
വീണ കൊയ്യാപ്പഴം
നിന്റെ ചുണ്ടിൻ രുചിഭേദം

കെട്ടിപ്പുണർന്നു
വാടാമലരല്ലി തൻ
മെത്തയിൽ നാം ചെന്നു വീഴ്കെ
വെള്ളയരളിക്കുലകൾ
പിടിച്ചുചായ്ച്ചന്നിരുൾ
നാണം മറച്ചു

മഞ്ഞൾനീരാട്ടു നനഞ്ഞു
പൊങ്കൽ വെന്തു
പങ്കുനിമാസം കഴിഞ്ഞു
മുത്തുമാരിക്കു നാം
നാരങ്ങമാലയും
പട്ടും വിളക്കും കൊടുത്തു

നിർത്താതടമഴ പെയ്തു
മുടിപ്പിന്നൽ
കെട്ടഴിഞ്ഞാകെയുതിർന്നു
ഒറ്റ മഴക്കോടി ചുറ്റി
നാം ജീവന്റെയുത്സവം
തമ്മിൽ തിരഞ്ഞു

വാസനപ്പുൽക്കാടു മൂടുന്ന
നീർച്ചാലിലോർക്കാതെ
കാൽ നനയ്ക്കുമ്പോൾ
കാട്ടുമുള്ളിൻ കൊത്തുകൊണ്ടു
ഞാൻ,അന്നു നീ
നോക്കിനിൽക്കുമ്പോൾ മരിച്ചു

വെള്ളത്തിനുള്ളിലെ
കണ്ണുപോലങ്ങിങ്ങു
മങ്ങിത്തുറന്ന മുജ്ജന്മം
ഇന്നു ബോധത്തിൽ
തെളിഞ്ഞു നീയായി
ഞാൻ പിന്നെയും
പൂക്കാരിയായി

മാരിയമ്മൻ വലംകയ്യിനാൽ
നീർമ്മുത്തു വാരിക്കുടഞ്ഞ
ചെമ്മണ്ണിൽ
നീയൊത്തു വീണ്ടും
മുളയ്ക്കുവാൻ
ദാഹമായ്‌
ഊര്‌ക്ക്‌ പോകലാം കണ്ണേ..


Wednesday, May 3, 2023

മീനേ ...മീന്‍ മണമേ../ ആതിര ആർ

അടുക്കളയില്‍ 
മീന്‍മുറിക്കുമ്പോഴൊക്കെ
എനിക്ക് കരച്ചില്‍ വരും
ചട്ടിയില്‍ നിന്നോരോന്നായെടുത്ത്
വാലും കുഞ്ഞിച്ചിറകും
മുറിച്ച് മാറ്റുമ്പോള്‍
നമ്മളെ അകറ്റുന്നതെന്തോ പോലെന്‍റെ മനസ്സിടറും

തലമുറിച്ചെടുക്കുമ്പോള്‍
തുറന്നു പിടിച്ച കണ്ണില്‍
നിന്‍റെ മുഖം തെളിയും
ചത്തമീനിനെന്തിനീ 
ചോരയും നീരുമെന്നോര്‍ത്ത്
കുടലിലൂടെ കൈയ്യിട്ട്
സകലതും വലിച്ച് പുറത്തിടും
അതില്‍തന്നെ നോക്കി നില്‍ക്കെ
നമ്മുടെ സ്വപ്നങ്ങളില്‍
ചോരപൊടിയുന്നതാണെന്ന് തോന്നും

ചത്താലും 
വെടിപ്പായിരിക്കട്ടെയെന്നോര്‍ത്ത്
രണ്ട് മൂന്ന് വെള്ളത്തില്‍
ഞാനവയെ കുളിപ്പിക്കും
വെട്ടിത്തിളങ്ങി കിടക്കുന്നത് കാണുമ്പോള്‍
ചിരിക്കുന്നതായേ ആര്‍ക്കും തോന്നൂ
നമ്മളെ പോലെ തന്നെ..

ഉപ്പും മുളകും മഞ്ഞളും ചേര്‍ത്ത്
പെരക്കിവെച്ച് നോക്കുമ്പോള്‍ 
എന്‍റെ നെഞ്ചെരിയും
ആരും കാണാതെ ഞാനതിനെ 
ഒന്നൂടെ കഴുകിയെടുക്കും

നിനക്ക് ഭ്രാന്താണോടീന്ന് ആരെങ്കിലും ചോദിക്കും വരെ
ഞാനത് തുടരും
 ഭ്രാന്താണോന്ന്
നീ ചോദിക്കും വരെയേ
എന്റെ സ്നേഹവും
തുടരുകയുള്ളൂ
എന്നത് പോലെ തന്നെ.

എത്ര കഴുകിയാലും പോവാതെ
മീൻമണം കൈയ്യാകെ പരന്നിരിക്കുമ്പോൾ
സ്നേഹത്തെ പൂവിൻ സുഗന്ധത്തിലോർത്തെടുക്കുന്നതിൽ
എനിക്ക് നിരാശ തോന്നും

എത്ര ഹ്രസ്വമീ പൂവിൻ മണം 
എത്രമേൽ തീവ്രമീ മീൻ മണം
എന്നെനിക്ക് കവിതയെഴുതാന്‍ തോന്നും

എന്റെ ജലമേ എന്ന് നിന്നെയെഴുതിയതിന്
തൊട്ടരികെ
എന്റെ മീനേയെന്ന് ഞാൻ കുറിച്ചിടുകയാണ്

പെട്ടെന്നൊരിളക്കം എനിക്ക് തോന്നിയതാവാം..


Monday, April 17, 2023

കാപ്പിരിക്കുട്ടി/ ഷീജ വക്കം

വരിവരിയായ്
പഞ്ഞിത്തത്തകൾ /
ഇളവേൽക്കും  ചില്ലിൻകൂട്, /
കലമാനും 
റബ്ബർപ്പുലിയും /
കലരുന്നൊരു
പ്ലാസ്റ്റിക് കാട്, /
മുറി നീളെ പച്ചവെളിച്ച- /ത്തരിചിന്നിപ്പായും വാത്ത്, /
വെറുതേയൊരു കാറ്റു
തൊടുമ്പോൾ /
തലയാട്ടും ബൊമ്മപ്പെണ്ണ്.. /
ഇതിനെല്ലാമിടയിൽ നടന്നൂ, /
അതിവിസ്മയമാർന്നൊരു കുട്ടി, /
ഗതികിട്ടാക്കൺമുനയാലേ/
പരതുന്നൂ
പാവക്കടയിൽ.. /
ഒരു പാവയെ വാങ്ങാനെത്തി /
അരുമക്കുഞ്ഞായി 
വളർത്താൻ, /
കഥ ചൊല്ലാൻ
പാടിയുറക്കാൻ /
കൊതിതീരും
വരെയുമൊരുക്കാൻ.. /
പല പാവകൾ നോക്കിയതൊന്നും /
അവളെപ്പോലല്ല തരിമ്പും,/
വെളുവെളെയാണുടലുകളെല്ലാം,/
തുടുതുടെയാക്കവിളുകളെല്ലാം./
ഇമയിളകും
നീലക്കണ്ണായ്, /
മുടിയൊഴുകും പൊൻനദിയലയായ്, /
നിറയെ ഫ്രില്ലുലയുമുടുപ്പായ്, /
അവർ മാത്രം മുന്നിൽ  നിരന്നു.
തൻമുടി പോലിരുളിൻ ചുരുളേ,
തൻ ചൊടി പോൽ മലരും
ചൊടിയേ,
തൻ തൊലിമേൽ എണ്ണമിനുപ്പായ്/
പുരളും കാരെളളിൻനിറമേ !
തിരയുന്നു തൻ പ്രതിരൂപം
കൊതിയോടെയിരുണ്ടൊരു കുട്ടി, 
അഴകിൻ കരകൗശലവേലയ് - 
ക്കറിയില്ലേ കാർനിറമൊട്ടും ?
പെരുകുന്നൊരു  പുതുനൈരാശ്യം,
കരളുന്നറിയാത്തൊരു ദുഃഖം 
തലതാഴ്ത്തിച്ചുണ്ടുകടിച്ചാ 
പിടിവാശിക്കുട്ടിയിരിക്കെ, 
അതിലോലപ്പാവകൾ തിങ്ങും 
നിരയിൽ  നിന്നേഴകലത്തായ്
പൊടിമൂടിയൊഴിഞ്ഞൊരു കോണിൽ 
ഒരു നോട്ടം കണ്ടുവൊരാളെ, 
കരിവാവിൻ വീപ്പയ്ക്കുള്ളിൽ 
കഴൽ വഴുതി മറിഞ്ഞു കുതിർന്നോ?
അവിടെയതാ കൺമണിയായൊരു 
ചെറുകാപ്പിരിവാവ ചിരിപ്പൂ .
അതിപരിചിതമാ മുഖഭാവം,
അതിഗഹനമൊരാന്തരബന്ധം,
പല പൂർവ്വികർ കോരിയ കണ്ണീർ - 
ക്കിണറുകൾ പോലാ മിഴിയാഴം!
പുതുപാവകൾ തട്ടിമറിച്ചാ- /ക്കരിയുണ്ണിയെ
വാരിയെടുക്കെ, /
മഴയത്തൊരു കാപ്പിപ്പൂവി -/
ന്നിതൾ പോലുയിർ തെല്ലു വിറച്ചു./
ചിലനേരം
ചെമ്പകമലരിൻ / മഴയാ;യപ്പൂപ്പൻതറയിൽ /
തിരിവെക്കുന്നേരം
കാണാ-/
ത്തലമുറകൾ തഴുകുമ്പോലെ.. /
"പിറകിൽപ്പോയെന്തിനൊളിച്ചൂ, /
 പറയൂ നീ കുഞ്ഞിപ്പാവേ?"/
കഴിയുമ്പോൽ ശബ്ദം  താഴ്ത്തി /
ചെവിയിൽച്ചോദിച്ചൂ കുട്ടി.. /
കരിമന്തിക്കുഞ്ഞെന്നാരോ /
കളിയാക്കി വിളിച്ചോ നിന്നെ?/
കളിനാടകമൊന്നിൽ നിനക്കും /
സ്ഥിരമാണോ കള്ളൻവേഷം?/
ചില കുട്ടികളൊപ്പമിരിക്കാ- /നരുതെന്നു വിലക്കുന്നേരം /
ചെറുനാരകമുള്ളുരയുമ്പോൽ /
കരൾ കീറി നുറുങ്ങാറുണ്ടോ?/
ഒരുകാലത്തവരുടെ കീഴിൽ /
അടിയാൻമാരായ ചരിത്രം /
പല വേളകളോർമ്മിപ്പിക്കെ /
അറിയാതെ നടുങ്ങാറുണ്ടോ?/
ഇലയും പുൽക്കൊടിയും പൂവും,/
കടലും  
തെളിനീരും കാറ്റും /
ഒരുമാത്രയിൽ
നിശ്ചലമായാ/ച്ചെറുശബ്ദം ചോദ്യമുതിർക്കെ, /
തിരിയുന്നൊരു ഭൂഗോളത്തി- /
ന്നണു തോറും
മൂളലുയർന്നൂl/
പലഭാഷകളൊറ്റ
സ്വരത്തിൽ /അരുളുന്നാ നേരിനു സാക്ഷ്യം ! /
നെടുതായൊരു നിശ്വാസത്താൽ, /
പൊടിയൂതിയൊരുക്കിമിനുക്കി /
ച്ചെറുപാവയെ ഒക്കിലെടുത്തൂ,/
ദൃഢമാം ചുവടുള്ളൊരു
കുട്ടി./
കടയൊന്നു കുലുങ്ങുമ്പോൽ
മുൻ/
നിരയിൽത്തൻ
പാവയെ
വെച്ചൂ/
ചൊടിയോടെ തിരിഞ്ഞു നടന്നൂ/
മിഴിയിൽത്തീയുള്ളൊരു കുട്ടി./

നദിക്കരയിൽ ചൂണ്ടലിടുന്ന ബുദ്ധൻ /ഷാജു.വി.വി

അയാൾ പറഞ്ഞു :

നിങ്ങൾ വന്നത് നന്നായി.
ഞാനീ നിശ്ചലതയുടെ സൗന്ദര്യത്തിൽ മുഗ്ധനായി ചൂണ്ടലിൽ മീൻ കുരുങ്ങല്ലേയെന്ന് ആഗ്രഹിച്ചു പോയി. 

മീനുകൾക്കായി പ്രാർത്ഥിക്കുകയല്ല.
നിശ്ചലതയുടെ അനശ്വരതയ്ക്കുവേണ്ടി
ആഗ്രഹിച്ചു പോയതാണ്.

ഇന്ന് നിങ്ങൾക്ക് മീൻ കിട്ടിയില്ലെങ്കിൽ 
എന്താവും സംഭവിക്കുക ?
മീൻ കിട്ടിയാൽ 
എന്താവും സംഭവിക്കുക ?
നിങ്ങൾ അയാളോട് ചോദിച്ചു.

അയാൾ പറഞ്ഞു:
വലിയ വ്യത്യാസമൊന്നുമില്ല.
വലിയ വ്യത്യാസമുണ്ടെന്നും പറയാവുന്നതാണ്.

നോക്കൂ,
എന്റെ വീട് 
രണ്ടു കിലോമീറ്റർ അപ്പുറത്താണ് . 
അവിടെ എന്റെ ഭാര്യ മാത്രമേയുള്ളൂ.
മീനുമായി വരുന്ന എന്നെയവൾ കാത്തിരിക്കുന്നില്ല.
മീനില്ലാതെ വരുന്ന എന്നെയുമവൾ കാത്തിരിക്കുന്നില്ല.

അവൾ എന്നെ കാത്തിരിക്കുന്നേയില്ല.
അവളെ സംബന്ധിച്ച് കാത്തിരിപ്പ് എന്നൊന്നില്ല. 
ആ വാക്കും 
ആശയവും വികാരവും 
അവൾ മറന്നു പോയി.

അവൾക്ക്
അവൾ പോലുമില്ല.
അവളിലവളില്ല.

ഓർമകളില്ലാത്ത 
ഒരു ശരീരമാണത്.
അവൾക്കു മറവി ദീനമാണ്.

മീനുമായാണ്
പോകുന്നതെങ്കിൽ
ഉരുട്ടി വായിൽ വെച്ചാൽ അവൾ  ചോറുണ്ണും .
ഇല്ലെങ്കിൽ തിന്നില്ല.
മീൻ രുചിയുടെ
നേർത്ത ഓർമ 
അവളുടെ നാവിൽ ഉണ്ടെന്നു തോന്നുന്നു.

അമ്പതു വർഷം
കൂടെ ജീവിച്ച എന്നെക്കുറിച്ചുള്ള 
ഒരു തരി ഓർമ പോലുമില്ല.

വീട്ടിലല്ലാത്ത നേരത്തെല്ലാം മീനിനായി ഞാനീ പുഴക്കരയിലാണ്.
അവളുടെ 
ഏക ഓർമയെ
ക്ഷീണിതമായെങ്കിലും
ജ്വലിപ്പിക്കാനെനിക്ക്
മീനുകളെ വേണം.

അയാളതു 
പറയുമ്പോൾ 
പ്രത്യേകിച്ചു വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല.

സന്ധ്യയായി.
ആകാശം ചുവന്നു.
നിലവിളി പോലെ 
ഒരു തീവണ്ടി സൈറൺ മുഴങ്ങി.
അവസാനമില്ലാത്ത 
ഒരു ചരക്കുവണ്ടി പാലത്തിനു മുകളിലൂടെ കുതിച്ചോടി.

ദ്വീപിലെ മരത്തിൽനിന്നും ഭയന്നരണ്ട പക്ഷികൾ ആകാശത്തിന്റെ നാനാദിക്കുകളിലേക്കും തെറിച്ചു.

ഹൃദയസ്തംഭനമുണ്ടായ ഒരു പക്ഷി 
കുത്തനെ 
ചുവപ്പൻ ആകാശത്തിലൂടെ താഴേക്കു 
വീണു.

തീവണ്ടി പോയിക്കഴിഞ്ഞപ്പോഴേക്കും രാത്രിയായി.
പലതരം ജീവികളുടെ ശബ്ദം
ഇരുണ്ട നദിക്ക്
പശ്ചാത്തല സംഗീതമായി.

വിളിച്ചിട്ടും 
ഒന്നും മിണ്ടാതായപ്പോൾ നിങ്ങൾ വൃദ്ധനെ തൊട്ടുവിളിച്ചു.
നിങ്ങളയാളെ തൊട്ടപ്പോൾ
ചാരിവെച്ച 
ഒരു വിറകു കൊള്ളി 
വീഴും പോലെ 
അയാൾ നിലത്തു വീണു.
അയാളുടെ 
വായിൽനിന്നു     
ചോരയൊഴുകുന്നുണ്ടായിരുന്നു.
ചൂണ്ടലിൽ കുടുങ്ങിയ മീനിന്റെ എന്ന പോലെ .

നദിയുടെ 
ചൂണ്ടലിൽ കുടുങ്ങിയ മനുഷ്യനെന്ന
നേരത്തേ തോന്നിയ കൽപ്പനയുടെ പൊരുൾ ഇപ്പോൾ ബോധ്യപ്പെട്ടു.

വിജനമായ 
ഈ പുഴക്കരയിൽ 
നിങ്ങളും 
ഈ ശവശരീരവും മാത്രമേയുള്ളൂ.
ശവശരീരത്തെ
വീട്ടിൽ എത്തിക്കണ്ടേ ?

ജീവനോടെ അയാളെ കണ്ടാലും 
തിരിച്ചറിയാത്ത 
മറവി ദീനം ബാധിച്ച വൃദ്ധയ്ക്ക് 
അതു കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല.

അയാളെ 
എറുമ്പുകളും പുഴുക്കളും പതുക്കെ തിന്നു തീർക്കും .

പക്ഷേ ഈ മനുഷ്യനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന , താനാരാണെന്നറിയാത്ത ഒരു പെൺ ശരീരം 
രണ്ടു കിലോമീറ്റർ അപ്പുറത്തുണ്ട്.
മീനുണ്ടെങ്കിൽ മാത്രം ചോറുണ്ണുന്ന 
ഒരു മറവി ദീനക്കാരി .

മീനുമായെത്തി
അതു പാകം ചെയ്ത് 
ചോറ് കുഴച്ച് 
വായിൽ വെച്ചു കൊടുക്കുക 
നിങ്ങളുടെ നിയോഗമാണ്.

നദിക്കരയിൽ 
രാത്രി നേരത്ത് ചൂണ്ടലിടുന്ന
ഒരു ബുദ്ധൻ
എന്ന ശിൽപ്പം ഉണ്ടായത് അങ്ങനെയാണ് !

Friday, March 24, 2023

എന്താണ് മറന്നത്?/വിഷ്ണു പ്രസാദ്

സ്ഥലം മാറ്റം കിട്ടി ഒരാഴ്ചയ്ക്ക് ശേഷം 
തിരിച്ചു വന്നപ്പോൾ 
സ്ഥിരമായി പോകുന്ന ബസ് റൂട്ടിലെ 
ബസ് ചാർജ് മറന്നു പോയിരുന്നു ഞാൻ 

ചില വാക്കുകൾ ചില നേരങ്ങളിൽ മറന്നുപോകുന്നു 
കുറച്ചു സമയം,
അതെ, കുറച്ചു സമയം കഴിയുമ്പോൾ
അവ തിരിച്ചു വരുന്നു 

രണ്ടുവർഷം കൂടെപഠിച്ച രണ്ടുപേരെ കഴിഞ്ഞദിവസം കണ്ടു 
അവരുടെ പേരുകൾ ഞാൻ മറന്നു പോയിരുന്നു 
ഇപ്പോഴും എനിക്ക് കിട്ടിയിട്ടില്ല 
ആ പേരുകൾ 

ചില മറവികൾ ഒരാഴ്ച നീണ്ടുനിൽക്കുന്നു ചില മറവികൾ മാസങ്ങൾ നീണ്ടുനിൽക്കുന്നു 
ചില മറവികൾ വർഷങ്ങൾ നീണ്ടുനിൽക്കുന്നു 

അങ്ങനെയാണ്
ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന
ഒരു മറവിയുണ്ടെന്ന്
എനിക്ക് ഉറപ്പായത്

ഈ ജീവിതം തുടങ്ങുന്നതിനു മുമ്പ് 
ഞാൻ മറന്നതും 
ഈ ജീവിതം അവസാനിപ്പിക്കും വരെ ഓർമ്മ വരാത്തതുമായ 
ആരോ ഒരാൾ ഉണ്ട് 
എനിക്ക് അയാളെക്കുറിച്ച് 
ഒന്നും ഓർമ്മയില്ല;
പേര് പോലും

ഈ ജീവിതം തുടങ്ങുന്നതിനു മുമ്പ് 
ഞാൻ മറന്നതും 
ഈ ജീവിതം അവസാനിപ്പിക്കും വരെ ഓർമ്മ വരാത്തതുമായ 
ഏതൊക്കെയോ സ്ഥലങ്ങൾ ഉണ്ട് 
സംഭവങ്ങൾ ഉണ്ട്
ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല.

പക്ഷേ, മറന്നു പോയിട്ടുണ്ടല്ലോ
ചിലത് എന്ന് 
സംശയകരമായ ഒരു ഓർമ്മ
വന്നതുപോലെ
ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നു.





Wednesday, February 15, 2023

പുരുഷസൂക്തം/വിഷ്ണുപ്രസാദ്

പ്രിയേ,
ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ  വെക്കുന്നത്
കാലങ്ങളായുള്ള പുരുഷാധികാരം
നിൻ്റെ മേൽ ഉറപ്പിക്കാനല്ല.
തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന് 
നീ ദുഃസ്വപ്നം കാണുംപോലെയല്ല.
പിടിവിട്ടാൽ നീ ചാടിപ്പോവുമെന്ന
എൻ്റെ അബോധഭയങ്ങളാലല്ല,
ഉറക്കത്തിലും ഞാൻ ഒരു കൈ
നിൻ്റെ മേൽ വെക്കുന്നത്
പുരുഷൻ എന്ന നിലയിലുള്ള
എൻ്റെ അരക്ഷിതബോധം കൊണ്ടാണ്.
എന്നിൽ ഉരുവാകുന്ന സ്നേഹത്തെ .
അപ്പപ്പോൾ നിന്നിലേക്ക്‌ 
സംക്രമിപ്പിക്കുവാനാണ് എന്ന്
എനിക്ക് കള്ളം പറയണമെന്നില്ല.

പ്രിയേ,
ഭൂമിയിലെ എല്ലാ സ്ത്രീകളും
നല്ലവരാണ്.
സ്ത്രീകളിൽ മോശപ്പെട്ടവരില്ല;
പുരുഷന്മാരിൽ നല്ലവരും.
പുരുഷന്മാർ യുദ്ധം ചെയ്യുന്നതായി
ഭാവിക്കുന്നേയുള്ളൂ
ഒരു വംശത്തെ നിലനിർത്താൻ
നിരന്തരം പോരാടുന്നത് സ്ത്രീകളാണ്.
അവൻ്റേത് നിസ്സാരമായ ശണ്ഠകളാണ്.
സ്വയം മുറിവേൽപ്പിച്ചും മുറിവേറ്റും
അവൻ നിൻ്റെ മാറിലേക്ക് വരുന്നു.
എല്ലാ പുരുഷന്മാരും കുഞ്ഞുങ്ങളാണ്;
അവരെ സ്നേഹിക്കുന്ന സ്ത്രീകളുടെ 
കുഞ്ഞുങ്ങൾ.
മകനായും കാമുകനായും ഭർത്താവായും
പിതാവായും കാലങ്ങളായി
പുരുഷൻ സ്ത്രീയെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.
ജനിക്കുമ്പോൾ മുറിച്ചുമാറ്റിയ 
ആ പൊക്കിൾക്കൊടിയുടെ
ഓർമ്മയാണ് ഉറങ്ങുമ്പോഴും
നിൻ്റെ ശരീരത്തിൽ വെക്കുന്ന
എൻ്റെയീ കൈ.

സ്ത്രീയേ..
വിശക്കുന്ന കുഞ്ഞുങ്ങളേയും
സ്നേഹിക്കുന്ന പുരുഷന്മാരേയും
ആശ്വസിപ്പിക്കാൻ പയോധരങ്ങൾ 
ഉള്ളവളേ,
കാലങ്ങളായി നിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വർഗ്ഗത്തിനു വേണ്ടി
നീ എന്നോടു ക്ഷമിക്കുക.
എൻ്റെയീ കൈ നീ എടുത്തു മാറ്റരുതേ
ഉറക്കത്തിൽ മരണം കൊണ്ടു പോവുമെങ്കിൽ
ഭൂമിയിലെ അവസാനത്തെ മിടിപ്പിലും
ഞാൻ നിന്നെ തൊട്ടിരിക്കുമല്ലോ
എന്നോർത്തല്ല
നിന്നിൽ നിന്ന് ഈ കൈ എടുത്തു മാറ്റുമ്പോൾ മാത്രമേ
മരണം പോലും എന്നിലേക്ക് കടന്നു വരൂ
എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്.
നിന്നിൽ നിന്ന് പിറന്ന്
നിന്നിലേക്കു തന്നെ വരുന്ന
നിസ്സഹായരും ദുർബലരുമായ
ആണുങ്ങളുടെ നദിയിലെ
ഒരു തുള്ളി വെള്ളം 
മാത്രമാണ് ഞാൻ...