Wednesday, March 30, 2016

പുഞ്ചനടുവിൽ കൈത പൂത്തുമണത്ത പാട്ടുകൾ / സുധീർ രാജ്


അണ്ണൻ
ഭജനയായ ഭജനയ്ക്കെല്ലാം
കരിമ്പായലു പോലത്തെ മുടിയിൽ
ചെളികൊണ്ടു പീലി കുത്തിയ
കറുത്ത ചെറുക്കന്റെ പാട്ട് പാടും .

പിന്നണ്ണൻ
കരുത്തു തുടുത്ത്
കരിമഷിക്കണ്ണ് കൊണ്ടു തൈവാഴ കുലപ്പിക്കും
കറുത്ത പെണ്ണിന്റെ പാട്ട് പാടും .

ഗഞ്ചറ പെരുക്കിപ്പെരുക്കി
തിറയാടും കറമ്പി കലിക്കും
പെരുന്താളം തുടിയിടും .

പാതിരാവാടിയാടിയുലഞ്ഞു കളിച്ചു കുഴഞ്ഞു
നിലാപ്പായയിൽ മഞ്ഞളും ചന്ദനവും തെറ്റിപ്പൂവും
പുരണ്ടു വീഴും വരെയണ്ണന്റെ കുരല് പൂക്കും .

ഭജന കഴിഞ്ഞണ്ണന്റെയൊരു വരവുണ്ട് .
നാലു കാലിലാടിയാടി
മാടൻ തോടിന്റെ വരമ്പത്തൂടെ
തിത്തിത്തൈ ത്രിമൃതത്തൈ..
അണ്ണന്റെയൊരു പാട്ടുണ്ട് ..
"ഇരുട്ടു കുടുക്ക പൊട്ടിച്ചേ
പൊന്നുമണി മുത്തെടുത്തെറിഞ്ഞേ
താഴെ വീഴാണ്ട് മേലോട്ട് പോയേ
മാനത്തപ്പിടി മിന്നാമിനുങ്ങു തെളിഞ്ഞേ "

അപ്പഴേ
ഒരിയ്ക്കലേ
വരമ്പിന്റെ നടുക്കേ
ഈരേഴത്തോർത്തുടുത്ത്
കറുത്തനെറ്റിയിൽ നിലാവിന്റെ
വെള്ളച്ചുട്ടി കുത്തിയ ചെറുക്കൻ .

മാടനും മറുതയും കൂമനും
കൂരാപ്പു കുത്തുന്ന പാതിരായെക്കെങ്ങോട്ടു
പോണെന്റെ ചെക്കാ .
അണ്ണനുള്ളീന്നൊരു വിളിയങ്ങു പൊങ്ങി ....
മുണ്ടിന്റെ കോന്തലെക്കെട്ടിയ
ഗഞ്ചറയെടുത്തു
വലം കയ്യുലച്ചൊന്നു പെരുക്കി
പുഞ്ച വെള്ളമിങ്ങനെ മേലോട്ട് പൊങ്ങി .
ഇരുട്ടായിരുട്ടെല്ലാം കട്ടപിടിച്ച
കറുത്തവാവുപോലൊരു പാമ്പ് പത്തിനിവർത്തി
ചെറുക്കനീരേഴത്തോർത്തു തറ്റുടുത്ത്‌
പാമ്പിന്റെ നിറുകേലും കേറി .
അണ്ണനോ,
ഇടന്തല വലന്തല കൊട്ടിപ്പെരുക്കി .

കള്ള് കാഞ്ഞ തൊണ്ടയിൽ
കാറ്റു ചിന്നം വിളിച്ചേ
തോട്ടുവക്കിലെയീറ്റ മുഴുവൻ
കുഴലു വിളിച്ചേ
പാത്ത് പാത്തുനിന്ന കുളക്കോഴിയെല്ലാം
കൊമ്പു വിളിച്ചേ .
മുടിയുലച്ചുറയും കറുത്ത കിടാത്തി
മാനത്തു തിറയാട്ടം പൊലിച്ചേ
എന്റെ പെണ്ണേ എന്റെ പെണ്ണേന്നു വിളിച്ച്
ചെറുക്കനാടിത്തിമിർത്തേ.

ആടിയാടിപ്പെണ്ണ് വിയർത്തേ
ആടിയാടി ചെക്കൻ വിയർത്തേ
ഒരുതുള്ളിയിരുതുള്ളി പലതുള്ളിയിങ്ങനെ
മണ്ണിലാർപ്പു വിളിച്ചേ .

പൊന്നമ്മച്ചിയേ
ഭദ്രകാളീന്ന് വിളിച്ചണ്ണൻ
ഗഞ്ചറയിലറഞ്ഞേ..
പെരുവിരലു തൊട്ടടിമുടി പെരുത്തണ്ണൻ
ഒന്നല്ല രണ്ടല്ലിരുപതു കയ്യു കൊണ്ടു
ഗഞ്ചറയിലാദിഭൂത ,ഭൂമി. പാതാള -
മച്ഛനമ്മയപ്പൂപ്പന്മാരുടെ ചെത്തമെല്ലാം
പുഞ്ചേ വിതച്ചേ ...

പുഞ്ച നടുവിലൊറ്റത്തുരുത്തിലൊറ്റ മാടത്തിലെ
പൊട്ടക്കണ്ണി നാണി മാത്രമണ്ണന്റെ ഗഞ്ചറ കേട്ടേ..
ഒരൊറ്റ മിന്നലിൽ കണ്ണ് കാണാത്തവളൊരു നോക്ക് കണ്ടേ
നാടായ നാട് മുഴുവൻ കൈത പൂത്തു മണത്തേ ..

പൊന്നമ്മച്ചീ ..പിന്നണ്ണനെയാരും കണ്ടിട്ടില്ല
കർക്കിടക മഴയത്തണ്ണന്റെ ഗഞ്ചറ
മാടൻ തോടിന്റെ വരമ്പേ മുഴങ്ങും
പാതിരാത്രിക്ക്‌ കൈത പൂത്തു മണക്കും ..
വെള്ളത്തിലെല്ലാം വേർപ്പു മണക്കും ....
ഗഞ്ചറ പൊട്ടി മടപൊട്ടി തോടു പൊട്ടി
ആറു കുരവയിട്ടു പടിഞ്ഞാട്ടു പായും .
----------------------------------------------------

No comments:

Post a Comment