.
നമ്മളൊരുമിച്ചു നടന്നുവരുന്നു.
വഴിയിലൊരു മരം കാണുന്നു.
ഇതാണു നിന്റെ വീടെന്ന്,
ഒന്നുകയറിയിട്ടു പോകാമെന്ന്,
ഒന്നായിട്ടു പോകാമെന്ന്,
നീ പറഞ്ഞതുപോലെ തോന്നുന്നു.
ഇതാണെന്റെ വീടെന്ന്,
ചുറ്റിലും ജനാല തുറന്നിടാമെന്ന്,
അകത്ത് ഉടലുകൾ വരക്കാമെന്ന്,
ഒന്നിച്ചൊച്ചയിടാമെന്ന്,
ഞാൻ പറഞ്ഞതായി നിനക്കു തോന്നുന്നു.
മരം തുറന്നകത്തുകയറുന്നു.
വാതിൽ പൂട്ടിയിരുന്നല്ലോ എന്ന്
നീ ഓർത്തു പോകുന്നു.
വാതിലടച്ചതാണല്ലോ എന്ന്
ഞാനോർക്കുന്നതായി
നീ ഭാവിക്കുന്നു.
അടക്കാത്ത ഉൾവാതിലുകളോരോന്നായി
പുറത്തെ കാറ്റുകൊണ്ടു താനേ തുറക്കുന്നു.
ഒന്നിച്ചാകാമെന്ന് നീയും
ഒന്നിച്ചൊച്ചയിടാമെന്ന് ഞാനും
ഓർത്തതുപോലെത്തന്നെ
എത്രയൊന്നിക്കാമെന്നും
ഏതൊച്ചയിടുമെന്നും
നിശ്ശബ്ദം ആലോചിക്കുന്നു.
മരമിപ്പോൾ തൊട്ടുതൊട്ടാണെന്നും
മരമിപ്പോൾ ഒരായിരം
പൂക്കളൊരുമിച്ചു വിടരുന്ന
ഒച്ചയിട്ടേക്കാമെന്നും
ആശങ്കപ്പെടുന്നു.
പൂമണം മണത്തു കൊണ്ടനേകമായിരം തേനീച്ചകളെത്തുമെന്ന്
നീ, ഞാനോർത്തു പോകുന്നു.
തേനീച്ചക്കുത്തുകളേൽക്കാതെ
ഒരാനക്കൂട്ടം കാടിളക്കി വരുന്നതായിക്കേട്ട്
ഞാൻ , നീ മരമേ മരമേ എന്ന്
മരത്തെ ചേർത്തുപിടിക്കുന്നു.
മരം നമ്മെ തനിച്ചു വിട്ട്
തൊട്ടകലെ വേറൊരു മരത്തെ
ഇതാണ് തന്റെ വീടെന്ന്
ആ മരത്തോടു പറയുന്നു.
വീട് വീടെന്ന്
നമ്മളൊന്നിച്ചൊച്ചയിടുന്നു.
മരം രണ്ടിലകൾ കൊത്തിയിടുന്നു.
ഇലയായില്ലെങ്കിലോ എന്ന്
നമ്മളോർത്തു നടക്കുന്നു.
_____________________________________
Thursday, May 30, 2019
കടിഞ്ഞൂൽ/ജയദേവ് നയനാർ
Monday, May 27, 2019
വാഗ്ദത്തം/ഡോ. ദീപാ സ്വരൻ
രണ്ടു കണ്ണുകൾ, ചിന്നി-
വീഴുമീയിലച്ചില്ല -
യ്ക്കപ്പുറം കനൽക്കാട്
പൂത്തരാത്രികൾ പോലെ
വിസ്മയം കൊരുത്തിട്ട
നോക്കിൽ വീണുടയുമ്പോൾ
വിഭ്രമം തുളച്ചസ്ത്ര-
മെന്ന പോൽ പിളർക്കുന്നു
ചുണ്ടൊരുക്കുന്നൂ, കൂറ്റൻ
തിരക്കോളുകൾ, കട-
ന്നെത്തിയ കരിഞ്ചോല,
തോറ്റുപോ, മടർക്കളം
നിന്റെ ബോധത്തിൻ സീമ -
യ്ക്കിപ്പുറം വരച്ചിട്ട
ഗന്ധകപ്പുക മൂടി -
ക്കറുത്തോ, രഴൽ രേഖ
സ്മൃതിഭ്രംശമായ്, തമ്മി -
ലൊന്നുചേർന്നലിഞ്ഞതും
ദുർമൃതി, ക്കിറമ്പിൽ വ-
ച്ചന്നു നാം പിരിഞ്ഞതും?
ഇല്ല, ഭാഷയൊന്നില്ല
മൂളുവാൻ, ജന്മാന്തര
സങ്കടം തിളയ്ക്കുന്നൊ-
രെൻ പ്രേമസംഗീതിക
എൻ ലിപിക്കാവുന്നില്ല -
യൊക്കെയും പൊലിപ്പിക്കാൻ
നിന്നസാന്നിദ്ധ്യം പൂത്ത
ദീർഘമൗനത്തിൻ ഭാരം
എന്റെ വൻചിറകിന്നു
തൊട്ടുമായ്ക്കട്ടേ, സ്വാസ്ഥ്യ -
സ്വപ്ന സങ്കല്പങ്ങളെ
ഞാനെടുത്തണയ്ക്കട്ടേ
എത്രമേലനന്തമായ് -
ച്ചുഴലും വിരഹത്തിൻ
കാട്ടുതീയടക്കി, യീ
കാകജന്മത്തെപ്പേറാം.
_________________________
നുണപ്പേച്ച് / ഡോ.ദീപാ സ്വരൻ
ഉലത്തീയിലുരുക്കല്ലേ
അടിച്ചേറെപ്പരത്തല്ലേ
നടുക്കണ്ടം മുറിക്കല്ലേ
പെരുങ്കൊല്ലാ നീ
കടുംവാക്കാൽ ചുഴറ്റല്ലേ
കനൽപ്പൂവായ് തെളിക്കല്ലേ
തരംപോൽ നീ വളയ്ക്കല്ലേ
നുണച്ചെപ്പോളം
വിളക്കുമ്പോൾ മുഴപ്പേറി
തുടുക്കല്ലേ, പെരുംനോവിൻ
കിതപ്പാറ്റിക്കുറുക്കല്ലേ
മൊഴിത്തീയാട്ടം
കരിഞ്ചുണ്ടിൽ കനംവച്ച
പകപ്പൂരം പെരുക്കല്ലേ
വിതച്ചേറെക്കുഴഞ്ഞിട്ടും
മടുത്തില്ലെന്നോ?
വെയിൽപ്പന്തം കൊളുത്തുമ്പോൾ
മഴക്കൂരാപ്പൊരുക്കല്ലേ
ജലക്കുത്താ, ലകം ചിന്നി-
ത്തെറിച്ചെന്നാലോ?
നുണച്ചിന്തിൻ കരിമ്പൂതം
ചിരിച്ചാളിപ്പനിക്കുമ്പോൾ
ചിലമ്പാട്ടം മുറുക്കല്ലേ
പെരുംതച്ചാ നീ.
___________________________________
Sunday, May 26, 2019
തമിളരസി/ചിത്ര.കെ.പി
ഒരു പൊന്തക്കാടുണ്ട്
ദിവസവും
ഒരു മൊന്ത വെള്ളവും കൊണ്ട്
അവൾ പോകുന്നിടം.
അതിരാവിലെ
അല്ലെങ്കിൽ സന്ധ്യക്ക്
എപ്പോഴും
ഇരുളിന്റെ മറവിൽ.
കണ്ണിൽ കാതിൽ ചുണ്ടിൽ
ചെറുപാമ്പുകളുടെ സീൽക്കാരം.
അരണക്കണ്ണിണതന്നായം, ദൂരെ
വണ്ടികളുടെ പാച്ചിൽ
കുഞ്ഞുമക്കളുടെ പേച്ച്
കറുപ്പികളുടെ* കുര
തണ്ണിക്കുടങ്ങളുടെ തുളുമ്പൽ
വെട്ടാറിന്റെ** മൗനം.
ഇരുൾത്തരികളുതിരുമ്പോൾ
അവളുടെ ദേഹത്ത് മുളയ്ക്കും
ആയിരം കണ്ണുകൾ.
അവ മറയ്ക്കും ഉടൽച്ചന്തം.
ഏഴു ദിവസങ്ങളിൽ മാത്രം
അവൾക്ക് ഏറ്റി വന്ന
തണ്ണീർ തികയില്ല.
പൊടിമണ്ണ് ചുവക്കും.
കണ്ണ് തുളുമ്പും,
ചുറ്റുമുള്ള ചേമ്പും.
പച്ചിലച്ചാർത്തിനുള്ളിലവൾ
ഈ പ്രപഞ്ചത്തിന്നരസി.
പരുത്ത കൈവിരലുകളിലൂടെയുതിരും
ഉദയസൂര്യൻ.
പാറും മുടിയിൽ കൊഴിയും നിലാക്കതിർ.
മാറിടങ്ങളിൽ കവിയും മഴച്ചൂട്.
വിണ്ടുകീറിയ കാൽപ്പാദങ്ങളിൽ
വെയിലിൻ തണുപ്പ്.
അവളുടെ ഉടൽ ഒരു അരളിച്ചെടി.
അതിൽ മേഘങ്ങളിൽ ചെന്ന്
രാ പാർക്കുന്ന സ്വപ്നശാഖികൾ.
ഒരു പൊന്തക്കാടുണ്ട്,
ഈ ഭൂമിയിൽ
അവളുടേതായി
ഒരേ ഒരിടം.
...........................................................................
* കറുപ്പി - പരിയേറും പെരുമാൾ എന്ന തമിഴ് സിനിമയിലെ കറുപ്പിയെന്ന പട്ടിയെ ഓർക്കുന്നു.
** വെട്ടാർ - കാവേരി നദിയുടെ കൈവഴി
Saturday, May 25, 2019
ട്രാജഡി/ടി.പി.വിനോദ്
പൊടുന്നനെ
വൈദ്യുതി നിലച്ചു.
സ്റ്റേജില്‍ നിറമില്ലാത്ത ഇരുട്ടു മാത്രമായി.
ലൗഡ്സ്പീക്കറുകളില്‍നിന്ന്
നിശ്ശബ്ദമായി പുറത്തുവന്നു, മൗനം.
നായകന്‍ പറഞ്ഞുതീരാത്തതും
നായിക കേട്ടു തീരാത്തതുമായ
പ്രണയവചസ്സുകള്‍
ജനറേറ്ററിനെന്തുപറ്റിയെന്ന്
തിരഞ്ഞുപോയി.
അടുത്തരംഗത്തിലെ
കലാപത്തിനു വേണ്ട
നിലവിളിയൊച്ചകളും കടുംവെളിച്ചങ്ങളും
കാണികള്‍ക്കിടയിലിറങ്ങി
ബീഡിവലിച്ചു.
കര്‍ട്ടനിടുമ്പോള്‍ വരേണ്ട
ദേശഭക്തിയുടെ സംഗീതം
വില്ലന്‍ വരുമ്പോഴുണ്ടായിരുന്ന
ഉദ്വേഗത്തിന്റെ ഈണത്തോട്
കീബോര്‍ഡിന്റെ കട്ടകള്‍ക്കുള്ളില്‍
കലഹിച്ചുതുടങ്ങി.
വെളിച്ചവും ഒച്ചയും പിരിഞ്ഞുപോയി
സ്വയം ശിഥിലമാവുന്നതിന്റെ
വിഹ്വലതയിലും
ഇതിവൃത്തം
അടുത്ത സ്റ്റേജിനെപ്പറ്റി
ആലോചിച്ചുകൊണ്ടിരുന്നു.
___________________________________
Thursday, May 23, 2019
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ: ഒരു നാട്ടാനയുടെ ആത്മകഥ/കെ.പി.റഷീദ്
മുഴുവൻ തോർന്നിട്ടില്ലാ
മുൻ മദജലം പക്ഷേ-
എഴുന്നള്ളത്തിൽക്കൂട്ടീ എന്തൊരു തലപ്പൊക്കം!
*
സഹ്യന്റെ മകൻ, വൈലോപ്പിള്ളി
************************************************
അറ്റുവീണ ആകാശം
പൊട്ടിച്ചിതറും പോലായിരുന്നു
ആ ഒച്ച
ആ വീഴ്ച.
ആ നിമിഷം
ഭൂമി പൊളിഞ്ഞടർന്നു
കാതടഞ്ഞു, കണ്ണു ചിമ്മി
ഒറ്റ വീഴ്ചയിൽ
പാതാളം തൊട്ടു.
*
പാതാളം
*
ചുമ്മാ പറയുന്നതാ
പാതാളമല്ല
ഇത് വെറും വാരിക്കുഴി.
മുളന്തണ്ട് ചായ്ച്ചു കെട്ടി
കാടും പടലും പൊത്തി
ആളെ പറ്റിക്കുന്ന കൊടും ചതി
മണ്ടനായിരുന്നു ഞാൻ.
ഏഴ് നിറം കൊണ്ട്
ആകാശത്തിനാരാണീ
ചായമിടുന്നത്
എന്നന്തം വിട്ട്
നടക്കുമ്പോഴാണ്
നനഞ്ഞ മണ്ണിന്റെ മണമെന്നെ
വിഴുങ്ങിയത്
ആദ്യമെത്തിയത്
കണ്ണു കലങ്ങിയൊരാന.
ഒറ്റക്കുത്തിന്
അതെന്റെ ഓർമ്മ മായ്ച്ചു.
തൊട്ടാൽ മുറിയുന്നൊരു
തണുത്ത മൂർച്ച
ബോധം വടിച്ചെടുത്തു.
ചോരനിറമായ ഒരുടൽ
മാത്രമായി ഞാൻ.
ചോരച്ച വടങ്ങളിൽ തൂങ്ങി
ഞാനാകാശം കണ്ടു.
*
കൊട്ടിൽ
.
പിന്നെത്തി മനുഷ്യർ,
കുങ്കിയാനകൾ
അറ്റത്ത് കത്തിയുള്ള വടികൾ.
ഉടലാകെ ഇരുമ്പു മണത്തു
ഇറച്ചിയിൽ ഇരുമ്പുടക്കി
തോട്ടി എന്നൊരു മൂർച്ചയിൽ
അനുസരണയുടെ ഏഴ് പാഠവും
ഞാനോടിപ്പഠിച്ചു.
ചൂരലടിയിൽ വിങ്ങിപ്പഴുത്തു
ഉടലാകെ കത്തിമുന
പാഞ്ഞു കളിച്ചു.
മെരുങ്ങിയെന്നു പറഞ്ഞ്
അവർ മടങ്ങുമ്പോൾ
മൂക്കിൽ കാട്ടുമണം
നിറഞ്ഞു.
കാട്ടിലായിരുന്നു ഞാൻ
കൂട്ടത്തിനൊപ്പം നടക്കുമ്പോൾ
മഴവില്ലു പൂത്തു.
പനമരങ്ങൾക്കപ്പുറം
എന്റെ കൂട്ടുകാരി
മുറം പോലെ ചെവിയാട്ടി.
കാതാകെ
നിലവിളിക്കുരുക്കൾ
പൊന്തി.
*
ചന്ത
*
ബീഹാറിച്ചുവയുള്ള
കത്തി കൊണ്ട്
ആരോ എനിക്ക് പേരിട്ടു.
മോത്തിപ്രസാദ്.
മുറിവുണങ്ങാത്ത കാലിലെ
ചട്ടവ്രണത്തിൽ നിന്നും
ഈച്ചയാർത്ത്
കുട്ടിക്കൊമ്പന്മാർക്കൊപ്പം
ഞാൻ നിന്നു.
പലർ വന്നു കണ്ടു,
ഇരിക്കസ്ഥാനം വെച്ചളന്നു.
അറിയാത്ത നാട്ടിലേക്ക്
പായുമ്പോൾ
കാടെന്റെ കൂടെപ്പോന്നു.
പലമരങ്ങൾ താരാട്ടി.
കരിമ്പാറക്കൂട്ടം കടന്ന്
മദിച്ചു നടക്കുമ്പോൾ
കാട്ടുതേൻ മണത്തു.
*
പേര്
*
പേരാണ്
ആദ്യം മാറിയത്.
ഗണേഷ്.
പിന്നെ മണ്ണുമാറി
തടി പിടിക്കുമ്പോഴുള്ള
ചൂര് മാറി
വടങ്ങൾ മാറി.
പിന്നെയും മാറി
പേര്-
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
വഴി മാറി
ഇടം മാറി
ഇടം വലം
പാപ്പാന്മാരഞ്ചായി .
തോട്ടിക്ക് മാത്രം മാറ്റമില്ല.
എവിടെയും
ഒരേ മൂർച്ച!
*
എഴുന്നള്ളത്ത്
*
എന്റെ ദൈവമേ
നിനക്കെന്തിനാണിത്രയും
തീവെട്ടികൾ?
ഇത്ര വെടിയൊച്ചകൾ?
ഇത്ര പുക? ഇത്ര വാദ്യങ്ങൾ?
അതു കാണാൻ
ഇത്രയേറെ മനുഷ്യർ?
13 വയസ്സിൽ
ചോദിക്കാൻ തുടങ്ങിയതാണ്.
അമ്പത് കഴിഞ്ഞിട്ടും
ആരും തീർത്തില്ല
സംശയം.
കണ്ണു കാണില്ലെങ്കിലും
തീവെട്ടിപ്പുകയിൽ
ഇന്നും കണ്ണുടയും.
വെടിക്കെട്ടിൽ
കാതടയും.
കൈകൾ വിരിച്ച്
നിങ്ങൾ തിമിർക്കുന്ന
മേളങ്ങൾ
ബോധം കെടുത്തും
ഇറ്റു വെള്ളത്തിന്
തൊണ്ട പൊട്ടും
അന്നേരം
കാലിലെ വ്രണത്തിൽ
ആഞ്ഞൊരു കുത്തുവരും
കണ്ണിലും കന്നക്കുഴിയിലും
തോട്ടി നിരങ്ങും
ഇക്കണ്ടകാലമെല്ലാം
മുറിവുകളുടെ കണക്കായി
ഒന്നിച്ചോർമ്മ വരും
തോട്ടിമുനയിലെ
പിടച്ചിലുകൾ
കനം വെക്കും.
എന്നെ പ്രണയിക്കുന്നവർ
ചുറ്റും നൃത്തം വെക്കുമ്പോൾ
ആണിയടിച്ച ചെരിപ്പിനാൽ
പാപ്പാൻ പിന്നെയും തരും,
മുറിവു കലങ്ങും.
ഒരാനക്ക്
എന്തിനാണ് ദൈവമേ
ഇത്രയും മർമ്മങ്ങൾ?
*
ചട്ടവ്രണം
*
ചട്ടപ്രകാരം
അതാണതിന്റെ പേര്.
തോട്ടികൾക്ക് എളുപ്പം
പണി തീർക്കാനായി
ചില സ്ഥിരം മുറിവുകൾ.
പാപ്പാന്മാർക്ക്
അതൊരു നിക്ഷേപം.
ഒന്നു തൊട്ടാൽ മതി
ഏതാനയും കുനിയും.
ഉടലിൽ പാകിയ
കുഴിബോംബാണത്.
ആദ്യമൊരു കുത്താണ്
പിന്നെയത് മുറിവാകും
വ്രണമായി പഴുക്കും
പുഴുവരിക്കും
തോട്ടി കണ്ടാലേ
വേദനയുടെ വേരനങ്ങും
മത്തങ്ങക്കുരു
മണത്താൽ
ഞാനിന്നും പുളയും.
കിഴികെട്ടിയ
മത്തങ്ങക്കുരുവാണ്
എന്റെ കണ്ണുകൾ
കെടുത്തിയത്.
ആദ്യം വലത്തേക്കണ്ണ്
പിന്നെ ഇടത്തേത്.
കണ്ണു പോയിട്ടിപ്പോൾ
വർഷം പത്തായി.
എന്നിട്ടാണ്
നിങ്ങളുടെ
കൃത്രിമ വെളിച്ചങ്ങൾ
കരിമരുന്നു പൂരങ്ങൾ
കുടമാറ്റത്തിമിർപ്പുകൾ.
*
മദം
*
എന്റെ ഉത്സവം
അതാണ് കൂട്ടരേ.
അതെന്റെ കാമപ്പുളച്ചിൽ
അവളിലേക്കെത്താത്ത
എന്റെ പിടഞ്ഞോട്ടങ്ങൾ
കൊതിക്കാറ്റുകൾ.
കുളിരുമാസങ്ങളാണ്
ഉള്ളിലാകെ തീപ്പായുക.
ഉൾച്ചൂട് വിങ്ങും
വൃഷണസഞ്ചികൾ
ലോകത്തോളം വീർക്കും
കണ്ണിനും കാതിനും ഇടയിലൂടൊരു
മദനദി പിറക്കും.
താടയോട് താട മദനീര്.
കാട്ടിലാണെങ്കിൽ
ഇന്നേരം
ആസക്തികളുടേതാണ്
പ്രണയത്തിന്റെ വിത്തുകൾ
കാറ്റിലാകെ പറക്കും.
അന്നേരമാണ്
നിങ്ങളുടെ കൊടിയേറ്റങ്ങൾ.
ഉൾച്ചൂടിലേക്ക് പിന്നെയും
തോട്ടിമുന പുളയും.
മദജലം എണ്ണപൊത്തി മായ്ച്ച്
നിങ്ങളെന്നെ തിടമ്പേറ്റുമ്പോൾ
ഉള്ളിലൊരു കാട്ടിൽ
ഞാനെന്റെ കാമങ്ങളെ
കുരിശേറ്റുകയാവും.
എഴുന്നള്ളത്തിന് മുമ്പേ
നിങ്ങളെന്നെ കുളിപ്പിക്കുന്നത്
മദഗന്ധം മായ്ക്കാനെന്ന്
ഇനിയാർക്കാണറിയാത്തത്?
*
കൊല
*
പ്രതിക്കൂട്ടിലായിരുന്നു
അന്നേരം ഞാൻ.
കോടതിയാണ്
കൊലക്കുറ്റമാണ്
മൂന്ന് പെണ്ണുങ്ങളുടെ
ചോരയാണെന്റെ കൊമ്പിൽ.
വാദങ്ങൾ, പ്രതിവാദങ്ങൾ.
നിരന്നു, ഞാനാദ്യം കൊന്ന
10 മനുഷ്യരുടെ പേരുകൾ,
കൊമ്പറ്റം കൊണ്ട് കുത്തിവലിച്ച
രണ്ടാനകളുടെ കഥകൾ,
എന്റെ ചോരക്കലിപ്പുകൾ.
മുപ്പത് ലക്ഷം ജാമ്യത്തിന്
പുറത്തിറങ്ങി,
പക്ഷേ, എന്നെയാരും കേട്ടില്ല!
യുവറോണർ,
എനിക്കുമുണ്ട്
അകാലമരണത്തിന്റെ
പുസ്തകം.
എന്റെ ഉടലിലൊന്ന്
സൂക്ഷിച്ചു നോക്കൂ
നിങ്ങൾക്ക് കാണാം
ഞാൻ മരിച്ച മരണങ്ങൾ,
കൊത്തിയരിഞ്ഞു കളഞ്ഞ
കാമങ്ങൾ,
കുത്തിപ്പഴുപ്പിക്കാനായ് തുറന്നിട്ട
സ്ഥിരമുറിവുകൾ
തോട്ടിപ്പഴുതുകൾ
ഇരുമ്പാണി വിടവുകൾ,
വെടിയൊച്ചയും മേളവും
ആളുമാരവവും കൊണ്ട്
നിങ്ങൾ അടച്ചുകളഞ്ഞ കേൾവികൾ.
കണ്ണുപോയോരാനക്കടുത്ത്
നിങ്ങളെന്തിനാണിങ്ങനെ
തിക്കിപ്പുളയ്ക്കുന്നത്,
മരണം ചോദിച്ചു വാങ്ങുന്നത്?
കെട്ടുതറിയിലെന്നെ
പിടിച്ചു കെട്ടിയാൽ
തിരിച്ചു കിട്ടുമോ
പോയ ജീവൻ?
കാട്ടിലാരെയും കൊല്ലാറില്ല
വിശക്കുമ്പോളല്ലാതെ.
*
സൂപ്പർ സ്റ്റാർ
*
വഴിയിലാകെ ബോർഡു കാണാം.
വിരിഞ്ഞു നിൽക്കുന്ന ഞാൻ
തിടമ്പേറ്റുന്ന ഞാൻ
വടക്കുന്നാഥന്റെ
തെക്കേ ഗോപുരവാതിൽ
തള്ളിത്തുറക്കുന്ന ഞാൻ.
സൂപ്പർ സ്റ്റാർ
ക്രൗഡ് പുള്ളർ
രാമരാജൻ
ഏകഛത്രാധിപതി.
പറഞ്ഞാൽ തീരില്ല
എന്റെ ഗാഥകൾ.
ഉയരത്തിൽ കെങ്കേമൻ
വിരിഞ്ഞ മസ്തകം
നിലം തൊടും തുമ്പിക്കൈ
ലക്ഷണമൊത്ത 18 നഖങ്ങൾ
ലക്ഷങ്ങൾ ഏക്കത്തുക
നാടെങ്ങും പ്രണയികൾ.
എന്റെ പ്രണയികളേ..
ആഞ്ഞാഞ്ഞ് നിങ്ങളെ
ആലിംഗനം ചെയ്യണമെന്നുണ്ട്.
അന്നേരം നിങ്ങൾക്ക്
തെളിഞ്ഞു കാണാനാവും
കണ്ണിലെ കെട്ടുപോയ വെട്ടം.
അപ്പോഴേ കേൾക്കാനാവൂ
മുറിവനങ്ങുമ്പോൾ
ഉടലിന്റെ ഒച്ചയില്ലാക്കരച്ചിൽ.
അന്നേരം മാത്രമേ അറിയൂ
നിങ്ങൾക്ക് പ്രണയിക്കാനായി മാത്രം
അവരെന്നും കുത്തിക്കെടുത്തുന്ന
എന്റെ പ്രണയാഗ്നി,
ഉള്ളിലെ കാട്ടുമണങ്ങൾ.
*
ഭയം
*
'നിനക്ക് ഭയമുണ്ടോ?'
അന്നമൂട്ടാൻ വന്നൊരമ്മ
ഈയിടെ എന്നോട് ചോദിച്ചു.
ഞാൻ ചിരിച്ചു.
എനിക്കെന്ത് ഭയം!
'അറിഞ്ഞോ
അവർ നിന്നെ വിലക്കുകയാണ്.
നീ കൊലയാളിയാണത്രെ
ഇനി ഉത്സവമേളങ്ങളില്ലത്രേ
നെയ്തലക്കാവിലമ്മയുടെ
തിടമ്പേറ്റാൻ ഇനി നീ ഇല്ലത്രേ
നീയില്ലാതെന്ത് പൂരം
എന്തുത്സവം!'
ഞാൻ വീണ്ടും ചിരിച്ചു,
'അതിനെന്തിനു ഭയക്കണം ഞാൻ!
ഭയങ്ങളെന്നേ മരിച്ചമ്മേ'
ഞാൻ പറഞ്ഞു
'വാരിക്കുഴി തൊട്ട
ആദ്യനിമിഷം
തോട്ടിമുനയാദ്യം
ഇറച്ചി തൊട്ടനേരം
അപ്പോഴേ മരിച്ചു ഞാൻ.'
'എന്നേ മരിച്ചൊരാന
എന്നേ കൊന്നൊരാന
ഇനിയാരെ ഭയക്കാനാണമ്മേ.'
അരുതാത്തതെന്തോ
കേട്ട പോലെ
അവരെന്നെ തുറിച്ചു നോക്കി
ഞാനന്നേരവും ചിരിച്ചു.
*
ശേഷം
*
ആനക്കെന്ത്
ആത്മകഥ
എന്നെനിക്കുമറിയാം.
എങ്കിലും
കണ്ണടയും മുമ്പേ
പറയാതെ വയ്യ
ഞാൻ വിഴുങ്ങിയ ജീവിതം.
നോക്കൂ,
ഉത്സവത്തിനു
വേണ്ടാതാവുമ്പോൾ
ഞാൻ പുറത്താവും
വെറുതെ തീറ്റിപ്പോറ്റാൻ
പ്രണയം മാത്രം പോരല്ലോ.
പിന്നെയും നീളണം
ആയുസ്സെങ്കിൽ
ഏതെങ്കിലും കൂപ്പ്,
കൊട്ടിൽ,
എരണ്ടക്കെട്ട്.
അതുമല്ലെങ്കിൽ
മൂന്നാമത്തെ
അണപ്പല്ലും കൊഴിഞ്ഞ്
ഒന്നും ചവയ്ക്കാതെ
കഴിക്കാതെ
പട്ടിണി കിടന്ന്
ചുമ്മാ അങ്ങു തീരും.
നോക്കൂ,
ആചാരവെടികൾ
അന്നേരവും കാണും.
നാളുനീളുന്ന സങ്കടങ്ങൾ
നാടു നീളുന്ന വിലാപങ്ങൾ
പ്രണയികളുടെ ഓർമ്മക്കുറിപ്പുകൾ.
അന്നേരവുമാരുമോർക്കില്ല
പിറകിൽ മറഞ്ഞു തീർന്ന
കാട് വർഷങ്ങളായി
ഉള്ളിൽ വളർത്തുന്നൊരാനയെ,
ആരും കാണാതെ അത്
കൊണ്ടുനടന്ന ഇലമണങ്ങളെ,
ഇണചേരാൻ ത്രസിക്കുമ്പോഴേ
മരിച്ചു പോവുന്ന
ഉടലനക്കങ്ങളെ
മദപ്പാടിന്റെ നേരങ്ങളിൽ
ഉത്സവപ്പറമ്പുകളിൽ
ഞരമ്പിലോടുന്ന
കാട്ടുതീക്കനലിനെ.
കൂപ്പും കൊട്ടിലും
തിടമ്പും മുറിവും
ചോരയിലെഴുതിയ,
നാലായിരം കിലോ
ഭാരമുള്ള
ഒരു ഉരുപ്പടി.
അത്രയേ
ഉണ്ടായിരുന്നുള്ളൂ
എനിക്ക് ഞാൻ.
നിങ്ങൾക്കും!
______________________
Wednesday, May 22, 2019
അച്ഛനെ അക്ഷരമാല പഠിപ്പിക്കുമ്പോൾ/സെറീന
ഇളകി നിൽക്കുന്ന പാൽപ്പല്ലു പോലെ
വാർദ്ധക്യത്തിന്റെ ദിന രാശി
അടർത്തിക്കളയാൻ വയ്യാത്ത
കുഞ്ഞിനെപ്പോലെ .
അതിന്റെ കുലുക്കങ്ങൾ ,നോവ് .
നീരുവെച്ച വിരലുകൾ മെല്ലെത്തടവി
നിവർത്തുമ്പോൾ
പെട്ടെന്ന് കഴുത്തിലേക്കൂർന്നു വീണ
വഴുവഴുത്തൊരു ജന്തുവിനെപ്പോലെ
ആ വിരലുകളുടെ
ചുളിയാത്ത, മിനുപ്പുള്ള
ഭൂതകാലം .
ഏറ്റവും നിസ്സഹായനായ കുട്ടിയായി
അച്ഛനിരിക്കുമ്പോൾ
അവൾക്ക് അയാളുടെ അമ്മയാവാനും
അവർക്കിടയിൽ മാത്രം വായിക്കപ്പെട്ട
വേദനയുടെ അക്ഷരമാല പറഞ്ഞു കൊടുക്കുവാനും തോന്നി .
ഗൃഹപാഠം ചെയ്യുന്നൊരു കുട്ടിയെ പോലെ
വാക്കിലേക്ക് വഴങ്ങാത്ത വിരലുകൾ കൊണ്ട്
അയാൾ മറന്ന ചിലതെഴുതിപ്പിക്കുവാനും.
മരുന്നുകൾ ശ്വാസമാവുന്ന
മുറിയിലെ വെളിച്ചം താഴ്ത്തി,
മറന്നു പോയെന്ന് വേട്ടക്കാരനും
മരിച്ചു പോയാലും മറവിയില്ലെന്ന് ഇരയും
ശഠിക്കുന്ന ഒരേ ഓർമ്മയുടെ കഥ
പറഞ്ഞു കൊടുക്കുന്നു.
മറവിയുടെ മരക്കൂട്ടത്തിനിടയിൽ
ആകെ പൂത്തൊരു ചില്ല പോലെ
തെളിഞ്ഞു നിൽക്കുന്നുണ്ട്
അവളുടെ കുട്ടിക്കാലം .
ആ ചില്ലയിലാഴ്ന്ന
കത്തിമുന പോലെ ചിലത്
ഓരോ ഞരക്കത്തിനും കാവലായി
ഉറക്കമറ്റിരിക്കുന്നവൾ
പണ്ടും ഉറങ്ങിയിട്ടില്ലച്ഛാ ,
ഭയം തൊണ്ട വറ്റിച്ച രാത്രികളിൽ
ചുണ്ടോട് ചേർത്ത ചൂണ്ടു വിരലാൽ
ശബ്ദങ്ങൾ മായ്ക്കപ്പെട്ട കുഞ്ഞുങ്ങൾ,
അരക്ഷിതത്വങ്ങളുടെയും
അവിശ്വാസങ്ങളുടെയും
അന്തമില്ലാത്ത ഭയങ്ങളുടെയും
രാജ്യം ഓരോ കുഞ്ഞും.
ആ രാജ്യത്തിന്റെ ഭൂപടം നിവർത്തി
വിറയ്ക്കുന്ന കൈകൾ താങ്ങി
അതിലൂടെ അയാളെ
പിടിച്ചു നടത്തുന്നു
അവിടെയെത്തുമ്പോൾ സത്യമായും
അയാൾക്ക് മരിക്കാൻ തോന്നും
വിറച്ചുകൊണ്ടയാൾ
ദാഹജലം പോലെ മരണം ചോദിക്കും
പക്ഷെ
അങ്ങേയ്ക്കിനി എങ്ങനെയാണ്
മരിക്കാനാവുക ?
ആ പന്ത്രണ്ടുകാരി മകളുടെ
ഹൃദയത്തേക്കാൾ വലിയ കുഴിമാടം
എവിടെയാണങ്ങയെ കാത്തിരിക്കുന്നത് ?
--------------------------------------------------------------
മറവി / അനിത തമ്പി
മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും
അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും
എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും
നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.
_________________________________
Friday, May 17, 2019
കണ്ണുകൾ /അമ്മു ദീപ
എവിടെയും
ഇരിപ്പുറയ്ക്കില്ല
പകലിന്റെ
കൃഷ്ണമണികൾക്ക്
രാത്രിയോ...
പോളകൾ ഇറുക്കിയടച്ച്
ഉറ്റു നോക്കുകയാണ്
ആരെയോ.
__________________________
Thursday, May 16, 2019
വിരഹം / അമൽ സുഗ
അന്ന്
നിലാവിലേയ്ക്ക്
പരസ്പരം കൈകോര്‍ത്ത്
നാമിറങ്ങിനടന്നു
എന്നുപറയുന്നതിനേക്കാള്‍
കൂടുതല്‍ സുഖം
ഇന്ന്
വരണ്ടുപോയ
നമ്മുടെ ചുണ്ടുകളില്‍
വേദനസഹിച്ചുകിടന്നുരുളുന്ന
കടലുകള്‍ വിങ്ങുന്നു
എന്ന് എഴുതിയിടുന്നതിനാണോ
അതോ,
മുത്തുമണികള്‍ ചിതറിക്കിടക്കുന്ന
ഹൃദയത്തിന്റെ
പച്ചപടര്‍ന്ന വാതില്‍ക്കല്‍ നമ്മിലൊരാള്‍
എന്നുമിങ്ങനെ
തലകുനിച്ചിരിപ്പുണ്ടാകുമെന്ന്
വെറുതെയോര്‍ക്കാനോ
എന്തായാലും സുഹൃത്തേ
നീയെന്റെ ഉപ്പുമഴയെ
ഒരുതരി ദയവില്ലാതെതന്നെ
പൊള്ളിച്ചെടുത്ത്
കൊണ്ടുപോകുന്നുണ്ട്.
________________________________
Saturday, May 11, 2019
അപ്പോഴേക്കും / ജയദേവ് നയനാർ
അപ്പോഴേക്കും എല്ലാത്തിനെക്കുറിച്ചും
പറഞ്ഞുകഴിഞ്ഞിട്ടുണ്ടാവും.
എഴുതപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും.
ഓർമിച്ചുതീർന്നിട്ടുണ്ടാവും.
പരസ്പരം പ്രണയിച്ചുമടുത്തുകാണും.
ഉടലുകൾക്കു പുറത്തേക്ക്
എത്രയോ മുമ്പേ ജീവിതത്തെ
ഒളിച്ചുകടത്തിയിട്ടുണ്ടാവും.
.
അപ്പോഴേക്കും എല്ലാ കവിതകളും
എഴുതപ്പെട്ടുകാണും.
പുതിയതായി ഒരുപമ പോലും
വാക്യത്തിൽ പ്രയോഗിക്കാനില്ലെന്ന
അവസ്ഥ സംജാതമാകും.
കവിത കൊത്താനുണ്ടോ എന്ന്
ചോദിച്ചുവരുന്നവരുടെ കുലം മുടിയും.
ഒരമ്പ് കൊണ്ടുപോലുമൊന്നിനെ
എയ്തുവീഴ്ത്താനില്ലെന്നാവും.
കാലകത്ത് കുഞ്ചൻ നമ്പ്യാർ
തുടങ്ങിയ പാരഡികളും കൊഴിയും.
.
അപ്പോഴേക്കും കിളികൾ പറന്നുമടുത്തിട്ടുണ്ടാവും.
കോഴിക്ക് മുല വന്നുകാണും.
പച്ചിലകൾക്കെല്ലാം ഒരേ
പച്ച നിറമായിരിക്കും.
എല്ലാ പൂവിനും ഒരേ മണം.
.
അപ്പോഴും, ഒരു ഫയറെഞ്ചിനെടുക്കാൻ
കാണുമായിരിക്കുമല്ലോ,
മിന്നാമിനുങ്ങിനെയൂതിക്കത്തിച്ച
തീയണക്കുവാൻ.
മനസിലായില്ല, നാളത്തെ കവിയെ. ലോകത്തിലെ ഏറ്റവുമവസാനത്തെ കവി.
അഞ്ഞൂറ് വർഷം കഴിഞ്ഞ്
എഴുതാനിരിക്കുന്ന കവിതയുടെ
പ്രേതബാധയേറ്റവൻ.
________________________________
കൂടുകൾ/ഷംസ് ബാലുശ്ശേരി
വലിച്ചെറിഞ്ഞൊരു
വിത്തായിരുന്നു
ഒരു കാടാകാൻ
മോഹിച്ചു
വിത്തുപ്രായത്തിലേ
കേട്ടതാണ്
കൂടൊരുക്കാൻ
കിളികൾ തേടി വരും
ചില്ലകളിലിരുന്ന്
കൊക്കുരുമ്മും
കൂടൊരുക്കി
മുട്ടകൾ വിരിയിക്കും
നിലാവിൽ
തൂവൽ പൊഴിക്കും
പഴങ്ങൾ തിന്നൊരു
കാടിന് വിതയിടും
തോടു പൊട്ടിമുളച്ചു
വേര് പടർന്നു പന്തലിച്ചു
ഇന്നിതാ
കുറെ കിളികൾ ചേർന്ന്
മുറിച്ചു കൊണ്ടു പോകുന്നു
കിളിക്കൂടുണ്ടാക്കാൻ
നല്ലതാണത്രെ.
__________________________
Friday, May 10, 2019
ആഴക്കഴൽ/ജയദേവ് നയനാർ
എന്നിട്ടും നിന്റെ കൂട്ടിരിപ്പെത്രയും.
വരിയിൽ നിന്നഴിച്ചുമാറ്റിയ
ഒരുറുമ്പിന്‍റെ മണമോർമയ്ക്ക്.
കടലിൽ നിന്നു മാറ്റിക്കെട്ടിയ
കാറ്റിന്‍റെ ഉപ്പുരുചിക്ക്.
മീനിൽ നിന്നുരിഞ്ഞ
മുള്ളിന്‍റെ ഉളുമ്പുമണത്തിന്.
മരത്തിൽനിന്നു കൊത്തിയിട്ട
ഇലയുടെ പിടച്ചിലിന്.
ഒഴുക്കിൽപ്പെട്ട പുഴയുടെ
മുങ്ങിത്താഴലിന്.
ഇരയിൽ കോർത്തുപിടയുന്ന
ചൂണ്ടയുടെ ചുണ്ടിളക്കത്തിന്.
നീ കൂട്ടിരുന്നതത്രയും
ഒരിക്കലും നിന്നെ പിന്നീട്
ഓർക്കാത്തവയ്ക്കായിരിക്കെ.
മുങ്ങിമരിച്ച പുഴ ഒരിക്കലും
വന്നുപറയില്ല നിന്നെ.
ഉപേക്ഷിക്കപ്പെട്ട ഒരു മുള്ളും
തിരിച്ചു നീയാകില്ല.
.
നീ കൂട്ടിരുന്നതത്രയും
ഒരിക്കലുമില്ലാത്ത
നിനക്കായിരുന്നെന്നിരിക്കെ.
ഒരിക്കലും വാലിട്ടുകണ്ണെഴുതാത്ത
പൂത്തുലഞ്ഞുപോയ പൂവാകയ്ക്ക്.
ഒരു നിറവും വാരിച്ചുറ്റാത്ത,
മണം വിയർത്ത കാട്ടുകൈതയ്ക്ക്.
ഇരുട്ടു മുറുക്കിക്കെട്ടി
പൊട്ടുമെന്നു തിടുക്കപ്പെടുന്ന
രാത്രിയുടെ ഹുക്കുകൾക്ക്.
അത്രയും മുറുക്കിച്ചുവപ്പിച്ച
ഉടലിന്‍റെ
കീറിത്തുന്നലുകൾക്ക്.
ഇടിമിന്നൽ പൂക്കുന്ന
മേഘക്കൂർപ്പിന്.
നഖങ്ങളിൽ കോർത്തെടുക്കുന്ന
ഭാഷയല്ലാത്ത ഒന്നിന്‍റെ
വടിവഴിഞ്ഞുപോയ ലിപിക്ക്.
അക്ഷരത്തെറ്റിന്.
പച്ചയ്ക്കു കത്തുന്ന
മൃഗതൃഷ്ണയ്ക്ക്.
ഇല്ലാത്ത ഒരു ദിക്കും
വന്നു നിറയില്ല
നിന്നിൽ.
പിച്ചിക്കീറിയ ഒരു നിലാവും
തിരിച്ചു നീയാകില്ല.
.
നീ,
ഉപേക്ഷിക്കപ്പെട്ട രാജ്യത്തെ
പിത്തലാട്ടക്കാരി.
ഏതുടലിലേക്കും നിറയുന്ന
മഴക്കപ്പൽ.
തുരുമ്പും മരക്കറയും
മണക്കുന്നു എന്നെ.
ഞാൻ മേഘത്തിൽ
പാപസ്നാനം ചെയ്യപ്പെട്ടവൻ.
ഏറ്റവും കൊടിയ
വിഷച്ചൂരുള്ള
ഓർമ.
ഏറ്റവും അപകടകരമായ
തൊട്ടുകൂടായ്മ.
നിന്‍റെ ചോരക്കുഴലിൽ
എനിക്കു വരക്കാനുണ്ട്
ഒരു ഉടലിനെ.
_______________________________