Tuesday, March 15, 2016

മഷിത്തണ്ട് / ഉമാ രാജീവ്


വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും
ഒഴിവു തലേന്നും
മുടങ്ങാതെ കളിക്കാൻ
വേലിക്കോലു കവച്ചെത്തുന്നവൾ
അവളെക്കാത്തും കാക്കാതെയുമെന്നപോലെ
കാശിത്തുമ്പയ്ക്കും കനകാമ്പരപ്പടർപ്പിനും
വെള്ളം തേവി
പടിഞ്ഞാട്ടാണ് എന്നാൽ അങ്ങൊട്ടല്ലെന്നു
കണ്ണയക്കുന്ന
മറ്റൊരുവൾ

കടത്തിണ്ണയിൽ പറ്റുപുസ്തകവുമായുള്ള
കാത്തിരിപ്പിനും
പാ‍ൽ‌വീടിന്റെ തിണ്ണയിലെ തൂക്കുപാത്രത്തിനും
ശനിയഴ്ച ദൂരദർശൻ സിനിമകളുടെ
ഏഴരത്തീരലുകൾക്കും
അവരുടെ സാരിവെട്ടിത്തയ്ച്ച
പഞ്ഞിപ്പാവടകളുടെ
ഒരേനിറമായിരുന്നു
ഒന്നു മുട്ടറ്റവും
മറ്റൊന്നു മുട്ടുകവിഞ്ഞും
നെടുകെ വേർപ്പെടുത്ത്
പിന്നിക്കെട്ടലിൽ
ഒറ്റ നിററിബൺ
കരു മറഞ്ഞാൽ
വിഴുങ്ങുന്നത് ഒരേ പാമ്പ്
കയറുന്നത് ഒരേ കോണി
ഇരുട്ടിൽ പറയുന്ന സിനിമാ പേരിന്റെ
അവസാനം ഒരേ അക്ഷരം
ഇരുമ്പ് രുചിക്കുന്ന
പഞ്ചസാരത്തരികൾ ചിരണ്ടിയിട്ട്
കുടിച്ചു തീർത്ത മധുരവെള്ളത്തിനു
ഒരേ നീറ്റലിന്റെ അടി
പ്ലാവില ഞെട്ടു തപ്പലിൽ
ഒരേ പൊള്ളൽ ഒരേ തണുപ്പ്
ഏന്തിയൊന്നിച്ചു
കണ്ണാടി നോക്കിയാൽ
രണ്ടാൾക്കുമൊരേ പൊക്കം
ഉരുട്ടുന്ന ഉരുള
വായെരിക്കും മുളക്
പുതപ്പിനടിയിൽ
പൊങ്ങുന്ന ചിരി
പേടി മൂത്രിക്കും
പടിഞ്ഞാറേ മുറ്റത്ത്
പാതിരായ്ക്ക് നനഞ്ഞത്
വൃത്തം
എല്ലാമൊന്ന്
കണ്ടാ‍ലും കണ്ണു കൊളുത്താതെ നോക്കും
നെഞ്ചിലെ വീർപ്പും
അതിന്റെ കണ്ണിലെ
കറുപ്പുമൊന്ന്
എന്നാലും എന്നാലും
റക്സോണ സോപ്പ്
പതപിച്ച് പതപ്പിച്ച്
പരസ്പരം മറയും കുമിളകൾ
തീർത്ത ശനിയാ‍ാഴ്ച വൈകുന്നേരമാണ്
ശീമക്കൊന്നപ്പത്തൽ
തടയിട്ട
ഓവിന്നറ്റത്തെ
വെറ്റിലപ്പച്ച
ഒരാൾ ചേച്ചിയായി
എന്നു അടിവരയിട്ട
ചുവന്നമഷി കുടിച്ച്
തണ്ടൊടിഞ്ഞത്.
--------------------------------------

No comments:

Post a Comment